Film ArticlesLatest NewsMollywood

മലയാളസിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍; തിക്കുറിശ്ശി സുകുമാരൻ നായരേ ഓര്‍മ്മിക്കുമ്പോള്‍

1950-ൽ തിക്കുറിശ്ശിയുടെ സ്വന്തം രചനയിൽ, ആർ വേലപ്പൻനായർ സംവിധാനം ചെയ്ത 'സ്ത്രീ'യിൽ നായകനായി​ സിനിമയിലെത്തി

മലയാള സിനിമയുടെ കാരണവർ, തിക്കുറിശ്ശി സുകുമാരൻ നായർ ഓര്‍മ്മ ദിനമാണ് മാര്‍ച്ച് 11. മലയാള സിനിമയുടെ തുടക്കം മുതൽ വളർന്ന പ്രതിഭയായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ. നടൻ, നാടകകൃത്ത്, നിർമ്മാതാവ്, സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ സാന്നിദ്ധ്യം ഉറപ്പിച്ച അദ്ദേഹം സിനിമയിൽ കൈവയ്ക്കാത്ത മേഖലകളുണ്ടായിരുന്നില്ല. മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറുമായിരുന്നു.

കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ ജനിച്ചു. ഇരുപതാം വയസ്സിൽ ആദ്യ കവിതാസമാഹാരമായ ‘കെടാവിളക്ക്’ പ്രസിദ്ധീകരിച്ചു. തിക്കുറിശ്ശിയുടെ മരീചിക, കലാകരൻ, സ്ത്രീ, ശരിയോ തെറ്റോ എന്നീ നാടകങ്ങൾ നാടകരംഗത്ത് വലിയ മാറ്റത്തിനിടയാക്കി.

1950-ൽ തിക്കുറിശ്ശിയുടെ സ്വന്തം രചനയിൽ, ആർ വേലപ്പൻനായർ സംവിധാനം ചെയ്ത ‘സ്ത്രീ’യിൽ നായകനായി​ സിനിമയിലെത്തി. ​ 1953-ൽ പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന ചിത്രമാണ് തിക്കുറിശ്ശി ആദ്യമായി സംവിധാനം ചെയ്തത്. ഉർവ്വശി ഭാരതി, പളുങ്ക് പാത്രം, അച്ഛന്റെ ഭാര്യ, സരസ്വതി, നഴ്‌സ്, പൂജാപുഷ്പം എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പറത്തുവന്നു. ശബരിമല ശ്രീ അയ്യപ്പൻ ഉൾപ്പെടെ ആറോളം ചിത്രങ്ങൾക്ക് കഥയെഴുതി.

മലയാളത്തിലെ പന്ത്രണ്ടാമത്തെ ചിത്രമായ തിക്കുറിശ്ശിയുടെ ‘ജീവിത നൗക’ അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോഡുകൾ ഭേദിച്ചു. തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും ‘ജീവിതനൗക ആയിരുന്നു. പിന്നീട് തിക്കുറിശ്ശി അഭിനയിച്ച നവലോകം, നീലക്കുയിൽ എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായി

ഹരിശ്ചന്ദ്രയിലെ ആത്മവിദ്യാലയമേ എന്ന പാട്ട് കേൾക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല തോൽവസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. കാരക്കൂന്തൽ കെട്ടിലെന്തിന് വാസനത്തൈലം ഉൾപ്പെടെ ഓർമ്മകളിലേക്കു വഴിനടത്തുന്ന നിരവധി ഗാനങ്ങൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു.

47 വർഷം സിനിമയിൽ നിറഞ്ഞുനിന്ന തിക്കുറിശ്ശി വിശപ്പിന്റെ വിളി, ഇരുട്ടിന്റെ ആത്മാവ്, സ്വയംവരം, ഉമ്മ, ഭക്തകുചേല, നദി, തുലാഭാരം, മായ, ആഭിജാത്യം, സര്‍വ്വേക്കല്ല്, ആവനാഴി, ആര്യൻ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.​

1973-ൽ പത്മശ്രീ, 1972 -ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (മായ),
1993 -ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം എന്നിവയടക്കം 200-ലേറെ അംഗീകാരങ്ങൾ ലഭിച്ചു.

അബ്ദുൾ ഖാദറിനെ പ്രേം നസീറാക്കിയതും ദേവസ്യയെ എസ്.ജെ ദേവ് ആക്കിയതും മാധവൻ നായരെ മധുവാക്കിയതും കെ.ബേബി ജോസഫിനെ ജോസ് പ്രകാശാക്കി മാറ്റിയതും കുഞ്ഞാലിയെ ബഹദൂറാക്കയതും പത്മലാക്ഷൻ പിള്ളയെ കുതിരവട്ടം പപ്പുവാക്കിയതും തിക്കുറിശ്ശിയാണ്……

കടപ്പാട് : fb post

Post Your Comments


Back to top button