GeneralLatest NewsNEWS

മഴയുടെ കാര്യം ഇങ്ങിനെയാണെങ്കിൽ വെയിലിന്റെ കാര്യം അതിലും കഷ്ടമാണ്: സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി രഘുനാഥ് പലേരിയുടെ ചെറുകഥ

എത്ര ഉരുകിയാലും മേലാപ്പിന്നു താഴെ അഛനമ്മമാരുടെ വീടിനകത്ത് അശേഷം ചൂടേൽപ്പിക്കാൻ വെയിലിന്നു കഴിയില്ല

ഫേസ്ബുക്കിലൂടെ വായനക്കാര്‍ക്ക് വീണ്ടും ചെറുകഥ സമ്മാനിച്ച് രഘുനാഥ് പലേരി. കഴിഞ്ഞ ദിവസം രഘുനാഥ് പലേരിയുടെ ഏറെ ജനപ്രിയമായ ധര്‍മ ദര്‍ശനം എന്ന ചെറുകഥ അദ്ദേഹം ഫേസ്ബുക്കിലൂടെ പോസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും മറ്റൊരു ചെറുകഥയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത്

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

“അഛനമ്മമാരുടെ വീട്” എന്ന കഥ എഴുതിയത് 2005 ഒക്‌ടോബറിൽ ആണ്. ഏഴുതിക്കഴിഞ്ഞിട്ടും നാല് വർഷത്തോളം ഞാനത് എന്നിൽ തന്നെ സൂക്ഷിച്ചു വെച്ചു. മറ്റാരോ എനിക്കായി എഴുതിയ കഥപോലെ ഇടക്കിടെ എടുത്ത് വായിക്കും.
പിന്നീടെപ്പോഴോ പ്രിയപ്പെട്ടൊരാൾക്ക് വായിച്ചു കൊടുത്തു. ആ കണ്ണുകൾ നിറയുന്നതും മറച്ചു പിടിക്കുന്നതും കണ്ടു. കഥ കരയിക്കാനുള്ളതോ കരയാനുള്ളതോ അല്ല. ഓരോ കഥയും ജ്ഞാനത്തിലേക്കുള്ള ദീപ പ്രകാശമാണെന്ന് അമ്മ പറഞ്ഞതോർമ്മയുണ്ട്. കഥകൾ ചോദിച്ച് പത്രാധിപന്മാരുടെ കത്ത് വന്നാലും പലപ്പോഴും അയക്കാൻ തോന്നാറില്ല. പെട്ടെന്നൊരു ദിവസം അങ്ങയച്ചു പോകും. അങ്ങിനെ ചാടിപ്പോയതാണ് ”ഈ അഛനമ്മമാരും.”

2009 ൽ ഒരു ദിവസം മാതൃഭൂമിയിൽ ഗൃഹലക്ഷ്മി പത്രാധിപർ ശ്രീ മോൻസിയെ കാണാൻ ചെന്നപ്പോൾ മോൻസിയാണ് ശ്രീ കമൽറാം സജീവിന്റെ കാബിനിന്നു മുന്നിൽ തെല്ലിട നേരം നടത്തം നിർത്തി അദ്ദേഹത്തിനു മുന്നിൽ പ്രകാശമായി മാറിയത്. ”കഥയൊന്നും ഇല്ലേ..”ന്ന് കമൽറാം ചോദിച്ചു. ഉത്തരമായി നൽകിയ ”അഛനമ്മമാരുടെ വീട്” വന്ന ആഴ്ച്ചപ്പതിപ്പിന്റെ മുഖചിത്രത്തിൽ ”വാക്കുകൾക്ക് വിട” എന്നൊരു വാചകം ഉണ്ടായിരുന്നതായും ഓർമ്മയുണ്ട്.

അഛനമ്മാരുടെ വീട് താഴെയുണ്ട്.
സമയം ഉണ്ടെങ്കിൽ ഒന്ന് കയറി ഇറങ്ങിക്കോളൂ.
:)

അഛനമ്മമാരുടെ വീട്
………………………………………

അഛനമ്മമാരുടെ വീടിന്നു ചുറ്റും തണൽ പുഷ്പ്പിക്കുന്ന മരങ്ങളാണ്. ഏത് കാലാവസ്ഥയിലും നല്ല പച്ചപ്പ്. ധാരാളം പക്ഷികൾ. അവ കൊത്തിയിടാതെ തനിയെ കൊഴിയുന്ന പലവർണ്ണങ്ങളുള്ള പൂക്കൾ. ചുറ്റും വളർന്ന മരങ്ങളിൽ പ്രണയത്തോടെ ചുറ്റിപ്പടർന്ന പടുവള്ളികൾ പലതും മറ്റു വള്ളികളുടെ കൈ കോർത്ത് അപ്പുറവും ഇപ്പുറവും ചാടി അഛനമ്മമാരുടെ വീടിന്നു മുകളിൽ പച്ചപ്പിന്റെ ഉടയാത്തൊരു മേലാപ്പ് തീർത്തിരുന്നു. ആ മേലാപ്പിന്നു താഴെ നനയാതെ നിൽക്കുന്ന വീട് മരങ്ങളിലേക്ക് ചാടിത്തിമർക്കുന്ന മഴക്കൊരു ഹരമായിരുന്നു. ഏത്ര പെയ്താലും നനയാത്ത വീടിനെ ഒന്നു നനക്കാൻ മഴയുടെ ഉത്സാഹിച്ചുള്ള ധൃതി കാണാൻ പക്ഷികളത്രയും മേലാപ്പിന്നു താഴെ വീടിന്നു മുകളിലേക്ക് തമ്പടിച്ച് പറന്നിറങ്ങും.

മഴയുടെ കാര്യം ഇങ്ങിനെയാണെങ്കിൽ വെയിലിന്റെ കാര്യം അതിലും കഷ്ടമാണ്. എത്ര ഉരുകിയാലും മേലാപ്പിന്നു താഴെ അഛനമ്മമാരുടെ വീടിനകത്ത് അശേഷം ചൂടേൽപ്പിക്കാൻ വെയിലിന്നു കഴിയില്ല. പിറന്നു വീണ് ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ സ്വപ്നംപോലെ വീടീന്നകം മുഴുവൻ എന്നും കുളിരാണ്. അഛനമ്മമാർക്ക് ദൈവം സൃഷ്ടിച്ചത് സ്വർഗ്ഗരാജ്യമാണെന്ന് മേലാപ്പിനും വീടിന്നുമിടയിൽ വെയിലേൽക്കാതെയും മഴ നനയാതെയും വിശ്രമിക്കുന്ന പക്ഷികൾ സന്തോഷത്തോടെ അടക്കം പറയുന്നത് ഏത് കാലാവസ്ഥയിലും ആ നാട് മുഴുവൻ കേൾക്കാറുണ്ട്.

വീടിന്നകത്ത് അമ്പത്തൊന്ന് അഛനമ്മമാരെ പക്ഷികൾ ഒരു ദിവസം വട്ടമിട്ടിരുന്ന്
എണ്ണിയിരുന്നു. അതിന്നു ശേഷം ഇപ്പോൾ മുന്ന് വേനൽക്കാലം കഴിഞ്ഞു. കൂട്ടത്തിൽ എണ്ണാൻ
അറിയാവുന്ന പക്ഷി കഴിഞ്ഞ മഴക്കാലത്ത് വിവാഹം കഴിഞ്ഞ് ഇണയോടൊപ്പം മറ്റൊരു സങ്കേതം തേടിപോയശേഷം ബാക്കിയുള്ളവർക്ക് അഛനമ്മമാരുടെ എണ്ണം എടുക്കാൻ കഴിഞ്ഞിട്ടില്ല. പെണ്ണിന്റെ കൂടെ അടയിരിക്കാൻ പോയ പക്ഷിയോട് ഒരു ദിവസം വന്ന് അഛനമ്മമാരെ എണ്ണിനോക്കാൻ പറഞ്ഞിട്ടും അവനിതുവരെ സമയം കിട്ടിയിട്ടില്ല.

അമ്പത്തൊന്ന് അഛനമ്മമാരല്ലാതെ അവരുടെ മക്കളാരും താഴെ വീടിന്നകത്ത് ഇല്ലെന്ന്
പറഞ്ഞു തന്നത് അവനാണ്. അതുകൊണ്ടു തന്നെ അവരുടെ കാര്യങ്ങളെല്ലാം വേണ്ടവിധം
ശ്രദ്ധിക്കണമെന്ന ഒരു തീരുമാനത്തിൽ പക്ഷികളെല്ലാം എത്തിച്ചേർന്നിരുന്നു. അഛനമ്മമാർ ഒപ്പം കഴിയുന്ന കാലത്തോളം പെണ്ണുകെട്ടി സ്ഥലം വിടരുതെന്ന് എണ്ണാനറിയുന്ന അവനോട്
പറഞ്ഞിരുന്നു. പക്ഷെ പറഞ്ഞത് വെറുതെ. പെണ്ണിനെ കിട്ടിയതും കുറുകി മയങ്ങി കണ്ണും പൂട്ടി
അവനങ്ങ് പറന്നു. അതോടെ പക്ഷികളും അഛനമ്മമാരും തികച്ചും ഒറ്റപ്പെട്ടു. താഴെയുള്ള
വൃദ്ധമനസ്സുകളുടെ തണുപ്പോ ചൂടോ അറിയാൻ യാതൊരു വഴിയും ഇല്ലാതെ, വീടിന്നു ചുറ്റും പറന്നു നടക്കാമെന്നല്ലാതെ പക്ഷികൾക്ക് മറ്റൊന്നും കഴിയുന്നില്ല. വരാന്തയിലും മരത്തണലിലും നാമം ജപിച്ചും ജോലിചെയ്തും ഈശ്വരന്റെ കാലടി ശബ്ദം കാത്ത് കഴിയുന്ന അഛനമ്മമാരിൽ ചിലരെങ്കിലും തങ്ങളുടെ തലക്കു മുകളിൽ വട്ടമിട്ട് നടക്കുന്ന പക്ഷികളോട് സംസാരിക്കാറുണ്ട്.

അതിൽ ഒരമ്മ സംസാരിച്ചത് ആരോ പറഞ്ഞു കേട്ട ഭാഷയാണെന്ന് മനസ്സിലായതും പക്ഷികളിലൊരുത്തി മധുരയിൽ നിന്നും തലേ ദിവസം വിരുന്നു വന്ന വിരുന്നുകാരി പ്ക്ഷി യോടൊപ്പം ആ അമ്മ അലക്കി ഉണക്കാൻ പുല്ലിൽ വിരിച്ചിട്ട ചുകന്ന ചേലക്കരികിലേക്ക് പറന്നു ചെന്നു.
*പറയെടീ മധുരമീനാക്ഷീ… ആ അമ്മ സംസാരിച്ചത് തമിഴാണെന്ന് നിന്റെ ഇന്നലത്തെ പായ്യാരം പറച്ചിലെല്ലാം കേട്ട എനിക്ക് മനസ്സിലായി. പക്ഷിശാസ്ത്രം പഠിക്കാനായി ഏതോ കാക്കാലൻ സഞ്ചരിക്കുന്ന വഴികളിലെല്ലാം അയാൾക്കു പിറകെ കുറെ മാസമായി പറന്നു നടക്കുകയായിരുന്നു എന്നല്ലെ നീ ഇന്നലെ പറഞ്ഞത്. അത്ര വലിയ ജ്ഞാനം നേടിയെങ്കിൽ ഈ ചേല നോക്കി ആ അമ്മ ആരാണെന്ന് പറ.*

മധുരമീനാക്ഷി ആകെ ഒന്നു തുടുത്തു.
കഴുത്തിലെ പഞ്ചവർണ്ണ തൂവലുകളിൽ സൂര്യോദയം പോലെ അഞ്ചുവർണ്ണങ്ങളും വിരിഞ്ഞു നിന്നു. അവൾ ആ ചേലയെ ഭവ്യതയോടെ ഉറ്റുനോക്കി. ചേലയുടെ ചുകപ്പെല്ലാം മങ്ങി, ചുകപ്പിക്കാൻ അടിക്കൂട്ടായി ഉപയോഗിച്ച മറ്റേതോ ചായത്തിന്റെ വൃദ്ധനിറം ചേല മുഴുവൻ ആവേശിച്ചിട്ടുണ്ട്. എന്നാലും ഇഴതെറ്റാതെ കോർത്ത കസവുനാരുകളെല്ലാം ആ അമ്മയുടെ മനസ്സിലെ സ്വപ്നംപോലെ അപ്പോഴും ചേലയിൽ കിടന്നങ്ങിനെ തിളങ്ങുന്നുണ്ട്. കാലത്തിന്നുള്ളിൽ എവിടെയോ ജീവിതം മറന്നുവെച്ച ഒരമ്മയുടെ മണവും സ്‌നേഹവും മധുരമീനാക്ഷി അതിൽ വ്യക്തമായും കാണുന്നുണ്ട്.
നാട്ടുകാരിപ്പക്ഷി ചോദിച്ചു.
*ഇതാണോടീ നീ പറയാറുള്ള കാഞ്ചീപുരം സിൽക്ക്…?*
മധുരമീനാക്ഷി ചേലക്കു ചുറ്റും ഒരുവട്ടം പറന്നു. അവിടവിടെ മൂക്ക് മുട്ടിച്ചു.
*ഇത് ചമ്പകവല്ലി ഗ്രാമത്തിലെ ഒരു നെയ്ത്ത് സംഘത്തിലെ പെണ്ണുങ്ങൾ കൈകൊണ്ട് തുന്നി എടുക്കുന്ന കല്ല്യാണ ചേലയാണ്. ഈ സിൽക്ക് വളരെ കാലം നിലനിൽക്കും. ഇത്തരം ഒരു സിൽക്ക് കഷ്ണം പ്രതീക്ഷിക്കാതെ കിട്ടിയത് കൊത്തിയെടുത്താണ് ഞാൻ എന്റെ കഴിഞ്ഞ സീസണിലെ കുട്ടികൾക്ക് കൂട്ടിനകത്ത് കിടക്ക വിരിച്ചത്. എന്റെ അറിവിൽ ഈ വിരിച്ചിട്ട ചേലക്ക് ഏതാണ്ട് അമ്പത്തഞ്ച് കൊല്ലം പഴക്കം ഉണ്ടാവും.*
*എന്നുവെച്ചാൽ…?*
*എന്നുവെച്ചാൽ ആ അമ്മയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പത്തഞ്ച് കൊല്ലം
കഴിഞ്ഞിട്ടുണ്ടാവും..*
*അപ്പോൾ അവരുടെ കുട്ടികളുടെ അഛനോ..*
*കല്ലാണം കഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹവും അമ്പത്തഞ്ച് വർഷമായി അവരോടൊപ്പം
കാണണം. എന്നാലും ഈ സാരി നോക്കി ഈ അമ്മയുടെ കുട്ടികളുടെ അഛൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.*

അത്രയും പറഞ്ഞ് നിശ്ശബ്ദയായ മധുരമീനാക്ഷിയെ നാട്ടുകാരിപ്പക്ഷി പതിയെ കുറുകി തൊട്ടു.
*എന്തുപറ്റി…?*
*ഈ ചേല കഴുകി ഇടുന്നതിന്നു മുൻപായിരുന്നു കണ്ടിരുന്നതെങ്കിൽ ഈ കസവുനാരുകളിൽ എവിടെയെങ്കിലും ഈ അമ്മയുടെ കുട്ടികളുടെ അഛന്റെ കൈവിരൽ സ്പർശം ഇന്നലെ വീണിരുന്നോ എന്നറിയാമായിരുന്നു.*
*അതെങ്ങിനെ…?!*
*വാസനിച്ചു പിടിക്കാം.. ആഫ്രിക്കൻ വിദ്യയാണ്. ഒരു കുടിയേറ്റ കാലത്ത് കോംഗോ കാട്ടിൽ നിന്നും ഞങ്ങളുടെ കൂട്ടിലേക്ക് വിരുന്ന വന്ന പക്ഷി കുടുംബം പഠിപ്പിച്ചു തന്നതാണ്..*

മധുരമീനാക്ഷിയുടെ അറിവു കേട്ട് നാട്ടുകാരിപ്പക്ഷി അതിശയിച്ചു. മുട്ടയിട്ട് കുഞ്ഞു വിരിയിച്ച് നെഞ്ചും വിരിച്ച് നടക്കാൻ മാത്രമല്ല ഇവൾക്ക് പലതരം സിൽക്ക് വിവരവും ഉണ്ട്. ഇവളെ കൂട്ടിന് കിട്ടിയത് നന്നായി. ഇവൾ തിരിച്ചു പോകുന്നതിന്നു മുൻപ് അഛനമ്മമാരുടെ കഴിയുന്നത്ര കാര്യങ്ങൾ അറിഞ്ഞു വെക്കണം. എണ്ണാനറിയുന്ന പക്ഷിക്കുട്ടൻ തിരിച്ചു വരുമ്പോൾ അവന്റെ മുഖത്ത് നോക്കി കാര്യം പറയണം. ഞങ്ങളെ അന്ധകാരത്തിലാക്കി പറന്നുപോയ നീ എന്താ കരുതിയത്. സരസ്വതീ കടാക്ഷവുമായി ആരും ഇവിടേക്ക് വരില്ലെന്ന് വിചാരിച്ചോ..

പലതും ചിന്തിച്ച് നാട്ടുകാരിപ്പക്ഷി ചിരിച്ചു.
മധുരമീനാക്ഷി തല ഉയർത്തി.
*എന്താ ഒരു ചിരി..? ആഫ്രിക്കൻ വിദ്യയെക്കുറിച്ച് ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം ആയില്ലേ..*
*വിശ്വാസം ആവാഞ്ഞിട്ടല്ല. ഞാൻ ചിരിച്ചത് എന്റെ അറിവില്ലായ്മ്മ ഓർത്താ..
നിനക്കൊരുപാട് കാര്യങ്ങൾ അറിയാടോ..*

അനാവശ്യമായി അവിശ്വസിച്ചതിന്ന് ക്ഷമ ചോദിച്ച് മധുരമീനാക്ഷി അവളെ ഉരുമ്മി.
*അറിവുണ്ടാവുന്നത് നല്ല കാര്യമാണ്. അത് ഈ ലോകത്തെക്കുറിച്ചു നമ്മെ പഠിപ്പിക്കും. എന്നാലും ഏത് അറിവിന്റെയും അടിസ്ഥാനം സ്‌നേഹമായിരിക്കണം. സ്‌നേഹം ഇല്ലെങ്കിൽ എത്ര അറിവുണ്ടായാലും ആ അറിവിന് ഐശ്വര്യം ഉണ്ടാവില്ല. താഴെ വീട്ടിലെ അഛനമ്മമാരോടുള്ള നിന്റെ സ്‌നേഹം ആണ് എന്നെ ഈ ചേലയുടെ അടുത്തെത്തിച്ചത്. ഈ ലോകത്തിന് എന്നെക്കാൾ ആവശ്യം നിന്നെയാണ്. നീ ആണ് വലിയവൾ. ഞാനല്ല.*
നാട്ടുകാരിപ്പക്ഷിയുടെ കണ്ണു നിറഞ്ഞു. ഈ സംസാരം ഇവളെ എന്നെക്കാൾ പതിന്മടങ്ങ് മഹത്വമുള്ളവളാക്കുന്നുവെന്ന് ഇവൾ അറിയുന്നില്ല. അറിയുന്നുണ്ടെങ്കിൽ തന്നെ അതിൽ അഹങ്കരിക്കുന്നില്ല. ജ്ഞാനത്തിന്റെ ഓരോ പുതിയ വർണ്ണത്തൂവലുകൾ കിളുർക്കുമ്പോഴും ഇവളുടെ മനസ്സിൽ പുഛത്തിന്റെ കളകൾ മുളക്കുന്നില്ല. ഇവൾ എങ്ങിനെയാണ് ഇത്തരം മനസ്സ് ഉരുക്കിയെടുത്തത്. ഇവളുടെ കുഞ്ഞുങ്ങളും അവരുടെ പിതാവും കൂടെ പിറന്നവരും ഇനി പിറക്കാനിരിക്കുന്നവരും എല്ലാം എത്ര ഭാഗ്യവാന്മാരാണ്….
*നിന്റെ കണ്ണെന്താണ് നിറയുന്നത്. നീ ആ അമ്മയെക്കുറിച്ചു വല്ലതും ചിന്തിച്ചോ.*
മധുരമീനാക്ഷി ചോദിച്ചു.
*അമ്മയെക്കുറിച്ചു മാത്രമല്ല പലരെക്കുറിച്ചും ഞാനെന്തൊക്കെയോ ചിന്തിച്ചു.*

പെട്ടെന്നൊരു ശബ്ദത്തോടെ പുല്ലിൽ നിന്നും ആ ചേല കാറ്റ് വലിച്ചെടുത്തു. മധുര മീനാക്ഷിയും നാട്ടുകാരിപ്പക്ഷിയും പറന്നുയർന്നു. മുകളിലെ മരക്കൊമ്പിലേക്ക് പറന്നിരുന്ന് താഴേക്ക് നോക്കിയ നാട്ടുകാരിപ്പക്ഷിയാണ് താഴെ ചേല വലിച്ചെടുത്തത് കാറ്റല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത്.
*ഈശ്വരാ.. ആ സാരി ഉടുക്കുന്ന അമ്മയാണത് ..*
മധുരമീനാക്ഷി കൗതുകത്തോടെ ആ അമ്മയെ തല ചരിച്ചു നോക്കി.

ഐശ്വര്യമുള്ള ഒരമ്മ. നന്നേ മെലിഞ്ഞ ദേഹം. ആ സാരി ഉടുത്താൽ അതിന്റെ ഭാരം താങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. ശരീരം നിറയെ ക്ഷീണം ഉണ്ടെങ്കിലും അണയാത്ത വാത്സല്ല്യ വെട്ടം ആ കണ്ണിൽ അപ്പോഴും മിന്നുന്നുണ്ട്. വലിച്ചെടുത്ത സാരി കൈകളിലേക്ക് ചുരുട്ടിയെടുത്ത് മുഖത്ത
മർത്തിയും വാസനിച്ചും നനവെല്ലാം പൂർണ്ണമായും വിട്ടുപോയോ എന്നു നോക്കുകയാണ് ആ അമ്മ. അവരെ സഹായിക്കാനെന്നവണ്ണം പിറകിലായി മറ്റൊരമ്മയും നടന്നെത്തുകയായി..
*നിന്റെ ചേല ചുട്ടെടുത്ത പപ്പടംപോലെ ആയി. ഇങ്ങനെ വെയിലു കൊള്ളിച്ചാ കസവെല്ലാം നരക്കും..*
ചേല വലിച്ചെടുത്ത അമ്മ തുമ്പപ്പൂപോലെ ചിരിച്ചു.
*എത്ര വെയിലു കൊണ്ടതാ എന്റെ ശാരദാമ്മേ.. ഒന്നു മങ്ങി എന്നല്ലാതെ ഇതുവരെ നരച്ചിട്ടില്ല.*
ശാരദാമ്മ ആ സാരി വാങ്ങി ഞരടി. വാസനിച്ചു.
ഒന്നായി ചുരുട്ടി കൈയ്യിൽ പിടിച്ച് ഭാരം നോക്കി.
*ഇതെവിടുന്ന് നെയ്തതാടോ…?*
*ഞങ്ങൾ ചമ്പകവല്ലിക്കാരുടെ പട്ടല്ലേ ഇത്… ഞാൻ എന്റെ കല്ല്യാണത്തിന് സ്വയം നെയ്‌തെടുത്ത താടോ..*

അത് കേട്ടതും നാട്ടുകാരിപ്പക്ഷിയുടെ നെഞ്ച് പിടഞ്ഞു. മധുരമീനാക്ഷി ആകാശത്തേക്ക് മിഴി ഉയർത്തി ഈശ്വരനെ തിരഞ്ഞു. ദൈവമേ.. ഞാൻ പറഞ്ഞതെത്ര ശരി. കാക്കാലന്റെ പിറകെയുള്ള അലച്ചിൽ ഇതാ ഫലം കാണുന്നു. ഞാൻ ചമ്പകവല്ലി ഗ്രാമത്തിലെ പട്ടുസാരിയാണെന്നേ പറഞ്ഞുള്ളു. ഇതാ അത് നെയ്‌തെടുത്ത അമ്മയെ തന്നെ നീ എന്റെ മുന്നിൽ കാണിച്ചു തരുന്നു. ആ പാദമൊന്ന് നീട്ടിത്തരിക. അത് സ്പർശിക്കുന്നിടം ഞാനൊന്ന്
നമിക്കട്ടെ.
അഭിമാനത്തോടെ നാട്ടുകാരിപ്പക്ഷി മധുരമീനാക്ഷിയുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു.
*നീ ദിവ്യയാണ്. പട്ടുചേല മാത്രമല്ല ആ അമ്മയും ചമ്പകവല്ലി ഗ്രാമത്തിൽ നിന്നാണ്. അതവർ സ്വന്തം കൈകൊണ്ട് നെയ്ത കല്ല്യാണപ്പട്ടുചേലയാണ്.*
അത്രയും നേരം ആഗ്രഹിച്ച ഈശ്വരപാദമായി സങ്കൽപ്പിച്ച് മധുരമീനാക്ഷി ആ വാക്കുകളെ നമിച്ചു.
*അരികിലേക്ക് വന്ന അമ്മയുടെ പേര് ശാരദാമ്മയാണെന്ന് മനസ്സിലായി. ഇനി ആ ചേല എടുത്ത അമ്മയുടെ പേരെന്താണെന്ന് പറയാൻ കഴിയോ…?*
നാട്ടുകാരിപ്പക്ഷി ആഗ്രഹത്തോടെ ചോദിച്ചു.
*എന്തെങ്കിലും ഒരു വിദ്യ നീ പെട്ടെന്ന് കാണിക്ക്. അല്ലെങ്കിൽ ആ അമ്മയുടെ പേര് കേൾക്കാൻ പറ്റില്ല.*

മധുരമീനാക്ഷി പറഞ്ഞതും നാട്ടുകാരിപ്പക്ഷി ആ അമ്മയുടെ തലക്കു മുകളിലായി തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ചിറകടിച്ചു പറന്നിറങ്ങി ഉയർന്നു. പക്ഷിയുടെ പെട്ടെന്നുള്ള വരവ് കണ്ടതും ശാരദാമ്മ അവരെ പിടിച്ചു മാറ്റി.
*ഊയ്യെന്റെ ദൈവേ.. അത് കാവേരിയെ കൊത്തീന്നാ ഞാൻ വിചാരിച്ചേ…*
നാട്ടുകാരിപ്പക്ഷി തുള്ളിപ്പറന്നു.
*ആ അമ്മയുടെ പേര് കാവേരി എന്നാണ്!..*
മധുരമീനാക്ഷിയും ഒപ്പം പറന്നു.
*കാവേരി ഒരു ദേവനദിയാണ്. ഞാനും മക്കളും അതിൽ കുളിച്ചിട്ടുണ്ട്.*

മുകളിൽ വട്ടമിട്ടു പറക്കുന്ന പക്ഷികളെ കൗതുകത്തോടെ നോക്കി കാവേരിഅമ്മ ശാരദാമ്മയോട് പറഞ്ഞു.
*അവള് കൊത്താനൊന്നും വന്നതല്ലാട്ടോ എന്തോ ചോദിക്കാൻ വന്നതാ. അവളെ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏത് നേരവും അവൾടെ നോട്ടം താഴോട്ടാ…*
*അത് പെണ്ണാന്നെങ്ങനാ കാവേരിക്ക് മനസ്സിലായേ..?!*
ശാരദാമ്മക്ക് അതിശയം.
*അവളുടെ തുടുപ്പ് കണ്ടില്ലേ. മുഖത്തെ രക്തപ്രസാദം കണ്ടില്ലേ. കണ്ണിലെ തിളക്കം കണ്ടില്ലേ. ശരീരത്തിന്റെ വൃത്തി കണ്ടില്ലേ.. ചുരുങ്ങിയത് പതിനാറ് കുട്ടികളെയെങ്കിലും അവൾ ഇതിന്നകം വിരിയിച്ചിട്ടുണ്ടാവും.*

പതിനാറായില്ലെന്ന് നാട്ടുകാരിപ്പക്ഷി മധുരമീനാക്ഷിയോട് പറഞ്ഞു.
കാവേരിഅമ്മക്ക് തെറ്റി.
*ഇതുവരേക്കും പതിനൊന്നു കുഞ്ഞുങ്ങളായി. പന്ത്രണ്ടാവേണ്ടതായിരുന്നു. വിരിയാൻ മൂന്നു ദിവസം ഉള്ളപ്പോൾ കാറ്റടിച്ച് ഒരു മുട്ട താഴെ വീണ് ഉടഞ്ഞു. ആ വിഷമം ഇപ്പോഴും തീർന്നിട്ടില്ല. താഴെ വീണ മുട്ട അഛനമ്മമാർ എടുത്ത് കുറെ ദിവസം ഒരു പുൽക്കൂടുണ്ടാക്കി സൂക്ഷിച്ചിരുന്നു. മുകളിലേക്ക് നോക്കി ചൂളമടിച്ചും കൈമുട്ടിയും മാറി നിന്നും ഒളിഞ്ഞു നോക്കിയും ആ മുട്ടക്ക് അടയിരിക്കാൻ ഞങ്ങളെ വിളിച്ചിരുന്നു. കണ്ടു നിന്ന് കരയാംന്നല്ലാതെ അടയിരുന്നിട്ട് കാര്യമില്ല. നെടുകെയും കുറുകെയും മുട്ട വിണ്ടുകീറിയത് ഞങ്ങൾക്ക് കാണാമായിരുന്നു. അത് വിരിയില്ല. കുഞ്ഞിന്റെ ശ്വാസം ആ വീഴ്ച്ചയിലേ പറന്നകന്നിരുന്നു. പാവം അഛനമ്മമാർക്ക് അതറിയില്ല. അവർക്ക് സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ചും പക്ഷികളുടെ മുട്ടയെക്കുറിച്ചും ഒന്നും അറിയില്ല. പാവങ്ങളാണ് എല്ലാം.*
*അതെ പാവങ്ങളാണ്…*
മധുരമീനാക്ഷിയും പറന്നുകൊണ്ട് പറഞ്ഞു..
*അവരുടെ മക്കളെയൊന്നും എന്താ താഴെ കാണാത്തത്…?*
നാട്ടുകാരിപ്പക്ഷിയുടെ ദുഃഖം അതായിരുന്നു.
മധുരമീനാക്ഷി ദിവ്യദൃഷ്ടി തുറന്നു.
*അവരെല്ലാം മക്കൾ ഉപേക്ഷിച്ച അഛനമ്മമാരാണ്..?*
*ഉപേക്ഷിക്ക്യേ..?!*
നാട്ടുകാരിപ്പക്ഷി ഭയന്നു.
*കുഞ്ഞുങ്ങൾ വലുതായാൽ നമ്മളൊക്കെ അവരോട് പുറത്ത് പോയി ഒറ്റക്ക് ജീവിക്കാനല്ലേ പറയാ. എന്നിട്ടും പുറത്തു പോവാത്തവരെ ചെറുതായി കൊത്തി പുറത്തേക്ക് പറത്താറുണ്ട്. എന്നാലും നമ്മൾ അവരെ ഉപേക്ഷിക്കാറോ അവർ നമ്മളെ ഉപേക്ഷിക്കാറോ ഇല്ല. അഛനമ്മമാർ അങ്ങിനെ അല്ലല്ലൊ. അവർ സാധാരണ കുട്ടികളെ വീട്ടിൽ പിടിച്ചു വെക്കാറാണ് പതിവ്. ഓമനിച്ചും ലാളിച്ചും വളർത്തുന്നത് കാണാം. വയസ്സു കാലത്തും ചിലർ മക്കൾക്ക് തീറ്റ തേടി കൊണ്ടുവരുന്നതു കാണാം. പഠിപ്പിക്കുന്നതും പഠിച്ചു വലുതായ മക്കൾക്കായി ജോലി തേടി അലയുന്നതും കാണാം. അവരുടെ കുഞ്ഞുങ്ങൾക്കുവരെ വേലക്കാരായി മാറുന്നത് കാണാം. എന്നിട്ടും ഉപേക്ഷിക്ക്യേ..?
മധുരമീനാക്ഷിക്കെന്തു പറ്റി..?*
*ഒന്നും പറ്റിയിട്ടില്ല. മനുഷ്യർ ഇപ്പോൾ അങ്ങിനെയാണ്. അവരിപ്പോൾ എല്ലാം ഉപേക്ഷിക്കയാണ്. അഛനെ. അമ്മയെ. മക്കളെ. രാഷ്ട്രത്തെ. എന്തിന്… സ്വന്തം കാൽച്ചുവട്ടിലെ മണ്ണിനെവരെ..*

മധുരമീനാക്ഷിയുടെ സംസാരം കേട്ടതും നാട്ടുകാരിപ്പക്ഷിക്ക് പറക്കാനുള്ള ഉത്സാഹം മങ്ങി. താഴെ കാവേരി അമ്മയും ശാരദാമ്മയും മുകളിലേക്ക് നോക്കി നിൽക്കുന്നു. പട്ടുചേല ദേഹത്തോട് അമർത്തി ശുഷ്‌ക്കിച്ച കൈ ഉയർത്തി തന്നെ നോക്കി ശാരദാമ്മയോട് എന്തോ പറയുന്ന കാവേരി അമ്മ മടിക്കുത്തിൽ നിന്നും എന്തോ അഴിച്ചെടുക്കുന്നത് നാട്ടുകാരിപ്പക്ഷി കണ്ടു.
*എന്താണത്?..*
*അത് കടലമണിയാണ്. *
മധുരമീനാക്ഷി പറഞ്ഞു.
*ഇന്നലെ സന്ധ്യക്ക് കാവേരിഅമ്മക്ക് കൊറിക്കാൻ ആരോ കൊടുത്തതിൽ ബാക്കി വന്നത് അവർ പുടവത്തലപ്പിൽ കെട്ടിവെച്ചതാണ്.*
*ആരാണത് കൊടുത്തത്…?*
നാട്ടുകാരിപ്പക്ഷിക്ക് ഇനി ആ ആളെ കണ്ടുപിടിക്കാതെ സമാധാനമില്ല
മധുരമീനാക്ഷി വഴി പറഞ്ഞു.
*ആ കടലമണികളിൽ ചിലത് കിട്ടിയിരുന്നെങ്കിൽ കണ്ടുപിടിക്കാമായിരുന്നു.*
*ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ…?*
*ശ്രമിക്ക്.*

നാട്ടുകാരിപ്പക്ഷി സൗഹൃദത്തോടെ കാവേരി അമ്മയെ സ്വൽപ്പം വിസ്താരത്തിൽ വട്ടം ചുറ്റി പറന്നു. പിന്നെ സുരക്ഷിതമായ ദൂരത്തിറങ്ങി വിശക്കും പോലെ ശബ്ദിച്ചു. വീണ്ടും കൊത്താൻ വന്നതാണെന്ന ധാരണയിൽ ശാരദാമ്മ അതിനെ ഓടിക്കാൻ കൈ ഉയർത്തിയതും കാവേരിഅമ്മ അവരെ തടഞ്ഞു.
*എന്തിനാ ഓടിക്കണെ. അവളവിടെ ഇരിക്കട്ടെ ശാരദാമ്മേ..*
കാവേരിഅമ്മ നാട്ടുകാരിപ്പക്ഷിയെ കൗതുകത്തോടെ നോക്കി. ചരിച്ചു പിടിച്ചു എത്തിനോക്കും വിധം കണ്ണെറിയുന്ന നാട്ടുകാരിപ്പക്ഷിയുടെ നോട്ടം കയ്യിലെ കടലമണിയിലേക്കാണെന്ന് തിരിച്ചറിഞ്ഞതും കാവേരിഅമ്മ ചിരിച്ചു.
*വെറുതെയല്ല പെണ്ണിന്റെ സ്‌നേഹം. ഇവൾക്ക് കടലവേണം!..*

അമ്പട കള്ളീ എന്ന് ശാരദാമ്മ പറയുന്നതിന്നു മുൻപെ കാവേരിഅമ്മ ഏതാനും കടലമണികൾ കണ്ണീർതുള്ളിപോലെ നാട്ടുകാരിപ്പക്ഷിയുടെ കാൽക്കൽ വിതറി. അവ പെട്ടെന്ന് കൊത്തിയെടു ക്കാതെ നാട്ടുകാരിപ്പക്ഷി കാവേരിഅമ്മയെ സ്‌നേഹത്തോടെ നോക്കി. പക്ഷി പുഞ്ചിരിക്കു ന്നതുപോലെ കാവേരിഅമ്മക്കു തോന്നി. പിന്നെ ഭവ്യതയോടെ തല താഴ്ത്തി മണികളിൽ നല്ലത് നോക്കി ഉടയാതെ കൊത്തിയെടുത്ത് കൊക്കി നുള്ളിൽ വെക്കുന്നത് ശാരദാമ്മ ശ്രദ്ധിച്ചു.
*അവള് തിന്നണില്ല കേട്ടോ… കുട്ടികൾക്ക് കൊടുക്കാനാവും..*
*എന്നാ പൊട്ടിച്ചു കൊടുക്കായിരുന്നു. ചെറിയ കുട്ടികളാവും. അവർക്ക് ഓരോ മണിയും ഒന്നായി വിഴുങ്ങാൻ സാധിക്ക്യോ എന്തോ..*

കാവേരിഅമ്മയുടെ ശബ്ദത്തിൽ പരിഭ്രമം പടർന്നു. സാരമില്ലെന്ന് നാട്ടുകാരിപ്പക്ഷി മനസ്സിൽ പറഞ്ഞത് രണ്ടമ്മമാരും കേട്ടില്ല. കൊക്കിൽ കൊള്ളിക്കാവുന്നിടത്തോളം പെറുക്കി നാട്ടുകാരിപ്പക്ഷി മുകളിലേക്ക് പറക്കുന്നത് കാവേരിഅമ്മ ആനന്ദത്തോടെ കണ്ടു.
*അവള് പൊട്ടിച്ചു കൊടുക്കായിരിക്കും. അല്ലേ ശാരദാമ്മേ..? നല്ല മൂർച്ചയുള്ള ചുണ്ടല്ലേ അവളുടേത്.*
പക്ഷി പറന്നുപോയിട്ടും നിലത്ത് ശേഷിച്ച മണികൾ കാവേരിഅമ്മ പെറുക്കി കയ്യിൽ ഉള്ള മറ്റു കടലമണികളുടെകൂടെ ഇട്ട് മടിക്കുത്തിൽ തന്നെ കെട്ടിയിട്ടു.
*ഇനി ഇത് ഞാൻ കഴിക്കണില്ല. പക്ഷികൾക്ക് തന്നെ പൊട്ടിച്ചു കൊടുക്കാം. മക്കളുടെ മക്കൾക്ക് ഇത്തിരി വെണ്ണ വായിൽ വെച്ചു കൊടുക്കാൻ കുറെ കാലായി മോഹിക്കുന്നു. അത് ഇപ്പഴാ സാധിച്ചേ. വെണ്ണക്ക് പകരം കടലമണി. കുട്ടികള് ഇനിയും വരും.*
കാവേരിഅമ്മയുടെ ശബ്ദത്തിലെ നനവ് ശാരദാമ്മയുടെ കണ്ണിൽ അമൃതായി നിറഞ്ഞു. അടുത്ത മഴക്ക് പെയ്തിറക്കാനുള്ള സംഭരണിയിൽ സൂക്ഷിക്കാനായി ദേഹം ചുറ്റിപ്പറന്ന ചുടുകാറ്റ് അതത്രയും അപ്പോൾ തന്നെ ഒപ്പിയെടുത്ത് ആകാശത്ത് അപ്രത്യക്ഷനായി.

***
മരക്കൊമ്പിലേക്ക് നാട്ടുകാരിപ്പക്ഷി പറന്നെത്തുന്നതിന്നു മുൻപു തന്നെ കടലമണികൾ വെക്കാൻ മധുരമീനാക്ഷി വൃത്തിയും വിസ്താരവു മുള്ള ഒരിടം കണ്ടെത്തിയിരുന്നു. വളർന്നു മുറ്റി പരസ്പ്പരം ശിഖരങ്ങൾ പിണഞ്ഞുപോയ രണ്ടു വൃക്ഷങ്ങളുടെ ഒന്നുചേർന്ന കവരത്തിലെ പൊടികളത്രയും മധുരമീനാക്ഷി ചിറകുവീശി പറത്തി. കാഴ്ച്ചക്കാരായി വന്ന ഉറുമ്പുകളോട് സ്വൽപ്പം വഴിമാറി നടക്കാൻ ശബ്ദിച്ചു. ഇവിടെ ഒരു മംഗളം നടക്കാൻ പോവുകയാണ്. ഒരമ്മയുടെ കഴിഞ്ഞകാല പുഞ്ചിരികളിലെ മൂടിവെച്ച പ്രകാശം ഗുരുവിന്റെ അനുഗ്രഹത്തോടെ തുറക്കാൻ ഒരുങ്ങുകയാണ്. സഹായിച്ചാലും….

ഉറുമ്പുകൾ പ്രാർത്ഥനയോടെ അവിടം നമിച്ചു. നാട്ടുകാരിപ്പക്ഷി കടലമണികൾ മധുര
മീനാക്ഷിക്കു മുന്നിൽ ശ്രദ്ധാപൂർവ്വം വെച്ചു. ഒന്നുപോലും ഉടഞ്ഞിട്ടില്ല. ആകെ എഴെണ്ണം. മൂന്നെണ്ണത്തിന്റെ തോല് പൂർണ്ണമായും മണികളോട് ചേർന്നു നിൽക്കുന്നു. ഒരെണ്ണത്തിന് പുറംതോല് പാതിയെ ഉള്ളു. നിലത്ത് വെച്ചതും ഇളകിനിന്ന തോല് ഉടയാതെ ഉരിഞ്ഞു വീണു. ശേഷം മൂന്നും തൊലെല്ലാം പോയി പൂർണ്ണമായും വെള്ള.
ഉരിഞ്ഞു വീണ തോല് മധുരമീനാക്ഷി കൊത്തിയെടുത്ത് സൂര്യവെളിച്ചത്തിനു നേരെ ഉയർത്തി. മനസ്സ് ഏകാഗ്രമാക്കി കാറ്റിന്റെ സഞ്ചാരപഥത്തിലേക്ക് അതിനെ സാവകാശം തള്ളിവിട്ടു. അത് സഞ്ചരിക്കുന്നത് താഴെ കാവേരിഅമ്മയുടെ ചൈതന്യമണ്ഡലത്തിലേക്ക് തന്നെയാണ്. മിഴികൾ നിശ്ചലമാക്കി ആ സഞ്ചാരം പിൻതുടരവേ സ്പർശ ഫലം മനസ്സിൽ വ്യക്തമായതും മധുരമീനാക്ഷി ഉരുവിട്ടു.
*ആ അമ്മയുടെ മനസ്സിൽ എന്തൊരു തീയ്യാണ് എന്റീശ്വരാ..*

മനസ്സ് വെന്തു നിന്ന നാട്ടുകാരിപ്പക്ഷി ഒന്നും പറഞ്ഞില്ല. മുന്നിൽ നിശ്ചലം കിടക്കുന്ന
കടലമണികളിൽ ഓരോന്നിലും മധുരമീനാക്ഷി കൊക്ക് മുട്ടിച്ചു. ഒന്നോടൊന്ന് ചേർത്തുവെച്ചും, കോണോടുകോൺ നീക്കിവെച്ചും, പലവിധ രൂപങ്ങളുണ്ടാക്കി മനസ്സിൽ തെളിയുന്ന സത്യം
സാവകാശം പറയാൻ തുടങ്ങി.
*ആ അമ്മക്ക് ഈ കടലമണികൾ കൊടുത്തത് ഒരു മകനാണ്. എന്നാൽ ആ മകൻ ഈ അമ്മ പ്രസവിച്ച മകനല്ല. മറ്റാരുടെയോ മകൻ. ഈ കടലമണികൾ ആ അമ്മ സ്പർശിച്ചിട്ട് ഇന്നേക്ക് രണ്ട് സൂര്യോദയം കഴിഞ്ഞു.*

നാട്ടുകാരിപ്പക്ഷി സംശയം ചോദിച്ചു.
*ആ രണ്ട് സൂര്യോദയങ്ങൾക്കും മുൻപ് ആ അമ്മക്ക് സ്വന്തം മകനിൽ നിന്നും കടലമണികൾ ഒന്നും കിട്ടിയിരുന്നില്ലേ..?*
*ഉപേക്ഷിച്ചു കഴിഞ്ഞ അഛനമ്മമാർക്ക് മക്കളാരും പിന്നീട് ഭക്ഷണം നൽകാറില്ല.*
*പിന്നെ ഇതേത് മകൻ..?*
*സമസ്ത ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെങ്കിലും ചിലരിൽ മാത്രമേ ആ ചൈതന്യം
പ്രകാശിച്ചു നിൽക്കാറുള്ളു. അങ്ങിനെ പ്രകാശിച്ചു നിൽക്കുന്ന ഒരു മകൻ.*
*ശരിയാണ്. നമ്മൾ പക്ഷികൾക്കും അത്തരം മക്കളെ ചിലപ്പോൾ കിട്ടാറുണ്ട്.*
മധുരമീനാക്ഷി സ്വന്തം മനസ്സു തുറന്നു.
*എന്റെ മക്കളിൽ രണ്ടുപേർ എനിക്കു പിറന്നതല്ല. നായാട്ടുകാരായ മനുഷ്യർ വെടിവെച്ചുകൊന്ന് അമ്മമാരെ ഭക്ഷിച്ചപ്പോൾ അനാഥരായി എന്നോടൊപ്പം വന്നു ചേർന്നതാണ്.*

മരിച്ചുപോയ ആ അമ്മമാരെക്കുറിച്ച് നാട്ടുകാരിപ്പക്ഷി വേദനയോടെ ചിന്തിച്ചു.
*കൊല്ലുന്നതോ ഉപേക്ഷിക്കുന്നതോ പാപം..?*
*രണ്ടും ഒരുപോലെ പാപമാണ്. ഒന്ന് മറ്റൊന്നിനേക്കാൾ ക്രൂരമാണെന്നു മാത്രം.*
*അപ്പോൾ നമ്മൾ കീടങ്ങളെ തിന്നുന്നതോ..?*
*രോഗത്തിൽ നിന്നും രക്ഷനേടാത്തതും മരിക്കാൻ ആഗ്രഹിക്കുന്നതുമായ കീടങ്ങളെ മാത്രമേ ഭക്ഷിക്കാവൂ എന്ന് കാക്കാല ശാസ്ത്രം പറയുന്നു. എന്നാലും നമുക്കെന്നല്ല ആർക്കും പാപത്തിൽ നിന്നും രക്ഷയില്ല. എല്ലാ പാപദോഷങ്ങൾക്കും പരിഹാരം ഉണ്ടുതാനും. നീ ഈ അമ്മയെക്കുറിച്ചു ചിന്തിക്കുന്നതുപോലും അത്തരത്തിലുള്ള ഒരു പാപപരിഹാരമാണ്. അതിന്റെ ഫലം നിനക്ക് കിട്ടും. എങ്കിലും തുടർന്നും നീയും ഞാനും എല്ലാം പാപം ചെയ്തുകൊണ്ടേയിരിക്കും.*
നാട്ടുകാരിപ്പക്ഷിക്ക് എന്നിട്ടും സംശയം തീരുന്നില്ല.
*എന്തുകൊണ്ടാണ് സ്വന്തം മകൻ ഉപേക്ഷിക്കുന്നതും മറ്റൊരു മകൻ ആ അമ്മക്ക്
കടലമണികൾ കൊടുക്കുന്നതും…?*
*ഒരു സന്തതി അചനമ്മമാരെ തിരിച്ചറിയുന്നില്ല. മറ്റൊരു സന്തതിക്ക് തിരിച്ചറിയാൻ അവർ സ്വന്തം അഛനമ്മമാർ തന്നെ ആകണമെന്നുമില്ല.*
നാട്ടുകാരിപ്പക്ഷി തെല്ലിട മൗനിയായി കടലമണികളും നോക്കി ഇരുന്നു.
*ആ അമ്മ സ്പർശിച്ച ശേഷം ഈ കടലമണികൾ മറ്റാരും സ്പർശിച്ചിട്ടില്ലേ..?*
*അതാണ് വിചിത്രം. അമ്മ സ്പർശിച്ച ശേഷം ഇതുവരെ മറ്റാരും സ്പർശിച്ചിട്ടില്ല. പക്ഷെ ഈ കടലമണികൾ മറ്റാർക്കോ നൽകാനായി ആ അമ്മയുടെ മനസ്സ് നീ ഇത് കൊത്തിയെടുക്കുന്നതിന്നു മുൻപെ തുടിച്ചിട്ടുണ്ട്..*
നാട്ടുകാരിപ്പക്ഷി അമ്പരന്നു.
*അതാര്..?*
*അതെന്തായാലും നീയോ ഞാനോ ഈ മരക്കൂട്ടത്തിലുള്ള മറ്റേതെങ്കിലും പക്ഷിയോ ഒന്നുമല്ല. ആ അമ്മക്ക് പ്രിയപ്പെട്ട മറ്റാരോ ആണ്….*

നാട്ടുകാരിപ്പക്ഷിക്ക് എന്തെന്നില്ലാത്ത പ്രതീക്ഷ തോന്നി. ഉപേക്ഷിക്കപ്പെട്ട് കഴിയുമ്പോഴും അമ്മയുടെ മനസ്സ് ആരുടെയോ സാന്നിദ്ധ്യത്തിനായി തുടിക്കു ന്നുണ്ട്. ആരാവും അത്.
*ഈ കടലമണികൾ നൽകിയ മകൻ ആ അമ്മയെ കാണുന്നത് സൂര്യാസ്തമയത്തിനു മുൻപാണെന്ന് ഏഴാമത്തെ കടലമണി സൂചിപ്പിക്കുന്നു.*
*എവിടെവെച്ചാണ് കാണുന്നത്…?*
അഞ്ചും ഏഴും കടലമണികൾ ഒന്നിച്ചു ചേർത്ത് ഉരുട്ടി മധുരമീനാക്ഷി അവസാന ഫലവും പറഞ്ഞു.
*അമ്മ തേടിപ്പോവുകയല്ല. ആ മകൻ അമ്മയെ തേടിവരുകയാണ്..*
*പക്ഷെ അങ്ങിനൊരാളെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല. നമ്മളെന്തേ ആ മകനെ കാണാഞ്ഞൂ..?!*
*ആ മകനെ ശ്രദ്ധിച്ചിട്ടില്ല എന്നു പറയൂ. ശ്രദ്ധിച്ചാൽ ഏത് മകനെയും കാണും.*
നാട്ടുകാരിപ്പക്ഷി തെറ്റ് സമ്മതിച്ചു.
*നേരാണ്. ശ്രദ്ധിച്ചിട്ടില്ല. അതാണ് സത്യം..*

ഫലം പറയാൻ പെറുക്കിയെടുത്ത കടലമണികൾ ഇനി എന്തു ചെയ്യും എന്നായി നാട്ടുകാരിപ്പക്ഷി.
*ഈ കടലമണികൾ ഉറുമ്പുകൾക്ക് അന്നപ്രാശമായി നൽകാം. ഇത് നമ്മളോ മറ്റു
പക്ഷികളോ കഴിക്കരുത്. അവ കീടങ്ങളുടെ വിശപ്പു മാറ്റട്ടെ.*
കാലത്തിലേക്ക് മനസ്സു നീട്ടി കണ്ണടച്ച് മധുരമീനാക്ഷി തുടർന്നു.
*വീട്ടുമുറ്റത്ത് അരിപ്പൊടികോലം വരച്ച് ആ കാവേരിഅമ്മ എത്രയോ കീടങ്ങളുടെ വിശപ്പ് മാറ്റിയിരിക്കുന്നു. വീട്ടുമുറ്റത്ത് കോലം വരക്കുന്നത് ഭംഗിക്കു വേണ്ടിയല്ല. അതൊരു ഹവിസ്സാണ്.
കീടങ്ങളുടെ വിശപ്പെന്ന അഗ്നിയിലേക്ക് മനുഷ്യൻ അർച്ചിക്കുന്ന ഹവിസ്സ്. പഴയ കാവേരി അമ്മമാർ അർച്ചിച്ചതെല്ലാം ശുദ്ധ അരിപ്പൊടിയായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. അവരുടെ മക്കൾ അരിപ്പൊടിക്കു പകരം ഭക്ഷിക്കാൻ കഴിയാത്ത കൃത്രിമ പൊടികൊണ്ടാണ് കോലം വരക്കുന്നത്.
അതെങ്ങാനും ഭക്ഷിച്ചാൽ കീടങ്ങൾ ചത്തു വീഴും. അന്നപ്രാശ സങ്കൽപ്പത്തിലൂടെ പല മനുഷ്യരും ഇപ്പോൾ കൊയ്യുന്നത് മഹാപാപമാണ്.*
അടുത്തെങ്ങോ സംഭവിച്ച ഒരു ദുരന്തം നാട്ടുകാരിപ്പക്ഷി ഓർത്തു.
*കുറച്ചു മുൻപ് തീരെ മഴപെയ്യാത്ത കാലം. വിശന്ന് തളർന്ന് കുട്ടികൾ കൂട്ടിൽ കിടക്കുന്നു. ഒരു പഴംപോലും എവിടെയും കൊത്തിയെടുക്കാൻ ഇല്ല. അപ്പോഴാണ് ഒരു വീട്ടുമുറ്റത്ത് ഒരു സ്ത്രീ അരിപ്പൊടികൊണ്ട് ഭംഗിയുള്ള ചിത്രം വരക്കുന്നത് കണ്ടത്. വരച്ചു കഴിഞ്ഞ് അവർ മാറിയതും ആ ചിത്രത്തിൽ നിന്നും ഒരു കൊക്ക് നിറയെ അരിപ്പൊടി കൊത്തിയെടുത്ത് കൂട്ടിൽ കിടക്കുന്ന കുട്ടികളുടെ വായിൽ വെച്ചുകൊടുത്തു. അത് വിഴുങ്ങിയതും കുട്ടികൾ പിടക്കാൻ തുടങ്ങി. എന്റെ ദൈവമേ എങ്ങിനെയാണ് ചുറ്റുപാടും പറന്ന് ഇത്തിരീശ്ശെ വെള്ളം ഞാനെന്റെ കുഞ്ഞുങ്ങളുടെ കൊക്കിൽ
ഉറ്റിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല..*
*പഴയ കാലത്തെ കാവേരിഅമ്മമാരുടെ വീട്ടുമുറ്റത്ത് നിന്നായിരുന്നു നീ അത് കൊത്തിയെടുത്തതെങ്കിൽ കുട്ടികൾ നല്ലപോലെ തടിച്ചു കൊഴുത്ത് വളർന്നേനെ. മാത്രമല്ല അവർ അത് തന്നെ വീണ്ടും ആവശ്യപ്പെട്ടേനെ. അരിപ്പൊടി യാണെന്ന് വിശ്വസിച്ച് നീ കൊത്തിയെടുത്തത് ഞാൻ പറഞ്ഞ കൃത്രിമപ്പൊടിയാണ്. അത് തിന്നാൽ നീയും ഞാനും എല്ലാം ചത്തുപോകും.*

തെല്ലിട നിശ്ശബ്ദയായ നാട്ടുകാരിപ്പക്ഷിയുടെ ഭീതി അകറ്റാനായി മധുരമീനാക്ഷി വീണ്ടും കടലമണി കളിലേക്ക് നോക്കി.
*ഞാനൊരു സുഖമുള്ള കാര്യം പറയട്ടെ..?*
*എന്താ അത്..?*
നാട്ടുകാരിപ്പക്ഷിയിൽ ആകാക്ഷ വിങ്ങി.
*കാവേരിഅമ്മ വരച്ചിരുന്ന പഴയ അരിപ്പൊടി കോലങ്ങൾക്കരികിൽ അന്ന് മൂന്നു കുഞ്ഞുങ്ങൾ നിന്നിരുന്നത് ഞാനിപ്പോൾ പെട്ടെന്ന് കണ്ടു. അതിലൊന്ന് പെൺകുഞ്ഞാണ്. എന്താ… അവളുടെ ഭംഗി..*
*ദൈവമേ.. അപ്പോ ആ അമ്മക്ക് മൂന്നു കുഞ്ഞുങ്ങൾ ഉണ്ടോ..?*
*ഉണ്ട്..*
*അവരെല്ലാം ഇപ്പോൾ വളർന്നു വലുതായി കാണില്ലേ. അഛനമ്മമാരെ തിരിച്ചറിയാവുന്ന പ്രായം തികഞ്ഞു കാണില്ലേ. എന്നിട്ടും ആ മക്കളെയൊന്നും എന്താ താഴെ കാണാത്തേ..?*
*കാണില്ല. താഴെ ഉള്ളവരെല്ലാം മക്കൾക്കോ അല്ലെങ്കിൽ അതുപോലുള്ളവർക്കോ തിരിച്ചറിയാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ട അഛനമ്മമാരല്ലേ..*
നാട്ടുകാരിപ്പക്ഷിയുടെ കണ്ണ് നിറഞ്ഞു.
*അപ്പോൾ ആ കുട്ടികളുടെ അഛനോ..?*
*അദ്ദേഹത്തെയും ഉപേക്ഷിച്ചിരിക്കാം.*
*ഈ സമയം അദ്ദേഹം താഴെ ഉണ്ടായിരുന്നെങ്കിൽ ആ അമ്മക്കും അവരുടെ കുട്ടികളുടെ അഛനും പരസ്പരം ഒരാശ്വാസമാകുമായിരുന്നു. അല്ലേ..?*

മധുരമീനാക്ഷി പുഞ്ചിരിച്ചു.
*നീ ഇപ്പോൾ പറഞ്ഞ പരസ്പരം എന്ന ചിന്ത ഭൂരിഭാഗം മനുഷ്യരിലും പണ്ടുമുതലേ ഇല്ല. അപൂർവ്വം ചിലരിൽ മാത്രമേ അത്തരം പ്രകാശം ഉള്ളു. അവർ രാവും പകലും അത് തന്നെ മനനം ചെയ്തുകൊണ്ടി രിക്കും. അതുകൊണ്ടുമാത്രമാണ് ഇത്രയെങ്കിലും മനുഷ്യർ ഇപ്പോൾ ഈ ഭൂമിയിൽ അവശേഷിക്കു ന്നതും.*
സർവ്വമനുഷ്യർക്കും മോക്ഷം കിട്ടിയിരുന്നെ ങ്കിൽ അവരുടെ ഇത്തരം ദുഃഖങ്ങൾ ഇല്ലാതാകുമല്ലൊ എന്നൊരു ചിന്തയിൽ നാട്ടുകാരിപ്പക്ഷി കാര്യമായി ത്തന്നെ മധുരമീനാക്ഷിയോട് ചോദിച്ചു.
*മനുഷ്യർ ഇല്ലാത്ത ഒരു ലോകത്തിൽ നമ്മൾ പക്ഷിമൃഗാദികൾക്ക് സന്തോഷത്തോടെ കഴിയാൻ സാധിക്കുമോ..?*
*ഒരിക്കലുമില്ല. മനുഷ്യൻ ഇല്ലെങ്കിൽ ജീവജാലങ്ങളിൽ ഒന്നിനുപോലും പൂർണ്ണത യിലേക്കുള്ള പ്രയാണം ഉണ്ടാവില്ല. അതെ സമയം മനുഷ്യനെന്നല്ല ഒരു ജീവജാലവും ഈ പ്രപഞ്ചത്തിൽ
പൂർണ്ണതയിൽ എത്തുന്നുമില്ല.*

പൂർണ്ണമായും ഗ്രഹിക്കാൻ കഴിയാത്ത ഒരു നുള്ളു പ്രകാശം മനസ്സിൽ വീണുകിട്ടിയ വാത്സല്ല്യത്തോടെ നാട്ടുകാരിപ്പക്ഷിയും അത് ശരിവെച്ചു.
*ശരിയാണ് മധുരമീനാക്ഷീ നീ പറയുന്നത്. ഈ മനുഷ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജീവികളും പാവങ്ങളാണ്. അർത്ഥമോ ലക്ഷ്യമോ ഇല്ലാതെ കാണിച്ചു കൂട്ടുന്ന ബഹളങ്ങളും അഹങ്കാരവും മാത്രമേ മനുഷ്യർക്കുള്ളു. പ്രകൃതി ഒന്ന് ഇളകി നിന്നാൽ സ്തംഭിച്ചു നിൽക്കുന്ന വെറും കീടങ്ങളാണ് അവ. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികൾക്കും പ്രകൃതിയുമായി ഒരു ഇണക്കമുണ്ട്. ബന്ധനത്തി ലല്ലാത്ത ഒരു മൃഗംപോലും പ്രകൃതി അഴിഞ്ഞാടു മ്പോൾ ഭയപ്പെടുന്നില്ലെന്ന് ഈ പാവങ്ങൾ
അറിയുന്നില്ല. അതുകൊണ്ടുതന്നെ നമുക്കവരോട് ക്ഷമിക്കാം അല്ലേ..?*
*ക്ഷമിക്കാം.*

മധുരമീനാക്ഷിക്ക് നാട്ടുകാരിപ്പക്ഷിയോട് ബഹുമാനം തോന്നി. ഇവളുടെ മനസ്സിന് ഇവളുടെ ചിറകുകളേക്കാൾ ഉയരത്തിൽ പറക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്.നാട്ടുകാരിപ്പക്ഷി
പ്രതീക്ഷയോടെ ചോദിച്ചു.
*കാവേരി അമ്മയുടെ കുട്ടികളുടെ അഛൻ താഴെ അവർക്കൊപ്പം ഉണ്ടാകുമോ..*
*ഇല്ല. അദ്ദേഹത്തിന്റെ സ്പർശമോ ഗന്ധമോ താഴെ ഒരു മണൽത്തരിപോലും വഹിക്കുന്നില്ല.*
*അപ്പോൾ കാവേരി അമ്മ തനിച്ചാണ്..*
*കാവേരിഅമ്മ എന്നല്ല താഴെ ഉള്ള സർവ്വരും തനിച്ചാണ്.*
ഒറ്റപ്പെട്ട നിസ്സഹായതയോടെ നാട്ടുകാരിപ്പക്ഷി ചോദിച്ചു.
*ഇനി നമ്മൾ എന്തു ചെയ്യും…?*
*നീ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നുവോ, അത് ചെയ്യുക.*
മധുരമീനാക്ഷിയുടെ വർത്തമാനം കേൾക്കേ നാട്ടുകാരിപ്പക്ഷിക്ക് സന്തോഷം തോന്നി. ഈ
മധുരമീനാക്ഷി ദിവ്യയാണ്. ഒരു ദിവ്യമനസ്സിന്റെ പിൻബലം ഉണ്ടെങ്കിൽ ഏത് ജീവജാലത്തിനും പല നന്മകളും ചെയ്യാൻ കഴിയും. ഇവൾക്കിവിടം സന്ദർശിക്കാൻ തോന്നിയത് ആരോ ചെയ്ത സുകൃതം. ഇവൾ പറന്നകന്നാൽ ഇനി ഒന്നും സാധിച്ചെന്നു വരില്ല. എത്രയും വേഗം കാവേരിഅമ്മ ഒന്നു
പുഞ്ചിരിച്ചു കാണണം. സമസ്ത ദുഃഖങ്ങളാൽ ഉരുകി ഉണങ്ങിയ ആ കൃഷ്ണമണി ഒന്നു പ്രകാശിച്ചു കാണണം.
ഇരു ചിറകും വെൺചാമരംപോലെ വിടർത്തി എഴുന്നേറ്റ് കഴുത്ത് വളച്ച് ചുണ്ട് നിലത്ത് മുട്ടിച്ച് നാട്ടുകാരിപ്പക്ഷി മധുരമീനാക്ഷിയെ വണങ്ങി.
*ഈ സമയം മുതൽ താഴെ ഉള്ള അഛനമ്മാരെ ഈ മരക്കൂട്ടത്തിലെ പക്ഷികൾ എന്നിലൂടെ ദത്തെടുത്തിരിക്കുന്നു. എത്രയും വേഗം അവരിലേക്ക് ഇല്ലാതായ പ്രസരിപ്പ് തിരിച്ചുകൊണ്ടുവരണം. ആദ്യം നമുക്കാ മകനെ കണ്ടുപിടിക്കണം.*
മധുരമീനാക്ഷി നാട്ടുകാരിപ്പക്ഷിയെ ആശീർവദിച്ചുകൊണ്ട് ചോദിച്ചു..
*ഏത് മകനെ..?*
*ഈ കടലമണികൾ കാവേരിഅമ്മക്ക് നൽകിയ മകനെ. കാവേരിഅമ്മയുടെ കടലമണി മകനെ..*

***
കാക്കാലനിൽ നിന്നും ഹൃദിസ്ഥമാക്കിയ പ്രശ്‌നവിചാരം കഴിഞ്ഞതും ഓജസ്സ് നിലനിൽക്കുന്ന കടലമണികളത്രയും നാട്ടുകാരിപ്പക്ഷിയും മധുരമീനാക്ഷിയും വഴിമാറി സഞ്ചരിക്കുന്ന ഉറുമ്പുകൾക്ക് ആദരപൂർവ്വം അന്നപ്രാശമായി നൽകി. നാട്ടുകാരിപ്പക്ഷി ഉറുമ്പുകളോട് പറഞ്ഞു.
*ഓരോ കടലമണി കരണ്ടു തിന്നുമ്പോഴും ഉപേക്ഷിക്കപ്പെട്ടു കഴിയുന്ന അഛനമ്മമാരുടെ
മനസ്സിലെ എല്ലാ വേദനകളും കരളുക. ഈ കടലമണികളോടൊപ്പം അവയും ഇല്ലാതാവട്ടെ.*

സമ്മതം മൂളുന്ന ഉറുമ്പുകളുടെ സംഘം വിനാഴിക കഴിയുന്തോറും വളർന്നു വലുതാകവേ പക്ഷികൾ രണ്ടും ഇരിപ്പിടം അഛനമ്മമാരെ കാണാവുന്ന താഴയുള്ള കൊമ്പിലേക്ക് മാറ്റി. അവിടിരുന്നാൽ കാവേരിഅമ്മയുടെ മുറി വളരെ വ്യക്തം. മധുരമീനാക്ഷി മുറിയിൽ നാല് കട്ടിലുകൾ എണ്ണി. അതിൽ ഒന്നിൽ ശാരദാമ്മ ചരിഞ്ഞു കിടക്കുന്നു. നാട്ടുകാരിപ്പക്ഷി സംശയം പറഞ്ഞു.
*ഇത്രയും നേരം ഉത്സാഹത്തോടെ ശാരദാമ്മയെ താഴെ കണ്ടതാണല്ലൊ. ഇത്ര പെട്ടെന്ന് വയ്യാതായോ. ഒരുപക്ഷെ തല കറക്കം വന്നുകാണും. ഈ സമയത്താണ് മക്കൾ അടുത്ത് വേണ്ടത്.*
മധുരമീനാക്ഷി അത് തിരുത്തി.
*സ്വന്തം മക്കൾ തന്നെ വേണമെന്ന് കാണുന്നവർക്കേ തോന്നൂ. തളരും നേരം താങ്ങുന്ന ഏത് കൈകളും അഛനമ്മമാർക്ക് മക്കൾക്ക് തുല്ല്യമാണ്. അതാരായാലും മതി.*
*തളരുന്ന സമയത്ത് മനുഷ്യർക്കും നമ്മെപോലെ എല്ലാവരും അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നുമോ..*
മധുരമീനാക്ഷി ആ സംശയവും തിരുത്തി.
*ജീവനുള്ള എന്തിനും അതിന്റെ പ്രാണൻ വിലപ്പെട്ടതാണ്. പ്രാണന് ഏറ്റവും പ്രിയപ്പെട്ടത്
മനസ്സും. ആ മനസ്സിന് ഏറ്റവും പ്രിയപ്പെട്ടതാകട്ടെ അതിൽ തട്ടി പ്രതിഫലിച്ചുപോയ മുഖങ്ങളും അവ നൽകിയ ഉജ്ജ്വല വികാരങ്ങളും. ആദ്യം അടയിരുന്ന് വിരിയാതെ പോയ മുട്ട മുതൽ ഇന്ന് ഭക്ഷണം കൊത്തിക്കൊടുത്ത കുഞ്ഞുവരെ നിന്റെ മനസ്സിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നില്ലേ..*
*ഇല്ലെന്നോ.. ഈശ്വരാ എങ്ങിനാ ഞാനത് മറക്കുക..*

അത് പറയവേ നാട്ടുകാരിപ്പക്ഷിയുടെ കണ്ണിൽ പൊടിഞ്ഞ ഒരു തുള്ളി നനവ് മധുരമീനാക്ഷിയുടെ നെഞ്ചിൽ വീണു കീറി.
*സാരമില്ല. ആദ്യം വിരിയാതെപോയ മുട്ടയോർത്തുള്ള വിഷമം നീ കളയുക. ആ കുഞ്ഞ്
വിരിഞ്ഞിരുന്നെങ്കിൽ അതിന് പറക്കാൻ കഴിയുമായിരുന്നില്ലെന്ന് നീ അറിയുക..*
എന്നോ ഇല്ലാതായ കുഞ്ഞിന്റെ ജീവതഗതി മനസ്സിൽ കണ്ട് മധുരമീനാക്ഷി പറഞ്ഞ
വാക്കുകൾ നാട്ടുകാരിപ്പക്ഷിയെ ആശ്വസിപ്പിച്ചു.
*ദൈവമേ.. എങ്കിൽ അത് വളരെ നന്നായി..*
*കണ്ടോ വിരിഞ്ഞിട്ടില്ലെങ്കിലും ആ കുഞ്ഞിനെ നീ മനസ്സിൽ കാണുന്നു. ചിറകില്ലാതെ അത് പറക്കാൻ ശ്രമിക്കുന്നതോർത്ത് നീ വിങ്ങുന്നു. ആ അവസ്ഥയിൽ ജീവിക്കാൻ ഇടവന്നില്ലല്ലൊ എന്നോർത്ത് നീ ആശ്വസിക്കുന്നു.*
*വിരിയാതെ പോയ ആ കുഞ്ഞും എന്റെ മനസ്സിലുണ്ട്..*
*അതുകൊണ്ടാണ് നിന്നെ അമ്മയെന്നു പറയുന്നത്.*

നാട്ടുകാരിപ്പക്ഷി ചിറകനങ്ങാതെ തെല്ലിട നിശ്ചലം നിന്നു. ഈ സമസ്ത വികാരങ്ങളും
ദൈവതുല്ല്യം പുനർജനിക്കുന്നതുകൊണ്ടാണോ ഞാൻ അമ്മയാകുന്നത്. ഈ അനുഭവമാണ് അമ്മ എന്ന വികാരമെങ്കിൽ എനിക്കിതു മതി. ഞാൻ ഇങ്ങിനെ അമ്മ മാത്രം ആയാൽ മതി. എന്നാലും ഈ വിങ്ങൽ താഴെയുള്ള അമ്മമാരിലും ഉണ്ടാകില്ലേ. ജനിച്ചതും ജനിക്കാതിരുന്നതുമായ സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് അവരുടെ മനസ്സും വിങ്ങുന്നുണ്ടാവില്ലേ..
നാട്ടുകാരിപ്പക്ഷിക്ക് നെഞ്ചുലഞ്ഞു. ആ നെഞ്ചിലെ തിരകളത്രയും മനസ്സിൽ വീണതും കൊക്ക് മുട്ടിച്ച് മധുരമീനാക്ഷിയും അവളോട് ചേർന്നു നിന്നു.
*നീ ഭൂമിയാണ്. പിറക്കുന്നതും രൂപാന്തര പ്പെടുന്നതും ഉടയുന്നതും ഇല്ലാതാവുന്നതും എല്ലാം ഈശ്വര സ്പർശംപോലെ ശിരസ്സിൽ എറ്റുവാങ്ങുന്ന ഭൂമി. ഭൂമി തപിക്കില്ല. ഭൂമി എല്ലാം അറിയുന്നു. എല്ലാം നൽകുന്നു. ഒന്നും തിരിച്ചെടുക്കുന്നില്ല. ഒന്നും ആഗ്രഹിക്കുന്നില്ല. ഭൂമിക്ക് കണ്ണീരില്ല. കണ്ണ് മാത്രമേ ഉള്ളൂ.*
എന്നിട്ടും നാട്ടുകാരിപ്പക്ഷിക്ക് കണ്ണു നിറഞ്ഞു.
അത്രയും പറഞ്ഞിട്ടും മധുരമീനാക്ഷിക്കും ചുണ്ട് വിറച്ചു.

***
മുറിയിലേക്ക് വന്ന കാവേരിഅമ്മ മുറിയിലെ കട്ടിലിൽ അലക്കിയ തുവർത്ത് വിരിച്ചിട്ടു.
വയ്യാതായിട്ടും ശാരദാമ്മ അത് വന്നെടുത്തു.
*ഒരു തുടം വെള്ളം തോർത്തിലുണ്ട്. ഇതിവിടിട്ടാൽ ഉണങ്ങില്ലെന്റെ കാവേരി..*
*ഞാൻ അമർത്തി പിഴിഞ്ഞതാ. വിരലൊക്കെ വേദനിക്കുന്നു..*
ശാരദാമ്മ ആ വിരലുകൾ പിടിച്ചു. ഞരമ്പുകൾ നീലിച്ചിരിക്കുന്നു. വാടിയ പൂന്തണ്ടുപോലെ നീരുവറ്റിയിരിക്കുന്നു. നഖങ്ങൾ നേർമ്മയാർ ന്നിരിക്കുന്നു. കൈപ്പത്തിയിലെ കൈരേഖകൾ നീരുവറ്റിയ പുഴകൾപോലെ സമുദ്രത്തിൽ വിലയം പ്രാപിക്കാൻ കഴിയാതെ വരണ്ടിരിക്കുന്നു.
*ശാരദാമ്മ എന്താ എന്റെ കൈ നോക്കി ഫലം പറയാൻ പോവ്വാ..*
ശാരദാമ്മ ചിരിച്ചു.
*കാവേരിക്കിപ്പഴെന്താ അറിയണ്ടേ..?*
*മക്കൾടെ കാര്യേ അറിയേണ്ടൂ. വല്ലതും പറയാൻ സാധിക്ക്യോ ശാരദാമ്മക്ക്.*
*അവർക്ക് വിഷമൊന്നും കാണണില്ലെടോ. മൂന്ന് കുട്ട്യോളും തന്നെപ്പറ്റി ഇന്ന് കാലത്തും സംസാരിച്ചി ട്ടുണ്ട്. അങ്ങിനാ രേഖകള് പറേണേ..*

കാവേരിഅമ്മ ചിരിച്ചു. ആ ചിരിയുടെ പ്രകാശം കണ്ണിൽ വീണതും നാട്ടുകാരിപ്പക്ഷി മധുര മീനാക്ഷിയെ അതിശയത്തോടെ നോക്കി.
*കാവേരിഅമ്മക്ക് മക്കൾ മൂന്നാണെന്ന് ശാരദാമ്മയും ദാ പറയുന്നു..!!*
മധുരമീനാക്ഷി ശബ്ദം താഴ്ത്തി.
*പക്ഷെ മക്കൾ ഇന്നു കാലത്തും അമ്മയെക്കുറി ച്ചോർത്തു എന്നു ശാരദാമ്മ പറഞ്ഞത് കാവേരി അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമാണ്. ആ മക്കൾ അമ്മയെക്കുറിച്ചു ചിന്തിക്കാറേ ഇല്ല.*
നാട്ടുകാരിപ്പക്ഷിക്ക് ആ സത്യം താങ്ങാവുന്നതിൽ ഏറെയായിരുന്നു.
*അവരെക്കൊണ്ട് ഒന്നു ചിന്തിപ്പിക്കാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ മുത്തേ..?*
മധുരമീനാക്ഷി ധ്യാനത്തിലെന്നപോലെ ഉരുവിട്ടു.
*ചിന്തിക്കും പ്രിയേ. ഇപ്പോഴല്ല. ചിന്തിക്കുന്ന കാലം വരും. ചിന്ത മാത്രമല്ല. തപിച്ചു കരിയുന്ന മനസ്സ് തീക്കുണ്ഡമാകും. പ്രാണൻ പൊള്ളും. അമ്മേ അഛാ..ന്ന് പറഞ്ഞ് വിലപിക്കുമ്പോൾ ആരും കേൾക്കാനുണ്ടാവില്ല. അവർക്കുപോലും കേൾക്കാൻ കഴിയില്ല. അത്രക്കും ഉള്ളിൽ അമർന്നുള്ള
വിളിയായിരിക്കും അത്.*

മക്കളുടെ ചിന്തകളെക്കുറിച്ച് കൈരേഖ നോക്കി പറഞ്ഞതു കേട്ട് നിശ്ചലയായ കാവേരിഅമ്മയെ ശാരദാമ്മ കുലുക്കി.
*എന്റെ കാവേരീ.. നീ ഞാൻ പറഞ്ഞത് വിശ്വസിച്ചോ. എനിക്ക് കൈരേഖയൊന്നും നോക്കാൻ അറിഞ്ഞൂട. ഞാൻ വെറുതെ പറഞ്ഞതാ. നീ എന്താ ഓർക്കണേ…*
*മക്കളെ ഓർക്കായിരുന്നു. അവർക്ക് വേണ്ടാത്ത അമ്മയെക്കുറിച്ചോ അഛനെക്കുറിച്ചോ അവരൊന്നും ചിന്തിക്കേം പറയേം വേണ്ട. എന്നാലും ഇനിയുള്ള കാലം അവര് വേദനിക്കരുത്. എവിടായാലും സന്തോഷത്തോടെ കഴിയണം. എനിക്കവരെ കാണാൻ കിട്ടണില്ലാന്നല്ലേള്ളൂ. പക്ഷെ കാണാൻ പാടില്ലാന്ന് അവർക്ക് പറയാൻ കഴിയില്ലല്ലൊ. ഞാൻ കാണണ്ണ്ട്. കണ്ണ് തുറക്കുമ്പഴൊക്കെ കാണണ്ണ്ട്. ദാ ഇപ്പഴും അവരെല്ലാം എന്റെ മുന്നിലുണ്ട്. കൂട്ടത്തോടെ ചിരിച്ചും രസിച്ചും ഇണങ്ങീം പിണങ്ങീം.. ഓരോന്ന് പറഞ്ഞും.. കുട്ട്യാളെ തല്ലീം.. അവർക്ക് വേണ്ടാത്തത് തീറ്റിച്ചും ശാസിച്ചും.. എന്താ ചെയ്യാ ശാരദാമ്മേ.. ഞാൻ കാണണ്ണ്ട്. കണ്ണടച്ചാലും തുറന്നാലും അവരേ എന്റെ മുന്നിലുള്ളു…*
ശ്വാസം താരാട്ടാകവേ കണ്ണുകൾ തൊട്ടിലാക്കി കാവേരിഅമ്മ കണ്ണടച്ചു. കണ്ണിലെ പ്രഭയിലേക്ക് മക്കൾ വന്ന് നെഞ്ചിലെ സമുദ്രത്തിൽ നിന്നും ആവോളം വലിച്ചു കുടിച്ച് നിർഭയം തൊട്ടിലിൽ കിടന്നുറങ്ങി. തൊട്ടിൽ കയർ പിടിച്ചു മുറിഞ്ഞ കാവേരിഅമ്മയുടെ കൈരേഖകളിൽ ശാരദാമ്മ
തഴുകി.
*ചിന്തിച്ചതും വേദനിച്ചതും മതി. ആ വികൃതിപ്പക്ഷിക്ക് കടലമണി കൊറിക്കാൻ കൊടുത്തതാ അബദ്ധായത്. ബാക്കിയുള്ളതങ്ങട്ട് കഴിക്ക്യാ. അല്ലെങ്കിൽ ഇവിടുള്ളാർക്കെങ്കിലും കൊടുക്കാ. മക്കള് മക്കളുടെ പാട്ടിന് പോട്ടെ. നമുക്ക് സമയാവുമ്പോ നമ്മുടെ പാട്ടിനങ്ങ് മരിക്കാം.*
കാവേരിഅമ്മ കൈരേഖത്തുണ്ടുകൾ വീണ്ടും നീട്ടി.
*ഈ കടലമണി തന്ന കുഞ്ഞ് ഇന്ന് നമ്മളെ കാണാൻ വര്വോന്ന് ശാരദാമ്മക്ക് പറയാൻ
കഴിയോ..?*
*എനിക്ക് കൈരേഖ നോക്കാൻ അറിയില്ലെന്റെ കാവേരീ..*
*അറിയില്ലാന്ന് എനിക്കറിയാം. അല്ലെങ്കിൽ ആർക്കാ ഇതൊക്കെ അറിയുന്നത്. എന്റെ കൈരേഖ നോക്കി കല്ല്യാണത്തിനു മുൻപൊരു കാക്കാലത്തി പറഞ്ഞത് സൽസന്താനങ്ങൾ പിറന്ന് ഞാനൊരു രാജ്ഞിയെപോലെ ജീവിക്കുംന്നാ. *
*അതാ കാക്കാലത്തീടെ മനസ്സിലെ ആഗ്രഹാവും. ആ ആഗ്രഹം നമ്മുടെ മക്കള് ഇല്ലാതാക്ക്യേന് പാവം കാക്കാലത്തി എന്ത് പിഴച്ചു.*
കാവേരിഅമ്മ ചിരിച്ചുപോയി.
കേട്ടു നിന്ന പക്ഷികളും.

പക്ഷികളുടെ കുറുകൽ കേട്ടതും ശാരദാമ്മ ജനലിലൂടെ പുറത്തേക്ക് നോക്കി. നാട്ടുകാരിപ്പക്ഷി മാറിക്കളഞ്ഞു. പിന്നാലെ മധുരമീനാക്ഷിയും.
ശാരദാമ്മ നനഞ്ഞ തോർത്തുമുണ്ട് വീണ്ടും കയ്യിലെടുത്തു.
*ഇത് ഇതിനകത്തിടാതെ വെയിലത്തിട്ട് ഉണക്കിക്കൂടേ..*
*നിൽക്കാൻ വയ്യാണ്ടാ കുളിച്ചത്. തോർത്തി തീരണവരെ മുറ്റത്തിടണംന്നായിരുന്നു ചിന്ത. പിന്നെ വയ്യാണ്ടായി. തൽക്കാലം കട്ടിലിൽ കിടക്കട്ടേന്ന് വിചാരിച്ചു..*
*ആ വിചാരാ തെറ്റ്. ജോസഫേട്ടൻ പറയാറുള്ളത് മറന്നോ..? വയ്യാണ്ടായീന്നുള്ള വിചാരം വരുമ്പോ.. എന്നോടത് പറയാൻ നീയാരാടാ..ന്ന് മനസ്സിനോടങ്ങ് ചോദിക്ക്യ. അപ്പോ ശക്തി കൂടും. വെയിലിൽ ഉണങ്ങണംന്ന് നമ്മളാഗ്രഹിക്കുന്ന ഏത് തോർത്തും അപ്പോ വെയിലിൽ തന്നെ
ഉണങ്ങും.*
*ഉവ്വോ..?!*
*എന്താ സംശയം..*
ആ തുവർത്തും എടുത്ത് വേച്ചുവേച്ച് മുറ്റത്തേക്കിറങ്ങാൻ വാതിൽ തുറക്കുന്ന
ശാരദാമ്മക്ക് പിറകെ അവരറിയാതെ ജനലഴികളിൽ ചാടിച്ചാടി നാട്ടുകാരിപ്പക്ഷിയും മധുര
മീനാക്ഷിയും മുറ്റത്തേക്കിറങ്ങി.
അമ്മമാർ രണ്ടും പക്ഷികളെ കണ്ടില്ല.
അവരുടെ കാലടി ശബ്ദംപോലും കേട്ടില്ല.
മധുരമീനാക്ഷി ചോദിച്ചു.
*ആരാ അമ്മമാരുടെ ജോസഫേട്ടൻ..?*
നാട്ടുകാരിപ്പക്ഷി ജോസഫേട്ടനെ വർണ്ണിച്ചു.
*പിന്നെ വരാംന്നും പറഞ്ഞ് ഒല്ലൂരീന്ന് മക്കള് ഇവിടെ കൊണ്ടുവന്നാക്കിയ വലിയ റബ്ബർ
മുതലാളി. റബ്ബറൊക്കെ മക്കള് പകുത്തെടുത്തതോടെ ജോസഫേട്ടന്റെ റബ്ബറെല്ലാം സ്വന്തം തലവര മായ്ച്ച് മായ്ച്ച് മാഞ്ഞത്രെ. രസികനാ. എപ്പഴും തമാശ. ഏത് നേരവും ചിരി.*
*ഈ പറഞ്ഞ വരികൾ നിന്റെ സ്വന്തമാണോ..?*
*അല്ല. ജോസഫേട്ടൻ ജോസഫേട്ടനെക്കുറിച്ച് എല്ലാരോടും പറയുന്നത് കേട്ട് മനഃപ്പാഠമായി. മനുഷ്യരുടെ വേദനിക്കുന്ന തമാശകൾ ഇപ്പോ ഞങ്ങളും ഞങ്ങളുടെ ഭാഷയിൽ ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. വേദനയെ നർമ്മം പുരട്ടി എരിച്ചു കളയുന്നതും ദൈവത്തിന്നു മെഴുകുതിരി കത്തിക്കുന്നതും ഒരുപോലാണെന്നാ ജോസഫേട്ടൻ പറയാറ്..*
*എന്നുവെച്ചാ..?*
*ആർക്കു മുന്നിലായാലും കത്തിച്ചാ മെഴുകുതിരി ഉരുകി തീരും. സ്വയം ഉരുട്ടിയെടുത്ത് ഉണ്ടാക്കുന്ന മനോമെഴുകുതിരികളാണത്രെ അവനവൻ ഉണ്ടാക്കുന്ന വേദനകൾ. അത് പൊള്ളാതെ കത്തിച്ചു കളയാൻ നർമ്മം ആണത്രെ നല്ലത്. അങ്ങിനാ ജോസഫേട്ടൻ പറയാറ്.*
*ജോസഫേട്ടൻ ഏത് മുറിയിലാണ്..*
*ഈ സമയം ജോസഫേട്ടൻ കിണറ്റിൻ കരയിൽ കാണും.*

നാട്ടുകാരിപ്പക്ഷി പറഞ്ഞത് നേരായിരുന്നു. ജോസഫേട്ടൻ കിണറ്റിൻ കരയിൽ ഇരുന്ന് പാത്രങ്ങൾ കഴുകാൻ സുമംഗലയെ സഹായിക്കുന്നു. അഛനമ്മ മാർക്ക് വെച്ചു വിളമ്പുന്ന സുമംഗല കിണറ്റിൽ നിന്നും വെള്ളം കോരി ജോസഫേട്ടന്നു മുന്നിലെ വലിയ വട്ടളത്തിൽ നിറക്കുന്നു. അവളുടെ ചിരിക്കും വട്ടളത്തിലേക്ക് വീഴുന്ന വെള്ളത്തിനും ഒരേ ശബ്ദം.
*നീ എന്തിനാ സുമംഗലേ ഇങ്ങിനെ ചിരിക്കണേ. ചിരിക്കാൻ മാത്രം ഞാനൊന്നും
പറഞ്ഞില്ലല്ലൊ.*
*ജോസഫേട്ടൻ ഇവിടെ വന്ന ശേഷാ ഞങ്ങളൊക്കെ ചിരിക്കാൻ തുടങ്ങീത്.*
*അപ്പോ ഞാൻ വന്നില്ലായിരുന്നെങ്കിൽ ഈ ജന്മം മുഴുവൻ ചിരിക്കാൻ മറന്ന് നിങ്ങളെല്ലാരും ഇല്ലാതായേനെ അല്ലേ..?*
സുമംഗലക്ക് അതും ഒരു തമാശ. നനഞ്ഞ തുവർത്തും എടുത്ത് ചാഞ്ചാടി വരുന്ന ശാരദാമ്മയെ കണ്ടതും ജോസഫേട്ടൻ ചെന്ന് കൈ പിടിച്ചു. വീഴാൻ ഭാവിച്ചതും കാവേരിഅമ്മയും ജോസഫേട്ടനെ തന്നെ പിടിച്ചു.
*എന്തിനാ ഇപ്പോ രണ്ടാളും കൂടി ഇങ്ങട്ട് വന്നേ.*
*ഇതൊന്ന് തോരാനിടണം.*
ജോസഫേട്ടൻ സഹായിക്കാൻ ഒരുങ്ങിയിട്ടും ശാരദാമ്മ തുവർത്ത് കൊടുത്തില്ല.
*ഞാനും കാവേരീം കൂടി തോരാനിട്ടോളാം ജോസഫേട്ടാ. കണ്ടപ്പോ പിടിക്കാൻ തോന്നിയത് തന്നെ വല്ല്യ പുണ്യം. ജോസഫേട്ടൻ ഇല്ലാതായാ വീഴാൻ ഭാവിച്ചാ ഞങ്ങളാരെയാ പിടിക്ക്യാന്നാ ഇപ്പോ ഞങ്ങൾടെ ചിന്ത.*
സുമംഗല ചിരിച്ചു.
*അപ്പോ എന്നെ മക്കള് വന്ന് കൂട്ടിക്കൊണ്ട് പോവുംന്നാ അമ്മമാര്‌ടെ വിചാരം..? ആ പൂതി വേണ്ട. എന്റെ മക്കള് നിങ്ങളെ വേദനിപ്പിക്കില്ല. എപ്പോ വേണെങ്കിലും വീണോളൂ. നിലത്തിടാതെ നോക്കുന്ന കാര്യം ഞാനേറ്റു. ആ തോർത്തിങ്ങട്ട് താ. ഇവിടം മുഴുവൻ തണലാ. വെയില് വേണേ പിന്നാമ്പുറം കൊണ്ടുപോയിടണം.*
*മരങ്ങളും സൂര്യനും പക്ഷികളും തരുന്ന തണലല്ലേ ജോസഫേട്ടാ. ഇതിനൊരു സുഖംല്ലേ. ഇത് ഈ തണലത്ത് തന്നെ ഉണങ്ങട്ടെ.*
വയ്യായ്ക തോന്നിയിട്ടും ചാഞ്ഞു കിടന്ന വള്ളിപ്പടർപ്പിൽ ശാരദാമ്മ കുടഞ്ഞ് വിരിക്കാനായി തുവർത്ത് വീശിയതും കാവേരിഅമ്മ അതിന്റെ രണ്ടറ്റവും പിടിച്ചു ഒന്നിച്ചു നിവർത്തി സാവകാശം വിരിച്ചു. ജോസഫേട്ടനും സുമംഗലയും നോക്കി നിന്നു. ഒപ്പം അഛനമ്മമാരുടെ വീടിന്റെ തുറന്നു കിടന്ന ജാലകവാതിലുകളിലൂടെ മക്കൾ ഉപേക്ഷിച്ച അനേകം കണ്ണുകളും.
ചില കണ്ണുകൾ നിറഞ്ഞിരുന്നു. ചിലതിൽ സൂര്യവെളിച്ചം നിറഞ്ഞു നിന്നിരുന്നു. ചിലതിൽ പകൽ എന്നോ അസ്തമിച്ചിരുന്നു. ചിലതിൽ ജീവനേ ഇല്ലായിരുന്നു. ചിലതിലാവട്ടെ വിരൽ ഉപേക്ഷിച്ചകന്ന മക്കളുടെ മനസ്സിന്റെ കാഠിന്യം ഇനിയും തിരിച്ചറിയാൻ കഴിയാത്ത നിസ്സഹായത തളം കെട്ടി നിന്നിരുന്നു.
നിശ്ശബ്ദം ശയിക്കുന്ന തൂവെള്ള തുവർത്തിൽ സൂര്യൻ വരച്ചിടുന്ന വീടിന്നു മേലാപ്പായ മരങ്ങളിലെ ഇളകുന്ന ഇലകളുടെയും പക്ഷികളുടെയും നിഴലുകളും നോക്കി കാവേരിഅമ്മ നിശ്ശബ്ദം നിന്നു. പിന്നെ മടിക്കുത്തഴിച്ചു. ആർക്കോ സമർപ്പിക്കും വിധം ശേഷിച്ച കടലമണികളത്രയും അതിൽ വിതറി.
*ഹ.. എന്താ ഈ കാണിക്കണേ..*

ശാരദാമ്മ ജോസഫേട്ടനെ തടഞ്ഞു.
*കാവേരി കാണാതായ ഒരാൾക്കത് കൊടുക്കാ ജോസഫേട്ടാ. അവളത് കൊടുക്കട്ടെ. മാത്രല്ല ഇന്നൊരു മോക്ഷ ദിവസം അല്ലേ.*
ജോസഫേട്ടന്റെ കണ്ണു നിറഞ്ഞു വന്നു. താനൊരു റബ്ബർമരമാണെന്നും മക്കൾ ആഞ്ഞു വെട്ടിയ മുറിവിൽ നിന്നും കിനിഞ്ഞു വന്ന ഒരു തുള്ളി പാലാണ് കൺപോളകൾക്കിടയിൽ കല്ലായി മാറുന്നതെന്നും ജോസഫേട്ടനു തോന്നി. കഴിയുന്നത്ര ശക്തി എടുത്ത് ഇമകൾ അമർത്തി അയാളത് പൊട്ടിച്ചു. സൂര്യൻ നിറഞ്ഞു വീഴുന്ന വെളുത്ത തുവർത്തിലേക്ക് ആ കണ്ണീർ തുള്ളി ഉടയുന്ന ശബ്ദവും കാറ്റ് വിതർത്തിയിട്ടു.

തനിക്കരികിൽ മരക്കൊമ്പിൽ നിശ്ശബ്ദം ഇരിക്കുന്ന മധുരമീനാക്ഷി എന്തോ ധ്യാനത്തിലാണെന്ന് നാട്ടുകാരിപ്പക്ഷിക്ക് തോന്നി. അത് ശരിയായിരുന്നു. ധ്യാനത്തിൽ നിന്നും ഉണരുമ്പോൾ നാട്ടുകാരിപ്പക്ഷിയുടെ കണ്ണിലും സൂര്യൻ നനവായി പെയ്തിരുന്നു.
*ഈശ്വരാ.. എനിക്കെന്തേ ഇത് നേരത്തേ തെളിയാതിരുന്നത്. കാവേരിഅമ്മയുടെ മക്കളുടെ അഛൻ ഈ വീട്ടിൽ അവരുടെ മടിയിൽ കിടന്നാണ് കഴിഞ്ഞ വർഷം ഈ ദിവസം മരിച്ചത്. തലേന്ന് രാത്രി മുഴുവൻ കാവേരിഅമ്മ ആ തുവർത്തുകൊണ്ട് അയാളുടെ കണ്ണുകൾ ഒപ്പിക്കൊണ്ടിരുന്നു. മക്കളാരും വന്നിരുന്നില്ല. അവരോട് ഒരു ദേഷ്യവും ഇല്ലെന്ന് ഇടക്കിടെ അയാൾ പറഞ്ഞിരുന്നു. ഒരു ഇഷ്ടക്കേടും ഇല്ലെന്ന് കാവേരിഅമ്മയും അവരുടെ അഛനോട് പറഞ്ഞിരുന്നു. മനുഷ്യർക്കിടയിൽ ഉള്ള മരണാനന്തര കർമ്മങ്ങളൊന്നും മക്കളാരും ചെയ്തിരുന്നില്ല. നീ കൊത്തിയെടുത്ത് നമ്മൾ ഉറുമ്പുകൾക്ക് അന്നപ്രാശമായി നൽകിയ ആ കടലമണികളോടെ ആ വേദനയും കാവേരി അമ്മയിൽ മാഞ്ഞു കഴിഞ്ഞു.*

അതുവരെ അനുഭവിക്കാത്ത ചാരിതാർത്ഥ്യ ത്തോടെ നാട്ടുകാരിപ്പക്ഷി പ്രത്യേക ശബ്ദത്തിൽ ഒന്നു കുറുകി. എവിടെ നിന്നെന്നറിയില്ല കൈ പിടിച്ചു നടന്നു നീങ്ങിയ കാവേരിഅമ്മക്കും ശാരദാമ്മക്കും പിറകിൽ സൂര്യവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന തുവർത്തിലേക്ക് മരങ്ങളിലെ പക്ഷിക്കൂട്ടം
നിരനിരയായി പറന്നിറങ്ങി.
എല്ലാവർക്കും കൊത്തിയെടുക്കാനുള്ള കടലമണികൾ അതിൽ ഉണ്ടായിരുന്നില്ല.
എന്നിട്ടും വളരെ നേരം അവ തുവർത്തിനു മുകളിൽ പറന്നു കളിക്കുന്നത് അഛനമ്മമാർ കണ്ടു നിന്നു.

shortlink

Related Articles

Post Your Comments


Back to top button