CinemaGeneralLatest NewsMollywoodNEWS

എനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് എന്റെ ഉറക്കം കെടുത്താറുണ്ട് ; ഹൃദയ സ്‌പർശിയായ കുറിപ്പുമായി മോഹൻലാൽ

മാസം ഒന്നുകഴിഞ്ഞെങ്കിലും മനസ്സിൽനിന്ന്‌ ആ കുട്ടിയുടെ ചിത്രവും നിഷ്‌കളങ്കമായ മുഖവും മാഞ്ഞുപോവുന്നില്ല

നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ വാർത്ത ഏറെ വേദനയോടെയാണ് കേരളം കണ്ടത് . തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ എട്ടുപേരെയാണ് ദമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിൽ കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും മകൻ വൈഷ്ണവും മരിച്ചിരുന്നു. ഇവരുടെ മൂത്ത മകൻ മാധവ് മറ്റൊരു മുറിയിലായതിനാൽ രക്ഷപ്പെട്ടു. ഇപ്പോഴിതാ മാധവിനെ കുറിച്ച് മോഹൻലാൽ എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മാതൃഭൂമിയുടെ പംക്തിയിലാണ് ലാലിന്റെ ഹൃദയ സ്‌പർശിയായ കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം…………………………

മാസം ഒന്നുകഴിഞ്ഞെങ്കിലും മനസ്സിൽനിന്ന്‌ ആ കുട്ടിയുടെ ചിത്രവും നിഷ്‌കളങ്കമായ മുഖവും മാഞ്ഞുപോവുന്നില്ല. നേപ്പാളിലെ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മകൻ മാധവിന്റെ സൈക്കിൾ പിടിച്ചുനിൽക്കുന്ന ചിത്രം. ഒന്നുമറിയാതെ എയർപോർട്ടിൽ അവൻ സ്യൂട്ട്‌കേസ് പിടിച്ചുനിൽക്കുന്നതും കണ്ടു. അമ്മയുടെയും അച്ഛന്റെയും കുഞ്ഞനുജന്റെയും ചിതയണയുമ്പോഴും മാധവിന് ഒന്നും മനസ്സിലായിരുന്നില്ല എന്നും വായിച്ചു. ലോകതത്ത്വങ്ങളും ജീവിതയാഥാർഥ്യങ്ങളുമൊന്നും അറിയാൻമാത്രം അവൻ വളർന്നിരുന്നില്ലല്ലോ. ഇത്രയും ദിവസം കഴിഞ്ഞിട്ടും ചില രാത്രികളിൽ ഞാൻ ആലോചിക്കാറുണ്ട്, എനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവുമോ എന്ന്. അതെന്റെ ഉറക്കംകെടുത്താറുണ്ട്.

മരണമല്ല ജീവിതമാണ് ഏറ്റവും ദുഃഖകരവും ഭാരമുള്ളതുമെന്ന് തെളിയിക്കുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം മാധവിന്റെ ചിത്രങ്ങളും അവനെക്കുറിച്ചുവന്ന വാർത്തകളും. എത്രദൂരം അവനിനി തനിച്ച് യാത്രചെയ്യണം! എത്രമേൽ ഏകാന്തമായിരിക്കാം അവന്റെ ജീവിതം! വലുതാവുമ്പോൾ അവന്റെ ഓർമകളിൽ അച്ഛനും അമ്മയും അനുജനും എങ്ങനെയായിരിക്കും വന്നുപോവുക! ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടില്ല.

മാധവ് മാത്രമല്ല ഇങ്ങനെ ഈ ഭൂമിയിൽ ഉള്ളത്. എത്രയോ കുട്ടികൾ, ഏതൊക്കെയോ ദേശങ്ങളിൽ, പലപല കാരണങ്ങളാൽ തനിച്ച് ജീവിതം തുഴയുന്നു. എല്ലാ ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഇരകൾ കുഞ്ഞുങ്ങളാണെന്നു പറയാറുണ്ട്. അത് സത്യവുമാണ്. ഇക്കാലത്ത് പ്രത്യേകിച്ചും. ഇത്രമാത്രം അനുഭവിക്കാൻ തങ്ങൾ എന്തുതെറ്റ് ചെയ്തുവെന്നുപോലുമറിയാതെ കുഞ്ഞുങ്ങൾ എല്ലാം നിശ്ശബ്ദം സഹിക്കുന്നു.

കുഞ്ഞുങ്ങളുടെ സഹനങ്ങൾക്ക് പലതാണ് കാരണം. അതിൽ കുടുംബകലഹങ്ങളും അച്ഛനമ്മമാരുടെ വേർപിരിയലുകളുംമുതൽ യുദ്ധവും പലായനങ്ങളും ബാലവേലയുമെല്ലാം ഉൾപ്പെടുന്നു. ഇവയ്ക്കെല്ലാം ഒരുപാട് സാമൂഹിക കാരണങ്ങളുണ്ടാവാം. എന്നാൽ, അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്; അവർ മാത്രമാണ്. മുതിർന്നവർ പടച്ചുണ്ടാക്കിയ ആ കാരണങ്ങളൊന്നും അവർക്കറിയുകയുമില്ല. കേരളത്തിന്റെ കാര്യം മാത്രമെടുക്കുക. എത്രമാത്രം ദാരുണമായ കുടംബച്ഛിദ്രങ്ങളാണ് നിത്യവും നാം പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും അറിയുന്നത്. ഓരോന്നിന്റെയും കാരണം അതിവിചിത്രങ്ങളും നിഗൂഢങ്ങളുമാണ്. സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി കുട്ടികളെ കൊന്നുകളഞ്ഞ എത്രയോ സംഭവങ്ങൾ നാം വായിച്ചു. അച്ഛനും അമ്മയും ജയിലിലേക്ക് പോയതിനാൽ പുറത്ത് തനിച്ചായ എത്രയോ കുട്ടികൾ നമുക്കിടയിലുണ്ട്. എവിടെയൊക്കെയോ കുട്ടികൾ ക്രൂരമായി മർദിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു.

അതിൽ ചിലതുമാത്രം വെളിപ്പെടുന്നു. ബാക്കിയെല്ലാം നിശ്ശബ്ദം നീറിനീറി ഇരുളിൽക്കഴിയുന്നു. ബാലവേല നിരോധിച്ചെങ്കിലും പഠനംപോലും നിഷേധിക്കപ്പെട്ട് പണിയെടുക്കുന്നവരുണ്ട്. അവർക്ക് രക്ഷകരായി ആരുമില്ല.

ലോകമെങ്ങുമുള്ള യുദ്ധത്തിന്റെയും കലാപങ്ങളുടെയും പലായനങ്ങളുടെയും ചിത്രങ്ങൾ നോക്കൂ. നിറയെ കുട്ടികളെ കാണാം. ദുരിതാശ്വാസക്യാമ്പുകളിൽ, തകർന്ന നഗരങ്ങളിൽ എവിടെയും അവരുണ്ട്. കുഞ്ഞുപ്രായത്തിലേ കഠിനതകളോട് പൊരുതുകയാണ് അവർ. അദ്‌ഭുതകരമായ കാര്യം നമ്മൾ മുതിർന്ന മനുഷ്യർ വിചാരിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ ഇവയുടെ കാരണങ്ങളെല്ലാം എന്നതാണ്. കുട്ടികളുടെ ഈ നിശ്ശബ്ദമായ ഈ സഹനങ്ങൾക്ക് നാം കൂടുതൽ ശ്രദ്ധനൽകേണ്ടതുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. എന്തുചെയ്യണം എന്നു ചോദിച്ചാൽ എനിക്കുമറിയില്ല. ഏറ്റവും ഇളം പ്രായത്തിലാണ് ഇവർക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്; കടുത്ത അനുഭവങ്ങൾ നേരിടേണ്ടിവരുന്നത്. അത് അവരുടെ മനോഘടനയിലുണ്ടാക്കുന്ന ആഘാതങ്ങളും മാറ്റങ്ങളും നാം ഊഹിക്കുന്നതിലും അധികമായിരിക്കും. അവരുടെ കാഴ്ചപ്പാടുകളെ അത് സ്വാധീനിക്കും. കാര്യങ്ങളോടുള്ള സമീപനത്തിൽ അവ മാറ്റം വരുത്തും. അവയിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന അവരുടെ ശരികൾ നമ്മെ ചിലപ്പോൾ പൊള്ളിച്ചേക്കാം.

അതുകൊണ്ട്, നിശ്ശബ്ദമായ ഈ അഗ്നിപർവതങ്ങളെ കണ്ടെത്തുകയെന്നതാണ് ആദ്യം വേണ്ടത്. അവർക്ക് നമ്മുടെ സ്‌നേഹത്തിന്റെ ലേപനങ്ങൾ വേണം. കരുതലും തനിച്ചല്ലെന്ന ബോധ്യവും നൽകണം. ലോകം അത്രമേൽ ക്രൂരമല്ല എന്നവരെ ബോധ്യപ്പെടുത്തണം. ഇവിടത്തെ നന്മകളെ പകർന്നുനൽകണം. ഭൗതികവിദ്യാഭ്യാസത്തിനൊപ്പം മാനസിക വിദ്യാഭ്യാസവും നൽകി, ലോകത്തെ പകയോടെ കാണാതിരിക്കാൻ അവരെ പാകപ്പെടുത്തിയെടുക്കണം. ഇല്ലെങ്കിൽ അവർ അപകടകരമാംവിധം പൊട്ടിത്തെറിക്കും. നാളത്തെ ലോകം നിർമിക്കേണ്ടവരാണ് ഈ കുട്ടികൾ.

നൊബേൽ ജേതാവായ കൈലാഷ് സത്യാർഥിയുടെ സേവനങ്ങളുടെ വില ഈയൊരു പശ്ചാത്തലത്തിൽ കൂടുതൽ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു. ഒരു ജന്മം മുഴുവൻ സത്യാർഥി സമർപ്പിച്ചത് ഈ കുട്ടികൾക്കുവേണ്ടിയാണ്. ഇപ്പോഴും അദ്ദേഹം അതു തുടരുന്നു. നമുക്ക് കൂടുതൽ സത്യാർഥിമാർ ആവശ്യമുണ്ട് -അത്രയധികം കുഞ്ഞുവിലാപങ്ങളും തേങ്ങലുകളുമുണ്ട് നമുക്കുചുറ്റും.

shortlink

Related Articles

Post Your Comments


Back to top button