GeneralLatest NewsMollywoodNEWSSocial Media

ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം ; വൈറലായി യുവാവിന്റെ കുറിപ്പ്

40 പിന്നിട്ട മഞ്ജുവിന് ഇന്നും സ്കൂൾ വിദ്യാർത്ഥിനിയുടെ രൂപഭാവം

ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രസ്മീറ്റുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു മേക്കോവറിലൂടെയും അഭിനയത്തിലൂടെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ബ്ലാക്ക് ഷോർട്ട് സ്കർട്ടും വെള്ള ഷർട്ടുമണിഞ്ഞാണ് മഞ്ജു എത്തിയത്. 40 വയസ് കഴിഞ്ഞിട്ടും മഞ്ജു ഒരു കൗമാരിയെ പോലെ തന്നെയെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ മഞ്ജുവിന്റെ ഈ ചിത്രങ്ങൾ, ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്നവയാണെന്നു പറയുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്. ഫേസ്ബുക്കിലൂടെ യുവാവ് പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ്- ”വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകൾ സമൂഹം വെട്ടിക്കളഞ്ഞാൽ അതിന്റെ പേരിൽ കരഞ്ഞുതളർന്നിരിക്കരുത്. ചിറകുകൾ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക…!” സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് ‌പോസ്റ്റിന്റെ പൂർണരൂപം ;

”മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താൽ അതിന് അവസാനമുണ്ടാവില്ല. മഞ്ജുവിൻ്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവർ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാൽ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി.

പക്ഷേ കല്യാണം കഴിഞ്ഞതോടെ അവർക്ക് അഭിനയം ഉപേക്ഷിക്കേണ്ടിവന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവർ അതിന് നിർബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളിൽ പല സ്ത്രീകളും തോൽവി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു. അപ്പോഴും വിമർശനങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഭർത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികർ മഞ്ജുവിന് ചാർത്തിക്കൊടുത്തു. നമ്മുടെ സമൂഹത്തിൻ്റെ പ്രത്യേകതയാണത്. ഡിവോഴ്സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല. ദാമ്പത്യബന്ധം ബഹുമാനപൂർവ്വം വേർപെടുത്തുന്ന സ്ത്രീകൾ നമ്മുടെ കണ്ണിൽ കുറ്റക്കാരികളാണ്.

ഒരു സ്ത്രീ സ്വപ്നങ്ങളെ പിന്തുടരുമ്പോൾ അവളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആക്രമിക്കപ്പെട്ടത്. പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിനുശേഷവും മഞ്ജു ഇവിടെ സൂപ്പർസ്റ്റാറായി വിജയിച്ചുനിൽക്കുന്നുണ്ട്. നാൽപത് വയസ്സ് പിന്നിട്ടുകഴിഞ്ഞ അവർക്ക് ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ രൂപഭാവങ്ങളാണ് കാണുന്നത്. ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ്- ”വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകൾ സമൂഹം വെട്ടിക്കളഞ്ഞാൽ അതിന്റെ പേരിൽ കരഞ്ഞുതളർന്നിരിക്കരുത്. ചിറകുകൾ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക…!”

https://www.facebook.com/permalink.php?story_fbid=2920859298151286&id=100006817328712

shortlink

Related Articles

Post Your Comments


Back to top button