GeneralLatest NewsMollywoodNEWS

ചത്തത് അയ്യപ്പനെങ്കിൽ കൊന്നത് വക്കച്ചൻ തന്നെ, അയ്യപ്പനെ കൊന്നത് നാലുപേർ!! കൃഷ്ണ പൂജപ്പുരയുടെ കുറിപ്പ്

എന്നെപ്പോലെ സംവിധായകനെ തോൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ഒരുപാട് പേരും ദയനീയമായി തോറ്റു പോയി

മലയാളത്തിന്റെ പ്രമുഖ സംവിധായകൻ കെജി ജോർജ്ജിന്റെ പിറന്നാൾ ദിനമാണിന്നു. പ്രമുഖ തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര യവനിക സിനിമയുടെ കാഴ്ചകളിലൂടെ തന്റെ പ്രിയ സംവിധായകന് പിറന്നാൾ ആശംസ അറിയിക്കുകയാണ് .  അദ്ദേഹം  സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പ് പൂർണ്ണ രൂപം

അയ്യപ്പനെ കൊന്നത് നാലുപേർ
*******************************
“ഉദയാ എനിക്ക് പിടികിട്ടി….കൊന്നത് വക്കച്ചനാണ് ”
1982 മെയ്. യവനിക സിനിമ കാണുകയാണ്. സെക്കൻഡ് ഷോ. ഞാനും ഉദയനും റഹീമും മുരുകനും ജയനും. അമ്പലത്തിലെ ഉത്സവത്തിന്റെ കെയറോഫിൽ ആണ് തിയേറ്ററിലെത്തിയത്.
സസ്പെൻസ് സിനിമകളിലും ത്രില്ലർ സിനിമകളിലും സംവിധായകൻ ഒളിപ്പിച്ചു വെച്ചിട്ടുള്ള നിഗൂഢതകളും രഹസ്യങ്ങളും പൊളിക്കാൻ പ്രേക്ഷകൻ ശ്രമിക്കുമല്ലോ. ഇന്നാർ ആയിരിക്കും കൊല നടത്തിയത്, അടുത്തു കൊല്ലപ്പെടാൻ പോകുന്നത് ഇയാൾ ആരായിരിക്കും എന്നൊക്ക സാഹചര്യ തെളിവുകൾ വച്ച് പ്രേക്ഷകനും ഊഹിച്ചു തുടങ്ങും.. സംവിധായകൻ മനസ്സിൽ കാണുന്നത് മാനത്ത് കാണുന്ന ആളാണ് നമ്മൾ എന്ന പോയിന്റിൽ നിന്നുള്ള ഒരു കളിയാണ്. മാജിക്കിന്റെ രഹസ്യം പൊളിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം പോലെയാണത്…

read also: ഇംഗ്ലീഷിൽ ആയോണ്ട് വിയോജിപ്പുള്ളവർ തെറി വിളിക്കില്ല, വായടപ്പിക്കാമെന്ന് കരുതേണ്ട; പൃഥ്വിരാജിനെതിരെ സൈബറിടം
അയ്യപ്പനെ കാണാനില്ല
**********************
തബലിസ്റ്റ് അയ്യപ്പനെ ( കൊടിയേറ്റം ഗോപി) കാണാനില്ല. സംശയം പലരിലേക്കും നീണ്ടു തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ ജേക്കബ് ഈരാളി ( മമ്മൂട്ടി) വരുന്നതോടെ പലരും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നു. അയ്യപ്പൻ കൊല്ലപ്പെട്ടതാവം എന്നൊരു ചിന്ത പ്രേക്ഷകർക്ക് കിട്ടിത്തുടങ്ങി.. അതോടെയാണ് എന്റെ ബുദ്ധിയും വർക്ക്‌ ചെയ്തു തുടങ്ങിയത്. തബലിസ്റ്റ് അയ്യപ്പനെ കൊന്നത് നാടക ഉടമ വക്കച്ചൻ ( തിലകൻ.. തിലകൻ എന്നാണ് ആ നടന്റെ പേരെന്ന് ആ സിനിമ കാണുന്ന സമയത്ത് അറിയില്ലായിരുന്നു) എന്ന് ഞാൻ ഊഹിച്ചെടുത്തു. വക്കച്ചന്റെ ചലനങ്ങളിൽ ഒക്കെയാണ് എന്റെ നോട്ടം.. അങ്ങോട്ട് തിരിഞ്ഞപ്പോൾഅങ്ങേർ ഒന്ന് പതറിയില്ലേ.. തന്നെ. ചത്തത് അയ്യപ്പനെങ്കിൽ കൊന്നത് വക്കച്ചൻ തന്നെ
സീനുകൾ പോകവേ എന്റെ സംശയം വക്കച്ചനിൽ നിന്നും നാടക നടനായ ബാലഗോപാലനിലേക്ക് (നെടുമുടി വേണു) ഞാൻ ഉദയനോടും മറ്റും ശബ്ദമടക്കി പറഞ്ഞു “നെടുമുടി ആണോ എന്നൊരു സംശയം ” ശൃംഗാര കളേബരൻ ഒക്കെയാണ് ബാലഗോപാലൻ…. സംശയമില്ല.. ജേക്കബ് ഈരാളി അറസ്റ്റ് ചെയ്യാൻ പോകുന്നത് ബാലഗോപാലനെ തന്നെ.. അമ്പട ഞാനേ.. പ്രതിയെ ഞാനുറപ്പിച്ചു.. കൂട്ടുകാരോട് അടക്കിയ ശബ്ദത്തിൽ മെസ്സേജ് പാസ്സ് ചെയ്തു..
അരമണിക്കൂറിനുള്ളിൽ ഞാൻ നിലപാട് വീണ്ടും തിരുത്തി.. കൊലപാതകി അയ്യപ്പന്റെ മകൻ വിഷ്ണു( അശോകൻ) ആയിരിക്കാം . വിഷ്ണുവിന്റെ ശരീരഭാഷ കുറച്ചു നേരമായി ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്.. സംവിധായകനോടും ജേക്കബ് ഈരാളിയോടുമാണ് ഒരേസമയം എന്റെ മത്സരം..
“ഉദയ, വിഷ്ണുവാണ് ആള്”
” താൻ ഒന്ന് വെറുതെ ഇരിക്കാമോ.” ടീമിന് ദേഷ്യം വന്നു

ഞാൻ തോറ്റു
**************
അവസാനം അതാ ഞാനും എന്നെപ്പോലെ സംവിധായകനെ തോൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ഒരുപാട് പേരും ദയനീയമായി തോറ്റു പോയി. ആ തോൽവി, നിറഞ്ഞ കൈയടിയോടെയാണ് ഞങ്ങൾ സ്വീകരിച്ചത്.. യവനികയിലെ പാട്ട് പോലെ തിരക്കഥ കൊണ്ട് ഒരു കളം വരച്ച് കഥാപാത്രങ്ങളെ കരുക്കളാക്കി ഒരുവശത്ത് സംവിധായകനും മറുവശത്ത് പ്രേക്ഷകരും ഇരുന്ന് കളിച്ച ഒരു ചതുരംഗക്കളി പോലെയാണ് എനിക്ക് അന്ന് തോന്നിയത്.

ഇന്ദ്രജാലം
**********
എങ്ങനെയാണ് ഞാൻ തോറ്റു പോയത് എന്നറിയാൻ വീണ്ടും യവനിക കാണാൻ കയറി.. ഇപ്പോൾ രോഹിണിയെയും(ജലജ) കൊല്ലപ്പള്ളിയെയുമാണ്(വേണു നാഗവള്ളി) ആദ്യം മുതൽ ശ്രദ്ധിച്ചുതുടങ്ങിയത്.. ഇപ്പോഴാണ് ഞാൻ കാണുന്നത്, അവരുടെ റിയാക്ഷന് കളിലെ ദുരൂഹത.. ചില ഷോട്ടുകളുടെ പ്രസക്തി.. ആദ്യ പ്രാവശ്യം ഇത് എന്തുകൊണ്ട് എന്റെ കണ്ണിൽ പെട്ടില്ല എന്ന് അമ്പരന്നുപോയി. ഗംഭീരമാജിക്..

സ്റ്റേജിലെ വർണ്ണ വിസ്മയങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ആൾക്കാരെ രണ്ടായി മുറിച്ചും ചങ്ങലക്കുള്ളിൽ നിന്നു മോചിപ്പിച്ചും ഒക്കെ മാജിക് നടത്തി വിജയിക്കാം. പക്ഷേ നമ്മുടെ കൺമുമ്പിൽ, തൊട്ടടുത്തു നിന്ന് തെരുവിൽ, മഹാപ്രതിഭകൾ ആയ മജീഷ്യൻ ചില മായാജാലങ്ങൾ നടത്തും..ഒരു സാങ്കേതികതയുടെയും സഹായമില്ലാതെ.. അത്തരം ഒരു മായാജാലം ആയാണ് കെ ജി ജോർജ് സാറിന്റെ യവനിക എനിക്ക് തോന്നിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ 75 ജന്മദിനം.. ആദരവോടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

(യവനികയിൽ എനിക്ക് പ്രത്യേക ഇഷ്ടം തോന്നിയ ഒരു മുഹൂർത്തം ഉണ്ട്. ചോദ്യം ചെയ്യലിനിടയിൽ ഓവർ സ്മാർട്ട് ആയ വിഷ്ണുവിനെ ഈരാളി ഷർട്ടിൽ കുത്തിപ്പിടിച്ച് അകത്തേക്ക് തള്ളി പോലീസുകാരോട് ഇവനെ ലോക്കപ്പ് ചെയ്യാൻ പറയുന്നു .. അയ്യോ അവനെ ഒന്നും ചെയ്യല്ലേ എന്നൊക്കെ അമ്മയുടെ വിലാപം. ആ വിട്ടേക്ക് വിട്ടേക്ക് എന്ന് ഈരാളി യുടെ ഒരു ആക്ഷൻ ഉണ്ട്.. നീതിമാന്മാരായ എല്ലാ പോലീസുകാരോടും മമ്മൂട്ടി എന്ന നടനോടും പെട്ടെന്നൊരു സ്നേഹം തോന്നിപ്പിക്കുന്ന മുഹൂർത്തം ആണ് അത്..)

shortlink

Related Articles

Post Your Comments


Back to top button