CinemaLatest NewsMollywoodNEWSWOODs

മണി പാടുന്നപോൽ എനിക്ക് പാടാൻ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീർ പ്രണാമമിതാ; ഗായകൻ ജി. വേണുഗോപാൽ

'ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല.. ഞാൻ വിചാരിച്ചാൽ അവ അതുപോലെ പാടാൻ സാധിക്കുകയുമില്ല!'

ചലച്ചിത്ര നടൻ കലാഭവൻ മണി വിട പറഞ്ഞിട്ട് അഞ്ച് വര്ഷം പൂർത്തിയായ വേളയിൽ സോഷ്യൽ മീഡിയയിൽ നടന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ചലച്ചിത്ര ലോകത്തെ പ്രമുഖർ. നടനും ഗായകനുമായ കലാഭവൻ മണിയോടൊപ്പം വേദി പങ്കിട്ട ഓർമ്മ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മണിയുടെ വിയോഗ ദു:ഖത്തിൽ വർഷങ്ങൾക്ക് മുൻപെഴുതിയൊരു പോസ്റ്റ് ഇവിടെ വീണ്ടും പങ്ക് വയ്ക്കട്ടെ.
2009 ലെ ഒരു ഗാനമേള സദസ്സ്. സ്ഥലം ചാലക്കുടിയ്ക്കടുത്തുള്ള ഒരു അമ്പലപ്പറമ്പ്. എന്റെ ഗാനങ്ങളോരോന്നായി പാടിത്തീരുമ്പോഴെയ്ക്കും ‘ഒരു കലാഭവൻ മണി ഗാനം’ എന്ന പൊതു ആവശ്യം ഉയർന്നു കേട്ടുകൊണ്ടേയിരിക്കുന്നു. പ്രകോപനം സഹിക്കവയ്യാണ്ടായപ്പോൾ ഞാൻ പറഞ്ഞു ‘ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല.. ഞാൻ വിചാരിച്ചാൽ അവ അതുപോലെ പാടാൻ സാധിക്കുകയുമില്ല!’ എന്നിട്ട് ശബ്ദം താഴ്ത്തി, ‘മണി വിചാരിച്ചാൽ ഉണരുമീ ഗാനവും ചന്ദനമണിവാതിലും അതുപോലെ പാടാൻ സാധിക്കുമെന്നും തോന്നുന്നില്ല!’ ഒറ്റപ്പെട്ട കയ്യടികളും ബഹുഭൂരിഭാഗം കൂക്കുവിളികളും ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി തുടർന്നു. സംഗീത പരിപാടി തീരാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സ്റ്റേജിനു സമീപം ഒരു വെള്ള കാർ വന്നു നിന്നു. ജയാരവങ്ങൾക്കിടയിൽ മണി ഇറങ്ങി വന്ന് ബലിഷ്ടമായ ഒരു ആലിംഗനത്തിൽ എന്നെ കുടുക്കി! മൈക്കിലൂടെ മണിയുടെ പ്രശസ്തമായ ഒരു ഗാനം പാടി ആ വേദിയിൽ എന്നോടുള്ള സ്‌നേഹാദരങ്ങൾ പ്രകടിപ്പിച്ചു.

മലയാളികള്‍ കണ്ട ‘പരോള്‍’ അല്ലേ ഉത്തരേന്ത്യക്കാര്‍ കണ്ടത് ; മമ്മൂട്ടി ചിത്രത്തിന് ഹിന്ദിയിൽ ഒന്നരക്കോടി കാഴ്ചക്കാർ

മണിയുടെ നിർദ്ദേശ പ്രകാരം രണ്ടു മാസത്തിനുള്ളിൽ അബുദാബിയിൽ ഒരു സ്റ്റേജിൽ ഞങ്ങൾ ഒത്തുചേർന്നു. തുടർന്ന് ബഹറിനിലും ഷാർജയിലും. മണിക്ക് ജീവിതം ഒരാഘോഷമായിരുന്നു. സംഗീതവും, നൃത്തവും, ചടുലമായ ചുവടുവയ്പ്പുകളും നിറഞ്ഞ ഈ ആഘോഷത്തിൽ തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം മണി ചേർക്കും. ഭക്ഷണം രുചിയായി പാചകം ചെയ്ത് വിളമ്പും. പഴയ ദുരിത നാളുകളോർത്ത് വിതുമ്പും. കഠിനമായി ദേഷ്യപ്പെടും. ഉടൻ ആറിത്തണുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞ് മാപ്പിരക്കും. സിനിമാ കാമറയുടെ മുന്നിലും പിന്നിലുമുള്ള ചായം തേച്ച മുഖങ്ങൾക്കിടയിൽ ചായം ലവലേശമില്ലാത്ത അപൂർവ വ്യക്തിത്വങ്ങളിലൊന്നായിരുന്നു മണിയുടേത്.

സിനിമയിൽ കരയാൻ മണിക്ക് ഗ്ലിസറിൻ വേണ്ടായിരുന്നു. കുഞ്ഞുനാളുകളിൽ ചാലക്കുടിപ്പുഴയിലെ മണ്ണുവാരി കുട്ടകളിൽ നിറയ്ക്കുന്നതോർത്താൽ മതിയായിരുന്നു! ഈ ഒരു സത്യസന്ധത, ആർജവം മണിയെ പലപ്പോഴും പല കുഴപ്പങ്ങളിലും കൊണ്ടു ചാടിച്ചിരുന്നു.
നാൽപ്പത്തഞ്ച് വയസ്സിനുള്ളിൽ, ഒരു പുരുഷായുസ്സിൽ ചെയ്യാൻ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങൾ ചെയ്ത് തീർത്ത് തിടുക്കത്തിൽ എങ്ങൊ പോയ് മറഞ്ഞ മണിയുടെ ഒരു ഗാനം എന്റെ മനസ്സിൽ ഉടക്കിക്കിടക്കുന്നു. ഞാൻ വീണ്ടും പറയട്ടെ, മണി പാടുന്നപോൽ എനിക്ക് പാടാൻ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീർ പ്രണാമമിതാ, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങൊട്ടാണീ തിടുക്കം..

 

shortlink

Related Articles

Post Your Comments


Back to top button