CinemaGeneralLatest NewsMollywoodNEWS

ഒറ്റപ്പെടലിന്റെ നിരാശയിലും രോഗത്തിന്റെ ആശങ്കയിലും അകപ്പെട്ട കോവിഡ് ബാധിതർക്ക് ആശ്വാസം പകർന്ന് മഞ്ജു വാരിയർ

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയോടെ പ്രവർത്തന സജ്ജമായിരിക്കുന്ന ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനോടാണ് മഞ്ജു ആദ്യം സംസാരിച്ചത്.

യൂത്ത് കോൺഗ്രസ് നടത്തുന്ന ഓണ്‍കോൾ പരിപാടിയിൽ നിരവധിയാളുകൾക്ക് ആശ്വാസവും കരുതലും പകർന്നിരിക്കുകയാണ് നടി മഞ്ജു വാരിയർ. കോവിഡ് ബാധിതരെയും അവരെ ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മെഡിക്കൽ സംഘത്തെയും ക്വാറന്റൈൻ ചെയ്യപ്പെട്ടവരെയും സേവനരംഗത്തുള്ളവരെയുമാണ് മഞ്ജു ഫോൺ വിളിച്ചത്. ഇവരാരും തനിച്ചല്ല എന്ന ആത്മവിശ്വാസം പകർന്ന് നൽകുകയായിരുന്നു മഞ്ജു.

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയോടെ പ്രവർത്തന സജ്ജമായിരിക്കുന്ന ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനോടാണ് മഞ്ജു ആദ്യം സംസാരിച്ചത്. ആ കോളിനിടയിൽ ലൗഡ് സ്പീക്കറിലൂടെ മഞ്ജു കൺട്രോൾ റൂമിലെ മുഴുവൻ ആളുകളോടും നന്ദി പറയുകയും ചെയ്തു.

പിന്നീട് റാന്നിയിലെ കൊറോണ ബാധിതരായ വൃദ്ധ ദമ്പതികളെ പരിപാലിച്ച് രോഗം പിടിപ്പെട്ട കോട്ടയത്തെ നഴ്സിനെയാണ് മഞ്ജു വാരിയര്‍ വിളിച്ചത്. രോഗം ഭേദമായാൽ വീണ്ടും സേവന സജ്ജയാകുവാനുള്ള ആത്മവിശ്വാസമാണ് അവർക്ക് താരം നല്കിയത്. ഒപ്പം അസുഖം ഭേദമായിട്ട് ഒരു ദിവസം ഉറപ്പായും നേരിൽ കാണാമെന്നും മഞ്ജു പറഞ്ഞു. പിന്നീട് ഹിന്ദി ബോധവത്ക്കരണത്തിലൂടെ കേരളമാകെ ഏറ്റെടുത്ത മേപ്പയൂർ സ്റ്റേഷനിലെ ഹോംഗാർഡ് കരുണാകരനെയാണ് താരം വിളിച്ചത്.

‘കൈസേ ഹേ ആപ്പ് ’എന്ന ചോദ്യത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. നാട്ടിൽ പോകാനായി തിടുക്കം കൂട്ടിയ ഇതര സംസ്ഥാനത്തൊഴിലാളികളെ ഹിന്ദിയിൽ ബോധവത്ക്കരിച്ചു കൊണ്ട് അവരെ പിടിച്ചു നിർത്തിയാണ് കരുണാകരൻ മാതൃകയായത്.

രോഗലക്ഷണം തോന്നിയപ്പോൾ തന്നെ ആരോഗ്യ വകുപ്പിനെ അങ്ങോട്ട് വിളിച്ച് രോഗ സാധ്യത പങ്കുവെയ്ക്കുകയും അതിനു ശേഷം അവരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് അസുഖത്തോട് പോരാടുകയും ചെയ്ത കോഴിക്കോട്ടുള്ള മാതാവിനും, വിമാനത്താവളത്തിൽ തന്‍റെ കർത്തവ്യത്തിൽ നിന്നും മാറി നില്ക്കാതിരുന്ന ജീവനക്കാരനെയും മഞ്ജു വിളിച്ചു.

നിരവധി രോഗികളെയും, ആരോഗ്യ വകുപ്പ് ജീവനക്കാരെയും, ക്വാറന്റീൻ ചെയ്യപ്പെട്ടവരെയും, മറ്റ് ഈ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായ വിവിധ മേഖലയിലെ ആളുകളെയും വിളിച്ച ശേഷമാണ് മഞ്ജു ഓൺ കോൾ പരിപാടി അവസാനിപ്പിച്ചത്.ആദ്യ ദിവസം ഓൺ കോളിലൂടെ സംവദിച്ചത് നിവിൻ പോളിയായിരുന്നു. അടുത്ത ദിവസം ഇനി ഓണ്‍കോൾ പരിപാടിയിൽ മലയാളിയുടെ പ്രിയ താരം
ജയറാമും, പാർവതിയും കാളിദാസനുമാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button