CinemaGeneralLatest NewsMollywoodNEWS

അതൊരു നടന ഹിമാലയം: വേറിട്ട കുറിപ്പെഴുതി രഘുനാഥ് പലേരി

മക്കൾ പിറക്കുമ്പൊൾ മിക്ക അഛനമ്മമാരും ചെറുപ്പമായിരിക്കും

രസകരമായ എഴുത്തുമായി ഫേസ്ബുക്കില്‍ സജീവമാകാറുള്ള രഘുനാഥ് പലേരി ഇത്തവണയും പതിവ് തെറ്റിച്ചില്ല. താന്‍ എഴുതിയ സിനിമകളിലെ ശുദ്ധ നര്‍മം പോലെ വളരെ വ്യത്യസ്തമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്‍റെ ഹിറ്റ് തിരക്കഥാകൃത്ത്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

“നാൻ പെത്ത പുള്ളൈ..”
ശിവാജിഗണേശൻറെ ഒരു സിനിമയിലാണ് പ്രശസ്തമായ ഈ സംഭാഷണം ആദ്യമായി കേട്ടത്. അങ്ങേയറ്റം വികാരചഞ്ചലനായി അദ്ദേഹം അത് പറയുമ്പോൾ അമ്മയുടേതിൽ നിന്നും വേറിട്ടു നിൽക്കുന്നൊരു പ്രസവ വേദന അനുഭവപ്പെടും. സിനിമയുടെ പേര് ഓർമ്മയില്ല. ശിവാജിഗണേശനെ മറക്കുകയും ഇല്ല. അതൊരു നടന ഹിമാലയം.
നാൻ പെത്ത പുള്ളൈയെടാ..
മകനും മകളും പൂള്ളൈയാണ്.
സ്നേഹ നിറവിലും താപ നിറവിലും ആ ഉരുവിടലിനൊരു മിസ്സൈൽ വേഗതയുണ്ട്.
ഉൾത്തടങ്ങൾ ഉഴതു മറിച്ചൂർന്നു തുളച്ച് കണ്ണീർ നനച്ചങ്ങ് പറന്നു പോവുന്നൊരു ശബ്ദ സഞ്ചാരം.
എന്തൊരഴകാണതിന്.
അഛൻ പ്രസവിച്ചത്.
അമ്മ പാലൂട്ടിയത്.
മക്കൾ പിറക്കുമ്പൊൾ മിക്ക അഛനമ്മമാരും ചെറുപ്പമായിരിക്കും. കുറ്റിപ്പെൻസിൽപോലുള്ള മക്കൾ വലിയ മരങ്ങളാവുമ്പോഴേക്കും പെത്തവരെല്ലാം കുറ്റിപ്പെൻസിലായിട്ടുണ്ടാവും. തമാശ അതല്ല. മക്കൾ മരമാവുന്നതിനും അവർ കുറ്റിപ്പെൻസിൽ ആവുന്നതിനും ഇടയിലുള്ള സമയ ദൈർഘ്യം എവിടെ വീണുപോയെന്ന് അവർക്കൊരു പിടിയും കിട്ടില്ല. പെട്ടെന്നൊരു നിമിഷമാണ് കണ്ണാടിയിലെ കുറ്റിപ്പൻസിൽ രൂപവും, പണ്ടെങ്ങാണ്ട് കണ്ടുമറന്ന ഫോട്ടോയിലെ മരതക തിളക്കവും കാണുക. അപ്പോഴും ബോധം വരില്ല, മക്കൾ മരമായെന്നും നമ്മൾ കുറ്റിപ്പെൻസിൽ ആയെന്നും. എന്ത് ചെയ്യാനാണ്. സമയം ഒരോ അടരുകളാണ്. അതങ്ങിനെ അടർന്നടർന്നങ്ങ് സമയത്തിലേക്ക് തന്നെ വീഴും.
അവിടം വീണലിയും.
ഇന്നലെ, ഒപ്പം പഠിച്ച വാസുദേവൻ പ്രതീക്ഷിക്കാതെ ഫോണിൽ വന്നു. പഴയൊരു പ്രേംനസീറായിരുന്നു വാസുദേവൻ. ഒപ്പം പഠിച്ചിരുന്ന സരസ്വതിക്ക് അവനെക്കാൾ ഇഷ്ടം അവൻറെ പല്ലുകളായിരുന്നു. പല്ലുകളെക്കുറിച്ച് മാത്രം ഒരു കവിത എഴുതി വാസുദേവന് സമർപ്പിച്ചിട്ടുണ്ട് സരസ്വതി. ഇത്തിരി ബുദ്ധീജീവിത്തരം ഉണ്ടായിരുന്നതുകൊണ്ട് കവിതയിലെ വരികൾ കഠിച്ചാ പൊട്ടാത്തതായിരുന്നു. ആ കാരണം പറഞ്ഞാണ് അവർ പിണങ്ങിയതും, വേറൊരു പല്ലുകാരനെ സരസ്വതി കല്ല്യാണം കഴിച്ചു പോയതും.
സംസാരത്തിനിടയിൽ വാസുദേവനാണ് ശിവാജിഗണേശ സംഭാഷണം ഉരുവിട്ടത്.
“ഇക്കാലംകൊണ്ട് നീ എത്ര മക്കളെ പെത്തെടാ..”
“രണ്ടേ രണ്ട്..”
“ഞാൻ മൂന്നെണ്ണം പെത്ത് രഘൂ.”
“അത് കലക്കി.”
“എന്ത് കലക്കി. എൻറഛനെട്ട് പെത്തതാ മോനേ..”
“എൻറഛനാറ്.”
” പോര. എൻറഛൻറടുത്തെത്തൂല.”
“എൻറഛൻ പെത്തതും ഞാൻ പെത്തതും ചേർത്ത് വെച്ചാ നിൻറഛൻ പെത്തതായില്ലേ വാസുദേവാ..”
“അത് നേരാ..!!”
വാസുദേവൻ ഉച്ചത്തിലുച്ചത്തിൽ ചിരിച്ചു.
പിന്നെ പതിയെ പറഞ്ഞു.
“എൻറെ ആറ് പല്ല് പോയെടാ. രണ്ടെണ്ണം കൂടി ഈ ആഴ്ച്ചക്കുള്ളില് വീഴും. ”
“ദൈവേ.. അപ്പോ നിന്നിലെ പ്രേംനസീറ്..”
ചിരിക്കഷ്ണങ്ങൾ ഇട്ടു തിളപ്പിച്ച് വാസുദേവൻ രണ്ടുവരി കവിത ഓർത്തെടുത്ത് ചൊല്ലി.
” നിൻറെ പല്ലുകൾ,
ധൂമാങ്കുരത്തിൽ രാകിയെടുത്ത
മരതകങ്ങളാണ്.
അവയുടെ മൂർച്ചത്തിളക്കം
വിഷാദിച്ചു നിൽക്കുന്ന
മുല്ലമൊട്ടുകളെ ഓർമ്മിപ്പിക്കുന്നു.
അവയിൽ ഗൂഡമായൊരു
മന്ദസ്മിതമുണ്ട്.
ആ സ്മിതം എനിക്ക് തരൂ..
ഞാനത് സൂക്ഷിച്ചു വെക്കും.”
വാസുദേവൻ ഇന്ന് രാത്രിയും വിളിക്കും.
………..
ചിത്രത്തിൽ, ഞാൻ പെത്ത പുള്ളൈ.
പിന്നെ ഞാനും.

shortlink

Related Articles

Post Your Comments


Back to top button