GeneralLatest NewsMollywood

ശമ്പളം തിന്നു മുടിക്കാൻ കുറെ അട്ടകൾ അതിനകത്തുണ്ടല്ലൊ; വിമര്‍ശനവുമായി സംവിധായിക

സ്വന്തം സൗകര്യങ്ങളും ഉയർച്ചകളും ഉപേക്ഷിച്ച്‌ മൂന്നാലു വർഷം വയനാട്ടിൽ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്‍റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക്‌ ചുരുളി

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്ത് വരുന്ന പുതിയ ചിത്രം ചുരുളി വിവാദത്തില്‍. ചിത്രത്തിന്‍റെ ടൈറ്റിലിനെതിരെയാണ് വനിതാ സംവിധായിക സുധ രാധിക മോഷണം ആരോപിച്ചത്. ഇന്നലെ ലിജോയുടെ ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ചുരുളി കോപ്പിയടിയാണെന്നു സുധ രാധിക വെളിപ്പെടുത്തി. അതിനു പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായിക. എങ്ങനെയാണു ഒരു റ്റൈറ്റിൽ രണ്ടു പേർ റെജിസ്റ്റർ ചെയ്യുകഎന്നതിനുള്ള മറുപടിയാണ് സുധയുടെ രണ്ടാമത്തെ പോസ്റ്റ്‌.

പോസ്റ്റ്‌

ലിജൊയുമായി റ്റൈറ്റിൽ ഇഷ്യു പോസ്റ്റ്‌ ചെയ്തപ്പോൾ പലരും ചോദിച്ചു എങ്ങനെയാണു ഒരു റ്റൈറ്റിൽ രണ്ടു പേർ റെജിസ്റ്റർ ചെയ്യുക എന്നു. അവിടെയാണു മലയാള സിനിമ എന്ന മാഫിയയുടെ അടുത്ത സഹോദരസ്ഥാപനം ‘കേരള ഫിലിം ചേമ്പർ ഒഫ്‌ കോമെഴ്സ്‌” വരുന്നത്‌. ഫിലിം ചേമ്പർ ഒരു സ്വകാര്യ സ്ഥാപനമാണു. സിനിമയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അവിടെ ചെന്ന് കമ്പനി റെജിസ്റ്റർ ചെയ്യണം, സംഭാവനകൾ മുതൽ ഫീസുകളുമൊക്കെയായി നല്ലൊരു തുക കെട്ടിവയ്ക്കണം. FEFKA മെമ്പർഷിപ്‌ ഒക്കെ വേണമെന്നാണു അലിഖിത നിയമം. ഈ ചടങ്ങൊക്കെ നടന്നു കിട്ടിയാൽ , ചേമ്പറിൽ title registration സാധ്യമാവു. ഒരു വർഷം വാലിഡിറ്റി ഉള്ള ഈ ചടങ്ങിനു പറഞ്ഞു വരുമ്പോൾ ഒരു ലക്ഷമൊക്കെ ചിലവുണ്ട്‌. മാത്രമല്ല ഒരു വിസിറ്റിൽ നടക്കേം ഇല്ല്യ. അതുകൊണ്ട്‌ പത്തിരുപത്‌ ദിവസം നാട്ടിൽ വരുന്നവർക്ക്‌ എളുപ്പമല്ല. ഞാനതുകൊണ്ട്‌ കേരളത്തിലല്ല റെജിസ്റ്റർ ചെയ്തത്‌. കേന്ദ്ര സർക്കാരിന്റെ കീഴിൽ ഏതെങ്കിലും മുംബൈ കമ്പനിയെ ക്രിയേറ്റീവ്‌ അസെറ്റ്‌ റെജിസ്റ്റർ ചെയ്യാൻ ഏൽപ്പിച്ചാലും നല്ല സംഖ്യ ചിലവുണ്ട്‌. അടുത്ത കാലം വരെ ഫിലിം ചേമ്പർ കത്തു തന്നാലെ സെൻസർഷിപ്‌ സാധ്യമാകുമായിരുന്നുള്ളു.
സർക്കാരിനു രണ്ടു സ്ഥാപനങ്ങൾ കേരളത്തിലെ സിനിമയെ ഉദ്ധരിക്കാനായി അഹോരാത്രം കഷ്ടപ്പെടുന്നുണ്ട്‌, ചലചിത്ര അകാദമിയും KSFDCയും . അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധമായ ഈ രണ്ടെണ്ണവും ഇപ്പോൾ ഫെഫ്ക പ്രൊഡ്യൂസേഴ്സിന്റെ ചൊൽപ്പടിയിലാണു താനും. എന്നാൽ പിന്നെ സ്ക്രിപ്റ്റ്‌ , റ്റൈറ്റിൽ റെജിസ്റ്റ്രേഷനൊക്കെ അവിടെ സാധ്യമാക്കരുതൊ. ശമ്പളം തിന്നു മുടിക്കാൻ കുറെ അട്ടകൾ അതിനകത്തുണ്ടല്ലൊ .

സുധയുടെ ആദ്യ പോസ്റ്റ്‌

കോപ്പിയടിച്ച്‌ കോപ്പിയടിച്ച്‌ ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ . ആന്തോളജി “R factor” വർഷങ്ങൾക്ക്‌ മുൻപ്‌ അമേരിക്കൻ റൈറ്റേഴ്സ്‌ ഗിൽഡിൽ രജിസ്റ്റർ ചെയ്തപ്പോൾ മുതൽ “ചുരുളി” എന്ന പേരും അതിലുണ്ട്‌. ഒരു വർഷത്തിലധികമായി KSFDC യിൽ ‘ചുരുളി’ സബ്മിഷൻ. അതിനായി വീണ്ടും ഒറ്റയ്ക്ക്‌ എടുത്ത്‌ register ചെയ്തതാണു. ദീദി എന്‍റെ സ്ക്രിപ്റ്റ്‌ കുറ്റപ്പെടുത്തിയത്‌ ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു. അതിൽ വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, KSFDC / ചലച്ചിത്ര അക്കാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്ക്രിപ്റ്റ്,‌ അവരുടെ തന്നെ പരിഗണനയ്ക്ക്‌ അയച്ച ഞാൻ ആരായി! KSFDC 100% അഴിമതിയിൽ ആ പ്രൊജെക്റ്റ്‌ സ്വന്തക്കാർക്ക്‌ കൊടുത്തെങ്കിലും എനിക്കത്‌ ഉപേക്ഷിക്കാൻ കഴിയില്ല. അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റിൽ അത്‌ സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അടുത്ത പണി, അതും എട്ടിന്‍റെ പണി. അന്താരാഷ്ട്ര ഭീമനായ ലിജൊ ജോസ്‌ പെല്ലിശ്ശേരിയും “ചുരുളി” അനൗൺസ്‌ ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ്‌ ഘോരഘോരം മാർക്കറ്റ്‌ ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട്‌ ഒരു പടം നേരാം വണ്ണം ചെയ്യാൻ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്‍റെ മാനസ പുത്രിയാണെന്നു. സ്വന്തം സൗകര്യങ്ങളും ഉയർച്ചകളും ഉപേക്ഷിച്ച്‌ മൂന്നാലു വർഷം വയനാട്ടിൽ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്‍റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക്‌ ചുരുളി എന്ന്. കച്ചവടമാണു സിനിമ എന്നു വിജയിച്ചു നിൽക്കുന്നവരോട്‌ ഏറ്റുമുട്ടാൻ നമ്മളില്ല , പക്ഷെ നിയമപരമായി ആ ടൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്തത്‌ ഞാനാണെന്നൊരു സത്യം അറിയിക്കുന്നു. കഴിയുന്ന പോലെ അത്‌ കളയാതെ നിർത്താൻ ശ്രമിക്കും. അത്രേള്ളു, മുത്തങ്ങ സമരത്തിന്‍റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോൾ നിസ്സഹായത കൊണ്ട്‌ ശ്വാസം പിടഞ്ഞ്‌ ഇരുട്ടിലേയ്ക്ക്‌ തുറന്ന കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പഴും നെഞ്ചിലുണ്ട്‌, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവർക്ക്‌ വേണ്ടിയാണിത്‌ ചെയ്യുന്നത്‌, നിസ്സഹായയും ഏകാകിയുമായ ഒരു സന്യാസിനിയുടെ കർമ്മം.

Related Articles

Post Your Comments


Back to top button