BollywoodFilm ArticlesGeneralLatest NewsMollywoodNEWS

പകരം വെയ്ക്കാനാകില്ല, ഇവർ മരണമില്ലാത്ത പ്രതിഭകൾ; 2020ൽ വിടപറഞ്ഞ പ്രിയതാരങ്ങൾ

2020ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സിനിമാ പ്രേമികൾക്ക് നിരാശയുടെ ഒരു വർഷമായിരുന്നു

കോവിഡ് മഹാമാരിയിൽ ലോകത്ത് ലക്ഷകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായതാണ് 2020നെ കൂടുതൽ ദുഃഖസാന്ദ്രമാക്കുന്നത്. പ്രതീക്ഷയുടെ പുതുകിരണങ്ങളുമായി 2021 വന്നുകഴിഞ്ഞു. 2020ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സിനിമാ പ്രേമികൾക്ക് നിരാശയുടെ ഒരു വർഷമായിരുന്നു എന്ന് പൂർണ്ണമായും പറയുവാൻ കഴിയും. ആരാധകരെ നിരാശയിലാഴ്ത്തി വേദന സമ്മാനിച്ചു പോയ പ്രിയ കലാകാരന്മാരെക്കുറിച്ചറിയാം.

sasi-kalinga
കലിംഗ ശശി

വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. എന്നാൽ സിനിമാ പ്രേമികൾക്കിടയിൽ കലിംഗ ശശി പേരാണ് സ്ഥാനം നേടിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം 1998-ൽ ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരന്റെ വേഷത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.’പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത കലിംഗ ശശിയുടെ വിയോഗവും ആരാധകരെ നിരാശരാക്കി.

രവി വള്ളത്തോള്‍

സിനിമാ, മിനി സ്‌ക്രീന്‍ രംഗത്തെ ഈ വര്‍ഷത്തെ നഷ്ടങ്ങളിലൊന്നായിരുന്നു രവി വള്ളത്തോളിന്റെ വിടവാങ്ങല്‍. ദൂരദര്‍ശന്റെ പ്രതാപകാലത്ത് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

read also:കേരള രാജ്യാന്തര ചലച്ചിത്രമേള ; നാല് ജില്ലകളിലായി നടക്കും

എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍

200-ഓളം സിനിമകളിൽ അറുനൂറിലേറെ പാട്ടുകള്‍ ഒരുക്കിയ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ വിടവാങ്ങി. ആയിരത്തിലധികം നാടകഗാനങ്ങള്‍ ഒരുക്കിയ ഇദ്ദേഹം പതിനാല് തവണ സംഗീതനാടക അക്കാദമി അവാര്‍ഡ് നേടി. മികച്ച ചലച്ചിത്ര സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ശബരീനാഥ്

മലയാളം ടെലിവിഷൻ ആരാധകരെഞെട്ടിച്ച വിയോഗമായിരുന്നു നടൻ ശബരീനാഥിന്റെത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാ​ഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്ന ശബരീനാഥ് അവസാനം അഭിനയിച്ചത് പാടാത്ത പൈങ്കിളി എന്ന സീരിയലിലായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ സ്വാമി അയ്യപ്പൻ. സ്ത്രീപഥം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.

സച്ചി

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗം സിനിമാ പ്രേമികളെ ഞെട്ടിച്ച ഒന്നായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികിത്സയിലായിരുന്നു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ തയ്യാറാക്കിയ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീവ. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച സച്ചി അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സിനിമയില് എത്തിയത്.

അനില്‍ നെടുമങ്ങാട്

ജോജു നായകനായി എത്തുന്ന പീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ ഇടവേളയിൽ തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്‍ട്രോത്തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം സൃഷ്ടിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ ആകസ്മിക മരണം.

ഷാനവാസ് നരണിപ്പുഴ

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയും വിടവാങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെ.ജി. ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല


അനില്‍ മുരളി

ചെറിയ സീരിയല്‍ വേഷങ്ങളിലൂടെ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു. അനില്‍ മുരളി കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം..


പാര്‍വൈ മുനിയമ്മ

തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയും നാടൻപാട്ട് കലാകാരിയുമായ ഗായികയുമായ പാര്‍വൈ മുനിയമ്മ വിട പറഞ്ഞു. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തി മലയാളികൾക്കും പ്രിയങ്കരിയാണ് താരം. 2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ധൂളിൽ മുനിയമ്മ പാടി അഭിനയിച്ച് “സിങ്കം പോല” എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.


എസ്.പി. ബാലസുബ്രമണ്യം

സംഗീത ലോകത്തെ ഏറ്റവും വലിയ നഷ്ടമാണ് എസ്.പി.ബിയുടെ വിയോഗം. ആത്മാവിനോട് അലിഞ്ഞുചേര്‍ന്ന ഗാനങ്ങളിലൂടെ ആരാധകരിൽ ഒരു വികാരമായി തീർന്ന കലാകാരൻ കൂടിയായിരുന്നു എസ്.പി. ബാലസുബ്രമണ്യം.ഒരു ഗായകനിലുപരി സംഗീത സംവിധായകന്‍, അഭിനേതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

ഇര്‍ഫാന്‍ ഖാന്‍

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാനും 2020ന്റെ നഷ്ടമാണ്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ദ ലഞ്ച് ബോക്സ്, പാന്‍ സിങ് തോമര്‍, തല്‍വാര്‍, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബൈ മേരി ജാന്‍, കര്‍വാന്‍, മഡാരി, ലൈഫ് ഇന്‍ എ മെട്രോ, പീകു, ബ്ലാക്ക് മെയില്‍, ഹൈദര്‍, യേ സാലി സിന്ദഗി, ഖരീബ് ഖരീബ് സിംഗിള്‍, ദ വാരിയര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍

ഋഷി കപൂര്‍

പ്രണയാതുര ഭാവങ്ങളിലൂടെ ബോളിവുഡിനെ ത്രസിപ്പിച്ച നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപൂറിന്റെ വിടവാങ്ങലും 2020 ല്‍ ആയിരുന്നു. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്, ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയം.

പി. കൃഷ്ണമൂര്‍ത്തി

സ്വാതിതിരുനാള്‍, വൈശാലി, പെരുന്തച്ചന്‍, വചനം, രാജശില്പി, പരിണയം, കുലം, ഗസല്‍ തുടങ്ങി 15-ഓളം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ച പി. കൃഷ്ണമൂര്‍ത്തി വിടവാങ്ങി. കലാസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും പ്രതിഭ തെളിയിച്ച കൃഷ്ണമൂര്‍ത്തിക്ക് ഇരുവിഭാഗങ്ങളിലുമായി അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അടക്കം 55 സിനിമകളില്‍ കലാസംവിധാനം നിര്‍വഹിച്ചു. മാധവാചാര്യ(കന്നട), ഒരു വടക്കന്‍ വീരഗാഥ(മലയാളം), ഭാരതി(തമിഴ്) ചിത്രങ്ങളിലൂടെയാണ് കലാസംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ഒരു വടക്കന്‍വീരഗാഥയിലെയും ഭാരതിയിലെയും വസ്ത്രാലങ്കാരവും ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

സുശാന്ത് സിംഗ് രജ്പുത്

2020 ല്‍ ബോളിവുഡിനെ ഞെട്ടിച്ച ഒരു മരണമായിരുന്നു നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെത്. ജൂണ്‍ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് കൊലപാതകമാണെന്ന തരത്തിലുള്ള വാദങ്ങൾ ഉയർന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ ഈ മരണം വാര്‍ത്തയായി.

ചിരഞ്ജീവി സര്‍ജ

കന്നഡ സിനിമയിലെ യുവതാരമായിരുന്ന ചിരഞ്ജീവി സര്‍ജയുടെ വിയോഗം മലയാളികളെയും വേദനിപ്പിച്ച ഒന്നായിരുന്നു. നടി മേഘ്‌ന രാജിന്റെ ജീവിത പങ്കാളിയായാണ് മലയാളികള്‍ക്ക് ചിരഞ്ജീവിയെ കൂടുതല്‍ പരിചയം. ചിരഞ്ജീവി മരിക്കുമ്ബോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു.

വിജെ ചിത്ര

തമിഴ് ടെലിവിഷൻ ആരാധകരെ ഞെട്ടിച്ച ഒരു മരണമായിരുന്നു വിജെ ചിത്രയുടേത്. ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഈ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല

സൗമിത്ര ചാറ്റര്‍ജി

സത്യജിത് റേയുടെ പ്രിയനടനും അഭിനയമികവുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ ബംഗാളി നടനുമായ സൗമിത്ര ചാറ്റര്‍ജി അരങ്ങൊഴിഞ്ഞതും 2020 ല്‍ ആണ്. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച സൗമിത്ര ചാറ്റര്‍ജി ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി.

ജഗദീപ് ജഫ്രി

ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരില്‍ ഒരാളായ ജഗദീപ് ജഫ്രിയുഡി വിടവാങ്ങലും 2020ലായിരുന്നു. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഹേമമാലിനി, ജയ ബച്ചന്‍ എന്നിവര്‍ അഭിനയിച്ച ‘ഷോലെ’ എന്ന ചിത്രത്തിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് അദ്ദേഹം.

ആസിഫ് ബസ്ര

മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ‘ബിഗ് ബ്രദറില്‍’ മുത്താന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ആസിഫ് ബസ്രയുടെ ആത്മഹത്യ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. ധര്‍മ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button