GeneralLatest NewsMollywood

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ്; രോഗാവസ്ഥയില്‍ നിന്നും അതിജീവനത്തിന്റെ അനുഭവം വെളിപ്പെടുത്തി മേക്കപ് മാന്‍ ലിബിന്‍ മോഹനന്‍

അച്ഛനും അമ്മയും ഞാനും സുഖമായിരിക്കുന്നു. പ്രായമായവര്‍ക്ക് പേടി കൂടുതല്‍ ആണ് എന്നു മാത്രം. അച്ഛന് കുറച്ചു പേടി ഉണ്ടായിരുന്നു. ഞങ്ങളുടെ നിരന്തരമായ സപ്പോര്‍ട്ട് കൊണ്ട് അച്ഛന്റെ പേടി മാറ്റി എടുക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞു

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ് രോഗം ബാധിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മേക്കപ് മാന്‍ ലിബിന്‍ മോഹനന്‍. മാനസികമായി തളരാതിരിക്കുകയും വൈറസിനു മുന്നില്‍ അടിയറവു പറയാതിരിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നു ലിബിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ‘നമ്മള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുന്നതാണ് വിജയം. ആ വിജയത്തിന് നമുക്ക് എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമാണ്. അതിനുവേണ്ടി നമുക്കെല്ലാം ഒന്നിച്ച്‌ കൈ കോര്‍ക്കാം.നമ്മള്‍ തോല്‍ക്കണമെങ്കില്‍ നമ്മള്‍തന്നെ വിചാരിച്ചാല്‍ മാത്രമേ കഴിയൂ എന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ’ -എന്നും അദ്ദേഹം പറയുന്നു

ഫേസ്ബുക് പോസ്റ്റ് പൂര്‍ണരൂപം

‘കോവിഡ് എന്ന രോഗത്തെക്കുറിച്ച്‌ നമ്മുടെ ഇടയില്‍ ഒരു തെറ്റായ ധാരണയുണ്ട്. ഒട്ടു മിക്ക ജനങ്ങളുടെയും വിചാരം ഇത്‌ എയ്ഡ്‌സ് പോലുള്ള മാരക രോഗം ആണെന്നാണ്‌. എന്നാല്‍ ഒന്നു പറയട്ടെ ഇത് അത്തരത്തിലുള്ള ഒരു രോഗാവസ്ഥ അല്ല. പനിയോ, ചുമയോ മറ്റുള്ള രോഗലക്ഷണങ്ങള്‍ വരുമ്ബോള്‍ അത് കുറച്ചു കൂടുതല്‍ ആയിട്ടായിരിക്കും നമുക്ക്‌ അനുഭവപ്പെടുക എന്നു മാത്രം. അച്ഛന് തലവേദന ഒരു ദിവസം വന്നിരുന്നു, ശക്തമായ തലവേദനയായിരുന്നു അത്‌. എനിക്ക് പനി വന്നപ്പോള്‍ ഒരു മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ അത് 102ഡിഗ്രിക്കു മുകളില്‍ പോയി. ഇതൊക്കെയാണ് ഏറെ കുറെ ലക്ഷണങ്ങള്‍. ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചപ്പോള്‍ ആണ് ഇതൊക്കെയായിരുന്നു ലക്ഷണങ്ങള്‍ എന്ന് മനസിലാക്കിയത്

ഈ വൈറസ് ശരീരത്തിലുള്ളപ്പോള്‍ ചിലപ്പോള്‍ നമുക്ക്‌ മുന്‍പ് ഉണ്ടായിരുന്ന ചെറിയ വേദനകള്‍ ഒന്നുംതന്നെ തുടര്‍ന്ന് അനുഭവപ്പെടണം എന്നില്ല. എന്നാല്‍ ഈ വൈറസിന്റെ ശക്തി ക്ഷയിച്ചു തുടങ്ങുമ്ബോള്‍ ആ പഴയ വേദനകള്‍ നമുക്ക്‌ തിരിച്ചു വരുന്നതായി തോന്നാം. അതിനര്‍ഥം നമ്മള്‍ പൂര്‍വ സ്‌ഥിതിയിലേക്ക് മടങ്ങി വരുന്നതായി അനുമാനിക്കാം. ഇത്‌ എന്റെ മാത്രം തിരിച്ചറിവാണ്.

മരുന്നുകള്‍ കൂടാതെതന്നെ നമ്മള്‍ കുറച്ച്‌ മുന്‍കരുതല്‍ എടുക്കണം എന്നു മാത്രം. എല്ലാ വീടുകളിലും steamer (ആവിപിടിക്കുന്ന ഉപകരണം) വാങ്ങി വയ്ക്കുക, ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ വരുമ്ബോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് കഴിക്കുന്നതിനോടൊപ്പം ആവിപിടിക്കുക, ഉപ്പു വെള്ളം കവിള്‍ കൊള്ളുക, ഇടയ്ക്കിടയ്ക്ക് ചൂടു വെള്ളം കുടിക്കുക, ചുക്ക് കാപ്പി കുടിക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെതന്നെ ചെയ്യാവുന്നതാണ്.

പ്രധാനപ്പെട്ട ഒരു കാര്യം വൈറസിന് മുന്‍പില്‍ നമ്മള്‍ അടിയറവ് പറയാതിരിക്കുക എന്നതു തന്നെയാണ്. മാനസികമായി തളരാതിരിക്കുക എന്ന വസ്‌തുത കൂടി മറക്കാതിരിക്കുക. ഒരു ഡോക്ടര്‍ പറഞ്ഞു ഞാന്‍ അറിഞ്ഞത് ഈ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടു ദിവസം ഇത്‌ മറ്റുള്ളവരിലേക്ക് പടരാന്‍ ഉള്ള ശക്‌തി കൂടുതലാണ് എന്നാണ്. അതു കൂടാതെ തുടര്‍ച്ചയായ പത്തു ദിവസം ആണ് ഈ വൈറസ്‌ നമ്മുടെ ശരീരത്തെ കീഴ്പെടുത്താന്‍ ശ്രമിക്കുന്നത്. ആ പോരാട്ടത്തില്‍ നമ്മള്‍ അതിനെ അതിജീവിക്കണം എന്നു മാത്രം. അങ്ങനെയെങ്കില്‍ പതിനൊന്നാം ദിവസം മുതല്‍ വൈറസിന്റെ ശക്തി ക്ഷയിച്ചു തുടങ്ങും എന്നതാണ്. ഏറ്റവും വലിയ മരുന്ന് എന്ന് പറയുന്നത് നമ്മുടെ മനസ്സ് തന്നെയാണ് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തട്ടെ. മനസ്സിനെ കീഴ്പ്പെടുത്താന്‍ ഒരു വൈറസിനെയും അനുവദിക്കരുത്.ഒരിക്കല്‍ ഇത് വന്നാല്‍ പിന്നീട് വരില്ല എന്നൊന്നും ഒരിടത്തും പറയുന്നില്ല. എന്നുവച്ചാല്‍ തുടര്‍ന്നും നമ്മള്‍ ജാഗ്രതയോടെ മുന്നോട്ടു പോകണം എന്നുതന്നെ

എല്ലാവര്‍ക്കും ഉള്ള തെറ്റിധാരണ വീട്ടില്‍ ഇങ്ങനെ രോഗലക്ഷങ്ങളോടെ ഇരിക്കേണ്ടി വന്നാല്‍ പുറത്തുപോയി സാധനങ്ങളും മറ്റും വാങ്ങാന്‍ കഴിയില്ലല്ലോ എന്നതൊക്കെയാണ്. എന്റെ അനുഭവത്തില്‍ പറയുന്നു നിങ്ങളുടെ പരിസരത്തുള്ള ഏത്‌ വിഭാഗത്തില്‍പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരോടും നിങ്ങള്‍ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ അവര്‍ നമുക്ക് എന്ത്‌ സാഹായങ്ങളും ചെയ്യാന്‍ സദാ സന്നദ്ധരാണ് എന്നുള്ളതാണ്. കാരണം ഇത് കേരളമാണ്. രാഷ്ട്രീയത്തിന് അതീതമാണ് മനുഷ്യസ്നേഹം. ഇങ്ങനെയുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട ആവശ്യം വന്നാല്‍ ഉപയോഗപ്പെടുത്തുക. കൂടാതെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, ആശാ വര്‍ക്കര്‍ എന്നിവരുടെ നമ്ബര്‍ കൂടി കയ്യില്‍ വാങ്ങി സൂക്ഷിക്കുക

നമ്മള്‍ രണ്ട് വെള്ളപ്പൊക്കത്തെ അതിജീവിച്ചത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? മറ്റുള്ള ഇടങ്ങളില്‍ കുടുങ്ങി കിടന്നവരെ പലവിധ ഇന്‍ഫര്‍മേഷനിലൂടെയാണ് നമ്മള്‍ കരയ്ക്കെത്തിച്ചത്. എത്രപേരെയാണ് നമ്മള്‍ മരണത്തില്‍ നിന്നുവരെ രക്ഷിച്ചത്. അതായത് ലോകത്ത് ഇത്തരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് മലയാളികള്‍ തന്നെയാണ് എന്നത് അഭിമാനം ആണ്. ആ മലയാളിയില്‍ ഒരാള്‍ ആകാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ ഇന്നും അഭിമാനിക്കുന്നു. അതുപോലെതന്നെയാണ് ഈ രോഗലക്ഷ ണങ്ങള്‍ വന്നാലും ചെയ്യേണ്ടത്. നമ്മളുമായി ഇടപെട്ടവരെ ഉടന്‍ വിവരം അറിയിക്കുക,അവരോട്‌ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ പറയുക. കാരണം അവരുടെ വീടുകളിലും കാണും കൊച്ചു കുട്ടികളും കൈ കുഞ്ഞുങ്ങളും പ്രായമായവരും ഒക്കെ. അതുവഴി അവരുടെ ജീവന്‍ കൂടിയാണ് നമ്മള്‍ക്ക് രക്ഷിക്കാന്‍ കഴിയുക എന്ന് ചിന്തിക്കുക. അതിനുള്ള സമയം ഇനിയും വൈകിയിട്ടില്ല. അങ്ങനെ നമ്മുടെ കേരളീയര്‍ ചെയ്താല്‍ കേരളത്തില്‍ 50 ല്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാവില്ല എന്നു ഞാന്‍ അടിവരയിട്ടു പറയുന്നു. ഞാന്‍ ഒരാള്‍ മാത്രം ചിന്തിച്ചാല്‍ അതു സാധ്യമാവില്ല, നമ്മള്‍ എല്ലാവരും ഒറ്റകെട്ടായി പ്രയത്നിച്ചാല്‍ അതു സാധ്യമാകും. അതിന് എല്ലാവര്‍ക്കും കഴിയണം. കാരണം ഈ യുദ്ധത്തില്‍ വാക്‌സിന്‍ എത്തുന്നത് വരെ ജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, ഐക്യമത്യം മഹാബലം എന്നല്ലേ.

അച്ഛനും അമ്മയും ഞാനും സുഖമായിരിക്കുന്നു. പ്രായമായവര്‍ക്ക് പേടി കൂടുതല്‍ ആണ് എന്നു മാത്രം. അച്ഛന് കുറച്ചു പേടി ഉണ്ടായിരുന്നു. ഞങ്ങളുടെ നിരന്തരമായ സപ്പോര്‍ട്ട് കൊണ്ട് അച്ഛന്റെ പേടി മാറ്റി എടുക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ഇപ്പോഴുള്ള വലിയകാര്യം എന്നു പറയട്ടെ. അച്ഛനും സുഖമായിരിക്കുന്നു.പിന്നെ സര്‍ക്കാര്‍ സൗകര്യങ്ങള്‍ എല്ലാംതന്നെ വളരെ നല്ലതാണ്‌. താമസം, ഭക്ഷണം, ഡോക്ടര്‍, നഴ്‌സിങ് സംവിധാനങ്ങള്‍, കൗണ്‍സലിങ് തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചം ആണ്.രോഗം വരുന്നത് സ്വാഭാവികമാണ്. നമ്മള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുന്നതാണ് വിജയം. ആ വിജയത്തിന് നമുക്ക് എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമാണ്. അതിനുവേണ്ടി നമുക്കെല്ലാം ഒന്നിച്ച്‌ കൈ കോര്‍ക്കാം.നമ്മള്‍ തോല്‍ക്കണമെങ്കില്‍ നമ്മള്‍തന്നെ വിചാരിച്ചാല്‍ മാത്രമേ കഴിയൂ എന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ.’

shortlink

Related Articles

Post Your Comments


Back to top button