CinemaGeneralKollywoodLatest NewsNEWSTrailersVideos

തലൈവിയായി കങ്കണ ; ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടു

ചിത്രത്തിൽ എം.ജി.ആർ. ആയി അരവിന്ദ് സാമി എത്തുന്നു

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ ട്രെയിലർ പുറത്തിറങ്ങി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. എംജിആറായി അരവിന്ദ് സ്വാമിയും എത്തുന്നു.

സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. നേരത്തെ ആദ്യ ടീസര്‍ ഇറങ്ങിയ സമയത്ത് ഈ ഭാഗത്തിലെ കങ്കണയുടെ ലുക്കിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ അതിനെയൊക്കെ അഭിനയത്തിലൂടെ മറുപടി കൊടുത്താണ് കങ്കണയുടെ വരവ്.

മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.

ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’യാണ് ഒന്ന്. മലയാളി നടി കൂടിയായ നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്.

നിര്‍മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

 

shortlink

Related Articles

Post Your Comments


Back to top button