FestivalGeneralIFFKLatest NewsMollywoodNEWS

സലിം കുമാറിനെ ഒഴിവാക്കിയ സംഭവം ; വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ ലക്ഷ്യം മറ്റൊന്ന്, കമൽ

എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്, കമൽ

തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. വേറൊരാൾ തയ്യാറാക്കിയ ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കമൽ പറഞ്ഞു. സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വ്യക്തിപരമായി ഏറെ സമ്മർദ്ദം ഉണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്നും വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറാണെന്നും കമൽ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷം കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തിയപ്പോള്‍ സലിംകുമാറിനെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്തതാണ് വിവാദമായത്. തനിക്ക് പ്രായം കൂടിയതാകാ൦ കാരണമെന്ന് പരിഹസിച്ച് സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ  കമൽ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്‍റെ വിശദീകരണം.

കമൽ ഖേദം പ്രകടിപ്പിച്ചിട്ടും സലിം കുമാർ കൊച്ചിയിൽ നടന്ന രണ്ടാം ഘട്ട ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലി൦കുമാറിന്‍റെ പ്രതികരണം. തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦കുമാ൪ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button