GeneralLatest NewsMollywoodNEWS

ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നര്‍ത്തകി; ശോഭനയെക്കുറിച്ചു ശാരദക്കുട്ടി

കുടുംബം, വിവാഹം, കുട്ടികള്‍ എന്നെക്കെ പതിവ് ചോദ്യങ്ങളുമായി സമീപിക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഒന്നറയ്ക്കും

ബാലചന്ദ്ര മേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രിയനടിയാണ് ശോഭന. വെള്ളിത്തിരയിൽ നൃത്തത്തിന്റെ ലാസ്യ ഭാവങ്ങൾ അവതരിപ്പിച്ചു ജനപ്രിയ നടിയായി മാറിയ ശോഭന അൻപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ 51-ാം ജന്മദിനത്തില്‍ ശാരദക്കുട്ടി പങ്കുവെ കുറിപ്പ് ശ്രദ്ധേയമാകുന്നു. നൃത്തത്തിലും അഭിനയത്തിലുമെല്ലാം തനതായ ഒരു അടയാളമുണ്ടാക്കിയെടുത്തു കൊണ്ട് പാരമ്ബര്യം മാത്രമല്ല തന്റെ മികവെന്നു തെളിയിച്ച നടികൂടിയാണ് ശോഭനയെന്ന് കുറിപ്പില്‍ പറയുന്നു

കുറിപ്പിങ്ങനെ

നില്‍പ്പിലും ചിരിയിലും ചലനങ്ങളിലും ശരീര പ്രകൃതത്തിലും പഴയകാല നടി രാഗിണിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് 1984 ല്‍ ശോഭന മലയാള സിനിമയില്‍ വരുന്നത്. കാളിന്ദി തീരം തന്നില്‍ നീ വാ വാ കായാമ്ബൂ വര്‍ണ്ണാ കണ്ണാ എന്ന ഗാന നൃത്തരംഗം അന്നു കണ്ടപ്പോള്‍ രാഗിണിയെപ്പോലെ തന്നെയെന്നു പഴയകാല സിനിമാ പ്രേമികള്‍ അത്ഭുതപ്പെട്ടു. രാഗിണിയുടെ സഹോദരന്റെ മകളാണ് ശോഭന എന്ന് സിനിമാ പ്രസിദ്ധീകരണങ്ങള്‍ പിന്നീട് പറഞ്ഞപ്പോള്‍ കലാകുടുംബത്തിലെ ആ പുതു തലമുറക്കാരിയോട് കൂടുതല്‍ അടുപ്പമായി. വളരെ പെട്ടെന്നാണ് ശോഭന നൃത്തത്തിലും അഭിനയത്തിലുമെല്ലാം തനതായ ഒരു അടയാളമുണ്ടാക്കിയെടുത്തു കൊണ്ട് പാരമ്ബര്യം മാത്രമല്ല തന്റെ മികവെന്നു തെളിയിച്ചത്.

read also:പിഷാരടിയുടെ രാഷ്ട്രീയ പ്രവേശം ഞെട്ടിച്ചു, ധര്‍മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി

കാണാമറയത്തിലെ കൗമാരക്കാരിയായ ഷേര്‍ളി, ചിലമ്ബിലെ സുന്ദരിയായ അംബിക, മീനമാസത്തിലെ സൂര്യനിലെ കുസൃതി നിറഞ്ഞ കാമുകി രേവതി, യാത്രയില്‍ ഒരു വനമാകെ ദീപം തെളിയിച്ച്‌ ഉണ്ണിയെ കാത്തിരിക്കുന്ന തുളസി, മേലെ പ്പറമ്ബില്‍ ആണ്‍വീട്ടിലെ പവിഴം, മായാമയൂരത്തിലെ ഭദ്ര, മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും, ഇന്നലെയിലെ മായ, മിത്ര് മൈ ഫ്രണ്ടിലെ ലക്ഷ്മി, ഒടുവില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീന വരെ എത്രയെത്ര കഥാപാത്രങ്ങള്‍ മോഹന്‍ലാലിനും രവീന്ദ്രനും ഒപ്പം രംഗം എന്ന നൃത്ത പ്രധാനമായ ചിത്രത്തില്‍ ശോഭന, ചന്ദ്രിക എന്ന നര്‍ത്തകിയായിരുന്നു. “വനശ്രീ മുഖം നോക്കി വാല്‍ക്കണ്ണെഴുതുമീ പനിനീര്‍ തടാകമൊരു പുണ്യതീര്‍ഥം” എന്ന നൃത്തരംഗത്തിലാണ് ഞാന്‍ ശോഭനയുടെ സൗന്ദര്യം ഏറ്റവുമധികം നോക്കിയിരുന്നത്. കൃഷ്ണചന്ദ്രന്റെ ആലാപന ശൈലിയോടുള്ള ആരാധനയും ആ രംഗം വീണ്ടും വീണ്ടും കാണുവാന്‍ എനിക്കു പ്രേരണയായി .

പതിന്നാലു വയസ്സില്‍ ബാലചന്ദ്ര മേനോന്റെയും മമ്മൂട്ടിയുടെയും നായികയായി . റഹ്മാനൊപ്പം ശോഭനയുടെ പാശ്ചാത്യ രീതിയിലുള്ള നൃത്തങ്ങള്‍ 80 കളിലെ തരംഗമായിരുന്നു. “ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്നോ കുടമുല്ലപ്പൂ വിരിഞ്ഞു..” കണ്ടാലും കേട്ടാലും മതിയാകാത്ത ചടുലതയും ഉടലിളക്കങ്ങളും . യൂട്യൂബില്‍ തരംഗമായ ആ നൃത്തരംഗം. എന്തൊരാവേശം എന്തൊരുന്മാദം ഒന്നു പുല്‍കാന്‍ തേന്‍ വണ്ടു ഞാന്‍ അഴകേ തേന്‍ വണ്ടു ഞാന്‍ .. കൂടെ പാടാത്തവരുണ്ടോ ? കൂടെ ചെറുതായെങ്കിലും മെയ്യിളകിപ്പോകാത്തവരുണ്ടോ ? കലയാണ് ജീവിതം . നൃത്തമാണ് ജീവന്‍. ബാലചന്ദ്ര മേനോന്‍ സിനിമയിലേക്ക് വിളിച്ചില്ലായിരുന്നെങ്കിലോ എന്ന ജോണി ലൂക്കോസിന്റെ ചോദ്യത്തിന് “രാജ്കപൂര്‍ ചിലപ്പോള്‍ വിളിച്ചേനെ” എന്ന ഏറ്റവും മികച്ച ഉത്തരം, കുടുംബം, വിവാഹം, കുട്ടികള്‍ എന്നെക്കെ പതിവ് ചോദ്യങ്ങളുമായി സമീപിക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഒന്നറയ്ക്കും ഈ നടിയോട് . ആത്മവിശ്വാസം അത്രക്കുള്ളവരുടെ ആ തലപ്പൊക്കമുണ്ടല്ലോ, നിര്‍ഭയതയുണ്ടല്ലോ അതാണ് ശോഭന.

ശോഭനക്ക് 51 വയസ്സാകുന്നു ഇന്ന് . 80 കളില്‍ തുടങ്ങി ഇന്നും ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നര്‍ത്തകിയും നടിയും . സ്ത്രീകളില്‍ പൊതുവേ കാണാനാകാത്ത അലസമായ ആ സാരി ചുറ്റലില്‍ ഞാന്‍ ശരിക്കും പെട്ടു പോയിട്ടുണ്ട്. ആരോഗ്യവതിയും നര്‍ത്തകിയും നടിയും സുന്ദരിയുമായിരിക്കട്ടെ ദീര്‍ഘകാലം . ഇങ്ങനെ ചിലരെ ആരാധിക്കുമ്ബോള്‍ ആരാധനയും മികച്ച ഒരാരാധനയാകുന്നു. നീയെന്‍ മോഹവല്ലി.ജന്മദിനാശംസകള്‍

shortlink

Related Articles

Post Your Comments


Back to top button