CinemaGeneralLatest NewsMollywoodNEWS

ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്പോൾ എപ്പോഴും ഞാൻ ഓര്‍ക്കാറുണ്ട് : ക്ലാസിക് സിനിമയെ മനോഹരമായി വര്‍ണിച്ച് പ്രമുഖ തിരക്കഥാകൃത്ത്

‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല

മലയാള സിനിമയില്‍ വേറിട്ട ആഖ്യാന ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പത്മരാജന്‍ എന്ന ഫിലിം മേക്കര്‍ തന്റെ സംവിധാനത്തില്‍ പറഞ്ഞതത്രയും വ്യത്യസ്ത പശ്ചാത്തലമുള്ള സിനിമകളായിരുന്നു. തന്റെ കഥകളിലെ സാഹിത്യ ഭംഗി സിനിമകളിലും വരച്ചു ചേര്‍ത്ത പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്റ്റെ ക്ലാസിക് സിനിമയുടെ സൗന്ദര്യ ശാസ്ത്രം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍. ‘മൂന്നാം പക്കം’ എന്ന മലയാളത്തിലെ ഏറ്റവും മികച്ച കള്‍ട്ട് ക്ലാസ്സിക്കിനെക്കുറിച്ച് അതിമനോഹരമായി സംസാരിക്കുകയാണ് ഹരികൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു വേറിട്ട നിരൂപണം ഹരികൃഷ്ണന്‍ തുറന്നെഴുതിയത്.

മുത്തച്ഛന്റെ ഒന്നാം പക്കം)
കടലോളം വലിയ രൂപകമെന്ത്?
കടലോളം വലിയ രൂപകങ്ങളുടെ സമാഹാരവുമെന്ത് ? നിറം മുതൽ തിര വരെ, ആഴം മുതൽ അല വരെ, മരണം മുതൽ ജീവിതംവരെ…കുടിച്ചുവറ്റിക്കാനാവാത്തൊരു ചഷകം പോലെയാണത്. ഉയിരും ഉണ്മയും തേടി അതുകൊണ്ടുതന്നെ കാലങ്ങളായി എഴുത്തുകാർ അതിന്റെ അത്ഭുതങ്ങളുടെ ആഴങ്ങളിലേക്കു പോകുന്നു.
മിക്കവരും തോൽക്കുന്നു. ചിലർ മാത്രം ജയിക്കുന്നു.
കടലോളം വലിയ രൂപകമെന്ത്?
സിനിമയുടെയും സാഹിത്യത്തിന്റെയും നീലനീലാഴമുള്ള സ്വപ്നഖനിയാണു കടൽ. മുങ്ങിമരിച്ച നാവികരുടെ കണ്ണീരു വീണുവീണാണു കടലിന് ഇത്രയും ഉപ്പുണ്ടായതെന്ന് അതിലൊരു കവിതയിൽ വായിച്ചത് എനിക്കിഷ്ടമാണ്. കിഴവന്റെ കടലും മൊബിഡിക്കിന്റെ ആഴവും മുതൽ സ്പിൽബർഗിന്റെ സ്രാവുകൾ പുളയ്ക്കുന്ന കടലും വരെ…ഹൃദയത്തിന്റെ നീലിച്ച ഇഷ്ടങ്ങൾ.
കടലിന്റെ ഒരു കഥയ്ക്കു തിരക്കഥയെഴുതിയിട്ടുണ്ട്, ഞാനും. ടി. പത്മനാഭന്റെ പ്രശസ്തമായ ‘കടൽ’ എന്ന കഥ ഷാജി എൻ കരുൺ ‘ഗാഥ’ എന്ന പേരിലാണു സിനിമയാക്കുന്നത് . കാണുന്ന കടലല്ല, കാണാത്ത കടലാണ് ആ കഥയിൽ. സങ്കീർണാഴങ്ങളുടെ സങ്കടൽ. ചില സന്ധ്യകളിൽ അതിൽനിന്നടിക്കുന്ന ഉപ്പുകാറ്റുകൾ. സ്നേഹം കൊണ്ടു കടൽ പിളർത്തുന്ന മനസ്സിന്റെ കൽപ്പനകൾ. എഴുതുംതോറും എനിക്ക് അപ്രാപ്യമായി തോന്നിയിരുന്നു, ആ പെൺകടൽ!
ആ കടലിനെ മാറ്റിനിർത്തി ഞാൻ മറ്റൊരു കടലിലേക്കു മടങ്ങുന്നു; പത്മരാജന്റെ കടലിലേക്ക്.
‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം ആ കടൽ. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം പക്കവും അവന്റെ മുത്തച്ഛനു മടക്കിക്കൊടുക്കാതിരുന്നത്.
മകൻ മരിച്ച ശേഷം തമ്പി എന്ന മുത്തച്ഛന്റെ ഏക പ്രതീക്ഷയായിരുന്നു കൊച്ചുമകൻ പാച്ചു. ഒാരോ വേനലവധിക്കാലവും കലണ്ടറിൽ പൂത്തത് അവന്റെ വരവിനു വഴിയൊരുക്കാനായിരുന്നു.. ഒരു കടലോരഗ്രാമത്തിൽ, 1980കളിലെ ഒരു വേനലവധിക്കാലത്ത് ഈ കഥ നടക്കുന്നു. അല്ല, ആ കഥ നടക്കുകയല്ല, തീരുകയാണ്. കളിനേരങ്ങൾക്കിടയിൽ കടലെടുത്ത കൊച്ചുമകനെ മൂന്നു ദിവസം ആ മുത്തച്ഛൻ കാത്തിരുന്നു. മൂന്നാം ദിവസം അവനെ കടൽ മടക്കിത്തരുമെന്നുതന്നെ അയാൾ വിശ്വസിച്ചു.
തീരുന്ന ഒരു പ്രതീക്ഷയെ മൂന്നാം ദിവസത്തേക്കുകൂടി വ്യസനത്തോടെ നീട്ടുകയാണ്, പത്മരാജന്റെ കഥനമാന്ത്രികത! ഒരേയൊരാൾക്കായി ജീവിക്കുന്ന ആ മുത്തച്ഛനുവേണ്ടി വേണമെങ്കിൽ പാച്ചുവിനെ മടക്കിക്കൊടുക്കാമായിരുന്നു , കടലിന്. പക്ഷേ, കടൽ നിർദയം അതു ചെയ്തില്ല.
പാച്ചു വന്നില്ല. മൂന്നാം പക്കത്തിലെ കടൽനിരാസത്തോട് ആ മുത്തച്ഛൻ പ്രതികാരം ചെയ്തത് കഠിനസ്നേഹത്തിനു മാത്രം ചിന്തിക്കാവുന്ന വിധത്തിലായിരുന്നു:
പാച്ചുവിന്റെ മൂന്നാം പക്കത്തെ മുത്തച്ഛൻ തന്റെ ഒന്നാം പക്കമാക്കി!
കടലിലേക്കു നടന്നു ചെല്ലുകയാണയാൾ.
പ്രാർഥന പോലെയോ സമർപ്പണം പോലെയോ..ആർക്കറിയാം?
എന്തൊരു ആത്മബലി !
ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്പോൾ എപ്പോഴും ഞാൻ ഒാർക്കാറുണ്ട് : അലകളുടെ നീലപരവതാനിയിലൂടെയുള്ള ഏകാന്തനടത്തത്തിൽ കടലിനെ അഭിമുഖം കണ്ടാൽ ആ മുത്തച്ഛൻ എന്താവും ചോദിക്കുക:
പാച്ചുവിനെ മടക്കിത്തരാനോ. എന്നെക്കൂടി എടുക്കാനോ?
അതോ, മൂന്നാം പക്കത്തിന്റെ ഉദാരത പറഞ്ഞ് ഇനി പെരുമ കൊള്ളരുതെന്നോ?
എന്തായാലും, അയാളെ കണ്ടപ്പോൾ ഒരു നിമിഷം കടൽ തിരയടക്കിയിരിക്കണം, തീർച്ച. (Re post)

shortlink

Related Articles

Post Your Comments


Back to top button