Film ArticlesGeneralLatest NewsMollywood

വിരഹത്തിന്റെ ധ്വനിയില്‍ ആരാധകരെ ലയിപ്പിച്ച ഗസലിന്‍റെ സുല്‍‌ത്താന്‍

ഒരു സിനിമാക്കഥ പോലെ ആരാധകരെ അതിശയപ്പിക്കുന്നതാണ് ഉമ്പായിയുടെ യഥാര്‍ത്ഥ ജീവിതം. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ ഇബ്രാഹിമിനുജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതത്തിന്റെ വഴികള്‍

പ്രണയ വിരഹ ഈണങ്ങളുടെ മാന്ത്രികതയില്‍ മലയാളത്തെ ഗസല്‍ മഴയില്‍ നനയിപ്പിച്ച പാട്ടുകാരന്‍… ഭാവാര്‍ദ്രതയും വിഷാദ മധുരവും അപൂര്‍വമായി സമ്മേളിച്ച
ഭാവശബ്ദത്തിലൂടെ ഗസല്‍ എന്ന കാവ്യശാഖയെ സാധരണക്കാരുടെ ഇടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന കലാകാരന്‍ ഉമ്പായിയുടെ ഓര്‍മകള്‍ക്ക് രണ്ടു വയസ്സ്.

മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഉമ്പായിയുടെ വഴികള്‍. അതുകൊണ്ട് തന്നെ പണ്ഡിതസദസുകളിലും കൊട്ടാരങ്ങളുടെ
അകത്തളങ്ങളിലും മുഴങ്ങിയ ഒരു സംഗീത ശാഖയെ സാധാരണക്കാരന്റെ ഇടയിലേയ്ക്ക് എത്തിക്കാന്‍ ആ കലാകാരന് കഴിഞ്ഞത്.

ആദ്യകാലങ്ങളില്‍ ഉമ്പായിയുടെ ഗസല്‍ ഈണങ്ങള്‍കേട്ട് പലരും നെറ്റിചുളിച്ചു. മലയാളത്തിലും കാതിന് ഇമ്പമാവുന്ന ഗസല്‍ ആവാം എന്ന് സ്വന്തം ശബ്ദത്തിലൂടെ
തെളിയിച്ചോടെ ആസ്വാദക ലക്ഷങ്ങള്‍ ആ പാട്ടുകളെ നെഞ്ചോട് ചേര്‍ത്തു. ബാബുരാജിനെയും എരഞ്ഞോളി മൂസയേയുമെല്ലാം വളര്‍ത്തിയ മലബാറിന്റെ
സ്നേഹത്തില്‍ ഗസല്‍രാത്രികള്‍ ആഘോഷമായി. വിരഹത്തിന്റെ ധ്വനി മുഴഞ്ഞിയ ഗസലുകളിലൂടെ പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും
പകര്‍ന്ന ഉമ്പായിയുടെ യഥാര്‍ത്ഥ പേര് ഇബ്രാഹിം എന്നാണ്. ഒരു സിനിമാക്കഥ പോലെ ആരാധകരെ അതിശയപ്പിക്കുന്നതാണ് ഉമ്പായിയുടെ യഥാര്‍ത്ഥ ജീവിതം. പഴയ
ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ ഇബ്രാഹിമിനു ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതത്തിന്റെ വഴികള്‍. ചുമട്,
കള്ളക്കടത്ത്, ഗുണ്ടായിസം തുടങ്ങി അദ്ദേഹം കടന്നുപോകാത്ത ജീവിതാനുഭവങ്ങളില്ല. തന്റെ ദുരിത ജീവിതത്തിന്റെ, കലാ വഴികളെക്കുറിച്ച് ‘രാഗം ഭൈരവി’ എന്ന
ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉമ്പായിയുടെ ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങിയത് 1988ലാണ്. ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. പാടുക സൈഗാള്‍,ഒരിക്കല്‍
നീ പറഞ്ഞൂ.. തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍. നോവല്‍ എന്ന സിനിമയ്ക്ക് അദ്ദേഹം സംഗീതവും നല്‍കിയിട്ടുണ്ട്. നോവലിലെ യേശുദാസും
മഞ്ജരിയും ആലപിച്ച ‘ഉറങ്ങാന്‍ നീയെനിക്കരികില്‍’ എന്നു തുടങ്ങുന്ന ഗാനം ഗസല്‍ രീതിയിലല്ല, പകരം മെലഡിയിലാണ് ഉമ്പായി ചിട്ടപ്പെടുത്തിയത്.

എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും സംഗീത സാന്ദ്രമാക്കിയ ഉമ്പായി ഒഎന്‍വിക്കവിതകളെ
ഗസലുകളുമായി ചേര്‍ത്തുകെട്ടി മലയാളിയെ മറ്റൊരു അനുഭൂതിയുടെ തലത്തില്‍ എത്തിച്ചു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്….’
എന്ന ഗാനം ഗസല്‍ സന്ധ്യകളില്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെ ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ “നീയല്ലെങ്കില്‍ മറ്റാരാണ് സഖീ’,
ഓര്‍മ്മകളില്‍ മെഹബൂബ്, ഒരിക്കല്‍ നീ പറഞ്ഞു, പ്രിയേ പ്രണയിനി, ഒറ്റയ്ക്ക് നിന്നെയും നോക്കി, അകലെ മൗനംപോല്‍, ഗസല്‍ പൂക്കള്‍, ഇതുവരെ സഖീ നിന്നെ
കാത്തിരുന്നു, നന്ദി പ്രിയ സഖി നന്ദി, നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖീ, ഒരു മുഖം മാത്രം, പിന്നെയും പാടുന്നു സൈഗാള്‍ എന്നിവയാണ് പ്രധാന ആല്‍ബങ്ങള്‍.

ഗസലിന്‍റെ സുല്‍‌ത്താനെന്ന വിളിപ്പേരില്‍ അസ്വാദക മനസ്സില്‍ ഇടം നേടിയ ഉമ്പായിയെ സംഗീത പ്രേമികള്‍ മറക്കില്ല. എന്നാല്‍ അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ
പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായില്ലെന്ന സത്യം വിഷാദ രാഗം പോലെ നിറയുന്നു.

shortlink

Related Articles

Post Your Comments


Back to top button