Latest NewsMollywoodNostalgia

കൊച്ചിന്‍ ഹനീഫയുമായി ഏറ്റുമുട്ടിയ ബാലചന്ദ്രമേനോന്‍!! തന്റെ താരങ്ങളെ നിഷ്പ്രഭരാക്കിയ സംഭവം വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍

ഡിഗ്രി പഠനകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ക്ക് മിമിക്രിയുമായി വീണ്ടും ഞാന്‍ അരങ്ങിലെത്തി. അതൊന്നുമായിരുന്നില്ല വലിയ കാര്യം

സംവിധാനം, അഭിനയം തുടങ്ങി സിനിമയിലെ വിവിധ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ താരമാണ് ബാലചന്ദ്രമേനോന്‍. കൊല്ലം ഫാത്തിമമാതാ കോളജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ കൈയടികളാണ് തന്നിലെ കലാകാരനെ വളര്‍ത്തിയതും താരമാക്കിയതുമെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു.

”പ്രാസംഗികന്‍, ഗായകന്‍, നടന്‍, കഥാകൃത്ത്…കൈവയ്ക്കാത്ത മേഖലകളില്ല. യൂണിയന്‍ സെക്രട്ടറി പദവി വേറെ. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ കാലം. അതുവരെ കൈവയ്ക്കാത്തൊരു രംഗത്തെ എന്റെ സ്വന്തം പരീക്ഷണവുമായി അതേ ഓഡിറ്റോറിയത്തിന്റെ വേദിയിലെത്തിയത് ആ വര്‍ഷമാണ്. മിമിക്രിയില്‍ എന്റെ ആദ്യവേദി. കഴിവു തെളിയിച്ചേ തീരൂ. അന്നത്തെ സൂപ്പര്‍താരങ്ങളായ സത്യനും മധുവും കൊട്ടാരക്കരയും പ്രേംനസീറും ഗായകരായ യേശുദാസും ജയചന്ദ്രനും കമുകറ പുരുഷോത്തമനുമെല്ലാം എന്നിലൂടെ എന്റെ കൂട്ടുകാര്‍ക്കു മുമ്പിലെത്തി. മിമിക്രി ഇത്ര ജനപ്രിയമായ കലയായി മാറിയിരുന്നില്ല അന്ന്.

അന്ന് കൊല്ലം ചിന്നക്കട കാനറബാങ്ക് മാനേജറായ സുബൈറും കാണിയായി ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പോകാന്‍ നേരം അദ്ദേഹം എന്നോടു പറഞ്ഞു, ”ബാങ്കിന്റെ വാര്‍ഷികം വരുന്നുണ്ട്, വിളിക്കാം വരണം’ എന്ന്. അദ്ദേഹം വാക്കുപാലിച്ചു. വാര്‍ഷികപരിപാടിയില്‍ എന്റെ മിമിക്രിയും ഉള്‍പ്പെടുത്തിയിരുന്നു. അന്നത്തെ ഫോട്ടോ ആണിത്. ആ ചടങ്ങില്‍ മുഖ്യാതിഥിയായി ജില്ലാ സെഷന്‍സ് ജഡ്ജ് എം. ശേഖരനും ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്റെ അവതരണം ഇഷ്ടപ്പെട്ടിട്ടാകണം ഒരു മംഗളപത്രം എഴുതിത്തന്നു. ‘അര്‍ഹമായ അവസരം ഈ കലാകാരനു നല്‍കിയാല്‍ കലാകേരളത്തിന് എന്നും അഭിമാനിക്കാവുന്ന ഒരു പുഷ്പമായി പൂത്തുലയുക തന്നെ ചെയ്യും. എന്റെ എല്ലാ ആശംസകളും…’ അന്നത് വലിയ സംഭവമായിരുന്നു

പിന്നീട് ഡിഗ്രി പഠനകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ക്ക് മിമിക്രിയുമായി വീണ്ടും ഞാന്‍ അരങ്ങിലെത്തി. അതൊന്നുമായിരുന്നില്ല വലിയ കാര്യം. അന്ന് മിമിക്രിക്ക് ഒന്നാം സ്ഥാനം അടിച്ചത് മഹാരാജാസ് കോളജിന്റെ പ്രതിനിധിയായി എത്തിയ ഒരു ഹനീഫയ്ക്കാണ്. പിന്നീട് കൊച്ചിന്‍ ഹനീഫ എന്ന പേരില്‍ പ്രശസ്തനായ നമ്മുടെ പ്രിയപ്പെട്ട നടന്‍! അദ്ദേഹം അന്ന് അവതരിപ്പിച്ച ശിവാജി ഗണേശനു മുമ്പില്‍ ഞാന്‍ അവതരിപ്പിച്ച നടന്‍മാരെല്ലാം നിഷ്പ്രഭരായി. അങ്ങനെ ഞാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു”.- ബാലചന്ദ്രമേനോന്‍ തന്റെ മിമിക്രികാലത്തെ ഓര്‍മകള്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button