GeneralLatest NewsMollywood

അവർ വണ്ടിയിൽ അടിക്കുകയും ഇറങ്ങി വാടാ എന്നൊക്കെ ആക്രോശിക്കുകയും ചെയ്തു, കഴിഞ്ഞ ആഴ്ച ഞങ്ങൾ ചടയമംഗലത്തു ഒരു വീട് കത്തിച്ചു.. !!

ഞങ്ങൾ വന്ന സുമോയിൽ രണ്ടാഴ്ച മുമ്പ് ഒരു സംഘം ഗുണ്ടകൾ ചടയമംഗലത്ത് ഒരു വീട് ആക്രമിച്ചു.. തീയിട്ടു.. എഫ് ഐ ആർ ൽ അതിന്റെ വിശദ വിവരങ്ങൾ കാണിച്ചു തന്നു. ശെരിയാണ്..ഒരേ നമ്പർ..

സിനിമയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. എന്നാല്‍ ഗുണ്ടകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു പോലീസ് പിടിയില്‍ ആയ ഒരു സംഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാക്കൃത്ത് കൃഷ്ണ പൂജപ്പുര. ഒരു വെളുത്ത ടാറ്റാ സുമോയില്‍ എംസി റോഡിൽ വരുമ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

പോലീസ് സ്റ്റേഷനിൽ ഒരു രാത്രി
*******************************
(ഞാൻ കൂടി അംഗമായ ഒരു ഗുണ്ടാ സംഘത്തിന്റെ കഥ). ആ കറുത്ത ഭീകര രാത്രിയിൽ ഒരു വെളുത്ത ടാറ്റാ സുമോ പാഞ്ഞു വരികയാണ്. എംസി റോഡിൽ. ചടയമംഗലം നിലമേൽ കഴിഞ്ഞു കിളിമാനൂർ സമീപിക്കുന്നു.വർഷങ്ങൾക്ക് മുമ്പാണ്. സമയം രാത്രി പന്ത്രണ്ടര മണി. വണ്ടിയിൽ ഉണ്ടായിരുന്നവർ.. 1) എഴുത്തുകാരനും കാസർഗോഡ് കളക്ടറുമായിരുന്ന പിസി സനൽകുമാർ ഐഎഎസ്, 2)എഴുത്തുകാരനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനുമായ വി സുരേശൻ3) എഴുത്തുകാരനും പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറുമായ ജേക്കബ് സാംസൺ 4) നടനും ഇപ്പോൾ തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനുമായ ദീപക് ട്വിങ്കിൾ സനൽ(സനൽകുമാർ സാറിന്റെ മകൻ )……5) ദീപകിന്റെ കൂട്ടുകാരൻ ശ്യാം രജി(നടൻ ) പിന്നെ ഞാനും. പുനലൂരിനടുത്തു ഒരു സാംസ്കാരിക സമ്മേളനവും നർമ്മ പരിപാടിയും കഴിഞ്ഞുള്ള വരവാണ്. എല്ലാരും മയക്കത്തിലാണ്.

ട്വിസ്റ്റ്‌
*****
പെട്ടെന്ന് വണ്ടി ഒന്നുലയും പോലെ.. ഞെട്ടിയുണർന്നു നോക്കുമ്പോൾ ഞങ്ങളുടെ വണ്ടി ബ്ലോക്ക് ചെയ്തു ഒരു അംബാസഡർ കാർ.. അതിൽ നിന്നും നാലഞ്ചു പേർ ചാടിയിറങ്ങുന്നു.. എന്താണ് സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചു.. അവർ ബഹളം വച്ച് ഞങ്ങളുടെ കാറിൽ അടിക്കുകയാണ്. .ഞങ്ങളുടെ വണ്ടി ആരെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്‌തോ.. അവർ വണ്ടിയിൽ അടിക്കുകയും ഇറങ്ങി വാടാ എന്നൊക്കെ ആക്രോശിക്കുകയും ചെയ്യുന്നു. എനിക്ക് മനസ്സിലായി,. ഗുണ്ടകളാണ്.. ഞങ്ങളെ ആക്രമിച്ച്ചു കൊള്ളയടിക്കാനുള്ള നീക്കങ്ങളാണ്.. ഇതിനിടെ ഗ്ലാസ് ഒന്ന് താഴ്ത്തിയപ്പോൾ ഗുണ്ടാ സംഘത്തിലെ ഒരംഗം അകത്തേക്ക് കൈയിട്ട് ഞങ്ങളെ പിടിക്കാൻ ശ്രമിച്ചതു ഞങ്ങൾ പെട്ടെന്ന് ഗ്ലാസ് ഉയർത്തി പ്രതിരോധിച്ചു..

ഒരു ഗുണ്ടാസംഘത്തെ ഇത്ര അടുത്ത് ആദ്യമായി കാണുകയാണ്. ഇതിനിടെ ഒന്നുരണ്ട് ഓട്ടോറിക്ഷ സുഹൃത്തുക്കൾ എത്തി. ഗുണ്ടകൾ ഓട്ടോക്കാരോട് ഞങ്ങളെ ചൂണ്ടി എന്തോ പറയുന്നു.. പറയുന്നത് ഞങ്ങൾ കേട്ടു.. പറയുന്നതെന്താണെന്നുവെച്ചാൽ ഞങ്ങൾ അതിഭയങ്കരരായ ഗുണ്ടകളാണ്.. കഴിഞ്ഞ ആഴ്ച ഞങ്ങൾ ചടയമംഗലത്തു ഒരു വീട് കത്തിച്ചു.. ഇന്ന് വേറെ ഏതോ ആക്രമണം നടത്തി വരികയാണ്..
മൈ ഗോഡ്.. ഞങ്ങൾ ഗുണ്ടകളോ.. പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ പറയാൻ പാടുണ്ടോ? ‘എന്നിലെ മൃഗത്തെ പുറത്തു വരുത്തരുതെന്ന് വീട്ടിൽ ഞാൻ ഷൗട്ട്ചെയ്യുമ്പോൾ, ‘ഓ എലിയെ ആർക്കാണ് പേടി’ എന്ന മട്ടിലാണ് ഭാര്യ പോലും പ്രതികരിക്കുന്നത്… ആ ഞാൻ ഗുണ്ടയോ? .. മിനിമം പതിനഞ്ചു പ്രാവശ്യം ലൈറ്റർ അടിക്കാതെ ഗ്യാസ് കൂടി കത്തിക്കാൻ പറ്റാത്ത ഞാൻ വീട് കത്തിച്ചെന്നോ? ഞാൻ ഞങ്ങളുടെ ടീം അംഗങ്ങളുടെ മുഖങ്ങൾ ശ്രദ്ധിച്ചു.. കീരിക്കാടൻ ജോസ്.. പഴയ കെ പി ഉമ്മർ ജോസ് പ്രകാശ് എന്നിവരുടെ കഥാപാത്രങ്ങളെ ഞാൻ ഞങ്ങളിൽ കണ്ടു..

പോലീസ്
**********
ആ സമയം അതാ സിനിമയിലെന്ന പോലെ പോലീസ് ജീപ്പ് വരുന്നു. സംഘർഷം ആരംഭിച്ചപ്പോൾ തന്നെ ദീപക് സംയമനത്തോടെ പൊലീസിനെ വിളിച്ചു കഴിഞ്ഞിരുന്നു..കാസർകോഡ് കളക്ടറെയും എഴുത്തുകാരെയും ഗുണ്ടകൾ ആക്രമിക്കുന്നു . പോലീസ് വന്നതും ഞങ്ങൾക്ക് അപാരമായ ധൈര്യമായി… എസ്ഐക്ക് സനൽകുമാർ സാറിനെ അറിയാം. എസ് ഐ സനൽകുമാർ സാറിനെ ഒന്ന് സല്യൂട്ട് ചെയ്തു.. ഹോ. നമ്മൾ ഒരു പ്രശ്നത്തിൽ പെട്ടു നിൽക്കുമ്പോൾ രക്ഷകരായി പോലീസ് വരുമ്പോഴുള്ള ആ ത്രിൽ. ഇപ്പോൾ മറ്റേ ടീം ഒന്നു പതറി.. ഗുണ്ടകൾക്ക് പോലീസ് സല്യൂട്ട് ചെയ്യില്ലല്ലോ.. പോലീസിനെ കണ്ടപ്പോൾ ഓടാത്തതുകൊണ്ട് അവർ ഗുണ്ടകൾ അല്ലെന്നു ഞങ്ങൾക്കും മനസ്സിലായി.. അപ്പോൾ എവിടെ എന്താണ് പ്രശ്നം..

പ്രശ്നം
*******
അടുത്ത രംഗം കിളിമാനൂർ പോലീസ് സ്റ്റേഷനിലാണ്.. എസ് ഐ സംഗതി വിശദീകരിച്ചു.. ഞങ്ങൾ വന്ന സുമോയിൽ രണ്ടാഴ്ച മുമ്പ് ഒരു സംഘം ഗുണ്ടകൾ ചടയമംഗലത്ത് ഒരു വീട് ആക്രമിച്ചു.. തീയിട്ടു.. എഫ് ഐ ആർ ൽ അതിന്റെ വിശദ വിവരങ്ങൾ കാണിച്ചു തന്നു. ശെരിയാണ്..ഒരേ നമ്പർ.. ആദ്യ ആക്രമണം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇതേ സുമോ വീണ്ടും ആ പ്രദേശത്ത് ചെന്നു.. വീണ്ടും വരുമെന്ന്‌ ഉറപ്പുള്ളതുകൊണ്ട് നാട്ടുകാർ സംഘടിച്ച് സുമോ ആൻഡ് കോ യെ കാത്തിരി ക്കുകയായിരുന്നു.. ആ സമയത്താണ് ഇതിലും വലുത് എന്തോ
അനുഭവിക്കാൻ ജാതക യോഗം ഉള്ള ഞങ്ങൾ അതേ സുമോയിൽ പുനലൂർ പോയി വരുന്നത്..റെന്റിനു ഓടുന്ന വണ്ടി പല ദിവസവും പലരാണെടുക്കുന്നതെന്ന് ഡ്രൈവറും വിശദീകരിച്ചു..

സൗഹൃദം
**********
ഇതിനിടയിൽ മറ്റേ ടീമും ആശ്വാസ സ്നേഹവചനങ്ങൾ തുടങ്ങി.. സനൽകുമാർ സാറിന്റെ പാട്ടൊക്കെ വലിയ ഇഷ്ടമാണെന്നും അപ്പോഴത്തെ ടെൻഷനിൽ സാറിനെ ശ്രദ്ധിക്കാത്തതാണെന്നും സാഹിത്യകാരന്മാർ നാടിന്റെ നട്ടെല്ലുകളാണെന്നും ഒക്കെ അവർ പറഞ്ഞു.. ഞങ്ങൾ പോകാൻ അവർ അവരുടെ കാശ് ചെലവാക്കി ഒരു വാഹനവും അറേഞ്ച് ചെയ്തു. ഒന്നും മനസ്സിൽ വെക്കരുത് എന്ന് അവർ പറഞ്ഞു. വാസ്തവത്തിൽ ഞങ്ങൾക്ക് അവരോട് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ഗുണ്ടകളെ തടഞ്ഞു വച്ചു പോലീസിൽ ഏൽപ്പിക്കുക എന്നത് മാത്രമായിരുന്നല്ലോ അവരുടെ ഉദ്ദേശം… നേരെമറിച്ച്, തലയ്ക്കടിച്ചു വീഴ്ത്തി പോലീസിനെ അറിയിക്കുക എന്നാണ് അവർ കാര്യപരിപാടി ക്രമീകരിച്ചിരുന്നതെങ്കിലോ..? ആൻഡ്രോയ്ഡ് ഫോൺ ഒന്നും നിലവിൽ വരാത്തതിനാൽ സെൽഫി എടുക്കൽ ഒഴികെ ബാക്കി എല്ലാ ആഹ്ലാദപ്രകടനങ്ങളും നടന്നു.ഞങ്ങളുടെ സുമോ, അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തു

ഗുണപാഠം
***********
ഈ സംഭവം ഒരു കാര്യമാണ് എന്നെ പഠിപ്പിച്ചത്.ജീവിതത്തിൽ ഏത് സമയവും ഒരു അപ്രതീക്ഷിത കാര്യം സംഭവിക്കാം. ഒരു സാഹചര്യത്തിലും മനസംയമനം വിടരുത്. ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ തന്നെ എന്റെ മനസ്സ് ആകെ പതറി. പക്ഷേ ദീപക്ക് കൃത്യമായി ചെയ്യേണ്ടത് ചെയ്തു.. പോലീസിനെ വിളിച്ചു..

കോമഡി
*********
.. അപകടഘട്ടം ഒക്കെ കഴിഞ്ഞാൽ പിന്നെ നമുക്ക് കോമഡി വരുമല്ലോ,(അവസ്ഥ നല്ലതാണെങ്കിൽ നൊസ്റ്റാൾജിയ വരുമ്പോലെ) എന്റെ കോമഡി ഇങ്ങിനെ ആയിരുന്നു :
“നമ്മുടെ പ്രസംഗം കേട്ടചിലർ, വണ്ടി പിടിച്ച് തല്ലാൻ വരുന്നതാണ് എന്നാണ് ഞാൻ കരുതിയത് ” എന്നു ഞാൻ പറഞ്ഞപ്പോൾ അതാ സനൽകുമാർ സാറിന്റെ മറുപടി “ഏയ് അവർ പ്രസംഗം കേട്ടവർ ആയിരിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.. അങ്ങനെയായിരുന്നെങ്കിൽ അടി ആയിരിക്കില്ല വെടി ആയിരിക്കില്ലേ നടക്കുന്നത്”

N.b.ഈ സംഭവത്തെക്കുറിച്ച് ദീപക് പിന്നീട് അന്വേഷിച്ചു. യഥാർത്ഥ ഗുണ്ടകളെ പിടികിട്ടി എന്നറിഞ്ഞു..

shortlink

Post Your Comments


Back to top button