GeneralLatest NewsMollywoodNEWSSocial Media

ദൂരെയിരുന്നു മാത്രമാണ് എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചത്: കമൽഹാസനോടുളള ആരാധനയെ കുറിച്ച് ഊർമ്മിള

നാദ വിനോദങ്ങൾ എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എൻ്റെ ഭാവം എന്ന് ഊർമ്മിള

തിരുവനന്തപുരം : അഭിനയം കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷക മനസിൽ ഇടംപിടിച്ച നടിയാണ് ഊർമ്മിള ഉണ്ണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി പങ്കുവെയ്ക്കാറുള്ള ഓരോ കുറിപ്പും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഊർമ്മിള പങ്കുവെച്ച ഒരു പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത്തവണ നടൻ കമൽ ഹാസനോടുളള ആരാധനയെ കുറിച്ചും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ച അനുഭവത്തെ കുറിച്ചുമാണ് ഊർമിള പറയുന്നത്.

കൗമാരകാലത്ത് എല്ലാവർക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലർക്ക് അത് ജീവിതാവസാനം വരെ നിലനിൽക്കും, ചിലർക്ക് വഴിയിലെവിടെയോ കെട്ടുപോകും. പക്ഷെ തനിക്ക് കമൽ ഹാസനോടായിരുന്നു അന്ന് ഭ്രമം എന്ന് ഊർമ്മിള പറയുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനോ അടുത്ത് കാണാനോ തനിക്ക് സാധിച്ചിട്ടില്ലെന്നും, ഒരു തവണ മാത്രം ആൾക്കൂട്ടത്തിനിടയിൽ ഇരുന്ന് തന്റെ ആരാധന കഥാപാത്രത്തെ കണ്ടുവെന്നും ഊർമ്മിള പറയുന്നു.

ഊർമ്മിള ഉണ്ണിയുടെ വാക്കുകൾ:

‘എനിക്ക് കമൽ ഹാസനോടായിരുന്നു അന്ന് ഭ്രമം! മദനോത്സവം ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട്. അന്ന് ശ്രീദേവിയും കമലും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമാ മാസികകളിൽ കണ്ടിരുന്നു. ചിലങ്ക എന്നൊരു സിനിമ തെലുങ്കിൽ റിലീസായി. ഉടനെ അത് മലയാളത്തിൽ ഡബ് ചെയ്തു വന്നു. എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായിയ്ക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന്. ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം.

നാദ വിനോദങ്ങൾ എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എൻ്റെ ഭാവം. പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക, റോസാപൂ ചൂടുക, കൺപീലി ഒട്ടിച്ച് കണ്ണെഴുതുക, കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികളിലായി ശ്രദ്ധ. കൗമാരം തീർന്നതോടെ എൻ്റെ ഭ്രമങ്ങളും തീർന്നു. ഞാനും സിനിമയിൽ എത്തി 30 വർഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകൾ ചെയ്തത്. അന്ന് കുറച്ചു വർഷങ്ങൾ ഞാൻ ചെന്നെയിൽ താമസിച്ചിരുന്നു. ഒരു തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി. വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ. അല്ലാതെ വേദിയിലെക്കല്ല. അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്നത്തെ മുഖ്യാതിഥി കമലാഹസനാണ് .!! ഈശ്വരാ അടുത്തു കണ്ടാൽ ഒരു സെൽഫി എടുക്കായിരുന്നു.

സിൽക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂർണ്ണനായി വേദിയിൽ നിൽക്കുന്ന കമലിനെ ദൂരെയിരുന്നു ഞാൻ കണ്ടു. ജനം ആർത്തു കയ്യടിക്കുന്നുണ്ട് എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എൻ്റെ കൗമാരത്തിലേക്ക് ഞാൻ പടികളിറങ്ങിച്ചെന്നു. ഹൃദയത്തിൻ്റെ ഉള്ളറയിൽ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോർത്തു. മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജുവരാന്തകളെ കുറിച്ചോർത്തു. ടേപ് റിക്കോഡർ ഓൺ ചെയ്ത് കുന്നിൻ മുകളിൽ കമൽ ഹാസനോടൊപ്പം ‘നാദ വിനോദങ്ങൾ’ കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ. സിനിമയെന്ന ഒരേ തട്ടകത്തിൽ തന്നെയാണ് ഞാനും ജയപ്രദയും, കമലും ഒക്കെ ജോലി ചെയ്യുന്നത്. പക്ഷെ ഞാൻ അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല’-ഊർമ്മിള പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button