GeneralKollywoodLatest News

മേക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി സമീറ; വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നവരോട് സമീറ ചെയ്തത്..

വെളുത്ത ചർമം കിട്ടാൻ നടത്തിയ പെടാപ്പാടുകളും ഇൻഡസ്ട്രിയുടെ അളവുകോലുകൾക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താൻ ശ്രമിച്ചതുമൊക്കെ.

നായികമാരുടെ അഴകളവുകളില്‍ കണ്ണുടക്കുന്ന പ്രേക്ഷകര്‍ വെള്ളിവെളിച്ചത്തിന്റെ മാസ്മരികതയില്‍ ആ നായികമാരെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. എന്നാല്‍ മേക്കപ്പ് ഇല്ലാതെ ഈ താരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും ഓരത്തേക്ക് മാറ്റിനിർത്തപ്പെടുന്നവരെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിക്കുകയാണ് സമീറ റെഡ്ഡി. നര തിങ്ങിയ മുടിയും മുഖക്കുരു നിറഞ്ഞ മുഖവുമായി പ്രസവനാനന്തരമുണ്ടായ ശാരീരിക മാറ്റങ്ങളെ പൊതിഞ്ഞു പിടിക്കാതെ വെളിച്ചത്തിലേക്ക് വരാൻ മനസു കാട്ടിയ സമീറയെ അഭിനന്ദിക്കുകയാണ് എഴുത്തുകാരനും ആരോഗ്യപ്രവര്‍ത്തകനുമായ ഡോ.നെൽസൺ ജോസഫ്. എല്ലാ വിധ ബോഡി ഷെയിമിങ്ങുകൾക്കുമെതിരെ പൊരുതുന്ന സമീറയെയാണ് നമുക്ക് കാണാനാകുന്നത് എന്ന് ഡോ. നെൽസൺ പറയുന്നു. പുതിയ സമീറയെ കാണുമ്പോൾ വാരണം ആയിരത്തിൽ കണ്ടതിനെക്കാൾ പുതിയ ആയിരം മടങ്ങ് സന്തോഷം തോന്നിക്കുന്നുവെന്നും ഡോ. കുറിക്കുന്നു.

നെൽസന്റെ കുറിപ്പ്

സമീറ റെഡ്ഡിയുടെ ആദ്യമായി കാണുന്ന സിനിമ വാരണം ആയിരമാണ്. സൂര്യയുടെ കഥാപാത്രത്തിന് ഒറ്റ നോട്ടത്തിൽ പ്രണയം തോന്നി എന്ന് പറഞ്ഞത് അതിശയോക്തിയായി തോന്നിയില്ല അന്ന്. അന്ന് സൂര്യയുടെ കഥാപാത്രത്തിന്റെ മാത്രമല്ല, മറ്റ് ഒരുപാടുപേരുടെ മനസിൽ കയറിപ്പറ്റിയിരിക്കും വാരണം ആയിരത്തിലെ മേഘ്ന. ഇപ്പൊ വീണ്ടും സമീറയെ കണ്ടു, അവരുടെ ഒരു ഫോട്ടോയിൽ…അതിനു പിന്നിലെ കഥ കൂടി അറിഞ്ഞപ്പൊ ആദ്യമായി കണ്ടപ്പൊ തോന്നിയ ഇഷ്ടത്തെക്കാൾ ഒരുപാട് ബഹുമാനം തോന്നി അവരോട്. ഒരു വയസുള്ള ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു പ്രൈവറ്റ് മെസ്സേജിൽ നിന്നാണ് തുടക്കം. ആ അമ്മയ്ക്ക് സമീറയെ കാണുമ്പൊ സ്വയം വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നുവെന്നായിരുന്നു മെസ്സേജ്.

അതെത്തുടർന്നാണ് മേക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്യാൻ സമീറ തീരുമാനിച്ചത്… താരതമ്യം ചെയ്യല്ലേ എന്ന് സമീറ ഇൻസ്റ്റ വിഡിയോയിലൂടെ അഭ്യർഥിക്കുന്നുണ്ട്.

ഒരു കാലത്ത് സ്വന്തം സഹോദരിമാരോടും പിന്നെ സിനിമയിൽ വന്നപ്പൊ മറ്റ് അഭിനേത്രികളോട് എല്ലാവരോടും താരതമ്യം ചെയ്യപ്പെട്ടതിനെക്കുറിച്ചും വെളുത്ത ചർമം കിട്ടാൻ നടത്തിയ പെടാപ്പാടുകളും ഇൻഡസ്ട്രിയുടെ അളവുകോലുകൾക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താൻ ശ്രമിച്ചതുമൊക്കെ.

എല്ലാ വിധ ബോഡി ഷെയിമിങ്ങുകൾക്കുമെതിരെ പൊരുതുന്ന സമീറയെയാണ് ഇപ്പൊ ആ വിഡിയോയിൽ കാണാൻ കഴിയുന്നത്. ഒരിക്കൽ നമ്മളിൽ പലരും നേരിട്ടിട്ടുള്ള, സ്വയം നേരിടുമ്പോഴും മറ്റുള്ളവരോട് ചെയ്തിട്ടുള്ള ഒരു കാര്യമാണ് ബോഡി ഷെയിമിങ്ങ്.

ഒരു കാലത്ത് അതൊരു സ്വഭാവികമായ കാര്യമായിരുന്നു, ഇപ്പൊ പക്ഷേ അതൊരു തെറ്റാണ് എന്ന് സമൂഹം പതിയെ മനസിലാക്കി വരുന്നുവെന്ന് ഒരു വ്യത്യാസമുണ്ട്. ഇപ്പൊഴും ഇടയ്ക്കിടയ്ക്ക് കമന്റുകളിലും പിന്നെ ചിലർ മറ്റ് പലയിടങ്ങളിലും ഇടുന്ന പോസ്റ്റുകളിലുമൊക്കെ ആണും പെണ്ണും കെട്ട രൂപമെന്ന ഓർമിപ്പിക്കലുകൾ കാണാറുണ്ട്. പണ്ട് മീശയില്ലാത്തത്, ശബ്ദത്തിനു ഗാംഭീര്യമില്ലാതിരുന്നത് വലിയൊരു അപകർഷതയുടെ കാരണമായിരുന്നെങ്കിൽ ഇപ്പൊ ആ കമൻ്റുകൾ കാണുമ്പൊ ആണ് – പെണ്ണ് എന്നീ രണ്ട് കാര്യങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവരുടെ അജ്ഞതയോട് തോന്നുന്ന സഹതാപം മാത്രമായി അത് ചുരുങ്ങി. താരതമ്യം ചെയ്യാതെ സന്തോഷമായിരിക്കുവാനാണ് സമീറ പറയുന്നത്…
മനസിനും ശരീരത്തിനുമുള്ള ആരോഗ്യവും സന്തോഷവുമാണ് എങ്ങനെയാണ് ശരീരത്തിന്റെ രൂപം എന്നതിനെക്കാൾ മുഖ്യം എന്നും.അന്ന് വാരണം ആയിരത്തിൽ കണ്ടതിനെക്കാൾ ആയിരം മടങ്ങ് സന്തോഷം തോന്നിക്കുന്ന, ബഹുമാനം തോന്നിക്കുന്ന നിലപാട്.

shortlink

Related Articles

Post Your Comments


Back to top button