GeneralLatest NewsMollywood

മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് തകർച്ചയ്ക്ക് കാരണമായത്!!

ആള്‍ക്കൂട്ടത്തോട് ഉറക്കെ വിളിച്ച്‌ പറഞ്ഞു തല്ലിപൊളി പടം ആണ്, മോഹന്‍ലാലിന്റെ ശബ്ദം പോയി, വെറുതെ കാശ് കളയേണ്ട'...

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ചന്ദ്രലേഖ പുറത്തിറങ്ങി 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ അവസരത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഫീർ അഹമ്മദ് എന്ന പ്രേക്ഷകന്‍. മോഹൻലാല്‍ എന്ന നടന്റെ തകർച്ചയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പായിരുന്നു ഈ സിനിമയെന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

‘ദ് പ്രിൻസിൽ’ മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് തകർച്ചയ്ക്ക് കാരണമായത്. പിന്നാലെ പുറത്തിറങ്ങിയ ഇരുവർ, വർണപ്പകിട്ട്. ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങളും വേണ്ടത്ര വിജയം നേടിയില്ല. ഇതിനിടയിൽ മോഹൻലാലിന്റെ ശബ്ദം മാറി എന്നുമുള്ള വാർത്ത എങ്ങും പരന്നു. മോഹൻലാലിന്റെ കാലം കഴിഞ്ഞു, ഇനി സിനിമയിൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമർശകർ തലപൊക്കി. ഒപ്പം മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണെന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു. പക്ഷേ ചന്ദ്രലേഖ ആ വാർത്തകളെയെല്ലാം നിഷ്പ്രഭമാക്കി മുന്നേറിയ കഥയാണ് സഫീർ പങ്കുവയ്ക്കുന്നത്. നിരൂപണം വായിച്ച ശേഷം മോഹൻലാൽ അഭിനന്ദിക്കുന്ന ഓഡിയോ ക്ലിപ്പും സഫീർ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

സഫീറിന്റെ കുറിപ്പ് വായിക്കാം:

‘ചന്ദ്രയുടെ ആൽഫിയുടെയും ലേഖയുടെ അപ്പുക്കുട്ടന്റെയും 23 വർഷങ്ങൾ’

1997 സെപ്റ്റംബര്‍ മാസത്തിലെ അഞ്ചാം തിയതി, ഒരു വാഹന പണിമുടക്ക് ദിവസം, അന്നൊരു സിനിമ കേരളത്തില്‍ റിലീസ് ആയി,മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങള്‍ മാറ്റി മറിച്ച,മലയാളികളുടെ പ്രിയപ്പെട്ട പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ചന്ദ്രലേഖ…

ഇനിയൊരു ഫ്ളാഷ്ബാക്ക്…1996 ഓണക്കാലം,വമ്ബന്‍ പ്രതീക്ഷകളോടെ ബാഷ എന്ന രജനികാന്ത് സിനിമയുടെ സംവിധായകന്‍ സുരേഷ് കൃഷ്ണ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘ദ് പ്രിന്‍സ്’ എന്ന സിനിമ റിലീസ് ആയി… കേരളത്തിലെ തിയറ്ററുകളെ ജനസമുദ്രമാക്കി ദ് പ്രിന്‍സിന്റെ ആദ്യ ഷോ ആരംഭിച്ചു…സിനിമ തുടങ്ങി മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗം കഴിഞ്ഞപ്പോള്‍ തന്നെ തിയറ്ററിന്റെ ഇരുട്ടില്‍ പ്രേക്ഷകര്‍ പരസ്പരം നോക്കി പിറുപിറുത്തു, ‘എന്താ മോഹന്‍ലാലിന്റെ ശബ്ദം ഇങ്ങനെ, ശബ്ദത്തിന് എന്ത് പറ്റി’…സിനിമ പുരോഗമിക്കും തോറും മോഹന്‍ലാലിന്റെ ഇത് വരെ പരിചിതമല്ലാത്ത ആ അസഹനീയമായ ശബ്ദം കേട്ട് പ്രേക്ഷകര്‍ അക്ഷമരായി തുടങ്ങി, അസ്വസ്ഥരായി തുടങ്ങി, അത് തിയറ്ററുകളില്‍ വന്‍ കൂവലുകളായി മാറി…

മോഹന്‍ലാലിന്റെ ഈ ശബ്ദമാറ്റം കാരണം ദ് പ്രിന്‍സിലെ മാസ് രംഗങ്ങളിലും പ്രണയരംഗങ്ങളിലും സെന്റിമെന്റല്‍ രംഗങ്ങളിലും ഒക്കെ പ്രേക്ഷകര്‍ നിര്‍ത്താതെ കൂവി…മോഹന്‍ലാലിന്റെ സിനിമ ജീവിതത്തില്‍ ഇത്രമാത്രം കൂവലുകള്‍ ഏറ്റ് വാങ്ങിയ വേറെ ഒരു സിനിമ ഉണ്ടാകില്ല…സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ രോഷത്തോടെ അതിലേറെ നിരാശയോടെ തിയറ്ററിന്റെ പുറത്തേക്കിറങ്ങി പൊരിവെയിലത്ത് അടുത്ത ഷോയുടെ ടിക്കറ്റിന് വേണ്ടി കോമ്ബൗണ്ടില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തോട് ഉറക്കെ വിളിച്ച്‌ പറഞ്ഞു തല്ലിപൊളി പടം ആണ്, മോഹന്‍ലാലിന്റെ ശബ്ദം പോയി, വെറുതെ കാശ് കളയേണ്ട’…

‘സിനിമ കഴിഞ്ഞ് ഇറങ്ങിയവരുടെ ഇത്തരത്തിലുള്ള അഭിപ്രായം കേട്ട് മണിക്കൂറുകളായി ടിക്കറ്റനായി ക്യൂവില്‍ നിന്നവരൊക്കെ നിരാശരായി…ആ നിരാശരായവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു, തൃശ്ശൂര്‍ സപ്ന തിയേറ്ററില്‍ മാറ്റിനി ഷോയ്ക്കുള്ള ക്യൂവില്‍…അങ്ങനെ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്ത് തിയറ്ററിന്റെ അകത്ത് കയറി, കേട്ടതൊന്നും ശരിയാകല്ലെ എന്ന് പ്രാര്‍ത്ഥിച്ച്‌ കൊണ്ട്…പക്ഷേ കേട്ടതറഞ്ഞതിനെക്കാള്‍ അസഹനീയം ആയിരുന്നു സിനിമയും ഒപ്പം മോഹന്‍ലാലിന്റെ ശബ്ദത്തിലെ മാറ്റവും, അത് കൊണ്ട് സിനിമ മുഴുവന്‍ കാണാനുള്ള ശേഷി ഉണ്ടായിരുന്നില്ല, ഇറങ്ങി പോന്നു തീരുന്നതിന് മുമ്ബ് തന്നെ… ദ് പ്രിന്‍സ് സിനിമ വളരെ മോശമാണെന്നും മോഹന്‍ലാലിന്റെ ശബ്ദം മാറി എന്നുമുള്ള വാര്‍ത്ത എങ്ങും പരന്നു…

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞു, ഇനി സിനിമയില്‍ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമര്‍ശകര്‍ തലപൊക്കി, ഒപ്പം മോഹന്‍ലാലിന് തൊണ്ടയില്‍ കാന്‍സര്‍ ആണെന്നുള്ള വാര്‍ത്തയും കാട്ടുതീ പോലെ പടര്‍ന്നു… മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ വാര്‍ത്തകള്‍ കേട്ട് സങ്കടത്തിലായി…പ്രിന്‍സിന് ശേഷം 1997ല്‍ ഇറങ്ങിയ മണിരത്നത്തിന്റെ ഇരുവറിനും, ഐ.വി.ശശിയുടെ വര്‍ണ്ണപ്പകിട്ടിനും പ്രേക്ഷകരെ പൂര്‍ണമായ തോതില്‍ സംതൃപ്തരാക്കാന്‍ സാധിച്ചില്ല…ഒരു വര്‍ഷത്തോളം പെട്ടിയിലിരുന്ന ശേഷം റിലീസായ പ്രതാപ് പോത്തന്റെ ഒരു യാത്രാമൊഴി ഈ ശബ്ദമാറ്റത്തെ പിന്നേയും ശരി വച്ചു…അപ്പോഴാണ് 1997 ഏപ്രില്‍ മാസത്തിന്റെ അവസാന വാരത്തില്‍ സിനിമ പ്രേമികളെ സന്തോഷഭരിതരാക്കിയ ആ അനൗണ്‍സ്മെന്‍്റ് സിനിമ മാസികകളില്‍ വന്നത്, ‘പ്രിയദര്‍ശന്റെ സിനിമയില്‍ വീണ്ടും മോഹന്‍ലാല്‍, സിനിമ നിര്‍മിക്കുന്നത് ഫാസില്‍’…വീണ്ടും ഒരു പ്രിയന്‍-ലാല്‍ സിനിമ, ഇതില്‍പ്പരം എന്ത് വേണം അന്നത്തെ ഒരു ശരാശരി സിനിമ പ്രേമിക്ക്…

ഇനി വീണ്ടും 1997 സെപ്റ്റംബര്‍ അഞ്ചാം തിയതിയിലേക്ക്, ചന്ദ്രലേഖ റിലീസായ കൊടുങ്ങല്ലൂര്‍ മുഗള്‍ തിയറ്ററിലേക്ക്,ആ വാഹന പണിമുടക്ക് ദിവസത്തിലേക്ക്…വാഹന പണിമുടക്ക് ആയിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിന് തടസം ഉണ്ടായിരുന്നില്ല…പക്ഷേ അന്ന് ഇന്നത്തെ പോലെ ഒട്ടുമിക്ക ആളുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല…ബൈക്ക് ഉള്ളവനെ ആരാധനയോടെ നോക്കി കണ്ടിരുന്ന കാലമായിരുന്നു അത്..

വാഹനപണിമുടക്ക് ആയത് കൊണ്ട് സാധാരണ ഉണ്ടാകാറുള്ള തിക്കും തിരക്കും ചന്ദ്രലേഖയ്ക്ക് ഉണ്ടാകില്ല എന്ന പ്രതീക്ഷയോടെ നൂണ്‍ഷോക്കായി ഞാന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച അമ്ബരപ്പിക്കുന്നതായിരുന്നു, തിയേറ്റര്‍ കോമ്ബൗണ്ട് ആളുകളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു, തിയറ്റര്‍ പരിസരത്ത് മൊത്തം സൈക്കിളുകളും ബൈക്കുകളും… പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് സിനിമ പ്രേമികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നതിന്റെ തെളിവായിരുന്നു വാഹന പണിമുടക്ക് ആയിരുന്നിട്ട് പോലും അന്ന് ചന്ദ്രലേഖക്ക് ഉണ്ടായ അഭൂതപൂര്‍വമായ ആ തിരക്ക്…അങ്ങനെ നേരത്തെ പറഞ്ഞ് വച്ചിരുന്ന ടിക്കറ്റ് വാങ്ങി തിയറ്ററിന്റെ അകത്തേക്ക് കയറി, നിറഞ്ഞ സദസില്‍ സിനിമ തുടങ്ങി…

എല്ലാവരും വളരെ ആകാംക്ഷയില്‍ ആയിരുന്നു,എല്ലാവര്‍ക്കും അറിയേണ്ടത് ഒന്ന് മാത്രം, മോഹന്‍ലാലിന്റെ ശബ്ദം പഴയ പോലെ ആയൊ എന്ന്…ആദ്യ രംഗത്തില്‍ തന്നെ മോഹന്‍ലാലിന്റെ ഇന്‍ട്രൊയും അത് കഴിഞ്ഞുള്ള ആദ്യ സംഭാഷണവും കേട്ടപ്പോള്‍ തന്നെ തിയേറ്ററില്‍ കൈയ്യടികള്‍ ഉയര്‍ന്നു.. പ്രിന്‍സിലും യാത്രാമൊഴിയിലും കേട്ട പോലെയുള്ള ശബ്ദം അല്ല, വര്‍ണപ്പകിട്ടില്‍ കേട്ടതിനെക്കാള്‍ മെച്ചപ്പെട്ടു എന്ന പ്രേക്ഷകരുടെ ആശ്വാസം ആയിരുന്നു ആ കൈയ്യടികള്‍ക്ക് പിന്നില്‍…സിനിമ പുരോഗമിക്കും തോറും തിയേറ്ററില്‍ പൊട്ടിച്ചിരികളും കൈയ്യടികളും ഉയര്‍ന്ന് കൊണ്ടേയിരുന്നു…

തങ്ങളുടെ ആ പഴയ മോഹന്‍ലാലിനെ തിരിച്ച്‌ കിട്ടിയ സന്തോഷത്തില്‍ സാധാരണയിലും കൂടുതല്‍ കരഘോഷം മുഴക്കിയാണ് പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ കോമഡി രംഗങ്ങളും നൃത്ത രംഗവും ഒക്കെ സ്വീകരിച്ചത്…ഇതില്‍ ‘മാനത്തെ ചന്തിരനൊത്തൊരു’ എന്ന ഗാനരംഗത്തിലെ മോഹന്‍ലാലിന്റെ ചടുലമായ നൃത്ത ചുവടകള്‍ക്ക് കിട്ടിയ കരഘോഷം എടുത്ത് പറയേണ്ടതാണ്… ‘അപ്പുക്കുട്ടാ തൊപ്പിക്കാരാ’ എന്ന പാട്ടും കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്…അത് പോലെ തന്നെ മോഹന്‍ലാല്‍ നഴ്സിന്റെ പാവാട വലിച്ച്‌ കീറുന്ന രംഗത്തിനും ലേഖയുടെ ചോദ്യം ചെയ്യലില്‍ നിന്നും ചിരിച്ച്‌ ചിരിച്ച്‌ രക്ഷപ്പെടുന്ന രംഗത്തിനും തിയറ്ററില്‍ ഉയര്‍ന്ന പൊട്ടിച്ചിരികള്‍ നിലയ്ക്കാന്‍ കുറച്ചധികം സമയം എടുത്തു,

ശരിക്കും തിയറ്ററില്‍ നിന്നും അനുഭവിച്ചറിയേണ്ട ഓളം…തിയറ്ററിലെ ഈ പൊട്ടിച്ചിരികള്‍ക്കും ആഹ്ലാദത്തിനും കൈയ്യടികള്‍ക്കും ഇടയില്‍ ചെറിയൊരു മുറുമുറുപ്പും ഉയര്‍ന്നിരുന്നു, താമരപ്പൂവില്‍ ഗാനത്തില്‍ അപ്പുക്കുട്ടന്റെ പാട്ട് കേട്ട് ചന്ദ്ര നടന്ന് തുടങ്ങുന്ന രംഗത്തില്‍…അങ്ങനെ കളികളും ചിരികളും തമാശകളും പാട്ടുകളുമായി ഒക്കെ പ്രേക്ഷകരെ രസിപ്പിച്ച്‌ കൊണ്ട് ചന്ദ്രലേഖ അവസാനിച്ചു, നീണ്ട കൈയ്യടികളോടെ…

മുഗള്‍ തിയറ്ററില്‍ നിന്ന് ഞാന്‍ ഉള്‍പ്പെടെ ഉള്ള പ്രേക്ഷകര്‍ ആര്‍പ്പ് വിളികളോടെ പുറത്തേക്കിറങ്ങി, അടുത്ത ഷോയ്ക്ക് നിന്നിരുന്ന ആള്‍ക്കൂട്ടത്തോട്, പരിചയക്കാരോട് ഉറക്കെ വിളിച്ച്‌ പറഞ്ഞു ‘ഉഗ്രന്‍ പടമാണ് മക്കളേ, മോഹന്‍ലാല്‍ കലക്കി’…അതോടെ തിയറ്റര്‍ പരിസരവും കൈയ്യടികളും ആര്‍പ്പ് വിളികളും കൊണ്ട് നിറഞ്ഞു…എന്റെ അനുഭവത്തില്‍ ഇത് വരെ വേറെ ഒരു മോഹന്‍ലാല്‍ സിനിമ കഴിഞ്ഞ് മോഹന്‍ലാലിനെ സ്നേഹിക്കുന്നവര്‍ ഇത്രമാത്രം ഇമോഷനലായി,ആവേശഭരിതരായി തിയറ്ററില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല…പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്, സിനിമ കഴിഞ്ഞ് തിയറ്ററില്‍ നിന്ന് ഇറങ്ങുമ്ബോള്‍ വീണ്ടും വീണ്ടും ആ സിനിമ കാണാന്‍ ഉള്ള ആഗ്രഹം പ്രേക്ഷകരുടെ ഉള്ളില്‍ നിറയ്ക്കുന്ന പ്രത്യേകത…അങ്ങനെ നാല് പ്രാവശ്യമാണ് ഞാന്‍ മുഗള്‍ തിയറ്ററില്‍ നിന്നും ചന്ദ്രലേഖ കണ്ടത്…

മോഹന്‍ലാലിന് തൊണ്ടയില്‍ കാന്‍സര്‍ ആണ്, ഇനി സിനിമയില്‍ അഭിനയിക്കില്ല, അഭിനയിച്ചാലും പഴയ പ്രതാപത്തിലേക്ക് തിരിച്ച്‌ പോകാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് പരത്തിയ വിമര്‍ശകര്‍ക്ക് മോഹന്‍ലാലില്‍ നിന്നും കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫിസില്‍ നേടിയ വമ്ബന്‍ വിജയം… ചെറുപ്പക്കാരോടൊപ്പം തന്നെ ഫാമിലി ഓഡിയന്‍സും ചന്ദ്രലേഖ ഏറ്റെടുത്തു,കേരളത്തിലെ തിയറ്ററുകള്‍ ജനസമുദ്രമായി..

1997 വിഷു സീസണില്‍ ഫാസിലിന്റെ അനിയത്തിപ്രാവ് നേടിയ സര്‍വകാല റെക്കോര്‍ഡ് കലക്‌ഷന്‍ ഭേദിച്ച്‌ കൊണ്ടാണ് ചന്ദ്രലേഖ തിയറ്ററുകള്‍ വിട്ടത്… മോഹന്‍ലാലിന്റെ ശബ്ദമാറ്റത്തെ പറ്റി അപ്പുക്കുട്ടന്‍/ആല്‍ഫി എന്ന കഥാപാത്രത്തിലൂടെ തന്നെ പറയിപ്പിച്ച്‌ പ്രിയദര്‍ശന്‍ കൈയ്യടി വാങ്ങിച്ചു… നിര്‍മാതാവായ ഫാസിലും വിതരണക്കാരായ സ്വര്‍ഗചിത്രയും ചന്ദ്രലേഖക്ക് വേണ്ടി കൊടുത്ത പത്ര പരസ്യങ്ങള്‍ വളരെ ആകര്‍ഷകങ്ങളായിരുന്നു…ഇതില്‍ ഏഴാം വാരത്തിലെ പത്ര പരസ്യത്തിലെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു ‘ഒന്ന് ചിരിപ്പിക്കുവാന്‍ ചിലര്‍ പെടുന്ന പാട്! ലാലിന് ഒരു ചിരി മതി ഒരായിരം ചിരിയാക്കാന്‍’…അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു മേല്‍പ്പറഞ്ഞ ആ പരസ്യ വാചകം,ലാലിന് ഒരു ചിരി മതിയായിരുന്നു ഒരായിരം ചിരിയാക്കാന്‍…

അപ്പുകുട്ടന്‍/ആല്‍ഫി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടി ചന്ദ്രലേഖയില്‍, ശരിക്കും വണ്‍ മാന്‍ ഷോ എന്ന് പറയാവുന്ന, കോമഡിയില്‍ തന്നെ വെല്ലാന്‍ വേറെ ഒരു നായക നടനുമില്ല എന്ന് വിളിച്ചോതുന്ന പ്രകടനം..എന്റെ അഭിപ്രായത്തില്‍ ഇത്തരം ഗംഭീര പ്രകടനങ്ങള്‍ക്കാണ് അവാര്‍ഡ് കൊടുത്ത് ആദരിക്കേണ്ടത്… മോഹന്‍ലാലിനൊപ്പം തന്നെ ഇന്നസെന്‍്റും കിടിലന്‍ പ്രകടനം കാഴ്ച്ച വെച്ചു, ഇന്നസെന്റിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന്…കൂടാതെ ശ്രീനിവാസന്‍, മാമുക്കോയ,നെടുമുടി വേണു,,സുകന്യ, പൂജ ബത്ര തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു…ജീവയുടെ ക്യാമറയും ഗിരീഷ് പുത്തഞ്ചേരി -ബേണി ഇഗ്നേഷ്യസ് ടീമിന്‍്റെ പാട്ടുകളും, എസ്.പി.വെങ്കിടേഷിന്‍്റെ പശ്ചാത്തല സംഗീതവും ചന്ദ്രലേഖയെ കൂടുതല്‍ മനോഹരമാക്കി…

പ്രിയദര്‍ശനും മോഹന്‍ലാലും, പ്രേക്ഷകരെ ഇത്രയധികം എന്റര്‍ടെയിന്‍ ചെയ്യിപ്പിച്ച, പൊട്ടിചിരിപ്പിച്ച, ഇത്രയേറെ വലിയ വിജയ സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകനും നടനും വേറെ ഉണ്ടാകില്ല…ചന്ദ്രലേഖ എന്ന സിനിമ എന്നും ഓര്‍ക്കപ്പെടേണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച എന്റര്‍ടെയിനറുകളില്‍ ഒന്നായിട്ടില്ല,ഏറ്റവും വലിയ സാമ്ബത്തിക വിജയം നേടിയ സിനിമകളില്‍ ഒന്നായിട്ടുല്ല, മറിച്ച്‌ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ കൈ പിടിച്ച്‌ നടത്തി, ദാ നിങ്ങളുടെ ആ മോഹന്‍ലാലിനെ ഞാന്‍ തിരിച്ച്‌ തന്നിരിക്കുന്നു എന്ന് പ്രേക്ഷകരോട് പറയാതെ പറഞ്ഞ പ്രിയദര്‍ശന്റെ പേരിലായിരിക്കണം, ഇത് വരെ ഈഗൊ വര്‍ക്ക് ഔട്ട് ആകാത്ത, ഈ 2020 ലും ഏറ്റവും ഡിമാന്റ് ഉള്ള, ഏറ്റവും വലിയ സിനിമകള്‍ എടുക്കുന്ന സംവിധായകന്‍-നടന്‍ കൂട്ടുകെട്ടിന്റെ പേരിലായിരിക്കണം, അതെ പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിന്റെ ആത്മാര്‍ഥ സൗഹൃദത്തിന്റെ പേരിലായിരിക്കണം…

shortlink

Related Articles

Post Your Comments


Back to top button