CinemaFilm ArticlesGeneralLatest NewsMollywoodNEWS

ചലച്ചിത്ര ചരിത്രത്തിലെ കുട്ടിച്ചാത്തൻ വിപ്ലവം 

മലയാളത്തിൽ രണ്ടര കോടിയോളം നേടി അക്കാലത്തെ ഏറ്റവും വലിയ വിജയമായി മറ്റൊരു ചരിത്രവും കുട്ടിച്ചാത്തൻ സൃഷ്ടിച്ചു.

1928ൽ ആരംഭം കുറിച്ച മലയാള സിനിമ അമ്പതുകളോടെയാണ് അതിൻ്റെ കമ്പോളാടിത്തറകളെ വിപുലീകരിക്കുന്നത്. എഴുപതുകളിൽ കലാസിനിമയെന്ന തലത്തിൽ സമാന്തരസിനിമാ ശാഖ സൃഷ്ടിക്കപ്പെടുകയും അന്തർ ദേശീയ തലത്തിൽ വളർന്നു വികസിക്കപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ മലയാള സിനിമയിലൊരു വിപ്ലവം നടക്കുന്നത് എൺപതുകളിലാണ് .സാങ്കേതികമായും വ്യാവസായികമായും മലയാള സിനിമ വളർന്നു വികസിച്ചത് എൺപതുകളിലാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ത്രിഡി ചിത്രം ഇറങ്ങിയത് മലയാളത്തിലാണ്.1984 ൽ പ്രദർശനത്തിനെത്തിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം ചരിത്രപരമായ സ്ഥാനമാണ് അതുവഴി നേടിയത്. നവോദയ സ്റ്റുഡിയോയുടെ കീഴിൽ നവോദയ അപ്പച്ചൻ്റെ മകൻ ജിജോ ഒരുക്കിയ കുട്ടിച്ചാത്തൻ അന്നോളമുള്ള ചലച്ചിത്ര സങ്കൽപ്പനങ്ങളെയും നിർമ്മാണ രീതികളെയും പാടേ അട്ടിമറിച്ചു. 1984ലെ ഓണറിലീസുകളിൽ ഒന്നായി എത്തിയ ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ചു പുതിയൊരു ലോകത്ത് എത്തിച്ചു. ചലച്ചിത്ര നിർമാണത്തിലും ചലച്ചിത്ര കാഴ്ചകളിലും വേറിട്ട അനുഭവങ്ങളാണ് കുട്ടിച്ചാത്തൻ സമ്മാനിച്ചത്.

readalso:രാവിലെ ഒരു ഗ്ലാസ് ഓട്സ് കുടിച്ചാല്‍ പോരെ, മമ്മൂട്ടിയുടെ പറച്ചില്‍ അതിശയപ്പെടുത്തിയെന്ന് ബാബു സ്വാമി!

മലയാളസിനിമാ നിർമാതാക്കളിൽ മുൻനിരക്കാരനായ, സിനിമയെ ഒരു വികാരമായി കണ്ട ‘നവോദയ’ അപ്പച്ചൻ, നവീന സാങ്കേതിക വിദ്യകൾ മലയാളത്തിൽ അവതരിപ്പിക്കാൻ മുൻകൈ എടുത്ത ജിജോ എന്നിവർ കാണിച്ച ആർജവമാണ് കുട്ടിച്ചാത്തൻ്റെ നിർമ്മിതി ‘ പുതിയ ചിത്രത്തിൻ്റെ ആലോചനാവേളയിൽ ജിജോയുടെ അടുത്ത് “American Cinematographer”ന്റെ ഒരു പതിപ്പുമായി ഛായാഗ്രാഹകൻ രാമചന്ദ്രബാബു എത്തിയതും അതിൽ 3D സാങ്കേതിക വിദ്യയെ കുറിച്ചുള്ള ഒരു ലേഖനം അദ്ദേഹം ജിജോയെ കാണിച്ചതുമാണ് കുട്ടിച്ചാത്തൻ്റെ പ്രാഥമിക അടിത്തറ. അത്തരമൊരു സാഹചര്യത്തിലാണ് മലയാളത്തിൽ ഒരു 3D സിനിമ എന്ന ആശയം നാമ്പെടുക്കുന്നത്. ത്രിഡി ചിത്ര നിർമ്മാണത്തിനായി ജിജോ ആവശ്യത്തിലേറെ മുന്നൊരുക്കങ്ങൾ നടത്തി. ജിജോ പലതവണ കാലിഫോർണിയയിലേക്ക് യാത്ര ചെയ്ത് ത്രിഡി സാങ്കേതിക വിദ്യയെ കുറിച്ച് ആഴത്തിൽ പഠിച്ചു. Jaws എന്ന സിനിമയുടെ മൂന്നാം ഭാഗം (Jaws 3 1983) 3ഡി യിൽ പുറത്തിറങ്ങിയപ്പോൾ അമേരിക്കയിൽനിന്ന് അദ്ദേഹം ഇതിന്റെ ഒരു പ്രിന്റുമായാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇത് പ്രദർശിപ്പിക്കാനായി നവോദയ സ്റ്റുഡിയോയിലെ സ്ക്രീനിംഗ് ഹാൾ സിൽവർ മിശ്രിതം പൂശിയ സ്ക്രീൻ ഉപയോഗിച്ച് നവീകരിച്ചു. അമേരിക്കയിൽ നിന്ന് പ്രത്യേകം കൊണ്ട് വന്ന ത്രിഡി കണ്ണടകൾ ഉപയോഗിച്ച്, അപ്പച്ചനും സിനിമ രംഗത്തിലെ പ്രമുഖരും ഈ സിനിമ കണ്ടു. ത്രിഡി എന്ന ആശയത്തിൽ ആകൃഷ്ടനായ അപ്പച്ചൻ പുതിയ സിനിമക്കായി 40 ലക്ഷം രൂപ അനുവദിച്ചു.അങ്ങിനെയാണ് കുട്ടിച്ചാത്തൻ്റെ പ്രവർത്തനങ്ങൾ നീങ്ങിത്തുടങ്ങിയത്.മുൻനിര താരങ്ങൾക്ക് പകരം പുതുമുഖങ്ങളായ കുട്ടികളെയാണ് ഈ ചിത്രത്തിനായി പിന്നണി പ്രവർത്തകർ ഉപയോഗിച്ചത്. നല്ലവനായ കുട്ടിച്ചാത്തൻ എന്ന ആശയത്തെ അടിസ്ഥാനമാക്കി മൂന്നു കുട്ടികളും, അവരുടെ ചങ്ങാതിയായി മാറുന്ന കുട്ടിചാത്തന്റെയും കഥ വെച്ച് രഘുനാഥ്പലേരി തിരക്കഥയാക്കി.
അമേരിക്കയിൽ നിന്നും ക്രിസ് കോൺഡൻ എന്ന വിദഗ്ദ്ധന്റെ സഹായത്തോടെ ഛായാഗ്രാഹകനായ അശോക് കുമാറിനും സഹായികൾക്കും വേണ്ടുന്ന പരിശീലനവും കൊടുത്തു തയ്യാറാക്കി.

പടയോട്ടത്തിൻ്റെ പോസ്റ്റർ ഡിസൈനും വസ്ത്രാലങ്കാരവും നിർവഹിച്ച K ശേഖറിനെ കുട്ടിച്ചാത്തന്റെ കലാസംവിധായകനായി തെരഞ്ഞെടുത്തു. എം.പി രാമനാഥ് ആണ് കുട്ടിച്ചാത്തനായി എത്തിയത്. സോണിയ, മാസ്റ്റർ മുകേഷ്, സൂര്യകിരൺ, കൊട്ടാരക്കര ശ്രീധരൻ നായർ, രാജൻ പി ദേവ്, ആലുമ്മൂടൻ, ലത്തീഫ്, സൈനുദ്ധീൻ, ദലീപ് താഹിൽ, അമൻ നവോദയ എന്നിവരായിരുന്നു അഭിനേതാക്കൾ. നെടുമുടി വേണു ചാത്തന്റെ ശബ്ദമായി എത്തി ടി.ആർ. ശേഖർ ആയിരുന്നു കുട്ടിച്ചാത്തന്റെ ചിത്രസംയോജനം. കുട്ടികളുടെ നിഷ്ക്കളങ്കമായ പ്രകടനങ്ങൾ ചിത്രത്തെ രസകരമാക്കി മാറ്റി. പടയോട്ടം എന്ന 70mm ചിത്രം പ്രദർശിപ്പിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ തയ്യാറാക്കിയ ജിജോയും ടീമും കുട്ടിച്ചാത്തൻ്റെ പ്രദർശനത്തിനാവശ്യമായ സ്‌ക്രീനുകളും കണ്ണടകളും നിർമ്മിച്ചെടുത്തു.. അക്കാലയളവിൽഇന്ത്യയിലെ ഏറ്റവും ആധുനിക സിനിമ ശാലകളിൽ പോലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ലാത്ത പ്പോഴാണ് നവോദയ ഇത്തരം ഉദ്യമത്തിനു തയ്യാറായത്. സിനിമയുടെ വിതരണം ഏറ്റെടുത്ത നവോദയ കേരളത്തിലെ തിരഞ്ഞെടുത്ത തിയറ്ററുകളിൽ സിൽവർ മിശ്രിതം കൊണ്ട് പൂശിയ സ്ക്രീനുകൾ പിടിപ്പിച്ചു, അഡയാറിൽ നിർമ്മിച്ച ത്രിമാനകണ്ണടകൾ പ്രദർശനശാലകളിലെത്തിച്ചു. പ്രൊജക്റ്ററുകളിൽ പ്രത്യേകതരം ലെൻസുകൾ ഘടിപ്പിച്ചു. റിലീസിന് തലേദിവസം ഓരോ തിയറ്ററുകളിലും പ്രത്യേക സാങ്കേതികസംഘം എത്തി എല്ലാ ഒരുക്കങ്ങളും കുറ്റമറ്റതാക്കി മാറ്റിയെടുത്തു.

1984 ആഗസ്റ്റ ഇരുപത്തിനാലാം തിയതി ചിത്രം തിയറ്ററുകളിൽ എത്തി. സിനിമ കണ്ട് അന്തം വിട്ടു പോയ ജനം തിയറ്ററുകളിൽ വീണ്ടും വീണ്ടും ഇടിച്ചു കയറി. എൺപത്തി നാലിലെ ഇൻഡസ്ട്രിയൽ ഹിറ്റായി കുട്ടിച്ചാത്തൻ മാറി. കുട്ടിച്ചാത്തനും കുട്ടികളും കേരളീയരുടെ പ്രിയ കഥാപാത്രങ്ങളായി മാറി. കുട്ടിച്ചാത്തൻ നേടിയ അത്ഭുത വിജയത്തെ തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറിയെത്തി. എല്ലാ ഭാഷയിലും സിനിമ വൻ വിജയം നേടി. മലയാളത്തിൽ രണ്ടര കോടിയോളം നേടി അക്കാലത്തെ ഏറ്റവും വലിയ വിജയമായി മറ്റൊരു ചരിത്രവും കുട്ടിച്ചാത്തൻ സൃഷ്ടിച്ചു.

ടി.കെ രാജീവ് കുമാറിന്റ സംവിധാനത്തിൽ കെ.പി നമ്പ്യാതിരി ചിത്രീകരിച്ച കുറച്ചു രംഗങ്ങളും ചേർത്ത് 1997ൽ കുട്ടിച്ചാത്തൻ വീണ്ടും പ്രദർശനത്തിനെത്തി. മലയാളത്തിൽ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, കലാഭവൻ മണി,സലിം കുമാർ,നാദിർഷ എന്നിവരുടെ രംഗങ്ങൾ പുതിയതായി ചേർത്താണ് സിനിമ എത്തിയത്. ഹിന്ദിയിൽ ഊർമിളയുടെ ഏതാനും രംഗങ്ങൾ പുതിയതായി ചേർത്ത് ഛോട്ടാ ചേതൻ എന്ന പേരിലും തമിഴിൽ സന്താനം, പ്രകാശ് രാജ് എന്നിവരുടെ രംഗങ്ങൾ ചേർത്തു ചുട്ടി ചാത്തൻ എന്ന പേരിലുമാണ് കുട്ടിച്ചാത്തൻ എത്തിയത്. ഈ വരവിലും ചാത്തൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.. ഡബ്ബിങ് ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ ദക്ഷിണേന്ത്യയിൽ കന്നഡ ഭാഷയിൽ മാത്രം കുട്ടിച്ചാത്തന് പതിപ്പ് ഉണ്ടായില്ല.പക്ഷേ തെലുങ്ക് ഹിന്ദി പതിപ്പുകളിലൂടെ കുട്ടിച്ചാത്തൻ കർണാടകയിലും 100 ദിവസങ്ങൾ പിന്നിട്ടു.ഗായത്രി അശോകനാണു ഈ ചിത്രത്തിന് അതിമനോഹരമായ പോസ്റ്ററുകളും 3D എഫക്ട് തോന്നിക്കുന്ന ടൈറ്റിലും നിർമിച്ചത്.

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ഇന്ത്യയിൽ ത്രീഡി സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് കുട്ടിച്ചാത്തന് ശേഷം ഉണ്ടായത്. അണ്ണൈ ഭൂമി,ജയ് വേതാളം,തങ്ക മാമ എന്നിങ്ങനെ തമിഴ് തെലുങ്ക് ഭാഷകളിലും ശിവ് കാ ഇൻസാഫ് എന്ന പേരിൽ ഹിന്ദിയിലും പൗർണമി രാവിൽ എന്ന പേരിൽ മലയാളത്തിലും ത്രീ ഡി സിനിമകൾ പിറന്നു.
മൈഡിയർ കുട്ടിച്ചാത്തനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് N Mമോഹൻ സൃഷ്ടിച്ച കഥാപാത്രമാണ് ബാലരമയിലെ മായാവി.കുട്ടിച്ചാത്തൻ പുറത്തിറങ്ങിയ അതേ മാസം ബാലരമയിൽ കേറിയ മായാവി ഇന്നും അതിലുണ്ട്.27 വർഷങ്ങൾക്ക് ശേഷം സിനിമ മൂന്നാം തവണയും തീയേറ്ററുകളിൽ എത്തി. സന്താനവും പ്രകാശ് രാജും അഭിനയിച്ച ചില പുതിയ രംഗങ്ങളും ചേർത്ത് 2011 ഓഗസ്റ്റ് 25 ആയിരുന്നു റിലീസ് ചലച്ചിത്ര പരീക്ഷണങ്ങൾക്ക് ധൈര്യം കാണിച്ച പ്രതിഭകളാണ് ചരിത്രത്തെ മാറ്റി ക്കുറിച്ചിട്ടുള്ളത്. ജിജോയും നവോദയ അപ്പച്ചനും എടുത്ത റിസ്കാണ് മലയാള സിനിമയിൽ ആദ്യത്തെ ത്രിഡി ചിത്രം എന്ന പരീക്ഷണത്തെ വമ്പൻ വിജയമായി മാറ്റിയത്. ത്രിഡിയും ആ നിമേഷനും ഗ്രാഫിക്സും എല്ലാം നിറഞ്ഞു കളിക്കുന്ന കാലയളവിൽ ത്രിഡി ചിത്രം എന്നതിന് വലിയ പ്രത്യേക തകൾ ഒന്നും തന്നെയില്ല. പക്ഷേ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം ഒരു ജനതയുടെ ,ഒരു കാലഘട്ടത്തിൻ്റെ ചരിത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്.

shortlink

Post Your Comments


Back to top button