GeneralLatest NewsMollywoodNEWS

അരാജകത്വത്തിന്റെ രാഷ്ട്രീയത്തിന് തുടക്കമിട്ട സിനിമയ്ക്കുള്ളിലെ രാഷ്ട്രീയക്കാരെ കുറിച്ച്: അഞ്ജു പാർവ്വതി പ്രഭീഷ്

അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്

ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്.   സിനിമയെ വാനോളം പുകഴ്ത്തുമ്ബോഴും ചിലര്‍ക്കിടയില്‍ വിഭിന്നാഭിപ്രായമുണ്ട്. വിഷയത്തില്‍ വ്യത്യസ്തമായ കുറിപ്പ് പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി പ്രഭീഷ് .

തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ തുടക്കം മലയാളസിനിമയിൽ തുടങ്ങിയത് മഹേഷിന്റെ പ്രതികാരം മുതല്ക്കേയാണ്. അത്രയും മനോഹരമായ, പച്ച മനുഷ്യരുടെ കഥ പറഞ്ഞ ചിത്രത്തിൽ അനാവശ്യമായി തോന്നിയ ഒരേ ഒരു ഡയലോഗ് സൗബീന്റെ കഥാപാത്രമായ ക്രിസ്പിൻ പറയുന്ന ഒന്നാണ്.

” ഞാന്‍ ലാലേട്ടന്റെ ഫാനാ ! കാരണം , മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പോലീസ്,രാജാവ്,പൊട്ടന്‍ എല്ലാം .പക്ഷേ, ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇത് വിട്ടൊരു കളിയില്ല’. മോഹൻലാൽ എന്ന നടനെ പൊതുസമൂഹത്തിൽ ഒരു സവർണ്ണനടനായി അടയാളപ്പെടുത്താനുളള ശ്രമം തുടങ്ങിയിട്ട് കുറേനാളുകളായി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും ചിറയ്ക്കൽ ശ്രീഹരിയും ജഗന്നാഥനും മണ്ണാർത്തൊടി ജയകൃഷ്ണനുമൊക്കെ ഹൈലൈറ്റ് ചെയ്യപ്പെടുമ്പോൾ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും അടിമകണ്ണും ( മുളമൂട്ടില്‍ അടിമ ) ദാരപ്പനും ( ഉയരും ഞാന്‍ നാടാകെ )റഷീദും ( പഞ്ചാഗ്നി) റിച്ചാർഡും സോളമനും സഖാവ് നെട്ടൂരാനും അബ്ദുള്ളയും ഒന്നും കണ്ണിലേയ്ക്ക് വരില്ല. അതാണ് സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം. ഒരു ട്രെൻഡ് സെറ്റിംഗ് തങ്ങളുടെ സിനിമയിലൂടെ ,കഥാപാത്രങ്ങളിലൂടെ പറയിപ്പിക്കുന്ന അരാജകത്വത്തിന്റെ രാഷ്ട്രീയമാണിത്. അതിനു തുടക്കമിട്ടതും സിനിമയ്ക്കുള്ളിലെ രാഷ്ട്രീയക്കാരാണ്.

read also:സ്ത്രീധന തുക തരുമോ അളിയാ; സ്വാതിയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് ഡിവോഴ്സ് ആയോ എന്ന് ആരാധകര്‍

സിനിമയ്ക്കുള്ളിലൊരു രാഷ്ട്രീയമുണ്ടെന്നു നമ്മൾ പ്രേക്ഷകർ ആശങ്കപ്പെടുവാൻ തുടങ്ങിയത് ഈ അടുത്ത കാലം മുതല്ക്കാണ്. മഹേഷിന്റെ പ്രതികാരം ആഷിഖ് അബു നിർമ്മിച്ച ഒരു സിനിമയായതുകൊണ്ട് തന്നെ സംശയം തോന്നിയതാണ്. കാരണം ടിയാൻ സംവിധാനം ചെയ്ത ടാ തടിയായിൽ മലയാളത്തിലെ എക്കാലത്തെയും നമ്പർ 1 രാഷ്ട്രീയ സാറ്റയറിക്കൽ മൂവിയായ സന്ദേശത്തിനിട്ട് കൊട്ട് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇതേ രാഷ്ട്രീയം വച്ച് സിനിമ എഴുതുമ്പോഴാണ്, ആ രാഷ്ട്രീയഫ്രെയിം കൊണ്ട് സിനിമ നിർമ്മിക്കപ്പെടുമ്പോഴാണ് ചില ബിംബങ്ങൾ ഹൈലൈറ്റ് ചെയ്യപ്പെടുന്നത്.

read also:‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു;നടനും സംവിധായകനുമെതിരെ കേസ്

അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്. മഹത്തായ ഇന്ത്യൻ അടുക്കളയെന്ന സിനിമ ഇതേ ആശയത്തിലൂന്നി മാത്രം സഞ്ചരിച്ച, സ്ത്രീകൾക്കെതിരെ നടക്കുന്ന പാസ്സീവ് വയലൻസ് മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്ന, ടേബിൾ മാനേഴ്സിനും ലൈംഗിക സ്വാതന്ത്ര്യത്തിനും ഗൈഡൻസ് നല്കുന്ന സിനിമയായിരുന്നുവെങ്കിൽ മഹത്തരമായിരുന്നുവെന്ന് ഉറക്കെ പറഞ്ഞേനേ. പക്ഷേ നിശബ്ദമായിട്ടല്ലാതെ, എന്നാൽ നിഷ്കളങ്കമായി ഒളിച്ചു കടത്തുന്ന ഒരു രാഷ്ട്രീയം കഥാപാത്രങ്ങളിലൂടെ ചെയ്യിക്കുന്ന അരാജകത്വത്തിന്റെ നെറികേട് അതിനുള്ളിലുണ്ടെന്ന് സമ്മതിക്കാതെ തരമില്ലാത്തതിനാൽ ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ.

മഹത്തായ ഇന്ത്യൻ അടുക്കളയെന്ന കാമ്പുള്ള കൊച്ചുസിനിമയെ അരാജകത്വത്തിന്റെ സിനിമയാക്കുന്നത് അതിലെ രണ്ടാം പകുതിയാണ്. ആദ്യ പകുതി സംസാരിക്കുന്നത് പൊതു സമൂഹത്തിലെ സ്ത്രീജീവിതങ്ങളിൽ ചിലരുടെയെങ്കിലും ദൈനംദിനജീവിതകാഴ്ചകളാണ്. എന്നാൽ ഇതേ കാഴ്ചകൾ അഭ്രപാളിയിലൂടെ ആദ്യമായാണോ നമ്മൾ കണ്ടതെന്നു ചോദിച്ചാൽ അല്ലേ അല്ല.

ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ,ഈറന്‍ മാറുന്ന വെണ്‍ മലരേ,
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍ മലരേ എന്ന ഒരൊറ്റ പാട്ടു കൊണ്ട് അക്കു അക്ബർ പുലർച്ചെ മുതൽ പാതിരാത്രി വരെ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവിനെ വെറുതെ അല്ല ഭാര്യയിൽ കാണിച്ചിട്ടുണ്ട്. അതിലില്ലാത്ത എന്താണ് ഇതിലുള്ളത് എന്ന് ചോദിച്ചാൽ പാട്രിയാർക്കി അവകാശവാദമായി കൊണ്ടാടുന്ന ഒരമ്മായിയപ്പൻ അവിടെയില്ല മറിച്ച് ഈ അടുക്കളയിലുണ്ട് എന്നത് മാത്രമാണ്. ഒരു പതിറ്റാണ്ടിനു മുന്നേ ഇറങ്ങിയ ഒരു സിനിമയിൽ ഉണ്ടായിരുന്നത് ജീവിത യാഥാർത്ഥ്യങ്ങൾ മാത്രമായിരുന്നു മറിച്ച് സമർത്ഥമായി ഒളിച്ചു കടത്തുന്ന ചില ഇസങ്ങളല്ലാ എന്ന തിരിച്ചറിവ് വെറുതെ അല്ല ഭാര്യയെ ഇന്നും മികച്ച ഒരു സിനിമാനുഭവമാക്കി മാറ്റുന്നു. എന്നാൽ മഹത്തായ ഭാരതീയ അടുക്കളയിലാവട്ടെ പാട്രിയാർക്കിയുടെ ആവരണം സമർത്ഥമായി പുറത്തേയ്ക്ക് ഇട്ട് ഉള്ളിൽ നിറയെ ശബരിമല സ്ത്രീ പ്രവേശനത്തിനു വേണ്ടിയുള്ള വിപ്ലവധ്വനികളുടെ ആരവങ്ങളും പുകസ വക്താക്കളുടെ സെലക്ടീവ് മത വിദ്വേഷവും മാത്രം . ഹൈന്ദവ വിരുദ്ധതയെ പൊതുമലയാളിയുടെ പൊതുബോധത്തിനു മേൽ മേൽ അടിച്ചു തീറ്റിക്കാനുള്ള വളിച്ച കഞ്ഞി വിളമ്പുന്ന ഈ വൃത്തിഹീനമായ അടുക്കളയിൽ തൊട്ടു നക്കാനായി വെച്ചിട്ടുള്ള അച്ചാർ മാത്രം ആകുന്നു പാട്രിയാർക്കി എന്നിടത്താണ് സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം.

ഇനി സിനിമയെ സിനിമയായി കണ്ടു കൂടേയെന്നു ചോദിക്കുന്ന സ്യൂഡോ ലിബറലുകളോട് ! അങ്ങനെ സിനിമയെ വെറും സിനിമയായി കണ്ടിരുന്നുവെങ്കിൽ 51 വെട്ടും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമൊക്കെ തിയേറ്റുകളായ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടേനേ! മെക്സിക്കൻ അപാരത ടോം ഇമ്മട്ടി നേരായി ചിത്രീകരിച്ചേനേ! ഇത്തരം ട്രെന്റ് സെറ്റിംഗിനു പിന്നിലെ രാഷ്ട്രീയവും അണിയറയിലുള്ളവരെയും കൃത്യമായും വ്യക്തമായും മനസ്സിലാക്കുന്നതിലാണ് ചിലരെങ്കിലും പ്രതിഷേധിക്കുന്നതും ഇന്നും സ്വീകരണമുറികളിൽ സത്യൻ അന്തിക്കാടിന്റെ സന്ദേശവും അക്കു അക്ബറിന്റെ വെറുതെ അല്ല ഭാര്യയുമൊക്കെ സുപ്പർഹിറ്റായി ഓടിക്കൊണ്ടേയിരിക്കുന്നതും!

shortlink

Related Articles

Post Your Comments


Back to top button