BollywoodGeneralLatest NewsNEWS

‘ഭൂല്‍ ഭുലയ്യ 2‘ ; മണിച്ചിത്രത്താഴ് ​ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗം വരുന്നു

‘ഭൂല്‍ഭുലയ്യയുടെ’ രണ്ടാം പതിപ്പ് പുറത്തിറക്കാൻ പോകുന്ന വിവരമാണ് പുറത്ത് വരുന്നത്

1993-ൽ ഫാസിൽ സംവിധാനം ചെയ്ത ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമായിരുന്നു ‘മണിച്ചിത്രത്താഴ്’. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മലയാളത്തിൽ ഗംഭീര വിജയം നേടിയ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്‌,കന്നഡ, ഹിന്ദി ഭാഷളിലും  റിമേക്ക് ചെയ്യപ്പെട്ടിരുന്നു. ‘മണിച്ചിത്രത്താഴിന്റെ’ ഹിന്ദി പതിപ്പായ ‘ഭൂല്‍ ഭുലയ്യ’ സംവിധാനം ചെയ്തത് മലയാളി സംവിധായകനായ പ്രിയദര്‍ശന്‍ ആയിരുന്നു.

കേന്ദ്ര കഥാപാത്രമായ ‘ഗംഗ-നാഗവല്ലിയായി’ വേഷമിട്ടത് മലയാളിയായ നടി വിദ്യാ ബാലന്‍ ആയിരുന്നു. മലയാള നടൻ വിനീതും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹിന്ദിയിലും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ‘ഭൂല്‍ഭുലയ്യയുടെ’ രണ്ടാം പതിപ്പ് പുറത്തിറക്കാൻ പോകുന്ന വിവരമാണ് പുറത്ത് വരുന്നത്.

രണ്ടാഭാഗം സംവിധാനം ചെയ്യുന്നത് അനീസ്‌ ബസ്മീ ആണ്. കാര്‍ത്തിക് ആര്യന്‍, കിയാര അഡ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. നവംബര്‍ 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍  പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ചിത്രത്തിന്റെ പേസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിയാര അഡ്വാനിയും റിലീസ് തിയതി ട്വീറ്റ് ചെയ്തിട്ടുണ്ട്. മണിച്ചിത്രത്തഴിന് മറ്റ് ഭാഷകളില്‍ റീമേക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ രണ്ടാം ഭാഗം ആരും ചെയ്തിട്ടില്ലായിരുന്നു.

മണിച്ചിത്രത്താഴിൽ ശോഭന ചെയ്തത് ഗംഗ എന്ന കഥാപാത്രത്തെയാണ്. മാനസികരോഗിയായ ഗംഗ തറവാട്ടില്‍ പണ്ട് മരണപ്പെട്ട നര്‍ത്തകി നാഗവല്ലിയായി മാറുകയും തുടർന്ന് മോഹൻലാലിൻറെ കഥാപാത്രം സണ്ണി എന്ന മാനസികരോഗ വിദഗ്ദ്ധൻ മാറ്റിയെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ശോഭനയുടെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മണിച്ചിത്രത്താഴിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. ഒരുമുറൈ വന്ത് പാര്‍ത്തായ എന്ന ഗാനം ഇന്നും ഹിറ്റായി തന്നെ തുടരുന്നു. തന്റെ അഭിനയ ജീവിതത്തിൽ മറക്കാനാവാത്ത കഥാപാത്രമാണ് നാഗവല്ലിയുടേത് എന്ന് ശോഭന പറഞ്ഞിട്ടുണ്ട്.

2005 ലാണ് പി. വാസു മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചെയ്യുന്നത്. ചന്ദ്രമുഖി എന്ന പേരിട്ട ചിത്രത്തിൽ രജനീകാന്ത്, പ്രഭു, ജ്യോതിക, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശോഭനയുടെ കഥാപാത്രത്തെ ജ്യോതികയും, മോഹൻലാലിൻറെ കഥാപാത്രത്തെ രജനീകാന്തുമാണ് അവതരിപ്പിച്ചത്. തമിഴിലും ചിത്രം മികച്ച വിജയം നേടി.

shortlink

Related Articles

Post Your Comments


Back to top button