CinemaGeneralLatest NewsMollywoodNEWSSocial Media

ഇതാണോ തിരുവനന്തപുരം ഭാഷ, കഴിവുള്ള നടന് വഴിപോക്കരുടെ വേഷവും: മാലിക്കിനെ വിമർശിച്ച് കുറിപ്പ്

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രാദേശിക ഭാഷയിൽ പിശകുണ്ടെന്നും, ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്ത നടന് വേണ്ടവിധത്തിലുള്ള വേഷം നൽകാതെ പോയതിലും പ്രതിഷേധം രേഖപ്പെടുത്തിയാണ് പോസ്റ്റ്

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ സിനിമയെ വിമർശിച്ച് എത്തിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രാദേശിക ഭാഷയിൽ പിശകുണ്ടെന്നും, മലയാള സിനിമയിൽ ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്ത നടന് വേണ്ടവിധത്തിലുള്ള വേഷം നൽകാതെ പോയതിലും പ്രതിഷേധം രേഖപ്പെടുത്തിയാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

‘മാലിക് എന്ന സിനിമ കണ്ടു, നല്ല സിനിമ, തിയറ്ററിൽ കാണേണ്ടിയിരുന്ന സിനിമ, ഒരു ഗംഭീര വിജയം നൽകുമായിരുന്ന സിനിമ. ചില കാര്യങ്ങളിലെ വിയോജിപ്പു കൂടി രേഖപ്പെടുത്താനാണ് ഈ കുറിപ്പ്. തിരുവനന്തപുരത്തെ ഒരു തീരദേശ മേഖലയിൽ നടക്കുന്നു എന്ന രീതിയിലാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത് (ബീമാപള്ളി വെടിവെപ്പുമായി ഈ കഥയ്ക്ക് ബന്ധമുണ്ടോ ഇല്ലയോ എന്നത് എൻ്റെ വിഷയമല്ല) ഒന്നാമതായി ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ. തിരുവനന്തപുരത്തെ തീരദേശത്തെ കഥ പറയുമ്പോൾ അവിടെയുള്ളവർ ആ പ്രാദേശിക ഭാഷ തന്നെ ഉപയോഗിക്കണം, അതാണ് അതിൻ്റെ ഭംഗി. നായകനടക്കം പലരും അതല്ല ഉപയോഗിച്ചിരിക്കുന്നത്.

സംഭാഷണങ്ങൾക്കിടയിൽ “എൻ്റുടെ”/ “നിൻ്റുടെ” എന്ന് ചേർത്താൽ തിരുവനന്തപുരം ഭാഷ ആവില്ല എന്ന് വിനയപൂർവ്വം പറഞ്ഞുകൊള്ളട്ടെ, സംഭാഷണം എഴുതുന്നവർ മിനിമം പാലിക്കേണ്ട മര്യാദ ഒട്ടുംതന്നെ പാലിച്ചിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. അപ്പാനി ശരത്ത്, ഇന്ദ്രൻസ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ കൃത്യമായി തന്നെ ഭാഷ ഉപയോഗിക്കുന്നുണ്ട്, അത് സംഭാഷണം എഴുതിയ ആളിൻ്റെ മിടുക്കല്ല എന്ന് ഇവരെ അറിയാവുന്നവർക്കറിയാം.സർക്കാർ ജീവനക്കാർ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്നില്ല, അവർ മറ്റു ജില്ലക്കാരുമാകാം. പക്ഷേ, പ്രദേശത്തുകാർ ആ ഭാഷ തന്നെ ഉപയോഗിക്കണം. ഏതാണ്ട് ഈ പ്രദേശത്ത് ജനിച്ച് വളർന്ന എനിക്ക് ഈ അരോചകത്വം ക്ഷമിക്കാൻ കഴിയുന്നില്ല.

മറ്റൊന്ന് കൃഷ്ണൻ ബാലകൃഷ്ണൻ എന്ന നടനെ അവഹേളിക്കുന്ന തരത്തിലായി അദ്ദേഹത്തിന് ലഭിച്ച വേഷം എന്നതാണ്. മിന്നാമിനുങ്ങ് എന്ന സിനിമ കണ്ടിട്ടുള്ളവർക്കൊക്കെ അദ്ദേഹത്തിൻ്റെ അഭിനയം എത്ര മനോഹരം ആയിരുന്നു എന്ന് അറിയാം. കൃഷ്ണന് തിരുവനന്തപുരത്തുകാരുടെ ഭാഷ ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല, കടപ്പുറത്തുള്ളവരുടെ ശരീര ഭാഷയടക്കം വളരെ തന്മയത്വമായി അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടന് വഴിയേ പോകുന്ന ആർക്കും ചെയ്യാവുന്ന ഒരു വേഷം കൊടുത്ത് അവഹേളിച്ചതിൽ കൃത്യമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

(ആർക്ക് എന്ത് വേഷം കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംവിധായകനാണ് എന്ന് അറിയാഞ്ഞിട്ടല്ല) എല്ലാ അഭിനേതാക്കളും അവരവരുടെ വേഷം ഗംഭീരമായി അവതരിപ്പിച്ചു. (ഭാഷാപ്രയോഗം ഒഴികെ) അഭിനന്ദനങ്ങൾ…..! കലാ സംവിധായകന് പ്രത്യേക അഭിനന്ദനം…

സിനിമ ഒരു വൻ വിജയമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…
ആശംസകൾ…!

https://www.facebook.com/subhashsakaria.sakaria.90/posts/831096037799884

shortlink

Related Articles

Post Your Comments


Back to top button