CinemaGeneralLatest NewsNEWS

എന്‍റെ ഭാര്യയുടെയോ മക്കളുടെയോ പിറന്നാൾ എനിക്കോർമ്മയില്ല : ശ്രദ്ധേയമായി ബാലചന്ദ്ര മേനോന്‍റെ കുറിപ്പ്!

മലയാളിയുടെ അഭിമാനമായ യേശുദാസ് കഴിഞ്ഞ 49 വർഷങ്ങളായി ആ ദിവസം ചിട്ടയോടെ തന്റെ ഇഷ്ടദേവതയായ മൂകാംബികയുടെ സന്നിധാനത്തിൽ സംഗീതാന്മകമായി സകുടുംബം ആഘോഷിക്കുന്നു

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് എണ്‍പത് വയസ്സിന്‍റെ നിറ വെളിച്ചവുമായി മലയാളികളുടെ മനസ്സില്‍ വിളങ്ങി നില്‍ക്കുമ്പോള്‍ യേശുദാസിന്റെ പിറന്നാള്‍ ദിനം പരാമര്‍ശിച്ചു കൊണ്ട് തന്റെ ഫേസ്ബുക്ക് പേജില്‍  വ്യത്യസ്തമായ ഒരു കുറിപ്പ് തന്റെ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരിക്കുകയാണ് ശ്രീ ബാലചന്ദ്ര മേനോന്‍.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നതുപോലെയും വനാന്തരങ്ങൾ വെട്ടിനശിപ്പിക്കുന്നതു പോലെയും ചന്ദനമരങ്ങൾ കൊള്ളയടിക്കുന്നതുപോലെയും നമ്മുടെ കലണ്ടറിലെ ഓരോ ദിനവും മോഷ്ടിക്കപ്പെടുന്നതായി എനിക്കുതോന്നാറുണ്ട് . ഫാദർ’സ് ഡേ, മതേർ ‘സ് ഡേ, ചിൽഡ്രൻ’സ് ഡേ, ഡയബറ്റിസ് ഡേ, ഹാർട്ട് ഡേ, ബ്രേസ്റ് ഫീഡിങ്ഡേ ,വാലൻറ്റയിൻസ്’ ഡേ … അങ്ങിനെ പോകുന്നു ആ പട്ടിക . എന്നാൽ ജനുവരി 10 നെ സംബന്ധിച്ച് ആരും ഒരു അവകാശവാദവും പറഞ്ഞുകേട്ടിട്ടില്ല .മലയാള സംഗീതത്തെപ്പറ്റി എന്തെങ്കിലും പരിജ്ഞാനമുള്ളവർക്ക്‌ അത് അവരുടെ ‘ഗാനഗന്ധർവന്റെ ” പിറന്നാൾ മാത്രം ആണ് . അതെ , മലയാളിയുടെ അഭിമാനമായ യേശുദാസ് കഴിഞ്ഞ 49 വർഷങ്ങളായി ആ ദിവസം ചിട്ടയോടെ തന്റെ ഇഷ്ടദേവതയായ മൂകാംബികയുടെ സന്നിധാനത്തിൽ സംഗീതാന്മകമായി സകുടുംബം ആഘോഷിക്കുന്നു .ഭാഗ്യജാതകമെന്നേ അതിനെ ഞാൻ വിശേഷിപ്പിക്കുന്നുള്ളു .യേശുദാസ് ജീവിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാരാണ്‌ എന്ന് ഞാൻ പറഞ്ഞാൽ അധികമായിപ്പോയി എന്നാരും സംശയിക്കണ്ട . അതൊരു പരാമാ ർത്ഥമാണ്. .എന്നിട്ടും കിട്ടിയ ചുരുങ്ങിയ അവസരത്തിൽ അദ്ദേഹത്തെയും ചെളിവാരി അറിയുവാൻ തിണ്ണമിടുക്കു കാണിച്ചവരെയും ഞാൻ ഓർത്ത് പോകുന്നു .അവരും മലയാളികളല്ലേ എന്നോർത്തു സമാധാനിക്കുന്നു .
യേശുദാസും ഞാനുമായുള്ള മാനസികബന്ധത്തെപ്പറ്റി’ filmy Fridays’ന്റെ ‘സീസൺ ടു’ വിൽ പ്രതിപാദിക്കുന്നുണ്ട് .എന്നാൽ എന്റെ കാര്യത്തിൽ പിറന്നാൾ കാര്യത്തിൽ മറ്റാർക്കും അത്ര എളുപ്പത്തിൽ അവകാശപ്പെടാനാവാത്ത ഒന്നുണ്ട് .ദാസേട്ടൻ ജനുവരി 10 നു ജനിച്ചതാണെങ്കിൽ ഞാൻ ജനിച്ചത് തൊട്ടടുത്ത ദിവസം ജനുവരി 11 നാണ്‌. (അതായത് ധനുമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തിൽ…..അടുത്തിടെ ഏതോ സാമൂഹ്യ മാധ്യമത്തിൽ എന്നെ ഇന്ദിരാഗാന്ധിക്കൊപ്പം ഉത്രാടം നക്ഷത്രക്കാരനാക്കി കണ്ടു .അത് തെറ്റാണ് എന്നുകൂടിപറയട്ടെ .പിറന്നാളുകൾ അടുത്തിരിക്കുന്നതിനാലാണോ എന്നറിയില്ല എന്റെയും ദാസേട്ടന്റെയും സ്വഭാവത്തിൽ ചില സാമ്യതകൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അതായത് , കഴിവുള്ളവനെ അംഗീകരിക്കുക, അർഹതയില്ലാത്ത അംഗീകാരത്തിന് വേണ്ടി അലഞ്ഞു തിരിയാതിരിക്കുക, പറഞ്ഞ വാക്കുകൾ വിഴുങ്ങാതിരിക്കുക ,ആട്മാഭിമാനത്തോടെ ജീവിക്കാൻ ശ്രമിക്കുക തുടങ്ങി ചിലതു …)
ഞാൻ ജനിച്ച നാൾ എന്നതിനേക്കാൾ ഇക്കുറി ജനുവരി 11 നുള്ള പ്രാധാന്യം നാളെ ‘പൊളിക്കൽ” ദിനം ആണെന്നുള്ളതാണ് . അതായത് , സുപ്രീം കോടതി വിധിപ്രകാരം നാളെ രാവിലെ പതിനൊന്നു മണിക്ക് മരടിലെ എത്രയോ പേരുടെ സ്വപ്‌നങ്ങൾ നിലം പൊത്തും . അല്ലെങ്കിലും , തുറന്നു പറയട്ടെ ഞാൻ ജന്മദിനം ഓർത്ത് വെക്കുന്ന ആളല്ല . പലപ്പോഴും പലരും വിളിച്ചുപറയുമ്പോഴാണ് ….. “ഓ….. .ഇന്നാണല്ലേ” എന്ന് ഞാൻ പ്രതികരിക്കുന്നത് .അന്നേ ദിവസം പ്രത്യേകതയോടെ ക്ഷേത്രദര്ശനം നടത്തുകയോ സദ്യവട്ടം ഒരുക്കുകയോ ഒന്നും ഇല്ല . എന്നാൽ ,പിറന്നാളിന്റെ പ്രാധാന്യം മനസ്സിലാക്കി അത് മുതലാക്കുന്ന മിടുക്കന്മാരെ എനിക്കറിയാം .മുംബൈ സിനിമാരംഗത്തു പുതുമുഖത്തെ നിർമ്മാതാക്കൾക്ക് പരിചയപ്പെടുത്താനായി പല തവണ ‘ബർത്ത് ഡേ’കൾ ആഘോഷിക്കുന്നത് കേട്ടിട്ടുണ്ട് . വർഷത്തിൽ പല തവണ കാണുമ്പോഴും മകളുടെ പിറന്നാളിന്റെ പേരിൽ പിരിവു നടത്തുന്ന ഒരു നമ്പൂതിരിയെ ഞാനോർക്കുന്നു , (സ്ഥിരം പരിപാടി ആയതുകൊണ്ടുള്ള ഓർമ്മ ശല്യമായിരുന്നു അയാളുടെ പ്രശ്നം ) . ഇത്രയും കാലമായിട്ടും എന്റെ ഒരു പിറന്നാൾ പോലും എന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് ഞാൻ ആഘോഷിച്ചിട്ടില്ല. എന്നാൽ , സമാന്തരങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ് പൊള്ളാച്ചിക്കടുത്തു മീനാക്ഷിപുരത്തു നടക്കുമ്പോൾ ചിത്രത്തിൽ അഭിനെതാവായിരുന്ന ഭരത് ഗോപിയുടെ പിറന്നാൾ ഷൂട്ട് ചെയ്തിരുന്ന റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞങ്ങൾ കേക്ക് മുറിച്ചു കൊണ്ടാടി . ഗോപി ആശാൻ വികാരഭരിതനായി വിലപിച്ചുകൊണ്ടു പറഞ്ഞു:”എന്റെ പിറനാളിതുവരെ ഞാൻ ആഘോഷിച്ചിട്ടില്ല …ആരും അറിഞ്ഞിട്ടു പോലുമില്ല” ..
എൻറെ മനസ്സിൽപതിഞ്ഞ ഒരു പിറന്നാൾ ആയിരുന്നു അത് …”താരാട്ടു” എന്ന സിനിമയിൽ ഞാൻ അവതരിപ്പിച്ച ദിലീപെന്ന കഥാപാത്രം പിറന്നാളിന് പറ്റി പറയുന്ന ഒരു ഡയലോഗ് ഓർമ്മ വരുന്നു …” ഇന്നേക്ക് മുപ്പതു വർഷങ്ങൾക്കു മുൻപ് “A BASTARD WAS BORN…”മറ്റൊരു വിദ്വാൻ പറഞ്ഞുകേട്ടു :”എന്റെ പിറന്നാൾ ഓർത്തിരിക്കാൻ വളരെ എളുപ്പമാ ….ആ ദിവസമാണ് പെരുമൺ ട്രെയിൻ അപകടം ..”ഉള്ളത് പറയട്ടെ …എന്റെ മാത്രമല്ല എന്റെ ഭാര്യയുടെയോ കുഞ്ഞുങ്ങളുടെയോ പിറന്നാൾ എനിക്കോർമ്മയില്ല .എന്നാൽ ഞങ്ങൾ എല്ലാവരും ഒരുപക്ഷെ ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ ഏവരും എന്റെ പേരിൽ ഓർക്കുന്ന ഒരു കലണ്ടർ ദിനമുണ്ട് . ഏപ്രിൽ 18 അത് നിങ്ങൾ എനിക്കായി സ്നേഹപൂർവ്വം സമ്മാനിച്ച ഒരുദിവസമാണ് . ആ ചിത്രത്തി ൽ എന്റെ കഥാപാത്രം പറയുന്നതുപോലെ ” ഏപ്രിൽ 18 ഉള്ളിടത്തോളം ഞാൻ നിങ്ങളെ ഓർക്കും ….നിങ്ങൾ എന്നെയും….”അപ്പോൾ അതല്ലേ ജനുവരി 11 ക്കാൾ ?അല്ല ഒരിക്കലുമല്ല … എന്തെന്നാൽ ,ജനുവരി 11 നു അല്ലെങ്കിൽ ധനു ഉത്രട്ടാതി ക്കു ആ നേരം ശിവശങ്കരപിള്ളയുടെയും ലളിത ദേവിയുടെയും മകനായി ഭൂജാതനായത്കൊണ്ടാണ് എനിക്കീ ജന്മം ഇത്രയൊക്കെ ചെയാൻ സാധിച്ചത് . എന്റെ ഈ ജന്മം കൊണ്ട് ദൈവാനുഗ്രഹത്താൽ ഒരുപാടുപേർക്കു ഉയർച്ചയുണ്ടായി . അത് ആസ്വദിച്ചവർ അനുസ്മരിക്കുകയോ ആനാദരിക്കുകയോ ചെയ്യട്ടെ .എന്റെ മനസ്സാക്ഷി എന്നെ ആശ്വസിപ്പിക്കുന്നു അതിലെനിക്ക് ചാരിതാർഥ്യം അവകാശപ്പെടാമെന്ന് . അങ്ങിനെ ചിന്തിക്കുമ്പോൾ നാളെ ‘പൊളിക്കൽ ദിനമല്ല’ എനിക്കഭിമാനിക്കാവുന്ന എന്റെ ദിനമാണ് ….ഒരു വിദ്വാൻ രണ്ടു ദിവസം മുൻപേ എന്നെ പിറന്നാൾ ആശംസിക്കാൻ വിളിച്ചു :”Hello Mr. Menon…Many many happy returns of the day in advance !”ഒട്ടും അമാന്തിക്കാതെ ഞാൻ തിരിച്ചടിച്ചു “”Oh..thank you… Wish you the same !”വിദ്വാൻ ചിരിച്ചു …അമളി മനസ്സിലാക്കിക്കൊണ്ടു ഞാനും ചിരിച്ചു …അൽപ്പം ആലോചിച്ചാൽ നിങ്ങൾക്കും വേണമെങ്കിൽ ചിരിക്കാം …ഇതാണ് പറയുന്നത് വല്ലപ്പോഴുമെങ്കിലും ബർത്‌ഡേ കൊണ്ടാടണമെന്നു.. ഇപ്പോൾ മനസ്സിലായോ ?

shortlink

Related Articles

Post Your Comments


Back to top button