CinemaGeneralLatest NewsMollywoodNEWS

പൗരത്വ നിയമ ഭേദഗതിയില്‍ നിശബ്ദത പാലിക്കുന്ന മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നി സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ സംവിധായകന്‍ കമല്‍

നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന പൗരന്മാരാണ്. പൗരനെന്ന ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് കല.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരങ്ങള്‍ തുടരുന്ന മൗനത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. മുതിര്‍ന്ന തലമുറയ്ക്ക് നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റം. പൗരത്വ നിയമ ഭേദഗതി വിഷയത്തിന്റെ ഗൗരവം മനസിലാക്കാത്തതോ, നിസംഗതയോ ആകാം സൂപ്പര്‍ സ്റ്റാറുകളുടെ മൗനത്തിന് പിന്നിലെന്നും ഇപ്പോള്‍ നിശബ്ദത പാലിക്കുന്നവക്ക് കാലം മറുപടി തരുമെന്നും കമല്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മാത്രമല്ല താന്‍ പറയുന്നത്, പല വിഷയങ്ങള്‍ വന്നപ്പോഴും ഇതേ നിശബ്ദതയാണ് സൂപ്പര്‍ സ്റ്റാറുകള്‍ പിന്തുടര്‍ന്നതെന്നും കമല്‍ പറഞ്ഞു. താരങ്ങളുടെ മൗനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ സമൂഹത്തോട് കലാകാരന്മാര്‍ക്ക് ഒരുപാട് പ്രതിബദ്ധതയുണ്ടെന്നും കമല്‍ പറഞ്ഞു. നിഷ്പക്ഷതയും നിശബ്ദതയും പല കാര്യങ്ങളിലും കുറ്റകരമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടുതന്നെ ഇവരുടെ ഈ മൗനത്തില്‍ തനിക്ക് പ്രതിഷേധമുണ്ട്. അത് അവരുടെ ഇഷ്ടമായത് കൊണ്ട് പ്രത്യേകിച്ചൊന്നും അതേക്കുറിച്ച് പറയാനില്ല.

നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന പൗരന്മാരാണ്. പൗരനെന്ന ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് കല. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു മേഖലയുടെ പ്രതിനിധി എന്ന നിലയില്‍ നമുക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. സിനിമാക്കാര്‍ പറയുന്നുണ്ട് പ്രേക്ഷകരാണ് തങ്ങളുടെ സിനിമ വിജയിപ്പിക്കുന്നത് എന്ന്.

അങ്ങനെ പണം തന്ന് മാത്രമല്ല സമൂഹം നമ്മളെ സംരക്ഷിക്കുന്നത്. സമൂഹം നമുക്ക് ഒരുപാട് സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ വ്യക്തിത്വവും സ്വത്വവുമെല്ലാം ഈ സമൂഹത്തിന്റെ സംഭാവനയാണ്. നമ്മുടെ കലാപ്രവര്‍ത്തനം പോലും സമൂഹം നല്‍കിയിട്ടുളള വലിയ അംഗീകാരമാണ്. അതിനെ തിരിച്ചറിയാതെ പോവുകയാണ് എന്നാണ് തോന്നുന്നത്.

മലയാളത്തില്‍ മമ്മൂട്ടി, പാര്‍വ്വതി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം അടക്കമുളളവര്‍ പ്രതികരണവുമായി രംഗത്ത് വന്നു. എന്നാല്‍ മോഹന്‍ലാല്‍, ജയറാം, ദിലീപ് അടക്കമുളള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button