CinemaGeneralLatest NewsMollywoodNEWS

ദുരിതക്കയത്തിലേക്ക് വീണ കലാകാരന്മാർക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രി പിണറായി വിജയന്  വിനയന്റെ കത്ത്

കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നമ്മുടെ സാംസ്കാരിക ക്ഷേമനിധി ബോർഡിൽ ഏറ്റവും കുറഞ്ഞത് പത്തു കോടിക്ക് മുകളിലുള്ള ഫണ്ട് ഉണ്ടെന്നാണ് അറിയുന്നത്.

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം അടച്ചുപൂട്ടലിലേക്ക് പോകേണ്ടി വന്നപ്പോള്‍ ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്കും സമാന തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ക്കും 5000 രൂപ സഹായം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി സംവിധായകൻ വിനയന്‍. ഈ തുക കണ്ടെത്താനുള്ള പോംവഴി കൂടി പറയുന്ന കത്തിൽ ഇതു വരെ മുഖ്യമന്ത്രി കൈക്കൊണ്ട പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്നുമുണ്ട്. കത്തിന്റെ പകര്‍പ്പ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

കുറിപ്പിന്റെ പൂർണരൂപം……………………….

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്.

സർ,

കൊറോണ വൈറസിന്റെ ഭീതിജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക് ഡൗണിലേക്ക് പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക് ഔട്ട് കാലം തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാർക്ക് സമാശ്വാസമേകാനും അക്ഷീണം പരിശ്രമിക്കുന്ന കേരള സർക്കാരിനും അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും ആദ്യമായ്‌ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ.

എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിൽ സാംസ്‌കാരിക ക്ഷേമനിധിയുമായി ചേർന്ന് കലാരംഗത്തു പ്രവർത്തിക്കുന്നവരെ സഹായിക്കാൻ പറ്റുന്ന ഒരു സാഹചര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനും, കഴിയുമെങ്കിൽ അത് പ്രാവർത്തികമാക്കാൻ വേണ്ട നടപടി എത്രയും പെട്ടെന്ന് എടുക്കണമെന്ന് നിർദ്ദേശം കൊടുക്കുവാൻ അങ്ങയോടു വിനീതമായി അഭ്യർത്ഥിക്കാനും വേണ്ടിയാണ് ഇപ്പോൾ ഈ കത്തെഴുതുന്നത്.

ക്ഷേമനിധി പെൻഷനോ അല്ലെങ്കിൽ സാംസ്കാരിക ക്ഷേമനിധി പെൻഷനോ ഒന്നും ലഭിക്കാത്ത നാടക കലാകാരന്മാരും, സിനിമ മേഖലയിൽ ദിവസക്കൂലിക്കാരായ തൊഴിലാളികളും (ഇതിൽ സിനിമയിൽ ഡെയിലി ബാറ്റ മേടിക്കുന്ന നിർമ്മാണ തൊഴിലാളികളും, ഫിലിം റെപ്രെസന്റേറ്റീവ്മാരും, മറ്റനുബന്ധ തൊഴിലാളികളും ഉൾപെടുന്നതാണ്) പത്തുരൂപ പോലും കയ്യിൽ ഇല്ലാതെ വളരെയേറെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. പ്രത്യേകിച്ചും നാടക കലാകാരൻമാർ ഒരുവർഷത്തെ അവരുടെ ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നത് ഉത്സവ സീസണുകളിൽ അവർ നടത്തുന്ന പരിപാടികളിലൂടെയാണ്. ഈ വർഷത്തെ ഉത്സവ സീസണിൽ തന്നെ കൊറോണ എന്ന മഹാദുരന്തം വന്നതിനാൽ അവരൊക്കെ ജീവിക്കുന്നത് ഭീതീജനകമായ ദുരന്തമുഖത്താണ്.

കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നമ്മുടെ സാംസ്കാരിക ക്ഷേമനിധി ബോർഡിൽ ഏറ്റവും കുറഞ്ഞത് പത്തു കോടിക്ക് മുകളിലുള്ള ഫണ്ട് ഉണ്ടെന്നാണ് അറിയുന്നത്. ഇതു കൃത്യമായ കണക്കല്ല പതിനഞ്ചു കോടിക്കടുത്ത് ചിലപ്പോൾ ഉണ്ടായേക്കാം. ഇപ്പോൾ സിനിമാ തീയേറ്ററുകൾ പൂട്ടിയിരിക്കുകയാണ് എങ്കിലും അത് തുറന്നു കഴിയുമ്പോൾ വീണ്ടും പ്രതിമാസം ഒരുകോടിയോളം വരുമാനം സാംസ്കാരിക ക്ഷേമനിധി ബോർഡിൽ വന്നു ചേരുന്നതാണ്. ആയതിനാൽ നാളെ ആരൊക്കെ ഉണ്ടാകും, എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി എന്നൊക്കെ പോലും ആശങ്കകൾ ഉണർത്തുന്ന ഈ സാഹചര്യത്തിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ താൽക്കാലികമായി സഹായിക്കാൻ തീയറ്ററുകളിലെ ഒാരോ ടിക്കറ്റിൽ നിന്നും പിരിച്ചെടുത്ത ഈ തുക ഉപയോഗിക്കണം എന്നഭ്യർത്ഥിക്കുകയാണ്. അടുത്ത നാലു മാസത്തേക്ക് പെൻഷൻ കൊടുക്കാനുള്ള തുക (പരമാവധി 4കോടി രൂപ, കഴിഞ്ഞ മാസം 86 ലക്ഷം രൂപയാണ് പെൻഷൻ കൊടുത്തതെന്ന് സാംസ്കാരിക ക്ഷേമനിധി ബോർഡ് സെക്രട്ടറിയോട് ചോദിച്ചപ്പോൾ പറഞ്ഞിരുന്നു.) മാറ്റി വെച്ചിട്ട് ബാക്കി തുകയിൽ അഞ്ചോ ആറോ കോടി രൂപ ഉപയോഗിച്ച് അർഹതയുള്ള കലാകാരന്മാർക്കും ആ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു തൊഴിലാളികൾക്കും ഒരു 5000 രൂപ വെച്ച് സഹായധനമായി നൽകാൻ കഴിയും.‍

ഞാൻ പറഞ്ഞ തുകയ്ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ചെറിയ മാറ്റം ഉണ്ടാകുമെങ്കിൽ അതനുസരിച്ച് സഹായധനം തിട്ടപ്പെടുത്തി കൊണ്ട് ഇങ്ങനെ ഒരു മഹത്തായ സഹായം ഈ ദുരന്തഘട്ടത്തിൽ നമ്മുടെ നാട്ടിലെ കലാകാരന്മാർക്കും ആ രംഗത്തുള്ള തൊഴിലാളികൾക്കും വേണ്ടി സഖാവ് പിണറായി വിജയന്റെ സർക്കാർ ചെയ്യുകയാണെങ്കിൽ അത് ചരിത്രത്തിന്റെ താളുകളിൽ നന്മയുടെ നേർരേഖയായി എന്നും തിളങ്ങി നിൽക്കും. ഈ നാടിന്റെ സാംസ്കാരിക നവോത്ഥാനത്തിന് മാറ്റം കുറിച്ച നാടകരംഗത്തിനും അതുപോലെയുള്ള ജനകീയ കലകൾക്കും, കോടിക്കണക്കിനു രുപ ഈ ഫണ്ടിലേക്കെത്താൻ ഇടയായ സിനിമയ്ക്കും ഒക്കെ താങ്ങായി ഈ സർക്കാർ ഉണ്ടാകുമെന്ന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരിക്കും ഈ സഹായം.‍

ഇത്രമാത്രം ഇച്ഛാശക്തിയും ഭരണാധികാരിക്ക് വേണ്ട കരുത്തും ആർജിച്ച അങ്ങേയ്ക്ക് അത് സാധിക്കും എന്നു ഞാൻ വിശ്വസിക്കുന്നു., കോവിഡ് 19നെ ചെറുത്ത് തോൽപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളിലും സ്റ്റേറ്റ് ഹോർട്ടി കോർപ് ചെയർമാൻ എന്ന നിലയിലും, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക പ്രവർത്തകനും, ചലച്ചിത്ര സംവിധായകനും എന്ന നിലയിലും എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചു കൊണ്ട് നിർത്തുന്നു.

സ്നേഹാദരങ്ങളോടെ..

വിനയൻ

ചലച്ചിത്രസംവിധായകൻ

ചെയർമാൻ ഹോർട്ടി കോർപ്

26-3-2020

shortlink

Related Articles

Post Your Comments


Back to top button