Film ArticlesGeneralLatest NewsMollywoodNEWS

മഴ പ്രണയവും ജീവിതവുമാകുന്ന തൂവാനത്തുമ്പികൾ

പത്മരാജൻ എഴുതിയ ഉദകപ്പോള എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'തൂവാനത്തുമ്പികൾ

മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ പ്രണയത്തിന്റെ നിറഭാവമായി ഇന്നും നിൽക്കുന്ന ചിത്രമാണ് തൂവാനത്തുമ്പികൾ. ജയകൃഷ്ണന്റെയും ക്ലാരയുടെയും കഥപറഞ്ഞ ഈ ചിത്രം മലയാളികൾക്ക് പ്രണയത്തിന്റെയും മഴയുടെയും പുതിയ ഭാവം സമ്മാനിച്ചു.

1987ലെ ജൂലായ് മാസത്തിൽ വെള്ളിത്തിരയിൽ പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ ജയകൃഷ്ണനും ക്ലാരയും എഴുതി തുടങ്ങി. ക്ലാരയുടെ ആകർഷക രൂപം എത്തുന്നതിനൊപ്പം മഴയും ചിത്രത്തിൽ കടന്നു വരുന്നു, ഒരു കഥാപാത്രം പോലെ. മഴ പ്രണയവും ജീവിതവുമാകുന്ന ഈ ചലച്ചിത്രത്തിന് മുപ്പത്തിനാല് വർഷങ്ങൾ. മഴയ്‌ക്കൊപ്പം ക്ലാരയും ജയകൃഷ്ണനും മാത്രമല്ല സംവിധായകൻ പത്മരാജനും ഒരുപാട് തലമുറയെ അത്രകണ്ട് സ്വാധീനിക്കുന്നതിന് തെളിവാണ് ഇന്നും ഈ ചിത്രത്തിനെക്കുറിച്ചു നടക്കുന്ന ചർച്ചകൾ.

read also: കമലിനൊപ്പം കാളിദാസ്: വിക്രമിലേക്ക് സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ്

പത്മരാജൻ എഴുതിയ ഉദകപ്പോള എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ‘തൂവാനത്തുമ്പികൾ’. മണ്ണാർതൊടിയിൽ ജയകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെയും വ്യത്യസ്ത സാഹചര്യങ്ങളിൽ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ക്ലാര, രാധ എന്നീ രണ്ടു പെൺകുട്ടികളുടെയും കഥ പറയുകയാണ് തൂവാനത്തുമ്പികൾ.

മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണന് രണ്ടു വ്യത്യസ്ത മുഖങ്ങളാണുള്ളത്. സ്വന്തം ഗ്രാമത്തിൽ അയാൾ വലിയ തറവാടിയും പിശുക്കനായ കൃഷിക്കാരനും ഒരു അറു പഴഞ്ചനുമാണ്. എന്നാൽ പട്ടണത്തിൽ, സുഹൃത്തുക്കളോടൊപ്പം അയാൾ കുസൃതിത്തരങ്ങളും തരികിടകളും നിറഞ്ഞ ഒരു പരിഷ്‌കൃത ജീവിതം നയിക്കുന്ന വ്യക്തിയാണ്. നഗരത്തിൽ അയാൾക്കു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു അണ്ടർ വേൾഡ് തന്നെയുണ്ട്. എല്ലാ നന്മകളും തികഞ്ഞ സൽഗുണസമ്പന്നനോ അമാനുഷിക ശക്തികൾ ആവാഹിച്ചെടുത്ത അവതാരമോ ഒന്നുമല്ല ജയകൃഷ്ണൻ. പ്രായത്തിന്റേതായ എല്ലാ ദൗർബല്യങ്ങൾ എല്ലാമുള്ള, വഴിവിട്ടു ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യൻ. ജയകൃഷ്‍ണനും ക്ലാരയും ഒന്നിച്ചില്ലെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ക്ലാര, കാമുകി സങ്കൽപ്പമായി നിലനിൽക്കുന്നു. ഒളിച്ചുവയ്ക്കപ്പെട്ട ലൈംഗികതയും പ്രണയവും മായിക ഭാവത്തോടെ മഴയുടെ അകമ്പടിയോടെ കടന്നു വരുമ്പോള്‍ 34വർഷത്തിന് ശേഷവും ആ കഥപാത്രങ്ങൾ മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു.

പ്രണയത്തെയും രതിയെയും നിര്‍വചിക്കുക പ്രയാസമാണ്. പലര്‍ക്കും ഇവ മഴയും വേനലും മഞ്ഞും കുളിരുമെല്ലാമാണ്…. എന്നാല്‍ പെയ്തു തോരുന്ന മഴപോലെ മനുഷ്യമനസിനെ കീഴടക്കുന്ന ഈ രണ്ടു വികാരങ്ങളും ഒരുമിക്കുകയാണ് തൂവാനത്തുമ്പികളില്‍. ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ആ പ്രണയത്തിനിടെ ക്ലാര പറയുന്നുണ്ട് ‘ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു’. ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയുകയാണ് ഇവർ. ക്ലാര ജയകൃഷ്ണ സമാഗമത്തിൽ അകമ്പടിയായി കടന്നു വരുന്ന മഴ അവരവരുടെ കുടുംബജീവിതത്തിലേക്കു കടക്കുന്നതിനു മുൻപ് കണ്ടുമുട്ടുമ്പോൾ മാറി നിൽക്കുന്നു. ഒന്നും മറച്ചു വെയ്ക്കാതെയാണ് രാധയെ ജയകൃഷ്ണന്‍ സ്വന്തമാക്കുന്നത്. ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നില്‍ക്കുന്ന രാധയും യഥാര്‍ത്ഥ പ്രണയത്തിന്റെ മുഖമായി.

read also: ഉപ്പും മുളകുമല്ല ഇനി എരിവും പുളിയും: നീലുവും കുടുംബവും വീണ്ടുമെത്തുന്നു, ലെച്ചുവിന്റെ ആരാധകർ സന്തോഷത്തിൽ

ക്ലാരയായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയത് സുമലതയായിരുന്നു. അശോകൻ, പാർവതി, ജഗതി ശ്രീകുമാർ, ബാബു നമ്പൂതിരി എന്നിവർ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. താരങ്ങൾക്കൊപ്പം തന്നെ ശ്രീകുമാരൻ തമ്പി രചിച്ച് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളും സിനിമയുടെ ആത്മാവ് നിറഞ്ഞു നിൽക്കുന്നവയാണ്. യേശുദാസ് പാടിയ ‘മേഘം പൂത്തു തുടങ്ങി…’, ജി.വേണുഗോപാലും ചിത്രയും പാടിയ ‘ഒന്നാം രാഗം പാടി….’ എന്നീ പാട്ടുകളും ജോൺസന്റെ പശ്ചാത്തലസംഗീതവും ചിത്രത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.

shortlink

Related Articles

Post Your Comments


Back to top button