GeneralLatest NewsMollywood

കരയണ്ട കരയാന്‍ വേണ്ടി പറഞ്ഞതല്ല; നീ എന്താ പറഞ്ഞേ എനിക്ക് നിന്നോട് സ്നേഹമില്ലന്നോ !!

ഇതെല്ലാം ഞാന്‍ നിനക്കെഴുതിയ കത്തുകളല്ലേ വിഷപാടുകള്‍ വീണ് മഷി പാടുകളെല്ലാം മാഞ്ഞു കാണും തൃപ്തിയായില്ലേ നിനക്ക് . ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനമായി കിട്ടി.

മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണുവിന്റെ ജന്‍മദിനത്തില്‍ കുറിപ്പുമായി മിമിക്രി താരവും നടനുമായ വിനോദ് കോവൂര്‍. നെടുമുടി വേണുവിന്റെ മുന്നില്‍ അദ്ദേഹത്തെ അനുകരിച്ചപ്പോഴുണ്ടായ രസകരമായ അനുഭവത്തെ കുറിച്ചു പങ്കുവച്ച വിനോദ് കോവൂറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു.

വിനോദ് കോവൂരിന്റെ കുറിപ്പ്:

വര്‍ഷങ്ങള്‍ക്ക് മുമ്ബ് “അപ്പുണ്ണി ” എന്ന സിനിമ കണ്ട അന്ന് മുതല്‍ തുടങ്ങിയ ആരാധനയാണ് വേണു ചേട്ടനോട് . പിന്നെയും പിന്നെയും എത്ര എത്ര കഥാപാത്രങ്ങള്‍ . “ഭരതം ” സിനിമയുടെ ഷൂട്ട് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച്‌ നടന്ന അന്ന് ഒരു ഷൈക്ക് ഹാന്‍ന്റ് കൊടുക്കാന്‍ സാധിച്ചത് ഓര്‍മ്മയിലുണ്ട്. അഭിനയമോഹം കലശലായ് നടക്കുന്ന കാലം. കോമഡി പ്രോഗ്രാമുകളില്‍ ഏറ്റവും ഒടുവില്‍ സിനിമാ താരങ്ങളെ അനുകരിക്കുന്ന ഭാഗം വരുമ്ബോള്‍ നിര്‍മ്മലും ദേവനും നിരവധി താരങ്ങളെ അനുകരിക്കുമ്ബോള്‍ ഞാന്‍ ഒരു താരത്തെ മാത്രമാണ് അന്ന് അനുകരിക്കാറ് അത് വേണു ചേട്ടനേയാ.

അതുവരെ അനൗണ്‍സ് ചെയ്ത എന്റെ കൈയ്യില്‍ നിന്ന് മൈക്ക് വാങ്ങി ദേവന്റെ ഒരു അനൗണ്‍സ്മെന്റാ. എനി നിങ്ങളുടെ മുമ്ബിലേക്ക് അഭിനയത്തിന്റെ കൊടുമുടികള്‍ കയറി ചെന്ന നെടുമുടി വേണു എന്ന് . ഡയലോഗ് അങ്ങട്ട് പറഞ്ഞ് കഴിഞ്ഞാല്‍ കാണികളുടെ കൈയ്യടി കിട്ടുമ്ബോള്‍ ഒരു സന്തോഷാ . അന്നും ഇന്നും എന്നും വേണു ചേട്ടനെയാണ് ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കാറ്.വേണു ചേട്ടന്റെ അഭിനയ ശൈലിയോട് ഇഷ്ട്ടം കൂടി വന്നു. അങ്ങനെയിരിക്കെ ദേശീയ തലത്തിലും അംഗീകാരങ്ങള്‍ കിട്ടിയ സലിം അഹമ്മദ് സാറിന്റെ “ആദാമിന്റെ മകന്‍ അബു ” എന്ന സിനിമയില്‍ സലിംക്ക എനിക്ക് ഒരു വേഷം തന്നു . മീന്‍കാരന്‍ മൊയ്തീന്‍.

ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഡയരക്ടര്‍ സലിംക്ക പറഞ്ഞു ആദ്യ രംഗം വേണു ചേട്ടന്റെ കൂടെയാണെന്ന് . അടക്കാന്‍ പറ്റാത്ത സന്തോഷം സകല ദൈവങ്ങളോടും നന്ദി പറഞ്ഞു. സലിംക്ക എന്നെ വേണു ചേട്ടന് പരിചയപ്പെടുത്തി. ഞാന്‍ എന്റെ ആരാധനയെ കുറിച്ചെല്ലാം വേണു ചേട്ടനോട് പറഞ്ഞു. കാല് തൊട്ട് അനുഗ്രഹം വാങ്ങി അഭിനയിച്ചു. റിഹേഴ്സല്‍ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വേണു ചേട്ടന്‍ എനിക്ക് പറഞ്ഞു തന്നു . ആദ്യ ടേക്കില്‍ തന്നെ സീന്‍ ഓക്കെയായി .വേണു ചേട്ടന്റ അഭിനന്ദനവും കിട്ടി.

പിന്നീട് സത്യന്‍ അന്തിക്കാട് സാറിന്റെ “പുതിയ തീരങ്ങള്‍ ” എന്ന ചിത്രത്തിലും ഒന്നിക്കാന്‍ സാധിച്ചു. അന്നും ഒത്തിരി വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിച്ചു. ശേഷം “അമ്മ ” ഷോയുടെ റിഹേഴ്സല്‍ സമയത്ത് ഒഴിവു സമയം വേണുചേട്ടന്റ കൂടെയിരുന്ന് നാടന്‍പാട്ടുകളും പഴയ കാല പാട്ടുകളും പാടാനുള്ള ഭാഗ്യവും ഉണ്ടായി. അനുകരിക്കുമ്ബോള്‍ ഏത് ഡയലോഗാ പറയാറ് എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍ ഞാന്‍ അനുകരിച്ച്‌ തന്നെ ആ ഡയലോഗ് പറഞ്ഞ് കൊടുത്തു.

കരയണ്ട കരയാന്‍ വേണ്ടി പറഞ്ഞതല്ല.

നീ എന്താ പറഞ്ഞേ എനിക്ക് നിന്നോട് സ്നേഹമില്ലന്നോ . ഇതെല്ലാം ഞാന്‍ നിനക്കെഴുതിയ കത്തുകളല്ലേ വിഷപാടുകള്‍ വീണ് മഷി പാടുകളെല്ലാം മാഞ്ഞു കാണും തൃപ്തിയായില്ലേ നിനക്ക് . ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനമായി കിട്ടി. ഇന്നലെ ലാലേട്ടന്റെ പിറന്നാള്‍ ദിവസം ടീവിയില്‍ ചിത്രവും ഹിസ് ഹൈനസ് അബ്ദുള്ളയും കണ്ടപ്പോഴും കണ്ണിമ ചിമ്മാതെ നോക്കി നിന്നു വേണു ചേട്ടന്റെ അഭിനയ പാഠവം . ദൈവം ഇനിയും ഒരുപാട് ആയുസും ആയുരാരോഗ്യവും കൊടുക്കട്ടെ വേണു ചേട്ടന് എന്ന് ഈ ജന്മദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close