CinemaGeneralLatest NewsMollywoodNEWS

വളരെ കാലത്തിനു ശേഷമാണ് ഞാൻ ഒരു ചങ്ങാതിയുടെ കൂടെ ഗോട്ടി കളിക്കുന്നത്

വേറെ ഒരു രഘുവും തോളിൽ കയ്യിടാൻ വന്നിട്ടില്ല

മുഖ പുസ്തകത്തില്‍ വേറിട്ട കുറിപ്പുകളുമായി സജീവമാകാറുള്ള പ്രശസ്ത തിരക്കഥകൃത്ത് രഘുനാഥ് പലേരി ഇത്തവണ പങ്കുവയ്ക്കുന്നത് അടുത്തിടെ ഫോണില്‍ വിളിച്ച തന്റെ ഒരു സുഹൃത്തിനെക്കുറിച്ചാണ്.ഏറെ ഹൃദ്യമായ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കിടാറുള്ള രഘുനാഥ് പലേരി ഇത്തവണയും തന്റെ എഴുത്തിന്റെ തനത് ഭംഗി മികച്ച പദപ്രയോഗത്തെ മനുഷ്യ ഹൃദയങ്ങളില്‍ ചേര്‍ത്ത് നിര്‍ത്തുകയാണ്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

“രഘൂ …
ഈ രഘു തന്നെയാണോ ആ രഘു?”
“മനസ്സിലായില്ലാ..!”
” എൻറെ കൂടെ ഒരു രഘു സ്ക്കുളിൽ പഠിച്ചിരുന്നു. ആ രഘു തന്നെ ആണോ ഈ രഘു..?”
“അറിയില്ലല്ലൊ. ആ രഘു ഏത് രഘുവാണ്..?”
“അത് ഈ രഘു ആണെന്ന് തോന്നുന്നു. അതറിയാനാണ് വിളിച്ചത്.”
” ഇയാളുടെ പേരെന്താ ?”
” ഞാനും ഒരു രഘു ആണ്.”
” ബ്യൂട്ടിഫുൾ…”
എനിക്ക് സന്തോഷം തോന്നി.
ഓർമ്മയിൽ എന്റെ കൂടെ പഠിച്ച ഒരു രഘുവിനെ മാത്രമേ എനിക്കറിയൂ. അത് ഞാനാണ്. വേറെ ഒരു രഘുവും തോളിൽ കയ്യിടാൻ വന്നിട്ടില്ല.
ഇതാരാണപ്പാ..?!
” രഘു എന്താ മിണ്ടാത്തത്?”
” ഓർമ്മ കിട്ടുന്നില്ലല്ലൊ രഘു”
” നിനക്ക് അത്രേം പ്രായായാ..?! ”
” ഞാൻ പണ്ടേ ഇങ്ങിനാ. നിന്റത്ര ഓർമ്മശക്തി ഇല്ല.”
“എനിക്ക് നല്ല ഓർമ്മണ്ട് . അതല്ലേ നമ്പർ കണ്ടുപിടിച്ചു വിളിച്ചത് ”
” നീ വിളിച്ചത് ഏത് രഘൂനെയാണ്?”
“എൻറെ കൂടെ പഠിച്ച രഘൂനെ തന്നെ.”
” രഘൂന് വേണ്ട രഘു ഞാൻ തന്നെയാണോ”
” എനിക്ക് എന്റെ കൂടെ പഠിച്ച രഘൂനെ വേണം. രഘു പഠിച്ചത് ആഴ്ചവട്ടം സ്ക്കൂളിൽ അല്ലെ?”.
അല്ലെന്ന് പറയും മുൻപെ മനസ്സ് തടഞ്ഞു.
“അതെ”
രഘു ആവേശത്തോടെ ചിരിച്ചു.
“ഹൊ… എന്നിട്ടും എന്നെ നീ മറന്നു. ഞാൻ രഘു. മെല്ലിച്ച്. കുറ്റി മുടി. കീശയിൽ എപ്പഴും ഗോട്ടി ഉണ്ടാവും. ഓർമ്മണ്ടോ”
” സോറി എടാ. മറന്നേന്”.
” നമ്മളെത്ര ഗോട്ടി കളിച്ചിട്ടുണ്ട്.”
“അതെ. ഇപ്പഴും നിന്റെ കീശേല് ഗോട്ടി ഉണ്ടോ.”
രഘു ഉച്ചത്തിൽ ചിരിച്ചു.
ആ ചിരിയും കഴിഞ്ഞ് വർത്തമാനവും കഴിഞ്ഞ് വൈകുന്നേരത്തെ ബെല്ലടിക്കും വരെ ഞാനും രഘുവും തോളിൽ കയ്യിട്ടങ്ങിനെ നടന്നു.
വളരെ കാലത്തിനു ശേഷമാണ് ഞാൻ ഒരു ചങ്ങാതിയുടെ കൂടെ ഗോട്ടി കളിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button