CinemaLatest NewsNEWS

സൈബർ പോലീസിന്റെ കഴിവുകേട് കാരണം ചട്ടിയിൽ നിന്ന് അപ്പം ഇളക്കി എടുക്കുന്ന പോലെ പുഷ് ചെയ്യേണ്ടി വരുന്നു; രേവതി സമ്പത്ത്

പോലീസിന്റെ ഭാ​ഗത്ത് നിന്ന് യാതൊരു വിധ സഹായവും കൃത്യമായ രീതിയിൽ ലഭിക്കുന്നില്ലെന്ന് നടി രേവതി

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ സൈബർ പോലീസിന്റെ ഭാ​ഗത്ത് നിന്ന് യാതൊരു വിധ സഹായവും കൃത്യമായ രീതിയിൽ ലഭിക്കുന്നില്ലെന്ന് നടി രേവതി സമ്പത്ത് പറയുന്നു.

വലിയ രീതിയിൽ സ്ത്രീകൾ സൈബറിടങ്ങളിൽ ആക്രമിക്കപ്പെടുമ്പോഴും നിരുത്തരവാദിത്തപരമായാണ് പോലീസ് പെരുമാറുന്നതെന്ന് രേവതി പറഞ്ഞു.

കുറിപ്പ് വായിക്കാം….

 

സൈബർ പോലീസിന്,
എപ്പോഴാണ് നിങ്ങൾ മാറാൻ പോകുന്നത്?
മാറ്റം ഇപ്പോൾ വരും, നാളെ വരും, മറ്റന്നാൾ വരും എന്നു പറയുന്നതല്ലാതെ നിങ്ങൾ ശരിക്കും മാറാനുള്ള എന്തെങ്കിലും തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോ?

സൈബർ ഡോമുകളുടെയും ക്രൈം പോലീസ് സ്റ്റേഷനുകളുടെയും ജോലി എന്താണെന്ന് തന്നെ സംശയിച്ചു പോകുന്നു. എന്തിനു വേണ്ടിയാണ് ഇവ നിലകൊള്ളുന്നത് എന്നറിയില്ല. സൈബറിടങ്ങളിലെ അതിക്രമങ്ങൾ തടയാനും പരിഹാരം കണ്ടുപിടിക്കാനും അതിജീവിക്കുന്നവരോട് നല്ല രീതിയിൽ പെരുമാറാനും ഒക്കെ പ്രാപ്തമാകേണ്ടതാണല്ലോ ഇത്തരം ഇടങ്ങൾ. ആ ലക്ഷത്തിലേക്ക് അൽപദൂരമെങ്കിലും ആത്മാർഥതയോടെ നടക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കിൽ ഒരു സ്ത്രീ എന്ന നിലയിൽ ഇങ്ങനെയൊരു കത്ത് എനിക്ക് എഴുതേണ്ടി വരില്ലായിരുന്നു.

സൈബർ ഇടങ്ങളിലെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കുന്നതിന് പര്യാപ്തമായ നിയമങ്ങളില്ല എന്നത് വസ്തുതയാണ്. എന്നാൽ അതിലുപരി നിയമ സംരക്ഷകരായ നിങ്ങൾ എന്ത് രീതിയിലുള്ള ആരോഗ്യപരമായ പരിഗണനയാണ് സർവൈവേഴ്സിന് കൊടുക്കുന്നത്.
അതിഭീകരമായി സ്ത്രീകൾ സൈബറിടങ്ങളിൽ ആക്രമിക്കപ്പെടുമ്പോൾ അവരുടെ മാസികാരോഗ്യം നഷ്ടപ്പെടുമ്പോൾ അവരെന്ന മനുഷ്യർ ഇല്ലാതാകുമ്പോൾ എന്തുകൊണ്ടാണ് സൈബർ പോലീസിന് ഈ വിഷയങ്ങൾ ഉൾക്കൊള്ളാനാവാത്തത്. നിങ്ങളും ഒരു സ്ത്രീ സമൂഹത്തിൽ നിന്നല്ലേ വരുന്നത് ? സൈബറിടത്തിലായാലും പുറത്തായാലും ആക്രമിക്കപ്പെടുക എന്നതിന് ഒരു അർത്ഥമേ ഉള്ളൂ.

സ്വന്തമായി ഒരു പ്രശ്നത്തിലും ഇടപ്പെടാൻ സൈബർ പോലീസ് തയ്യാറാകാത്തതെന്താണ്? സാമൂഹ്യപരിസരങ്ങൾ കാരണം പലപ്പോഴും പല സ്ത്രീകൾക്കും കംപ്ലയ്ൻ്റ് ഫയൽ ചെയ്യാൻ പോലും സാധിക്കാറില്ല. ഇനി കൊടുക്കാൻ പോയാൽ തന്നെ പോകുന്നവർ അതിനു പിന്നാലെ ഒരിടത്തും അവസാനിക്കാത്ത രീതിയിൽ നടക്കണം. പരാതി കൊടുക്കുന്ന ആളിന് കഷ്ടപ്പാടും ദുരിതവും മാത്രം മിച്ചമാകും. സ്വയം നിരീക്ഷണ സംവിധാനമുണ്ടാക്കാനും ഞങ്ങൾ എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ പോലീസ് ഇടപെടുമെന്ന ബോധം സൈബർ ബാർക്കേഴ്സിൽ ഉണ്ടാക്കാനും ഇത്ര കാലമായി കഴിയാത്തതെന്താണ്.

സൈബർ സ്പേസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ സൈബർ അബ്യൂസുകളെ നിസാരവൽകരിച്ചു പെരുമാറുന്നത് സ്വന്തം തൊഴിലിനോട് കാണിക്കുന്ന അങ്ങേയറ്റം ക്രൂരതയാണ്.

https://www.facebook.com/revathy.sampath.16/posts/2437331283243256

വർഷങ്ങൾക്ക് മുമ്പേ തന്നെ ഞാൻ സൈബർ കേസുകളുമായി ബന്ധപ്പെട്ട് ഇടപെടുന്നുണ്ട്. ഒരു മാറ്റവും ഇന്നുവരെ കാണാൻ സാധിച്ചിട്ടില്ല. എല്ലാവരെയും പോലെ ഒരു കേസിൽ പോലും നീതി കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ഒരാൾ കേസ് കൊടുക്കുമ്പോൾ ബ്ലോക്ക് ചെയ്യൂ, അവിടെ നിന്ന് മാറി പോകൂ എന്ന് പറയാനുള്ള ബോധമേ പല സൈബർ പോലീസുകൾക്കുമുള്ളൂ. നിങ്ങൾ നിയമ സംരക്ഷകർ എന്ന നിലയിൽ മിനിമം ചെയ്യേണ്ടത് വരുന്ന സർവൈവറെ ഷെയിം ചെയ്യാതിരിക്കുക എന്നതാണ്.

മാന്യതയുടെ ഭാഗമായിട്ടെങ്കിലും അവരെ കുറ്റപ്പെടുത്താതിരിക്കാനും ബഹുമാനിക്കാനും പഠിക്കേണ്ടതുണ്ട്. നിങ്ങൾ അറിയാതെ നിങ്ങൾ തന്നെയാണ് കടന്നുവന്ന പീഢനങ്ങളെക്കാൾ വലിയ ഹറാസ്മെൻ്റുകൾക്ക് വിധേയമാക്കുന്നത്. പ്രതീക്ഷയുടെ ചെറിയൊരു ഇടത്തിൽ ഏൽക്കുന്ന മുറിവ് അത്രത്തോളം ഭീകരമാണ്.
നിങ്ങൾ അതിജീവിച്ചവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരുടെ വൈകാരിക തലങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. പരീക്ഷ എഴുതി പാസായി എന്നതുകൊണ്ട് മാത്രം നിങ്ങൾക്ക് ഒരു സർവൈവറുമായി കണക്ട് ചെയ്യാൻ പറ്റില്ല. ആ വ്യക്തിയെ മനസ്സിലാക്കിയാൽ മാത്രമേ അവർക്ക് ശക്തി പകരാൻ നിങ്ങൾക്ക് സാധിക്കൂ. അല്ലെങ്കിൽ നിങ്ങൾ വെറും യന്ത്രങ്ങൾ മാത്രമാണ്. അങ്ങനെ ഒരു പ്രതീക്ഷ ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് വീണ്ടും അവിടേക്ക് കടന്നുവരാൻ തോന്നൂ.

ഏറ്റവുമടുത്തുനടന്നൊരു ഉദാഹരണം പറയാം, ഒരു സൈബർ ബുള്ളിയ്ക്ക്‌ എതിരെ പരാതിയുമായി പൂന്തുറ പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. 2017ൽ ഇതേ സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ തുടർച്ച ആയതിനാൽ ആണ് അവിടെ തന്നെ കൊടുത്തത്. കൊടുത്ത സമയത്ത് ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന എസ്.ഐ അക്രമിയുടെ മുന്നിൽ വച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഇല്ലാതിരുന്നാൽ പോരേ അതുപോലെ അയാൾ അയച്ച വൃത്തികേടുകൾ എന്നെ കൊണ്ട് തന്നെ വായിപ്പിക്കുക തുടങ്ങിയവ ആയിരുന്നു. അതുപോലെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ വന്ന് ഒരു മണിക്കൂർ വളഞ്ഞിരുന്ന് സംസാരിച്ചത് ബ്ലോക്ക് ചെയ്യുന്നതിനെ കുറിച്ച് ആയിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്യാൻ വേണ്ടി ആണെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം ? എന്തിനാണ് ഇത്തരം സർവീസുകൾ തുറന്ന് വച്ചിരിക്കുന്നത് ?

അവസാനം ഒരു കംപ്ലൈന്റ് ട്രാൻസ്ഫർ ചെയ്ത് സൈബർ സ്റ്റേഷനിൽ അയച്ചു. ഇത്രയും നാളായി ഒരു കോൾ പോലും വന്നിട്ടില്ല. ചോദിച്ചാൽ ഫേസ്ബുക്കിന് റിക്വസ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു നീട്ടി കൊണ്ട് പോകും. ചോദിച്ചാൽ പിന്നെ അടുത്ത മെയിൽ അയക്കാൻ പറയും. മെയിൽ അയച്ച് മെയിൽ അയച്ച് ജീവിതം ഒരുനാൾ തീരും. അപ്പോഴും ഒരു മാറ്റവുമുണ്ടാകില്ല. ഇതിനിടയിൽ ഉണ്ടാകാവുന്ന എല്ലാ ആക്രമണങ്ങളും അനുഭവിക്കുക എന്നതാണ് ചുരുക്കി പറഞ്ഞാൽ നിങ്ങൾ പറയുന്നത്.

ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്ന് വന്ന ഒരു ഉദ്യോഗസ്ഥൻ മറ്റൊരു പോലീസുകാരനോട് പറഞ്ഞത് വേഗം തീർത്തിട്ട് ഇറങ്ങ്, വേറെ പണി ഉണ്ട് എന്നായിരുന്നു. പോലീസുകാർക്ക് പോലും സ്ത്രീകൾ അനുഭവിക്കുന്ന ഇൗ പീഡനങ്ങൾ നിസ്സാരമാണ്.

ഇവിടെ മാറ്റം വരുമെന്ന് നിങ്ങൾ എന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നിച്ച് നിന്ന് മാറ്റത്തിന് വേണ്ടി പരിശ്രമിക്കണം. ഇവിടെ സ്ത്രീകൾ മാത്രമാണ് ഇൗ മാറ്റത്തിന് വേണ്ടി ശബ്ദമുയർത്തുന്നത്. നിങ്ങൾ ഒന്നും ചെയ്യുന്നില്ല. തെരുവിലും എഴുത്തിലൂടെയും കലയിലൂടെയുമെല്ലാം മാറ്റത്തിനായി നിരന്തരം ശബ്ദിക്കുന്നത് സ്ത്രീകളാണ്. നിങ്ങളും നമ്മളും നിയമവും എല്ലാം ഒത്തുചേരേണ്ടതുണ്ട്. നിങ്ങൾ അലസമാകുന്ന ഓരോ നിമിഷവും അത്ര അധികം സ്ത്രീകൾ ആണ് ആക്രമിക്കപ്പെടുകൊണ്ടിരിക്കുന്നത്.

ഇവിടെ ഇടയ്ക്ക് മൂന്ന് സ്ത്രീകൾ വിജയ് പി നായർ എന്ന ആഭാസനെതിരെ പ്രതികരിച്ചപ്പോൾ പെട്ടെന്ന് നിയമപാലകരൊക്കെ ഉണർന്നു. അതേ സ്പീഡിൽ പിന്നീട് ഉറങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു അന്വേഷണം കൊടുത്ത കേസുകളുമായി ബന്ധപ്പെട്ട് വന്നത് ആ സമയത്താണ്. വിഷയം കെട്ടടങ്ങിയപ്പോൾ കേസും പോയി.

ഒരു ചെറിയ ചലനം എങ്കിലും ഇതിലൊക്കെ കൊണ്ട് വരാൻ സ്ത്രീകൾ അത്രയേറെ പൊരുതുന്നുണ്ട്. അവരുടെ വിഷയം ആണ് എന്നിട്ടും നിങ്ങൾ നിസാരം ആയി കാണുന്നത്.
അപ്പ ചട്ടിയിൽ നിന്ന് അപ്പം ഇളക്കിയെടുക്കുന്ന പോലെ ഒരു കേസ് കൊടുത്ത ശേഷം അതിന് പിന്നാലെ നമ്മൾ പോലീസുകാരെ പുഷ് ചെയ്തുകൊണ്ട് നടക്കേണ്ടി വരുന്നത് അങ്ങേയറ്റം ചീപ് ഏർപ്പാടാണ്.

കേരള പോലീസ് ആക്ട് 118 എ പോലെ ഉള്ള വീഢിത്തങ്ങൾ കാട്ടി കളയാൻ ഇനി സമയവുമില്ല.

shortlink

Related Articles

Post Your Comments


Back to top button