റിമയ്ക്കൊപ്പമുള്ള കഥാപാത്രമാണെന്ന അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളൂ: ആഷിക് അബുവിന്‍റെ സിനിമയെക്കുറിച്ച് രശ്മി സതീഷ്‌

ഞാന്‍ '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്

ഗായിക എന്ന നിലയില്‍ മാത്രമല്ല രശ്മി സതീഷ്‌ മലയാളികളുടെ ഇഷ്ട താരമാകുന്നത്. ചില സിനിമകളില്‍ മുഖം കാണിച്ചും നല്ല കഥാപാത്രങ്ങള്‍ ചെയ്തും കൈയ്യടി നേടിയ രശ്മി ആഷിക് അബു സംവിധാനം ചെയ്ത  22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നണി ഗാനരംഗത്ത് നിന്ന് സിനിമാഭിനയത്തിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് രശ്മി സതീഷ്‌.

‘എംഎസ് ഡബ്ല്യൂവിന് പഠിക്കുമ്പോഴാണ് കുറച്ചൂടെ ലോകം കാണുന്നതും എന്റെ പ്രവര്‍ത്തന മേഖല വിശാലമാകുന്നതും. ശരത് ചന്ദ്രേട്ടനെ പോലെ ഡോക്യൂ ഫിലിം മേക്കര്‍ ആകുക എന്നതായിരുന്നു അന്നത്തെ സ്വപ്നം. പ്രൊജക്ടറുമായി നടന്നു സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ പൊതുജനത്തിനായി കാണിച്ച ഡോക്യൂ ഫിലിം മേക്കറാണ് അദ്ദേഹം. ആ വ്യക്തിത്വം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ’22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 22 ഫീമെയിലിന്‍റെ കഥ പറയാന്‍ ആഷിക് അബുവും സ്ക്രിപ്റ്റ് എഴുതിയ അഭിലാഷും കൂടി വിളിച്ചിരുന്നു. റിമയുടെ കൂടെയുള്ള ക്യാരക്ടര്‍ ആണെന്ന അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. തമിഴ് സംസാരിക്കുന്ന ഗര്‍ഭിണിയായ സ്ത്രീയാണെന്നെല്ലാം പിന്നീടാണ് അറിയുന്നത്. സത്യം പറഞ്ഞാല്‍ ഒരു ദിവസത്തെ ആക്ടിംഗ് കഴിഞ്ഞതിനു ശേഷമാണ് കഥാപാത്രം വലുതായത് പോലും’.

Share
Leave a Comment