‘തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രം’; ശശികുമാർ ചിത്രത്തിൽ വില്ലനായി അപ്പാനി ശരത്ത്

സത്യശിവ സംവിധാനം ചെയ്യുന്ന സ്‌പെന്‍സ് ത്രില്ലറിൽ നായകൻ ശശികുമാറിന്റെ പ്രതിനായക വേഷത്തില്‍ മലയാളി താരം അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് അപ്പാനി ശരത്ത്. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ മലയാള ചിത്രങ്ങളിലും, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2, അമല തുടങ്ങിയ തമിഴ് സിനിമകളിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസിലും മികച്ച പ്രകടനമാണ് ശരത്ത് കാഴ്ചവച്ചത്.

”ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രമാണിത്. ശരിക്കും ഒരു മാസ് കഥാപാത്രം”, ചിത്രം തനിക്കേറെ പ്രതീക്ഷയുള്ളതാണെന്നും അപ്പാനി ശരത്ത് വ്യക്തമാക്കി.

ശശികുമാറും അപ്പാനി ശരത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ചെന്തൂര്‍ ഫിലിംസാണ്. ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. രാജ് ഭട്ടാചാര്‍ജി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സി.എസ് ആണ്, സിനിമയുടെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്.

Share
Leave a Comment