CinemaGeneralLatest NewsMollywoodNEWS

‘അവസാന നിമിഷവും മൂത്ത മകനായ മമ്മൂക്ക പറഞ്ഞതാണ് സുകുമാരി ചേച്ചി അനുസരിച്ചത്’ ; നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന്‍ പറയുന്നു

മമ്മുക്കയുടെ ശാസനയെ തുടര്‍ന്നാണ് ചേച്ചി ചികിത്സക്ക് സഹകരിച്ചത്

മലയാള സിനിമയിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടി സുകുമാരിയുടെ മരണം. 2013 മാര്‍ച്ച് 26-നാണ്  സുകുമാരി ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ സുകുമാരിയമ്മയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സുകുമാരിയമ്മയും നടന്‍ മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്നതാണ് കുറിപ്പ്.  തന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂട്ടിയെന്ന് സുകുമാരിയമ്മ എപ്പോഴും പറയുമായിരുന്നു എന്നും  ഫൈസല്‍ ഖാന്‍ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………….

ഇന്ന് മാര്‍ച്ച് 26. മലയാളത്തിന്റെ പ്രിയ നടി പദ്മശ്രീ സുകുമാരി ചേച്ചി നമ്മെ വിട്ടു പോയ ദിവസം. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിവസമാണ് ഞാന്‍ ചേച്ചിയെ അവസാനമായി കണ്ടതും .

പദ്മശ്രീ മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയ ഹാര്‍ട്ടു – ടു – ഹാര്‍ട്ട് പദ്ധതിയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ തുടങ്ങിയ കാലം. ഒരു ദിവസം ഒരു അപ്രതീക്ഷിതമായ ഒരു കോള്‍ വന്നു. 369 ല്‍ എന്‍ഡുചെയ്യുന്ന നമ്പര്‍.

അതെ മമ്മുക്കയായിരുന്നു. സുകുമാരി ചേച്ചി വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നായിരുന്നു. അതിന്റെ വിവരം പറയണമെന്നും പറഞ്ഞു .ഒരു നിമിഷം രണ്ടുലഡു പൊട്ടിയതുപോലെ .. കാരണം മമ്മുക്ക എന്നെ വിളിച്ചുവെന്നതും രണ്ടാമത്തേത് എനിക്ക് ധൈര്യമായി തിരിച്ചുവിളിക്കാമെന്നുള്ളതും .. പിറ്റെ ദിവസം തന്നെ സുകുമാരി ചേച്ചി നിംസിലെത്തി പരിശോധന ആരംഭിച്ചു .

ഗുരുതരമാണെന്നും അടിയന്തരമായി വളരെ സങ്കീര്‍ണമായ കോംപ്ലക്‌സ് ആന്‍ജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടര്‍ പറയുകയുണ്ടായി. ഞാന്‍ ഈ വിവരംചേച്ചിയുടെ മകന്‍ ഡോ.സുരേഷിനെ അറിയിച്ചു. അപ്പോഴേക്കും ചേച്ചി മമ്മുക്കയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. രണ്ടു പേരുടേയും സമ്മതത്തില്‍ ഡോ. മധു ശ്രീധരന്‍ ആ റിസ്‌ക് ഏറ്റെടുത്തു.

ആ ശസ്ത്രക്രിയ വിജയകരമായി. അവിടെ നിന്നും ചായങ്ങളും ,വേഷപകര്‍ച്ചകളൊന്നുമില്ലാത്ത സുകുമാരി ചേച്ചിയെ എനിക്കു ലഭിച്ചു . ഈശ്വരവിശ്വാസവും ,ഭക്തിയും , സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹവും കരുതലും ,വാത്സല്യവുമെല്ലാം നിറഞ്ഞ വ്യക്തിത്വമായിരുന്നു ചേച്ചി . ഓരോ ചെക്കപ്പിനു വരുമ്പോഴും മധുര പലഹാരങ്ങള്‍ കൊണ്ടുവരും. പരിചരിക്കുന്ന സ്റ്റാഫുകള്‍ക്കും കരുതും.

ഹ്യദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും മോശമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. കുറച്ചു നാള്‍ ചേച്ചി നിംസില്‍ തന്നെയായിരുന്നു. സമയം കിട്ടുമ്പോഴെക്കെ ഞാന്‍ റൂമില്‍ പോകും. ഓരോ ലൊക്കേഷനും ,ഷൂട്ടിങ് അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ചേച്ചി പറയുമായിരുന്നു. ഒരു ദിവസം പോയപ്പോഴേക്കും ചേച്ചി ഫോണ്‍ തന്നിട്ടു പറഞ്ഞു സംസാരിക്കാന്‍…. മറ്റാരുമല്ല തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. അങ്ങനെ എനിക്ക് പുരട്ചി തലൈവിയുമായും സംസാരിക്കുവാന്‍ പറ്റി. സഹപ്രവര്‍ത്തകരുടെ ഉന്നതിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന, ശുദ്ധജലം ഒട്ടുംപാഴാക്കാത്ത (വീട്ടില്‍ കുപ്പിവെള്ള ബോട്ടിലുകളുടെ വലിയ ശേഖരം തന്നെയുണ്ട്) വ്യക്തിത്വം.

പതിവില്ലാതെ എന്റെ ഫോണ്‍ വെളുപ്പിന് ബെല്ലടിക്കുന്നു .. ചേച്ചിയുടെ മിസ്ഡ് കോള്‍ ആയിരുന്നു. ഞാന്‍ തിരികെ വിളിച്ചു. പ്രാര്‍ത്ഥനാമുറിയിലെ വിളക്കില്‍ നിന്നും തീ പടര്‍ന്നു പിടിച്ചെന്നായിരുന്നു… ഞാന്‍ സുരേഷേട്ടനോട് (മകന്‍)സംസാരിച്ചപ്പോള്‍ ആശുപത്രിയില്‍ പോകുവാന്‍ വിസമ്മതിക്കുന്നുവെന്ന് .. ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ മമ്മൂക്കയെ വിളിച്ചു. ഈ ലോകത്ത് മമ്മുക്ക പറഞ്ഞാല്‍ മാത്രമേ ചേച്ചി കേള്‍ക്കുകയുള്ളു .

മമ്മുക്കയുടെ ശാസനയെ തുടര്‍ന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത്. പൊള്ളലിന്റെ ശതമാനവും പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി .. ഓരോ മണിക്കൂര്‍ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു …. അങ്ങനെ എഴു വര്‍ഷം മുമ്പുള്ള ഈ നാളില്‍ ചേച്ചി നമ്മെ വിട്ടു പോയി .. യാദൃശ്ചികമായ പരിചയപ്പെടലില്‍ തുടങ്ങി വലിയൊരു ആത്മബന്ധത്തിന്റെ അനുഭവമാണ് എനിക്ക് സുകുമാരി ചേച്ചിയെ പറ്റി ഓര്‍ക്കുമ്പോള്‍ …. നന്ദി മമ്മൂക്ക.

എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു … അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത് ………

Tags

Related Articles

Post Your Comments


Back to top button
Close
Close