BollywoodGeneralLatest NewsNEWSSocial Media

5ജിക്കെതിരായ ഹർജി: എനിക്കുള്ള പിഴ തുക അവർ നൽകാമെന്ന് പറഞ്ഞു, അതിനും അപ്പുറം എന്താണ് വേണ്ടത്: ജൂഹി ചൗള

താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്ന് ജൂഹി ചൗള

മുംബൈ: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി തള്ളുകയും, 20 ലക്ഷം പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി താരത്തിന് പിഴ ചുമത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജൂഹി.

താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കു, എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ മാനിച്ചാണ് താന്‍ ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കോടതിയുടെ നടപടി തന്നെ ആശയക്കുഴപ്പത്തിലാക്കി. എങ്കിലും തനിക്ക് അറിയാത്ത ആയിരക്കണക്കിന് ആളുകളുടെ പിന്തുണ തന്നെ അതിശയിപ്പിച്ചുവെന്നും മഹാരാഷ്ട്രയിലെ കര്‍ഷകര്‍ തനിക്ക് വേണ്ട പിഴത്തുക പിരിച്ച് നല്‍കാമെന്ന് പറഞ്ഞതായും ജൂഹി പറയുന്നു.

ജൂഹി ചൗളയുടെ വാക്കുകള്‍:

‘5ജി സാങ്കേതികവിദ്യ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഞാന്‍ കോടതിയെ സമീപിച്ചത്. ആരോഗ്യം സംബന്ധിച്ച് എന്റെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയാണ് ഞാന്‍ ഹര്‍ജിയിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. കോടതി നടപടിക്ക് പിന്നാലെ ഒരുവശത്ത് ഞാന്‍ വേദനയിലും ആശയക്കുഴപ്പത്തിലുമായിരുന്നെങ്കില്‍ മറുവശത്ത് ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആളുകള്‍ പൂര്‍ണ പിന്തുണ നല്‍കുകയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ കര്‍ഷകരില്‍ നിന്നുള്ള സന്ദേശം എന്റെ കണ്ണുനനയിച്ചു. പതിനായിരത്തോളം വരുന്ന കര്‍ഷകര്‍ എനിക്ക് അടയ്ക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതുപോലുള്ള നിമിഷങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഇത്രയും ദിവസം നിശബ്ദത പാലിച്ചു. കാരണം നിശബ്ദതയ്ക്ക് അതിന്റേതായ കാതടപ്പിക്കുന്ന ശബ്ദമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുംബൈയിലെ വീടിനു സമീപം 14 മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചതു മുതല്‍ 11 വര്‍ഷത്തിനിടെ ഉണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. വീടിനു ചുറ്റുമുള്ള റേഡിയേഷന്റെ അളവ് സ്വകാര്യ ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിച്ചു. അത് വളരെ ഉയര്‍ന്ന നിരക്കിലായിരുന്നു. വേഗമേറിയ നെറ്റ്വര്‍ക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേര്‍ന്നു നമ്മളെ റേഡിയേഷനില്‍ മുക്കിക്കൊല്ലും. അങ്ങനെയുള്ളപ്പോള്‍ എല്ലാവരുടെയും സുരക്ഷയെ കരുതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതു തെറ്റാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’, ജൂഹി ചോദിച്ചു.

https://www.instagram.com/tv/CSV4v45Kkf7/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button