GeneralLatest NewsMollywoodNEWS

ഞാൻ മമ്മൂട്ടിയെ പോലെയോ അദ്ദേഹം എന്നെപ്പോലെയോ അഭിനയിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല: മോഹൻലാൽ

നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി എന്ന് മോഹൻലാൽ

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. അമ്പത്തിമൂന്ന് സിനിമകളിലധികം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗൃഹ ലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി എന്ന് മോഹൻലാൽ പറയുന്നു. താൻ ഒരിക്കലും മമ്മൂട്ടിയെ പോലെയോ അദ്ദേഹം തന്നെ പോലെയോ അഭിനയിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ:

‘ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്ര വര്‍ഷത്തെ ബന്ധമാണ്. നീണ്ട മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതാണ് ശരി. ശാരീരം, സംസാരരീതി, സമീപനങ്ങള്‍ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല.

അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിമായിരുന്നു എന്നതാണ്.നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്‍. മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ട്.’സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്.’ ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു’, മോഹൻലാൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button