Film ArticlesGeneralLatest NewsNEWS

വിമർശനങ്ങളും ആഹ്വാനങ്ങളും വീണ്ടുവിചാരങ്ങളും: ജനപ്രിയ സിനിമയിലെ ഒളി അജണ്ടകൾ

പ്രത്യക്ഷത്തിൽ അതി പുരോഗമനാത്മക മുഖങ്ങളായി മാറിയ ഇക്കൂട്ടരുടെ നിലപാടുകളിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെയാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്

ജനപ്രിയ സിനിമയിലെ ഒളി അജണ്ടകൾ നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.
കമ്പോള സിനിമകൾ സ്വാഭാവികമായും സാമ്പത്തിക ലാഭം എന്ന ലക്ഷൃത്തെ മുൻനിറുത്തിയാണ് പ്രവർത്തിക്കുന്നത്. അത് സ്വാഭാവികം തന്നെയാണ്. സാമ്പത്തികം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിൽ നടത്തുന്ന അജണ്ടകളാണ് യഥാർത്ഥ പ്രശ്നം .ഒളിച്ചു കടത്തുന്നതും മറച്ചു പിടിക്കുന്നതും വ്യാജമായി അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നതുമെല്ലാം ഇത്തരം ചലച്ചിത്രങ്ങളുടെ രീതിശാസ്ത്രമാണ്. അതു കൊണ്ടു തന്നെയാണ് കമ്പോള സിനിമകൾ നിരന്തരമായി വിമർശിക്കപ്പെടുന്നതും.

ഫഹദ് ഫാസിൽ – നിമിഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക് എന്ന ചലച്ചിത്രം പല തലങ്ങളിൽ ചർച്ചകൾക്കു വിധേയമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മുസ്ലീം ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചലച്ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. കാരണം അത്രമേൽ മുൻവിധികളും പ്രത്യയ ശാസ്ത്ര ബാധ്യതകളും രാഷ്ട്രീയ പക്ഷപാതിത്വങ്ങളുമെല്ലാം ഇഴചേർന്ന പൊതുബോധത്തിനു മുന്നിലേക്കാണ് മാലിക് എത്തിയതും. റമദപ്പള്ളി പരിസരത്തെ തീരദേശ മേഖലയില്‍ ജീവിക്കുന്ന സുലൈമാന്റേയും അയാളെ ആശ്രയിച്ച് ജീവിക്കുന്ന തുറക്കാരുടെയും ജീവിതമാണ് മാലിക്കില്‍ അവതരിപ്പിക്കുന്നത്.

read also: ഡി കാറ്റഗറി പ്രദേശത്ത് ടൊവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ്, പ്രതിഷേധവുമായി നാട്ടുകാർ: പൊലീസെത്തി ചിത്രീകരണം നിർത്തിച്ചു

എൺപതുകൾ – തൊണ്ണൂറുകൾ – മില്ലേനിയം എന്നിങ്ങനെ വ്യത്യസ്ത കാലങ്ങളെ മൂൻ നിറുത്തിയാണ് മാലിക് റമദാപ്പള്ളിക്കാരുടെ ജീവിതത്തെ ആവിഷ്ക്കരിക്കുന്നത് . പോലീസും സര്‍ക്കാരുമായുള്ള ഗൂഢാലോചനയുടെ ഫലമായി തീരദേശവാസികള്‍ക്കിടയില്‍ സാമുദായിക കലാപമുണ്ടാക്കുന്നു. അലി ഇക്കയെന്ന സുലൈമാനെ പോലീസ് ഏർപ്പാടാക്കിയ ആൾ കൊലപ്പെടുത്തി പോലീസ് നിയമ സംവിധാനങ്ങളെ സുരക്ഷിതമാക്കുന്നു . ഇത്തരത്തിൽ നീങ്ങുന്ന മാലിക് ഒട്ടനവധി ചോദ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ ഉയർത്തി വെയ്ക്കുന്നുണ്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് സത്യസന്ധമല്ലാത്ത ചിത്രമാണെന്ന് ആദ്യം വിമർശനമുന്നയിച്ചവരിലൊരാൾ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ആയിരുന്നു .മാധവൻ്റെ നിരീക്ഷണത്തിന്ന് സമൂഹമാധ്യമങ്ങളിൽ ലഭിച്ച വ്യാപകമായ സ്വീകാര്യതയുടെ അനന്തരഫലം എന്നത് മാധവൻ്റെ ആഹ്വാനത്തിൻ്റെ അനുകരണങ്ങളായിരുന്നു എന്നതാണ് . അതായത്. മാലിക്കിൻ്റെ വിധി എഴുതിയതിൽ മാധവൻ കമൻ്റ് നിർണ്ണായകമായി മാറി എന്നു സാരം.

read also: ‘ഏറ്റവും ഇഷ്‍ടമുള്ള കാര്യം ചെയ്യുന്നു’: ബ്രോ ഡാഡിയിൽ താനുമുണ്ടെന്ന് കനിഹ

12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെയ്പ്പിനേയും ഭരണകൂടത്തേയും വിശകലനം ചെയ്ത് വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്കെന്നും വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവായ ശോഭാ സുബിന്‍ സോഷ്യല്‍ മീഡിയയില്‍ വിമർശനമുന്നയിച്ചത്. പിന്നീട് എത്തിയ വിമർശനങ്ങളിൽ ഭൂരിപക്ഷവും മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തല്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും ബീമപള്ളി വെടിവയ്പ്പ് കേരളത്തിലെ മുസ്ലീങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓര്‍ഗനൈസ്ഡ് കലാപമാണെന്നും ചൂണ്ടിക്കാണിക്കുന്നതായിരുന്നു.

മാലിക് മികച്ചൊരു സിനിമാനുഭവം എന്ന നിലക്ക് മനസ്സിൽ തങ്ങിനിൽക്കുമെന്ന് കരുതിയാണ് കണ്ടുതുടങ്ങിയതെങ്കിലും അതുണ്ടായില്ലെന്നു ടി എൻ പ്രതാപൻ പറയുന്നു. ‘മഹേഷിന്റെ ‘മാലിക്’ ഇടത് സർക്കാരിനെ വിമർശിക്കാനോ വിരൽചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ടായിരിക്കും! ഇപ്പോൾ ബോളിവുഡിൽ നടക്കുന്ന പ്രോപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാവില്ലേ ഇത്തരം സിനിമാ ശ്രമങ്ങൾ! ഇടത് സങ്കേതങ്ങൾ പുലർത്തുന്ന ഇസ്ലാംപേടിയുടെ, മുൻധാരണകളുടെ, വാർപ്പുനിർമ്മിതികളുടെ നിരവധിയായ പ്രതിഫലനങ്ങൾ ‘മാലിക്’ കാണിക്കുന്നു. വില്ലന്റെ പാർട്ടി, കൊടി, പേര്, പാർട്ടി ഓഫീസിലെ ചിത്രങ്ങൾ, സുനാമിക്കാലത്ത് മതം നോക്കി പടിയടക്കുന്ന പള്ളിക്കമ്മിറ്റി, ആയുധം-അക്രമം- അധികാര വിതാനം- ഇതിലെ ഗൾഫ് പണത്തിന്റെ സ്വാധീനം എന്നിങ്ങനെ അനവധിയുണ്ട് എണ്ണാൻ. ‘മാലിക്’ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത്ത് കാണുമ്പോൾ മലയാള സിനിമയെ ഓർത്ത് അഭിമാനവും അതിലെ പ്രതിനിധാനങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രത്യഘാതങ്ങൾ ഓർത്ത് നിരാശയും പരക്കുന്നു.’

‘സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് ‘മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു’-എന്നായിരുന്നു സംവിധായകൻ ഒമർ ലുലു മാലിക്കിനെ ക്കുറിച്ചു പറഞ്ഞത്.

അതേസമയം സ്ത്രീവാദിയും എഴുത്തുകാരിയുമായ പി.ഗീത മാലികിനെ സമീപിച്ചത് ഇപ്രകാരമാണ്..’ഉച്ചത്തിൽ സകലതും വിളിച്ചു പറയാതെ ധ്വന്യാത്മകമായ സൂചനകൾ സ്വരം താഴത്തി അവതരിപ്പിച്ചാലും സിനിമയാകും. കവിതയിൽ മാത്രമല്ല ആനന്ദവർദ്ധനനു പ്രവർത്തിക്കാനിടം. സിനിമയിലുമാകാം. തമ്മിലടിക്കുന്ന ആടുകളുടെ തല ചിതറുന്ന ചോര കുടിക്കുകയാണ് കുറുക്കത്തരങ്ങളിൽ ഒന്ന്. അതുപോലെ നിസ്വരായ മനുഷ്യരെ പരസ്പരം കലഹിപ്പിച്ച് അധികാരം നിലനിർത്തുന്നവർക്കു നേരെ ജനക്കൂട്ടത്തിൽ നിന്നൊരാളെങ്കിലും വരുംവരായ്കകൾ ചിന്തിക്കാതെ ഒരു കല്ലെടുത്തെറിയുമോ എന്നുറ്റുനോക്കുന്ന സിനിമ . മറ്റെല്ലാ ശരികളെയും പോലെ രാഷ്ട്രീയ ശരിയും ഒരേ ഒന്നു മാത്രമല്ല, എല്ലാ രാഷ്ട്രീയ ശരികളും ഒരുപോലെ ഒന്നിച്ചു വിളിച്ചു പറയാനും സാധ്യമല്ല. ആധുനികോത്തര രാഷ്ട്രീയശരി വാദക്കാർ എന്തു തന്നെ വാദിച്ചാലും ഞാൻ മാലിക്കിനെ സമീപകാലത്തിറങ്ങിയ ശക്തമായ രാഷ്ട്രീയ സിനിമയെന്നടയാളപ്പെടുത്തുന്നു. സംഭവിച്ച കലാപങ്ങൾക്കപ്പുറം സംഭവിക്കാനിടയുള്ള കലാപത്തിൻ്റെ വാതിൽ സിനിമ ചൂണ്ടിക്കാണിക്കുന്നുവെന്നിടത്ത് സിനിമയുടെ ഉദ്വേഗം ശക്തമാണ്.’

മാലികിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലൊരു വിഷയം ഗംഭീരമായ വിഷ്വൽ ലാംഗ്വേജിൽ അവതരിപ്പിക്കപ്പെട്ടു എന്നത് ഏറെ അഭിനന്ദനീയം തന്നെയാണ്. ഇസ്ലാമോഫോബിയയെക്കുറിച്ച് അതി വാചാലരാകുന്നവരുടേയും ഇടതുപക്ഷത്തെ വെളുപ്പിച്ചു എന്നു പറയുന്നവരുടേയും ചലച്ചിത്രത്തിൻ്റെ ചരിത്രപരമായ സത്യസന്ധതയെക്കുറിച്ച് അധികാരികമായി ആവശ്യപ്പെടുന്നവരുടേയും നിലപാടുകളിലൂടെ കണ്ണോടിച്ചാൽ വ്യക്തമാകുന്ന കാര്യം അവയിൽ ഭൂരിപക്ഷവും ഇസ്ലാം വിരുദ്ധതയെന്ന അടിസ്ഥാനത്തിലും ഇടതു വിരുദ്ധത എന്ന അടിസ്ഥാനത്തിലും നിലകൊള്ളുന്നവരുടെതായിരുന്നു.

പ്രത്യക്ഷത്തിൽ അതി പുരോഗമനാത്മക മുഖങ്ങളായി മാറിയ ഇക്കൂട്ടരുടെ നിലപാടുകളിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെയാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്. എല്ലാത്തരം വിമർശനങ്ങൾക്കും വിധേയമാകേണ്ട ചിത്രമാണ് മാലിക് എന്നിരിക്കേ തന്നെ മാലിക്കിൻ്റെ വിമർശനങ്ങൾക്കുള്ളിലെ വിമർശനങ്ങളും രാഷ്ട്രീയ അജണ്ടകളും ക്യത്യമായിത്തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. .. നവോത്ഥാനവും ആധുനിക വിദ്യാഭ്യാസവും ഇഴപാകിയ കേരളീയ പൊതുമണ്ഡലത്തിൻ്റെ പുരോഗമനാത്മക സ്വഭാവത്തിന് വന്ന രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വിശകലനങ്ങൾക്ക് ഉള്ള ചൂണ്ടുപലകയാണ് മാലിക് വിമർശനങ്ങൾ. പ്രത്യേകിച്ച് , എനിക്ക് ചിത്രം പിൻവലിക്കാൻ വരെ തോന്നി എന്ന് മഹേഷ് നാരായണൻ്റെ വേദനാജനകമായ വെളിപ്പെടുത്തലുകൾക്കു മുന്നിൽ അത്തരം വിശകലനങ്ങൾ നിർണ്ണായകമാണ് എന്നുകൂടി പറയാതെ വയ്യ

രശ്മി അനിൽ

shortlink

Related Articles

Post Your Comments


Back to top button