Film ArticlesGeneralLatest NewsMollywoodNEWS

ആണത്തം മീശപിരി മാത്രമല്ല: പരാജയനായകന്മാർക്കൊപ്പം കൂട്ടുകൂടിയ ലോഹിതദാസ്

കണ്ട ആദ്യമാത്രയിൽ പ്രണയം മൊട്ടിടുന്ന കഥാപാത്രങ്ങൾ ഒരിക്കലും ലോഹിതദാസിന്റെ രചനയിൽ ഉണ്ടായിട്ടില്ല

കുടുംബമെന്ന സ്ഥിരം ഭൂമികയിലൂടെ, ഗ്രാമീണമായ ജീവിതയാഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിച്ച മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമാണ് ലോഹിതദാസ്.  കഥകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന പത്മരാജന്റെ നഷ്ടം മലയാള സിനിമയിൽ ഒരു പരിധിവരെ നികത്തിയത് ലോഹിതദാസിന്റെ തൂലികയായിരുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ലോഹിതദാസിനെ സിനിമയുടെ ജാലകം തുറന്ന് കൊടുത്തത് മലയാള സിനിമയിലെ പെരുന്തച്ചൻ തിലകനായിരുന്നു. 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാള സിനിമയ്ക്ക് സമ്മാനിച്ചത് 44 തിരക്കഥകളും സംവിധാനം ചെയ്ത 12 ചിത്രങ്ങളുമായിരുന്നു.

read also: അച്ഛൻ്റെ ഹൃദയ വ്യഥയ്ക്കു മുന്നിൽ കീഴടങ്ങിയ സേതു

ആണത്തത്തിന്റെ അവതരണം മീശ പിരിയും കാലുമടക്കിയുള്ള അടിയും ആണെന്ന ചിന്തകൾ പാടെ നിരസിച്ച എഴുത്തുകാരൻ കൂടിയാണ് ലോഹി. ഉള്ളിൽ കനലായി എരിയുന്ന അനുഭവങ്ങളെ തീഷ്ണതയുടെയും ഭാവത്തിന്റെയും നിറങ്ങളിൽ എഴുത്തിലൂടെ, കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാൻ ലോഹിയ്ക്ക് സാധിച്ചു. നെടുനീളന്‍ ഡയലോഗുകളും മീശപിരിയും പൗരുഷത്തിന്റെ അടയാളമാണെന്നു തെറ്റിദ്ധരിച്ച മലയാളികൾക്ക് മുന്നിൽ പരാജയപ്പെട്ട നായകന്മാർ ഉള്ളു നീറികരഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെട്ടു. സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മലയാളി ആ ചിത്രങ്ങളിലെ ഗാന രംഗങ്ങൾ കണ്ടു പോലും ഉള്ളിൽ കരയുന്നു.

കഥയും നാടകത്തിന്റെയും വഴിയിലൂടെ കടന്നാണ് 1987ല്‍ തനിയാവര്‍ത്തനം എന്ന സിബി മലയിൽ ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. ഭ്രാന്ത് വിഴുങ്ങിയ കുടുംബ പാരമ്പര്യത്തിന്റ ഇങ്ങേയറ്റത്തെ കണ്ണിയായി ബാലൻ മാഷിന്റെ ആത്മ സംഘർഷത്തെ അവതരിപ്പിച്ച തനിയാവർത്തനം ഇന്നും നിരൂപക പ്രശംസ ഏറ്റുവാങ്ങുന്ന ചിത്രമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലോഹി സ്വന്തമാക്കിയെന്നത് മറ്റൊരു നേട്ടം.

ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകള്‍ പറഞ്ഞ ലോഹിതദാസിന്റെതൂലികത്തുമ്പിൽ വിരിഞ്ഞ കഥാപാത്രങ്ങളാണ് മമ്മൂട്ടിയെന്ന സൂപ്പർതാരത്തിന് വ്യക്തിപ്രഭാവമുള്ള ചിത്രങ്ങൾ സമ്മാനിച്ചത്. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍ നീറിപ്പിടഞ്ഞ ബാലന്‍ മാഷ്, സ്നേഹത്തിന്റെ കുടുംബമുഖം കാണിച്ചു തന്ന മേലേടത്ത് രാഘവന്‍ നായർ, അച്യൂട്ടി തുടങ്ങിയ കഥാപാത്രങ്ങൾ ഇതിനു ഉദാഹരണം.

എഴുത്തിന്റെ മാസ്മിരിക ശക്തി വിളിച്ച പറഞ്ഞ, നിസഹതയതിൽ ഒറ്റപ്പെട്ടപ്പോയവരുടെ സങ്കടങ്ങൾ ഓരോ കഥകളിലും ലോഹി വരച്ചിട്ടു. സ്വപ്നങ്ങൾ തെരുവിൽ പൊട്ടിത്തകർന്ന സേതു കിരീടവും ചെങ്കോലുമില്ലാതെ ഇന്നും വേദനയായി നിൽക്കുന്നു. മുപ്പത് കൊല്ലങ്ങൾക്കിപ്പുറവും മലയാളികൾ ഇഷ്ടപ്പെടുന്ന മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് എല്ലാം നഷ്ടപ്പെട്ടു തെരുവിലായിപ്പോയ സേതുമാധവൻ തന്നെയാണ്. വിധിയുടെ മുൾക്കീടമണിഞ്ഞ സേതു, വർത്തമാനകാല ജീവിത്തോട് പൊരുതി തോറ്റ് ചെങ്ങോലും കീരീടവും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ഇവിടെ പൂർണ്ണമാകുന്നു എന്നു പറഞ്ഞ് ചെങ്കോൽ ലോഹി അവസാനിപ്പിക്കുമ്പോഴും മലയാളികളുടെ കണ്ണുകളിൽ വേദനയുടെ കണ്ണീർക്കണം നിറയുന്നു.

ഓരോ ടൈപ്പ് കഥാതന്തുക്കളിൽ സവര്‍ണനായകന്‍മാര്‍ വെള്ളിത്തിരയിൽ അരങ്ങുവാഴുമ്പോളാണ് പച്ചയായ ജീവിതത്തിന്റെ വേദനകൾ നിറഞ്ഞ ആശാരിയും മൂശാരിയും കൊല്ലനും അരയനും വേശ്യയും കൊലയാളിയും തുടങ്ങി ജാതീയവും തൊഴില്‍പരവുമായി വ്യത്യസ്തതയാർന്ന കഥാപരിസരവുമായി ലോഹി മലയാള സിനിമയിൽ തന്റെ കസേര വലിച്ചിട്ടത്.

‘കണ്ട ആദ്യമാത്രയിൽ പ്രണയം മൊട്ടിടുന്ന കഥാപാത്രങ്ങൾ ഒരിക്കലും ലോഹിതദാസിന്റെ രചനയിൽ ഉണ്ടായിട്ടില്ല. സൗന്ദര്യം എന്ന ഘടകം കൈവിട്ടപ്പോൾ ലോഹിതദാസിന്റെ കഥാപാത്രങ്ങൾക്ക് പ്രണയം തോന്നാൻ കാരണങ്ങൾ ഏറെയായിരുന്നു’വെന്നു മകൻ വിജയ ശങ്കർ പറയുന്നു.

”അമരത്തിലെ ചന്ദ്രികയും, സല്ലാപത്തിലെ ദിവാകരനും, ഭൂതക്കണ്ണാടിയിലെ സരോജിനിയും, കമലദളത്തിലെ സുമയും എല്ലാം തീവ്ര പ്രണയം കൊണ്ട് ത്രാസിൽ താഴ്ന്നിരിക്കുന്നവരാണ്.
വളയത്തിൽ ശ്രീധരൻ പറയുന്നുണ്ട്, ആ കണ്ണീര് വീണത് എന്റെ ചോറിലല്ല , എന്റെ മനസ്സിലാ.. തനിക്ക് പറ്റിയ ഒരു കയ്യബദ്ധത്തിൽ അച്ഛനെ നഷ്ടപ്പെട്ട പെൺകുട്ടിയോട് തനിക്ക് തോന്നിയ സഹതാപവും കുറ്റബോധവും ആയിരുന്നു ശ്രീധരന്റെ പ്രണയം.”- ലോഹിയുടെ പതിനൊന്നാം ചരമവാര്ഷികത്തിൽ പങ്കുവച്ച കുറിപ്പിൽ അച്ഛന്റെ സിനിമയിലെ പ്രണയത്തെ വിജയ ശങ്കർ അടയാളപ്പെടുത്തുന്നു.

ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച സ്ത്രീകഥാപാത്രങ്ങളും ലോഹിതദാസ് സമ്മാനിച്ചിട്ടുണ്ട്. കന്‍മദത്തിലെ ഭാനു, കസ്തൂരിമാനിലെ പ്രിയംവദ തുടങ്ങിയ ഒരുപിടി കഥാപാത്രങ്ങൾ. ഇവർക്കൊപ്പം ഓർമ്മിക്കേണ്ട കാര്യമാണ് ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച ചില നായികമാരെ. അരയന്നങ്ങളുടെ വീടിലൂടെ ലക്ഷ്‍മി ഗോപാലസ്വാമിയും സൂത്രധാരനിലൂടെ മീരാ ജാസ്മിനും നിവേദ്യത്തിലൂടെ ഭാമയും ലോഹിയുടെ കയ്യുംപിടിച്ചാണ് അഭ്രപാളികളില്‍ ചേക്കേറിയത്.

സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായി വാഴുന്നതിനിടയില്‍ സംവിധായകനായും ലോഹിതദാസ് തന്റെ മികവ് പ്രകടിപ്പിച്ചു. 1997ല്‍ ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായി എത്തിയ ലോഹി കാരുണ്യം, ഓര്‍മ്മച്ചെപ്പ്, കന്‍മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, നിവേദ്യം തുടങ്ങി 12ഓളം ചിത്രങ്ങള്‍ ഒരുക്കി. ഇത് കൂടാതെ അഭിനയത്തിലും അദ്ദേഹം ചുവടുവച്ചു. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്റ്റോപ്പ് വയലന്‍സ്, ദി ക്യാമ്പസ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

രശ്മി, അനിൽ

shortlink

Related Articles

Post Your Comments


Back to top button