Film ArticlesGeneralLatest NewsMollywoodNEWSWOODs

മലയാള സിനിമയുടെ ജാതിയെന്ത്?

ജാതി മതം വർണ്ണം വർഗ്ഗം ലിംഗം എന്നിവയെ പ്രശ്നവത്ക്കരിക്കുന്ന ചലച്ചിത്ര നിർമ്മിതികൾ യഥാർത്ഥത്തിൽ വരേണ്യമായ സാംസ്കാരിക ഭാവുകത്വത്തെ ഒളിച്ചു കടത്തുന്നു.

കലകൾക്ക് ജാതിയുണ്ടോയെന്ന ചോദ്യം സമകാലിക ഇന്ത്യൻ അവസ്ഥയിIൽ ഏറെ പ്രസക്തമാണ്. ഫ്യുഡൽ അധികാരഘടനകൾ, രാജവാഴ്ചകൾ കൊളോണിയൽ അധിനിവേശങ്ങൾ, എന്നിവയിലൂടെ സഞ്ചരിച്ചു സ്വതന്ത്ര ദേശമായി മാറിയ ഇന്ത്യയുടെ അടിത്തറ സാംസ്കാരികമായി ജാതിയിലധിഷ്ഠിതമാണ്.  ദ്രാവിഡ ജനജീവിതവും ആര്യാധി നിവേശത്തിൻ്റെ പരിണാമങ്ങളും അതിൻ്റെ ചരിത്ര കാലസൂചനകളാണ്. ജാതി മുദ്രകളെ നിർമാർജ്ജനം ചെയ്യാനുള്ള ഒറ്റപ്പെട്ട നീക്കങ്ങൾ നടക്കുമ്പോഴും ജാതി അതിൻ്റെ സർവ്വ വിധ പൊതു പ്രാമാണ്യങ്ങളും എടുത്തു ചാർത്തി അതിൻ്റെ സംവിധാനങ്ങളെ നിലനിർത്തുന്നു.പൊതു അധികാര വരേണ്യ മേൽക്കോയ്മാ ഘടകങ്ങളോടു താദാത്മ്യപ്പെടുന്ന കാഴ്ചക്കൂട്ടുകളെയാണ് ചലച്ചിത്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്.

മലയാള സിനിമയുടെ ചരിത്രം 1928 ലെ വിഗതകുമാരനിൽ നിന്നും ആരംഭിക്കുന്നത് എവർക്കും സുപരിചിതമാണ്. സ്ത്രീകൾ അഭിനയരംഗത്തേക്കു കടന്നു വരുവാൻ തയ്യാറാല്ലാത്ത തെക്കൻ തിരുവിതാംകൂറിലെ സാമൂഹ്യ സന്ദർഭത്തിൽ നിന്ന് നായികയായ പി.കെ റോസി യിലൂടെയാണ് മലയാളത്തിലെ നായിക മാരുടെ ചരിത്രവും ആരംഭിക്കുന്നത്. കീഴാള ജാതിയിൽപെട്ട റോസിയെ തിരഞ്ഞെടുത്ത ജെ സി ഡാനിയേൽ ജാതി മതാതീതമായ കാഴ്ചപ്പാടുകളുടെ ഉടമയായിരുന്നു.തെക്കൽ തിരുവിതാംകൂറിലെ ജാതിക്കോമരങ്ങളുടെ സംഘടിത ആക്രമണങ്ങളെത്തുടർന്ന് നാട്ടിൽ നിന്നും പലയനം ചെയ്യേണ്ടി വന്ന അഭിനേത്രിയാണ് പി.കെ.റോസി, അതും താനഭിനയിച്ച ചിത്രം കാണുവാനുള്ള ഭാഗ്യമില്ലാതെ. റോസിയുടെ വഴികൾ പിന്തുടർന്ന് പുതു തലമുറ ഗവേഷകർ നടത്തിയ അന്വേഷണങ്ങളിൽ റോസിയും കുടുംബവും മധുരയിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നിലവിൽ റോസിയുടേതെന്നു പറഞ്ഞു പ്രചരിക്കുന്ന ചിത്രത്തിനു പോലും നൂറു ശതമാനം വിശ്വാസ്യത ഇല്ല എന്നതാണ് യാഥാർത്ഥ്യം.

ദളിത് ആക്റ്റിവിസ്റ്റുകൾ ഉയർത്തുന്ന അതിവാദങ്ങൾക്കപ്പുറം റോസി എന്ന ദളിത് നായികയുടെ തുടർച്ച എന്തുകൊണ്ട് മലയാള സിനിമയിലുണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. സിനിമയുടെ     പൊതു സൗന്ദര്യശാസ്ത്ര വ്യവഹാരങ്ങൾക്കുള്ളിൽ കീഴാള വിഭാഗത്തിൽപ്പെട്ട നായികമാർ കടന്നു വരാത്തത് ഏറെ ഗൗരവതരമായ അന്വേഷണങ്ങൾ ആവശ്യപ്പെടുന്നു. ജാതിയുടെ പ്രിവിലേജിൻ്റെ ആനുകൂല്യങ്ങൾ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്ത താരശരീരങ്ങളാണ് വെള്ളിത്തിരയിലെ കീഴാള കഥാപാത്രങ്ങളെ കറുത്ത ചായക്കൂട്ടുകളണിഞ്ഞ് പകർന്നാടിയത്. കമ്പോളത്തിൻ്റെ അജണ്ടകൾക്കു സമരസപ്പെടുന്ന ഇത്തരം ചലച്ചിത്ര നിർമിതികൾ കീഴാളവിരുദ്ധമായി മാറിയത് യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത കാര്യം തന്നെയാണ്. വരേണ്യമായൊരു സൗന്ദര്യ ശാസ്ത്ര സങ്കൽപ്പനങ്ങളെയാണ് കമ്പോള സിനിമ നിരന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. അത്തരമൊരു പശ്ചാത്തലത്തിൽ സിനിമയിലെ ജാതി വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണ്.

1954 ലെ നീലക്കുയിലിലൂടെ നീലിയെന്ന പുലയ സ്ത്രീ മലയാള ചലച്ചിത്ര ചരിത്രത്തിലേക്കു നടന്നു കയറി. കേരളീയ പൊതുമണ്ഡലത്തിൻ്റെ ജാതി സമവാക്യങ്ങളെ പ്രത്യക്ഷത്തിൽ തൃപ്തിപ്പെടുത്തിയ നീലക്കുയിൽ വിപ്ലവകരമായ ദളിത് സ്ത്രീ ജീവിതത്തെ അവതരിപ്പിക്കുമ്പോഴുംവിജാതീയ പ്രണയ വൈവാഹിക ബന്ധങ്ങൾ ക്കും വിജാതീയ ലൈംഗിക ബന്ധങ്ങൾക്കും സാധുതകളില്ലെന്നു സമർത്ഥിച്ചു. നീലക്കുയിലിൻ്റെ പ്രതിലോമ രാഷ്ട്രീയ നിലപാടിൻ്റെ തുടർച്ച പിൽക്കാല മലയാള സിനിമയിലെ കമ്പോള സമവാക്യങ്ങളിൽ പ്രതിഫലിച്ചു.വിജാതീയപ്രണയ രതിബന്ധങ്ങൾക്കു താൽപ്പര്യപ്പെടുന്ന സ്ത്രീ അനഭിമതയും കുലടയുമായി മാറി.അതു വഴി അത്തരം സ്ത്രീ കഥാപാത്രങ്ങൾ കൊല്ലപ്പെടുകയോ ആത്മഹത്യയിലേക്കു നയിക്കപ്പെടുകയോ ചെയ്തിരുന്നു.നൂജനറേഷൻ എന്ന പേരിലെത്തിയ പുതിയ കാല ചിത്രങ്ങളിലും അതിൻ്റെ ആവർത്തനം കാണാം

1954 ലെ നീലക്കുയിലിൽ നിന്നും 2020വലെ അയ്യപ്പനും കോശിയിലേക്കുമെത്തുമ്പോൾ പോലും ജാതീയതയെ സംബന്ധിച്ച കാഴ്ചപ്പാടുകളിൽ വലിയ വ്യതിയാനങ്ങളൊന്നും വന്നിട്ടില്ല. അയ്യപ്പൻ നായർ എന്ന നീതിമാൻ കോശി സംഘർഷത്തിൽ ഡീഗ്രേഡുചെയ്യപ്പെടുന്നതിലെ ഒരു ഘടകം സ്വത്വമാണ് .വിജാതീയ ബന്ധത്തിൽ സങ്കര ഇനമായി ജനിച്ച ആദിവാസി യുവതിയെ വിവാഹം കഴിച്ച കീഴാളസ്വത്വമുള്ള അയ്യപ്പൻ നായർ ചോരക്കൊഴുപ്പുള്ള കുര്യൻ്റെ മകൻ കോശി കുര്യൻ്റെ ഗുണങ്ങളെ വെല്ലുവിളിക്കാൻ പാകപ്പെട്ടിട്ടില്ലാന്നു കോശി തന്നെ സാക്ഷ്യ പ്പെടുത്തുന്നു. പിഴച്ചു പെറ്റ അരിവെപ്പുകാരൻ ജനാധിപത്യത്തെ മോശമാക്കുന്നുവെന്നു പറഞ്ഞ [ ധ്രുവം], പാചകം കുലത്തൊഴിലായവൻ മണ്ടൻ കെ പി എ സുകാരനാണെന്നു പറഞ്ഞ [ ട്വൻ്റി ട്വൻ്റി ] നിലപാടുകളുടെ തുടർച്ചയാണ് ഈ ചിത്രത്തിലുമുള്ളത്. അതേ സമയം അതി പ്രാകൃത. കഥാപാത്രങ്ങളായി ആഘോഷിച്ച ആദിവാസി ജീവിതത്തിൻ്റെ നേരടയാളങ്ങൾ കൃത്യമായ രാഷ്ട്രീയ ബോധ ത്തോടെ അയ്യപ്പനും കോശിയും പറഞ്ഞു വെക്കുന്നുണ്ട്

മലയാളി മധ്യ വർഗ്ഗ ബോധത്തിൻ്റെ ലാവണ്യ തലങ്ങള തൃപ്തിപ്പെടുത്തിയെങ്കിൽ മാത്രമേ കമ്പോള സിനിമകൾക്ക് സാമ്പത്തിക ലാഭങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്ന വിശ്വാസത്തിൻമേലാണ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. വേലക്കാരി ജനു, മൂപ്പൻ്റെ മകൾ നീലി, തമിഴൻ ശെൽവൽ,ചായക്കട നായർ, ശാന്തിക്കാരൻ നമ്പൂതിരി, പ്രതി നായകൻ ഹൈദ്രോസ് മാപ്പിള, കോളനിക്കാരൻ ഗുണ്ട ആവർത്തിക്കുന്ന ഇത്തരം കാഴ്ചകൾ ജന സ മൂഹത്തിൻ്റെ പൊതുബോധങ്ങളിൽ അടിയുറച്ചു പോയതും കമ്പോള സിനിമ നിരന്തരമായി ഉൽപ്പാദിപ്പിക്കുന്നവയുമാണ്. ജാതി അധികാരഘടനകളെ കേന്ദ്രീകരിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന പൊതുബോധം ജാതി മത ഭാഷാ ന്യൂനപക്ഷങ്ങൾക്കു മേൽ ചെലുത്തുന്ന ആക്രമണോത്സുക മനോഭാവങ്ങളുടെ അടിത്തറയാണ്. തികച്ചും ജനാധിപത്യപരമായ സാമൂഹ്യ വ്യവസ്ഥിതിയിൻമേലാണ് ചലച്ചിത്രങ്ങൾ നിർമിക്കപ്പെടുന്നതെന്ന വാദം അത്രമേൽ പൊള്ളയാണ്.

ജാതി മതം വർണ്ണം വർഗ്ഗം ലിംഗം എന്നിവയെ പ്രശ്നവത്ക്കരിക്കുന്ന ചലച്ചിത്ര നിർമ്മിതികൾ യഥാർത്ഥത്തിൽ വരേണ്യമായ സാംസ്കാരിക ഭാവുകത്വത്തെ ഒളിച്ചു കടത്തുന്നു. അത് ഹാസ്യമായും, നായകൻ്റെ പഞ്ച്   ഡയലോഗുകളായും, പ്രതിനായകൻ്റെ വെല്ലുവിളികളായും കടന്നു വരുന്നു. ജാതി എന്ന സാമൂഹ്യ യാഥാർത്യത്തെ നേർക്കുനേർ വിലയിരുത്തുവാനുള്ള ചില ശ്രമങ്ങൾ സമാന്തര ചലച്ചിത്രങ്ങൾ നടത്തി യിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. മലയാളിയുടെ സാംസ്കാരിക ബോധത്തിൽ കാര്യമായ പരിണാമങ്ങൾ സാധ്യമായെങ്കീ മാത്രമേ ജാതിയെന്ന പ്രശ്നത്തെ സംഘർഷ രഹിതമായി വിശകലനം ചെയ്യാൻ കഴിയുകയുള്ളു.

റോസിയെന്ന നടിയുടെവർഗ്ഗത്തിൽ നിന്നും പിൽക്കാലത്ത് അഭിനേത്രികളൊന്നും ഉയർന്നു വന്നില്ലായെന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഉടലാഴവും കെഞ്ചിറയും പോലെയുള്ള ചലചിത്ര സൃഷ്ടികൾ ഗോത്ര ജനവിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി നിർമിച്ചവയാണെങ്കിലും മലയാളി ജനപ്രിയ സംസ്കാരത്തിൻ്റെ ലാവണ്യ ശാസ്ത്രത്തിൽ പൊതുബോധത്തിൽ പൊളിച്ചെഴുത്തുകൾ നിർവ്വഹിക്കുവാൻ പര്യാപ്തമായ ചിത്രങ്ങളല്ലായിരുന്നു.

മറാത്തി, തമിഴ് ചലച്ചിത്രങ്ങൾ ജാതി യെന്ന വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്തവയാണ്. ഫാൻlടി, കോർട്ട് ‘, വിസാ രണെ, സൈറാത്ത്, പരിയേറും പെരുമാൾ ഉൾപ്പെടെയുള്ളവ ഉദാഹരണം. അത്തരം ചലച്ചിത്ര നിർമ്മിതികൾക്കു പിന്നിലെ ധൈര്യം അതിയാഥാസ്ഥിതികമായ കേരളീയ സമൂഹത്തിൽ എന്നു സാധ്യമാകുമെന്ന ചോദ്യം അവശേഷിക്കുന്നു

രശ്മി.ജി, അനിൽ കുമാർ

shortlink

Related Articles

Post Your Comments


Back to top button