Latest NewsMollywoodNEWS

ജനപ്രിയ സിനിമ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകന് ജന്മദിനാശംസകള്‍ ; സിബി മലയിലിന്റെ സിനിമ ജീവിതത്തെ കുറിച്ച് ഫെഫ്ക ഡയറക്ടര്‍സ് യൂണിയന്റെ കുറിപ്പ്

മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവച്ച ഒരു പിടി ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ മുന്‍ പന്തിയില്‍ തന്നെ ഉണ്ടാകും സിബി മലയിലിന്റെ സിനിമകള്‍. അത്രയും ഹൃദയ സ്പര്‍ശിയായതും കേരളീയ ജീവിത പരിസരം യാഥാര്‍ഥ്യ ബോധത്തോടെ സമന്വയിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സിബി മലയില്‍. ഇന്ന് അദ്ദേഹം 64 ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള ആദര സൂചകമായി ഫെഫ്ക ഡയറക്ടേര്‍സ് യൂണിയന്‍ എഴുതിയ കുറിപ്പ് ശ്രദ്ധയാകര്‍ശിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമജീവിതത്തെ കുറിച്ചുള്ള കുറിപ്പാണ് ഫെഫ്ക ഡയറക്ടേര്‍സ് യൂണിയന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കു വച്ചിരിക്കുന്നത്.

സദയം , കിരീടം, തനിയാവര്‍ത്തനം, കാണാക്കിനാവ് , ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്ലഹേം, ഭരതം തുടങ്ങി ദേശീയ, സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ്. ജനപ്രിയ സിനിമ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക മാത്രമല്ല വമ്പിച്ച വാണിജ്യ വിജയം തന്റെ ചിത്രങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്ത സംവിധായകന്‍.

ഇന്ത്യന്‍ സിനിമ ഇനിയും അക്കാദമിക്ക് തലത്തില്‍ ഏറെ പഠിക്കേണ്ടിയിരിക്കുന്ന ലോഹിതദാസ് എന്ന അതുല്യ സ്‌ക്രീന്‍ റൈറ്ററെ സിനിമയില്‍ അവതരിപ്പിച്ച സംവിധായകന്‍ കൂടിയാണ് സിബി മലയില്‍. ഒട്ടേറെ പുതുതലമുറ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനമായത് സിബി മലയില്‍ ചിത്രങ്ങളാണ് എന്നത് പലരും വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും സിനിമയിലെ സംഭാവനകളെ കുറിച്ചും ജന്മദിനം ആശംസിച്ചു കൊണ്ട് ഫെഫ്ക ഡയറക്ടേര്‍സ് യൂണിയന്‍ പങ്കുവച്ച കുറിപ്പിലേക്ക്.

ഫെഫ്ക ഡയറക്ടേര്‍സ് യൂണിയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ;

മലയാളികളുടെ സിബി മലയിലിന് പിറന്നാള്‍ ആശംസകള്‍ ..
——————————————-
മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ദേശീയ, സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ സദയം , കിരീടം, തനിയാവര്‍ത്തനം, കാണാക്കിനാവ് , ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്ലഹേം, ഭരതം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ലോഹിതദാസ് , എം ടി , രഞ്ജിത്ത് , ഡെന്നീസ് ജോസഫ് , ടി എ റസാഖ് , ശ്രീനിവാസന്‍ , എസ് എന്‍ സ്വാമി തുടങ്ങിയവരുടെ തിരക്കഥയില്‍ അദ്ദേഹം ഒരുക്കിയ സിനിമകള്‍ മലയാള സിനിമയുടെ ഭാഗ്യ കാലത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്നു .
മലയാള ചലച്ചിത്ര ഗാനശാഖക്ക് മികച്ച ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമ്മാനിച്ചു .
ഗാനചിത്രീകരണങ്ങളില്‍ തിരക്കഥയുടെ അടിസ്ഥാനമായി വര്‍ത്തിച്ച ഭാവ താളങ്ങളെക്കൂടി പരിഗണിച്ചു . കേരളീയ ജീവിത പരിസരം യാഥാര്‍ഥ്യ ബോധത്തോടെ സമന്വയിപ്പിച്ചു . സംഘട്ടന ദൃശ്യങ്ങളില്‍ കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കി . ജനപ്രിയ സിനിമ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക മാത്രമല്ല വമ്പിച്ച വാണിജ്യ വിജയം തന്റെ ചിത്രങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്തു , മലയാള കുടുംബ പ്രേക്ഷകരുടെ ഈ പ്രിയ സംവിധായകന്‍ .
ഒട്ടേറെ പുതുതലമുറ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനമായത് സിബി മലയില്‍ ചിത്രങ്ങളാണെന്ന് പലരും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട് . അക്കാദമിക് അംഗീകാരങ്ങളും പ്രദര്‍ശനവിജയവും കരസ്ഥമാക്കിയ തമിഴ് സംവിധായകന്‍ വെട്രിമാരന്‍ അദ്ദേഹത്തിന്റെ സിനിമകളിലെ ഫാമിലി റെഫറന്‍സ് സിബി മലയില്‍ ചിത്രങ്ങളാണെന്ന് IFFK വേദിയില്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു .
1956 മേയ് 2നു് ആലപ്പുഴ മലയില്‍ വീട്ടില്‍ സിബി മലയില്‍ ജനിച്ചു.
അച്ഛന്‍ എം ജെ ജോസഫ്.
അമ്മ മേരി ജോസഫ്.
രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട് .
തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്‌ക്കൂള്‍, ആലപ്പുഴ ലിയോ തേര്‍ട്ടിന്ത്, ചങ്ങനാശ്ശേരി സെന്റ് ബര്‍ക്മെന്‍സ്, എസ് ഡി കോളേജ് ആലപ്പുഴ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നവോദയത്തില്‍ എം ബി പുന്നൂസ് ( അപ്പച്ചന്റെ ) സംവിധാന സഹായിയായി.
ജിജോ, പ്രീയദര്‍ശന്‍, ഫാസില്‍ എന്നിവരുടെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
ശ്രീനിവാസന്റെ തിരക്കഥയില്‍ 1985 ല്‍ മുത്താരംകുന്നു് പി ഒ എന്ന ചിത്രം ഒരുക്കിക്കൊണ്ട് സ്വതന്ത്ര സംവിധായകനായി.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ആകാശദൂത് , സദയം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടി. ഭരതം, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ക്കു് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഭാര്യ ബാല. മക്കള്‍ ജോ, സേബ.
ഇപ്പോള്‍ കേരള ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗമാണ് . മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ പ്രസിഡന്റ് ആണ് .
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ വൈഭവം ഏറ്റവും കൂടുതല്‍ ഒപ്പിയെടുത്തത് സിബി മലയിലിന്റെ ക്യാമറ കണ്ണുകളാണ് . കിരീടവും, ചെങ്കോലും, ഭരതവും, ദശരഥവുമൊക്കെ പ്രേക്ഷക മനസ്സിന്റെ വിങ്ങലായപ്പോള്‍ സിബി മലയില്‍ – ലോഹിതദാസ് കൂട്ട്‌കെട്ട് മലയാള സിനിമക്ക് പുതിയ ഭാവുകത്വം സമ്മാനിച്ചു .
ഇന്ത്യന്‍ സിനിമ ഇനിയും അക്കാദമിക്ക് തലത്തില്‍ ഏറെ പഠിക്കേണ്ടിയിരിക്കുന്ന ലോഹിതദാസ് എന്ന അതുല്യ സ്‌ക്രീന്‍ റൈറ്ററെ സിനിമയില്‍ അവതരിപ്പിച്ചതും സിബി മലയില്‍ ആണ്.
മലയാള ചലച്ചിത്ര ലോകത്തെ തലയെടുപ്പുള്ള സംവിധായകന്‍ ശ്രീ സിബി മലയിലിന്റെ ജന്മദിനമാണിന്ന് .
ശ്രീ സിബി മലയിലിന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ആയുരാരോഗ്യ സൗഖ്യം നേരുന്നു .
—————————————-
സിബി മലയിലിന്റെ സിനിമകള്‍
സൈഗാള്‍ പാടുകയാണ് (2015)
ഞങ്ങളൂടെ വീട്ടിലെ അതിഥികള്‍ (2014)
ഉന്നം (2012)
വയലിന്‍ (2011)
അപൂര്‍വ്വരാഗം (2010)
ഫ്‌ലാഷ് (2007)
ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (2005)
അമൃതം (2004)
കിസ്സാന്‍ (2004)
ജലോല്‍ത്സവം (2004)
എന്റെ വീട് അപ്പൂന്റേം (2003)
ആയിരത്തില്‍ ഒരുവന്‍ (2003)
ഇഷ്ടം (2001)
ദേവദൂതന്‍ (2000)
ഉസ്താദ്(1999)
സമ്മര്‍ ഇന്‍ ബെത്‌ലഹേം (1998)
പ്രണയവര്‍ണങ്ങള്‍ (1997)
നീ വരുവോളം (1997)
കളിവീട് (1996)
കാണാക്കിനാവ് (1995)
സിന്ദൂരരേഖ (1995)
അക്ഷരം (1995)
സാഗരം സാക്ഷി (1994)
ചെങ്കോല്‍ (1993)
മായാമയൂരം (1993)
ആകാശദൂത് (1993)
വളയം (1992)
കമലദളം (1992)
സദയം (1992)
സാന്ത്വനം (1991)
ഭരതം (1991)
ധനം (1991)
പരമ്പര (1990)
മാലയോഗം (1990)
ഹിസ് ഹൈനെസ്സ് അബ്ദുള്ള (1990)
ദശരഥം (1989)
കിരീടം (1989)
ഓഗസ്റ്റ് 1 (1988)
വിചാരണ (1988)
എഴുതാപ്പുറങ്ങള്‍ (1987)
തനിയാവര്‍ത്തനം (1987)
രാരീരം (1986)
ദൂരെ ദൂരെ ഒരു കൂട് കൂട്ടാം (1986)
ചേക്കേറാന്‍ ഒരു ചില്ല (1986)
മുത്താരംകുന്ന് പി.ഒ. (1985)

shortlink

Related Articles

Post Your Comments


Back to top button