CinemaGeneralLatest NewsMollywoodNEWS

കീരിക്കാടന്‍ ജോസിനെ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ഇടവേള ബാബു

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്തുതന്നെ രോഗത്തിന്റെ അസ്വസ്ഥത ഉണ്ടായിരുന്നു

നടന്‍ കീരിക്കാടന്‍ ജോസ് മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ അവശനിലയിൽ കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന വാര്‍ത്ത ശരിയാണ് എന്നാല്‍ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശം അടിസ്ഥാനരഹിതമാണെന്നും ഇടവേള ബാബു പറയുന്നു.

വെരിക്കോസ് വെയിന്‍ എന്ന രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് കീരിക്കാടന്‍ ജോസ് ഉള്ളത്. ചേട്ടനോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കീരിക്കാടന്‍ ജോസിന്റെ സഹോദരന്റെ മകനാണ് ഇപ്പോള്‍ ആസ്പത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉള്ളതെന്നും ഇടവേള ബാബു പറഞ്ഞു.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്തുതന്നെ രോഗത്തിന്റെ അസ്വസ്ഥത ഉണ്ടായിരുന്നു. എഴുന്നേറ്റ് നിന്ന് അഭിനയിക്കാന്‍ കഴിയാത്തതിനാല്‍ ഇരുന്നുള്ള ഷോട്ടുകളാണ് എടുത്തിരുന്നത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ നേരിട്ട് കണ്ട് അറിയാവുന്നതുകൊണ്ടുതന്നെ പണമായും അല്ലാതെയും സംഘടനയില്‍ നിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ആദ്യം മുതല്‍ തന്നെ ലഭ്യമാക്കിയിരുന്നു. ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും സംഘടന ഒരുക്കമാണെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം, വാട്സാപ്പിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കീരിക്കാടന്‍ ജോസിന്റെ ബന്ധുക്കള്‍ പറഞ്ഞു. ജനറല്‍ ആസ്പത്രിയില്‍ വച്ച് കീരിക്കാടന്‍ ജോസിനെ മോശം അവസ്ഥയില്‍ കണ്ടു എന്ന തരത്തിലാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

.

shortlink

Related Articles

Post Your Comments


Back to top button