GeneralLatest NewsMollywoodNEWS

പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ വട്ടംകറക്കി യുവനേതാവ് ; വഴി തെറ്റിച്ചത് മൂന്ന് വട്ടം

രമേഷ് പിഷാരടിയെ വെട്ടിലാഴ്ത്തി കെ.എസ്.യു ജില്ലാനേതാവ്

തൃശ്ശൂർ മണ്ഡലത്തിൽ യു.ഡി.എഫ്. പ്രചാരണത്തിനെത്തിയ നടനും അവതാരകനുമായ രമേഷ് പിഷാരടിയെ വെട്ടിലാഴ്ത്തി കെ.എസ്.യു.വിന്റെ ജില്ലാനേതാവ്. സ്ഥാനാർത്ഥികൾക്കൊപ്പം എത്തേണ്ട വേദിയിൽ കൊണ്ടെത്തിക്കാം എന്ന് പറഞ്ഞു കൂടെ കൂടിയ നേതാവാണ് രമേശ് പിഷാരടിക്ക് നല്ല പണി കൊടുത്തത്.

പ്രചരണത്തിനായി എത്തിയ താരമൂല്യമുള്ള വ്യക്തിയെ കണ്ടപ്പോൾ വഴികാട്ടിയായും സഹായിയായുമൊക്കെ കൂടെക്കൂടാൻ നേതാക്കൾ എല്ലാം മത്സരമായി. ഒടുവിൽ സിനിമാമേഖലയിലെ പാട്ടുകാരന്റെ കൂട്ടുകാരനാണെന്ന ചെറിയ ബന്ധമുപയോഗിച്ച് പിഷാരടിയുടെ കാറിൽ കയറിക്കൂടിയത് കെ.എസ്.യു.വിന്റെ ജില്ലാനേതാവ്. എന്നാൽ കിട്ടിയ അവസരം നേതാവ് നന്നായി മുതലാക്കുകയും ചെയ്തു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയെങ്കിലും തൊഴുത്തിൽക്കുത്ത് കാരണം മത്സരിക്കാനാകാത്ത നേതാവ് തനിക്ക് മത്സരിക്കാനാകാതെ പോയ വാർഡിലേക്ക് പിഷാരടിയെ കൊണ്ടുപോകാൻ തീരുമാനിച്ചു. തന്നെ ഒഴിവാക്കിയ വാർഡിൽ തന്റെ വില കാണിച്ചു കൊടുക്കണം എന്ന ഉദ്ദേശത്തോടെ ഒരു പ്രതികരവുമായി നേതാവ് പിഷാരടിയുമായി യാത്ര തുടർന്നു.

തൃശ്ശൂരിലെ മണ്ഡലങ്ങളിലേക്കുള്ള വഴി കൃത്യമായ അറിയാത്ത പിഷാരടി യുവനേതാവിന്റെ കുതന്ത്രത്തിൽ വീഴുകയും ചെയ്തു. നേതാവ് പറയുന്ന വഴിയേ എല്ലാം സഞ്ചരിച്ചു. സ്ഥാനാർഥി എത്തുന്ന സ്ഥലത്ത് അതിന് മുന്നേയെത്തി പിഷാരടി ചെറിയൊരു പ്രസംഗം നടത്തണം. അത് തീരുമ്പോഴേക്കും സ്ഥാനാർഥിയെ അവിടെയെത്തിക്കും. ഇതായിരുന്നു ആസൂത്രണം ചെയ്തത്.

എന്നാൽ, സ്ഥാനാർഥിയെത്തി ഏറെ നീണ്ടിട്ടും പിഷാരടി എത്തിയില്ല. കുറേനേരം കഴിഞ്ഞാണ് യുവനേതാവ് പിഷാരടിയേയും കൊണ്ട് എത്തിയത്. കാര്യം തിരക്കിയപ്പോൾ വഴിതെറ്റിപ്പോയെന്ന് നേതാവ് സമ്മതിച്ചു. അത് വിശ്വസിച്ച പിഷാരടി വീണ്ടും കുട്ടി നേതാവിനൊപ്പം യാത്ര തുടർന്നു.

തുടർന്ന് പിഷാരടിയെയും കൂട്ടി അടുത്ത സ്ഥലത്തേക്ക്. അവിടെയും സ്ഥാനാർഥി എത്തിയിട്ടും പിഷാരടി എത്തിയില്ല. വൈകിയതിന് വഴിതെറ്റിപ്പോയി എന്ന് നേതാവ് അവിടെയും ആവർത്തിച്ചു. ഇനി വഴിതെറ്റില്ലെന്നും യുവനേതാവിന്റെ ഉറപ്പിന്മേൽ പിഷാരടി വീണ്ടും വണ്ടിയിൽ കയറി. എന്നാൽ മൂന്നാംതവണയും ഇത് തന്നെ ആവർത്തിച്ചതോടെ പിഷാരടിക്കും കാരണം ഏറെ കുറെ വ്യക്തമാകുകയും ചെയ്‌തു.

ഒടുവിൽ പിഷാരടിതന്നെ ‘വഴിെതറ്റൽസംഭവം’ പ്രസംഗത്തിലൂടെ ജനങ്ങളോട് തുറന്നുവിവരിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങി നോക്കിയപ്പോൾ നേതാവിനെ കാണാനില്ല. നാണക്കേട് കാരണം നേതാവ് മുങ്ങുകയും ചെയ്തു. നേതാവ് മുങ്ങിയതോടെ വഴി തെറ്റുന്ന നേതാവ് ഇനി എങ്ങനെ വീട്ടിലെത്തും എന്നതായിരുന്നു പിഷാരടിയുടെ സംശയം .

എന്നാൽ മറ്റൊരു പ്രവർത്തകൻ ‘‘ദാ, ആ കാണുന്നതാണ് അവന്റെ വീട്’’ എന്ന് പറഞ്ഞ് വീടും കാണിച്ചു കൊടുക്കുകയും ചെയ്തതോടെ നേതാവിന്റെ വഴിതെറ്റൽ സ്വന്തം നാട്ടിൽ തന്നെയാണല്ലോ എന്ന് ബോധ്യമായത്.

shortlink

Related Articles

Post Your Comments


Back to top button