GeneralLatest NewsMollywoodNostalgia

”ചത്തിട്ടായാലും ശരി കൊന്നിട്ടായാലും ശരി..ഇന്ന് നമ്മൾ അകത്തു കയറും.. കാണും.. ” സെക്യൂരിറ്റിയുടെ ദയയില്‍ അദ്ദേഹത്തെകണ്ടു

അദ്ദേഹത്തിന്റെ ബന്ധുക്കളാണെന്നു പറയാം തുടങ്ങി പല ആശയങ്ങളും കമ്മിറ്റിക്കു മുൻപിൽ വന്നു.. ഞങ്ങളുടെ ലീഡർ ആയ ജയകുമാർ അതൊക്കെ തള്ളിക്കളഞ്ഞു.

മലയാളത്തിന്റെ നിത്യ ഹരിതനായകന്‍ പ്രേം നസീര്‍ ഇന്നും ഒരു കാലഘട്ടത്തിന്റെ പ്രിയതാരമാണ്. തങ്ങളുടെ ഇഷ്ടതാരത്തെ ഒന്ന് കാണാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കാന്‍ ആരാധകര്‍ക്ക് ഒരു മടിയുമില്ല. അതൊരു ആവേശമായി ഇന്നും ആരാധകരില്‍ കാണുന്നു. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീർ തിരുവനന്തപുറത്ത് എത്തിയപ്പോള്‍ സെക്യൂരിറ്റിയുടെ ദയ കൊണ്ട് കണ്ടകഥ പങ്കുവച്ച് പ്രിയ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര.

എക്സ്ട്രാ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞു കൊണ്ട് അമൃത ഹോട്ടലിലേയ്ക്ക് പോയ കാലത്തെക്കുറിച്ചു ഇത്തിക്കര പക്കിയും മുളമൂട്ടിൽ അടിമയും എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് കൃഷ്ണ പൂജപ്പുര പറയുന്നത്.

കൃഷ്ണ പൂജപ്പുരയുടെ വാക്കുകള്‍

ഇത്തിക്കര പക്കിയും മുളമൂട്ടിൽ അടിമയും
****************************************
“പ്രേംനസീർ വരുന്നു ”
ജയകുമാറാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു എത്തുന്നു . താമസം തൈക്കാട് അമൃതാ ഹോട്ടലിൽ.. നാളെ മുതൽ ഷൂട്ടിംഗ്..
മാതാ പിതാ ഗുരു ദൈവം എന്നതിന് തുടർച്ചയായി പ്രേംനസീർ എന്നുകൂടി ചേർത്ത് പറഞ്ഞിരുന്ന കാലം.. (അന്ന് പ്രേംനസീർ.. നസീർ എന്നൊക്കെ പേര് ഡയറക്റ്റ് ആയിട്ടങ്ങു പറയുകയായിരുന്നു.. പിന്നീടാണ് നസീർ സാർ എന്ന് സാർ കൂടി ചേർക്കുന്നത്.. അത് അങ്ങിനെ ആണല്ലോ.. പൊതു സ്വത്തുക്കൾ എന്ന് കരുതുന്നവരെ പ്രായത്തിൽ എത്ര മുതിർന്നതായാലും നേരിട്ട് വ്യക്തിബന്ധമില്ലെങ്കിൽ പേര് ആണല്ലോ പറയുക )
എങ്ങിനെയും ആരാധ്യ പുരുഷനെ കണ്ടേ പറ്റൂ.. പക്ഷെ അമൃതാ ഹോട്ടലിലൊക്കെ പിള്ളേരായ ഞങ്ങൾക്ക് എങ്ങിനെ കേറാൻ പറ്റും.. പക്ഷെ കേറിയേ പറ്റൂ..
അന്ന് രാത്രി ഒന്ന് ഒന്ന് കഴിഞ്ഞു കിട്ടാൻ പെട്ട പാട് എനിക്കുമറിയാം രാത്രിക്കുമറിയാം
രാവിലെ വളരെ നേരത്തെ കുളിച്ചു തയ്യാറാകുന്നത് കണ്ടു വീട്ടിൽ നിന്ന് ചോദ്യം വന്നു.. എക്സ്ട്രാ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞു.. അഖിലലോക വിദ്യാർത്ഥി സമൂഹത്തിനു ലഭിച്ചിട്ടുള്ള ഒരു നിക്കക്കള്ളി ആണല്ലോ എക്സ്ട്രാ ക്ലാസ്സ്‌.. മകൻ പഠിത്തത്തിൽ കാണിക്കുന്ന ആവേശത്തിൽ വീട്ടുകാർക്ക് സന്തോഷമാണോ സംശയമാണോ ഉണ്ടായതെന്നറിയില്ല..

ജയകുമാർ ഉദയൻ റഹിം രാജേന്ദ്രൻ പിന്നെ ഞാൻ.. രാവിലെ ഏഴരയോടെ അമൃതയുടെ നടയിലെത്തി. അവിടെ ഒരു ചെറുപൂരത്തിനുള്ള ജനം. അന്ന് തിരുവനന്തപുരത്തു ഷൂട്ടിംഗ് ഒക്കെ അപൂർവമാണ്.. അവിടെ വെച്ച് മറ്റൊരു വാർത്ത കൂടി കിട്ടുന്നു. പ്രേംനസീർ മാത്രമല്ല ജയനും ഹോട്ടലിൽ ഉണ്ട്.. ഇത്തിക്കര പക്കിയിൽ മുളമൂട്ടിൽ അടിമയുടെ വേഷം ജയനാണ്.. പട്ടിണിക്കാരന്റെ മുന്നിൽ ചിക്കൻ ബിരിയാണിയും ഗ്രിൽഡ് ചിക്കനുമൊക്ക ഒരുമിച്ചെത്തിയ അവസ്ഥ.. കളരിപരമ്പര ദൈവങ്ങളാണെ ഇന്ന് നമ്മൾ അകത്തു കയറും.. കാണും.. ചത്തിട്ടായാലും ശരി കൊന്നിട്ടായാലും ശരി.. എന്ന മട്ടിൽ ചില ഭീഷ്മ പ്രതിജ്ഞകളൊക്കെ എടുത്തു.. പക്ഷെ എങ്ങിനെ..? മെയിൻ ഡോറിൽ ഒരു സെക്യൂരിറ്റി നിറഞ്ഞങ്ങിനെ നിൽക്കുകയാണ്..
നമ്മൾ ചിറയിൻകീഴിൽ നിന്ന് വന്നവരാണെന്നു പറയാം.. അദ്ദേഹത്തിന്റെ ബന്ധുക്കളാണെന്നു പറയാം തുടങ്ങി പല ആശയങ്ങളും കമ്മിറ്റിക്കു മുൻപിൽ വന്നു..
ഞങ്ങളുടെ ലീഡർ ആയ ജയകുമാർ അതൊക്കെ തള്ളിക്കളഞ്ഞു.. നിങ്ങൾ വാ എന്നും പറഞ്ഞു നേരെ സെക്യൂരിറ്റിക്ക് അടുത്തേക്ക്.. എന്നിട്ട് സെക്യൂരിറ്റിയുടെ കൈയ്യിൽ പിടിച്ചു അതീവ ദയനീയമായി കാര്യം അവതരിപ്പിച്ചു.. ഏതു കഠിനഹൃദയന്റെ മനസ്സാണ് ആ കാലുപിടിത്തത്തിൽ അറിയാത്തതു.. അമ്മാ വല്ലതും തരണേ എന്നൊക്കെയുള്ള ദീനാ പേക്ഷകൾ അന്നത്തെ അപേക്ഷക്കുമുന്നിൽ ഒന്നുമല്ല..സെക്യൂരിറ്റിയുടെ മനസ്സലിഞ്ഞെന്ന് പറയേണ്ടല്ലോ.. “കോറിഡോറിന്റെ അറ്റത്തു മാറിനിൽക്കണം അദ്ദേഹത്തെ കണ്ടാൽ ഉടൻ സ്ഥലം വിട്ടോണം.. ” ഞങ്ങൾ അകത്തേക്ക് കടന്നു

കോറിഡോറിൽ അദ്ദേഹത്തിന്റെ റൂമിന്റെ വാതിൽ തുറക്കുന്നതും നോക്കി അങ്ങിനെ നിൽക്കുകയാണ്.. ചില അവസ്ഥകളിൽ നമ്മുടെ ഹൃദയമിടിപ്പ് നമുക്കുതന്നെ കേൾക്കാൻ പറ്റുമെന്നു പറയുന്നത് വളരെ ശരിയാണെന്നു അന്ന് മനസ്സിലായി.. ഞാൻ കേട്ടു.. അങ്ങിനെ നിൽക്കുമ്പോഴുണ്ട് ഞങ്ങൾ നിൽക്കുന്നതിനടുത്തെ വാതിൽ തുടക്കുന്നു.. അതാ പുറത്തേക്കു വരുന്നു.. ജയൻ.. കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. സാക്ഷാൽ ജയൻ.. മുണ്ടും ടീഷർട്ടും.. വിഗ് വെച്ചിട്ടില്ല.. ഞങ്ങളെ കണ്ടു ഒന്ന് ചിരിച്ചു.. എന്തുണ്ട് വിശേഷം എന്നൊക്കെ അദ്ദേഹം എല്ലാപേരോടുമായി ചോദിക്കുന്നുണ്ട്. പക്ഷെ ഒന്ന് കാതിൽ കേറ ണ്ടെ? ആകെ ഒരു പുകപോലെ.
കഴിഞ്ഞ സിനിമ കളിലെ കഥാപാത്രവലോകനമൊക്കെ ചിലർ നടത്തുന്നു… കുറച്ചു സംസാരിച്ചു അദ്ദേഹം പോകാൻ തുടങ്ങിയപ്പോൾ ജയകുമാർ അവന്റെനോട്ട് ബുക്കിൽ നിന്ന് ഒരു പേപ്പർ കീറി.. അദ്ദേഹത്തിന് നേരെ നീട്ടി.. സാർ ഒരു ഓട്ടോഗ്രാഫ്.. തുടർന്ന് ഞങ്ങളെല്ലാം കൂടി അവന്റെ ബുക്കിലെ കടലാസുകൾ മരണവെപ്രാളത്തോടെ വലിച്ചു കീറി.. ഹോ. പഠിപ്പിക്കുന്ന സാറ് ആ ദൃശ്യം കണ്ടിരുന്നെങ്കിൽ ഹൃദയം പൊട്ടിയേനെ..
അന്ന് ആ സൂപ്പർ ഹീറോയിൽ നിന്ന് കിട്ടിയ ആശംസ കുറിപ്പാണു ചിത്രങ്ങളിൽ onnu.
വീണ്ടും ഒരഞ്ചു മിനിട്ട് കഴിഞ്ഞു.. ഞങ്ങൾ പ്രതീക്ഷിച്ചു നിന്ന ആ മുഹൂർത്തം.. വാതിൽ തുറന്നു ഞങ്ങളുടെ മുന്നിലേക്ക്‌ നിത്യവസന്തം വന്നു.. അമൃത ഹോട്ടലിന്റെ കോറിഡോറിൽ പെട്ടെന്ന് വസന്തം വിരിയുന്നത് കണ്ടു.. കള്ളിമുണ്ടും ഇളം നീല ഷർട്ടും..ജീവിത സാഫല്യം എന്നൊക്കെ പറയുമല്ലോ.. ആ മുഹൂർത്തത്തെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ തോന്നുന്നില്ല.. എല്ലാരും നന്നായി പഠിക്കണം കേട്ടോ.. ആക്കുളത്താണ് ഷൂട്ടിങ്.. അവിടെ വന്നാൽ ഷൂട്ടിങ് കാണാം.. എന്നൊക്കെ പറഞ്ഞു.. ഓട്ടോഗ്രാഫും തന്നു.. ഒരു ചിത്രം അതാണ്..എല്ലാപേരോടും ഹൃദയപൂർവം കൈ വീശി അദ്ദേഹം റൂമിലേക്ക്‌ പോയി.
ഞങ്ങൾ നേരെ കിഴക്കേകോട്ടയിലേക്കു പാഞ്ഞു.. ആക്കുളത്തേക്കുള്ള ബസ് പിടിക്കാൻ.. ഷൂട്ടിങ് കാണാൻ..
ഇന്ന് ടീവിയിൽ അദ്ദേഹം അഭിനയിച്ച പഴയൊരു ഹിറ്റ്‌ സിനിമ കണ്ടപ്പോൾ അമൃത ഹോട്ടലും അദ്ദേഹത്തെ കണ്ടതും ഓർമയിൽ എത്തി

shortlink

Related Articles

Post Your Comments


Back to top button