Latest NewsNEWS

അഡ്വാന്‍സ് വാങ്ങിയ സിനിമയില്‍ നിന്നും പോലും തഴഞ്ഞു ; തന്റെ നായിക വേഷം തട്ടിയെടുത്ത നായികമാരെക്കുറിച്ച് കാവേരി

അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി നായികയായി പ്രേക്ഷക മനം കവര്‍ന്ന നായികയാണ് കാവേരി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ ഭാഷകളില്‍ സാന്നിധ്യമറിയിച്ച കാവേരിക്ക് അന്യ ഭാഷകളിലെന്ന പോലെ മലയാള സിനിമയില്‍ തിളങ്ങിയിരുന്നില്ല. എന്നാല്‍ തന്നെ തേടി നിരവധി അവസരങ്ങള്‍ എത്തിയിട്ടുണ്ടെന്ന് കാവേരി വെളിപ്പെടുത്തുന്നു. താരം അഭിനയിച്ച അമ്മാനം കിളി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിക്കുന്ന സിനിമകളാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ നായിക വേഷം തട്ടിയെടുത്ത നായികമാരെക്കുറിച്ച് കാവേരി നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്.

ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച തന്നെ രാജസേനന്‍ സാര്‍ വിളിച്ച് ഒരു ഗംഭീര കഥ പറഞ്ഞു. ജയറാം നായകനായി എത്തിയ കഥാനായകനായിരുന്നു അത്. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുകയും വാങ്ങി. എന്നാല്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് ഒരുപാടു ഞാന്‍ കരഞ്ഞുവെന്നും കാവേരി പറയുന്നു.

അതിനുശേഷം വര്‍ണ്ണപകിട്ട് എന്ന ചിത്രവും തനിക്കുവന്നു. എന്നാല്‍ അതിലും നായികാ സ്ഥാനത്തേക്ക് ദിവ്യ ഉണ്ണിയെത്തി. കൂടാതെ ദിലീപ് നായകാനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രവും തനിക്കു വന്നിരുന്നെന്നും എന്നാല്‍ അതും കൈയ്യില്‍ വന്നുപോയി എന്നും അങ്ങനെ നിരവധി വേഷങ്ങള്‍ തനിക്ക് നഷ്ടമായെന്ന് കാവേരി പറയുന്നു.

അന്നത്തെ നായികമാര്‍ക്കെല്ലാം പിആര്‍ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നുവെന്നും എന്നാല്‍ എനിക്കതില്ലാത്തതു കൊണ്ടാകാം അങ്ങനെയെല്ലാം സംഭവിച്ചതെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും താരം പറയുന്നു.

ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെ നായികയായെത്തിയ താരം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയ ശേഷം പിന്നീട് തെലുങ്കില്‍ മുന്‍നിര നടിയായി പേരെടുത്തു. അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാര്‍ഡും നേടിയിട്ടുണ്ട് കാവേരി. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്കിലെ പ്രമുഖ സംവിധായകന്‍ സൂര്യകിരണാണ് കാവേരിയുടെ ഭര്‍ത്താവ്

വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചെത്തുകയാണ് കാവേരി. എന്നാല്‍ ഇത്തവണ എത്തുന്നത് നടിയായിട്ടല്ല മറിച്ച് സംവിധായികയായിട്ടാണ്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന കെ.2.കെ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button