GeneralLatest NewsMollywoodNEWS

‘ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല..’ അച്ഛനെക്കുറിച്ചു ബാലചന്ദ്ര മേനോൻ

42 ദിവസം അബോധാവസ്ഥയിൽ തിരുവനതപുരം കിംസ് ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നത്

തിരുവനതപുരം: ഫാദേഴ്‌സ് ഡേയിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. തന്റെ ഫാൻസുകാർ അച്ഛനെ കാണാൻ എത്തിയപ്പോൾ ഒറ്റ പൈസ തരില്ലെന്നും താൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ലെന്നും തുറന്നു പറഞ്ഞ അച്ഛനെക്കുറിച്ചാണ് സമൂഹമാധ്യമത്തിൽ ബാലചന്ദ്രമേനോൻ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ് പൂർണ്ണ രൂപം

ഞാനും എന്റെ അച്ഛനും ഒത്തുള്ള ഒരു അപൂർവ്വമായ ഫോട്ടോ ആണിത്
എന്നോ ഒരിക്കൽ അബദ്ധത്തിൽ ഒരു സവാരിക്കുപോയപ്പോൾ വരദ എടുത്തതാണ്.
” മോന്റെ തോളത്തൊന്നു കൈ വെച്ച് നിന്നേ ..” എന്ന് അമ്മ പറഞ്ഞതിന്റെ പേരിൽ മാത്രം സംഭവിച്ചുപോയതുകൊണ്ടാണ് ആ നിൽപ്പിനു ഒരു സുഖം ഇല്ലാതെ പോയത് .
അച്ഛനും ഞാനും അത്തരത്തിലുള്ള പങ്കാളികളായിരുന്നു. ഒന്നേ ഉള്ളുവെങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളർത്തണമെന്നും മക്കളോട് സ്നേഹം പരസ്യമായി കാണിച്ചാൽ അവർ പിഴച്ചു പോകുമെന്നും ഉള്ള ധാരണയിൽ അച്ഛൻ എന്നെ കണ്ണുരുട്ടിയും അകറ്റി നിർത്തിയും വളർത്തി. എന്നാലും എനിക്കച്ഛനെ ഇഷ്ട്ടമായിരുന്നു . വല്ലപ്പോഴുമൊരിക്കൽ ഒന്നാം ക്ലാസുകാരനായ എന്നെ അച്ഛൻ കുളിപ്പിക്കുന്പോൾ കറുത്ത രോമം നിറഞ്ഞ അച്ഛന്റെ മുഖം ഞാൻ അടുത്തു കണ്ടു. തറവാട്ടിൽ ഏവർക്കും ഞാൻ ‘ശിവന്റെ മോൻ ‘ ആയിരുന്നു. അച്ഛന്റെ ജോലിസ്ഥലത്ത് ഞാൻ ‘മാസ്റ്ററുടെ മകൻ’ ആയി വിലസി. അപൂർവ്വമായെങ്കിലും അച്ഛന്റെ കൈയും പിടിച്ചു റെയിൽവേ പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോൾ ഓടുന്ന ട്രയിൻ എല്ലാം അച്ഛന്റെ സ്വന്തം വകയാണെന്നു ഞാൻ വിശ്വസിച്ചു.എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട് ഒരച്ഛൻ എന്ന തോന്നൽ എന്നെ അഭിമാനിയാക്കി.

read also: ബിഗ് ബോസ് സീസൺ 4 ലേക്ക് ഓഡിഷൻ നടക്കുന്നു: വിശദീകരണവുമായി ചാനൽ

എന്നാൽ അച്ഛന്റെ മർദ്ദനമുറകൾ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ എന്റെ മനസ്സിൽ ആദ്യമായി വെറുപ്പിന്റെ വിത്തുകൾ വിതച്ചു. അച്ഛനുള്ളപ്പോൾ ഞാൻ കഴിവതും നേരിട്ടുള്ള കണ്ടുമുട്ടലുകൾ ഒഴിവാക്കി. സ്വതവേ വീരശൂരപരാക്രമിയായ ഞാൻ അച്ഛന്റെ സാന്നിധ്യത്തിൽ ‘മണവും ഗുണവും’ ഇല്ലാത്ത ഒരു…ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ ഒരു ‘ബഡുക്കൂസാ’യി മാറി. അച്ഛൻ വീട്ടിൽ ഇല്ലായിരുന്നെങ്കിൽ എന്ത് രസമായേനെ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി. ഏപ്രിൽ 18 ന്റെ ഷൂട്ടിങ് വേളയിൽ ഇക്കഥ കേട്ട ഭാരത് ഗോപി പറഞ്ഞു.

“മേനോൻ ഇത്രയല്ലേ മോഹിച്ചുള്ളു ? ഞാൻ ആ പ്രായത്തിൽ എന്നും ശാർക്കര അമ്പലത്തിൽ പോയി തേങ്ങ അടിക്കുമായിരുന്നു എന്റെ അച്ഛൻ ഒന്ന് ചത്തു കിട്ടാൻ…”
അപ്പോഴാണ് എനിക്കു മനസ്സിലായത് ആ തലമുറയിലെ അഛന്മാർ അത്തരക്കാരായിരുന്നു എന്ന് .

ഇന്ന് അച്ഛൻ മക്കളുടെ സുഹൃത്തായിരിക്കുന്നു . അച്ഛനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ടായിരിക്കുന്നു. എന്റെ ഒരു സുഹൃത്തിന്റെ മകൻ അങ്ങോരോട് ചോദിക്കാതെ ഒരു നാഗാലാൻഡുകാരിയെ കെട്ടാൻ തീരുമാനിച്ചു .കല്യാണത്തിന് ഒരാഴ്ചക്ക് മുൻപ് നാഗാലാൻഡിൽ നിന്ന് മകന്റെ ഫോൺ വന്നു .

“കല്യാണമാണ്..അച്ഛൻ വരുന്നെങ്കിൽ പറഞ്ഞാൽ ടിക്കറ്റ് എടുത്തയക്കാം …”
“എന്ത് തീരുമാനിച്ചു ?’ ഞാൻ ചോദിച്ചു
“എന്ത് തീരുമാനിക്കാനാ? പോവുക തന്നെ നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ആവശ്യമല്ലേ ? സ്റ്റേജിൽ ഒരു മൂലയിൽ നിന്ന് ഒരു ഫോട്ടോ എങ്കിലും എടുക്കാമല്ലോ “

സിനിമയിൽ വന്നതിനു ശേഷം ഞാൻ എന്റെ അച്ഛനെപറ്റി സിനിമാക്കാർ പറഞ്ഞു കേട്ട് തുടങ്ങി..”നിങ്ങൾ ശിവന്റെ മകനാണോ ? കൊള്ളാം. ശിവൻ ഒന്നാം തരാം നടനായിരുന്നു.എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് . റയിൽവേയിൽ ജോലിക്കു പോകുന്നതിനു ഞങ്ങൾ എതിരായിരുന്നു ….”തിക്കുറിശ്ശി ചേട്ടൻ പറഞ്ഞു .

“ഈ ഇരിക്കുന്ന ബാലചന്ദ്ര മേനോന്റെ അച്ഛൻ ശിവൻ എന്ന ശിവശങ്കരപ്പിള്ള എന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു . ബോംബേയിൽ കുറേനാൾ ഞാൻ ശിവന്റെ കൂടെ താമസിച്ചവനാ ..ഒരു തികഞ്ഞ കലാകാരനായിരുന്നു ശിവൻ …”രാമു കാര്യാട്ട് അവാർഡ് സ്വീകരിച്ചുകൊണ്ട് തൃശൂർ സമ്മേളനത്തിൽ വെച്ച് ശങ്കരാടി ചേട്ടൻ പ്രസംഗിച്ചു .
പറഞ്ഞു .എന്നാൽ ഒരിക്കൽ പോലും അച്ഛൻ എന്നോട് ഇക്കാര്യങ്ങൾ പങ്കുവെച്ചിട്ടില്ല . എന്താണ് കാരണമെന്നും എനിക്കറിയില്ല .

80 കളിൽ എന്റെ പേരിൽ ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കാനായി കുറച്ചു പിള്ളേർ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസിൽ ചെന്നു. അച്ഛൻ അവരോടു പറഞ്ഞു :
“ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..’
രാത്രിയിൽ ഈ വർത്തമാനം അമ്മയോട് പറഞ്ഞു അച്ഛൻ അട്ടഹസിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട് ..

കൂടുതൽ അറിഞ്ഞു തുടങ്ങിയതോടെ ഞാൻ അച്ഛനെ ഏറെ സ്നേഹിച്ചു തുടങ്ങി.
ദേശീയ അവാർഡ് കിട്ടിയപ്പോൾ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛൻ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാൽ അമ്മയോട് പറഞ്ഞതായി ഞാൻ അറിഞ്ഞു .
“കുറെ കാലമായല്ലോ സിനിമ എടുക്കാൻ തുടങ്ങിയിട്ടു ? അവസാനം റെയിൽ വേ തന്നെ വേണ്ടി വന്നു ഒരു അവാർഡ് കിട്ടാൻ അല്ലെ ?”
ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു ….

സമാന്തരങ്ങൾ എന്ന തിരക്കഥ പുസ്തകമായപ്പോൾ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതിൽ അച്ഛൻ എനിക്കായി ഒരു വരി കുറിച്ചു :
“എന്റെ മകൻ എല്ലാവരും ബാലചന്ദ്ര മേനോൻ എന്ന് വിളിക്കുന്ന ചന്ദ്രൻ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയിൽ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..”

അന്ന് അച്ഛനെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു …

42 ദിവസം അബോധാവസ്ഥയിൽ തിരുവനതപുരം കിംസ് ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികിൽ കുറച്ചു നേരമെങ്കിലും ഇരിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം .
ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും അച്ഛന്റെ മരണവും വിഷുവും തമ്മിൽ എന്ത് ബന്ധമെന്ന് .
പറയാം…

വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന വിഷു എനിക്ക് പ്രിയങ്കരമായിരുന്നു കണി കാണാൻ എന്നെ കിടക്കയിൽ നിന്ന് ഉണർത്തി കൊണ്ടുപോകുന്നത് അച്ഛനായിരുന്നു . ഞാൻ അച്ഛൻ ആയതിനു ശേഷവും അച്ഛൻ സുഖമില്ലാത്തതാകുന്നത് വരെയും ആ ശീലം അഭംഗുരം തുടർന്നു .എന്റെ കണ്ണുകൾ തന്റെ കൈപ്പത്തികളിൽ പൊതിഞ്ഞു അച്ഛൻ നടക്കുമ്പോഴാണ് അച്ഛന്റെ ശരീരത്തിൽ ഞാൻ സ്വാതന്ത്ര്യമായി ഒന്ന് തൊടുന്നത് തന്നെ .അച്ഛന്റെ ശരീരത്തിന്റെ ഗന്ധം ഇപ്പോഴും എനിക്കോർക്കാൻ കഴിയുന്നു ..
~~ ബാലചന്ദ്രൻ മേനോൻ

shortlink

Related Articles

Post Your Comments


Back to top button