Film ArticlesGeneralLatest NewsMollywoodMovie ReviewsNEWS

ഹിന്ദു – മുസ്ലീം തീവ്രവാദവും രാഷ്‌ടീയവും: ‘കുരുതി’യിലെ വെള്ളപൂശപ്പെടുന്ന രാഷ്ട്രീയ തലങ്ങൾ

മലയാളിയുടെ ജാതി മത ബോധങ്ങളെ വിശകലനം ചെയ്യുന്ന രീതി ശാസ്ത്രമാണ് കുരുതിയുടെ ഹൈലൈറ്റ്

തീവ്രവാദം അത് ഭൂരിപക്ഷത്തിൻ്റേതായാലും ന്യൂനപക്ഷത്തിൻ്റെതായാലും എതിർക്കപ്പെടേണ്ടതു തന്നെയാണ്. ഭൂരിപക്ഷത്തിൻ്റെ വിധ്വംസക രാഷ്ട്രീയത്തിനു ബദൽ ന്യൂനപക്ഷത്തിൻ്റെ വർഗ്ഗീയ തീവ്രവാദമല്ല എന്ന രാഷ്ട്രീയ യാഥാർത്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ചിത്രം എന്ന നിലയിലാണ് കുരുതി പ്രസക്തമാകുന്നത്. സുപ്രിയാ മേനോൻ നിർമ്മിച്ച് പൃഥിരാജും റോഷൻ മാത്യുവും സിൻഡ്രയും മാമുക്കോയയുമുൾപ്പെടെയുള്ള താരങ്ങൾ അഭിനയിച്ച കുരുതി പറഞ്ഞു പഴകിത്തേഞ്ഞ ഹിന്ദു – മുസ്ലീം തീവ്രവാദത്തെയാണ് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഒരു ജനത അവരുടെ ജീവിതം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലേക്കാണ് വർഗ്ഗീയ തീവ്രവാദത്തിൻ്റെ വിഷവിത്തുകൾ മുളച്ചു കയറി പടർന്നു പന്തലിക്കുന്നത്. തന്റെ മകളെയും ഭാര്യയെയും നഷ്ടപ്പെട്ട ആഘാതകരമായ മൺസൂൺ ഉരുൾപൊട്ടലിന്റെ ഓർമ്മകളുമായി കഴിയുന്ന ഇബ്രാഹിമിൻ്റെ വീട്ടിൽ ഉള്ളിൽ കനൽ ജ്വലിക്കുന്ന മനസുമായി മൂസാക്ക കഴിയുന്നുണ്ട്. ആഗോളതലത്തിൽ മുസ്ലിം സമുദായം നേരിടുന്ന അടിച്ചമർത്തലിൽ അമർഷാകുലനാകുന്ന റമീസിൻ്റെ നിലപാടുകളോട് ഇബ്രാഹിം പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതിനു ഫലമുണ്ടാകുന്നില്ല. തങ്ങളുടെ സമുദായത്തിൽപ്പെട്ട ആളെ കൊന്ന വിഷ്ണുവിനെകൊല്ലാൻ വരുന്ന ലായി ഖിനെ പ്രതിരോധിക്കുന്ന ഇബ്രാഹിമും മൂസയും നേരിടുന്ന സംഘർഷങ്ങളാണ് കുരുതിയെ മുമ്പോട്ടു നയിക്കുന്നത്.

read also: മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്‍തിട്ട് ഏറെ നാളുകൾ ആയിട്ടുണ്ട്: പുതിയ സിനിമയെ കുറിച്ച് ജേക്സ് ബിജോയ്

മലയാളിയുടെ ജാതി മത ബോധങ്ങളെ വിശകലനം ചെയ്യുന്ന രീതി ശാസ്ത്രമാണ് കുരുതിയുടെ ഹൈലൈറ്റ് എങ്കിൽ കുരുതി മുമ്പോട്ടു വെയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങൾ അത്യന്തം വികലമാണ്. മതതീവ്രവാദിയായ ഹിന്ദു / മതേതരനായ ഹിന്ദു / സെക്യുലർ മുസ്ലീം/ തീവ്രവാദി മുസ്ലിം എന്നീ ഘടനയ്ക്കുള്ളിലാണ് കുരുതി ഒരുക്കപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെയും ഭൂരിപക്ഷത്തിൻ്റേയും ആക്രമണോത്സുക മനോഭാവങ്ങളെയും തീവ്ര രാഷ്ട്രീയ നിലപാടുകളെയും ഹിംസയെയും പ്രതിരോധിക്കേണ്ടുന്ന ബാധ്യത സെക്കുലർ മുസ്ലിമായ ഇബ്രാഹിമിൽ നീക്ഷിപ്തമാണ്. സത്യനെന്ന നിയമപാലകൻ സൈക്കോളജിക്കൽ മൂവിലൂടെ ഇബ്രാഹിമിനെ നവീകരിച്ചെടുക്കുന്നു. ഗോപിയുടെ പെങ്ങൾ സുമതിക്ക് ഇബ്രാഹിമിനോട് പ്രണയമാണെങ്കിലും മതവിശ്വാസങ്ങളിലെ വൈരുദ്ധ്യം ഇരുവരെയും ഇരു വഴിക്കാക്കുന്നു.

പുരോഗമനാത്മക മുഖമായ സെക്യുലറായ സുമതി വിഷ്ണു ആക്രമിക്കപ്പെടുന്ന സന്ദർഭത്തിൽ ഹൈന്ദവ തീവ്രവാദ നിലപാടുകളോട് ഐക്യദാർഢ്യപ്പെട്ട് മുസ്ലീം തീവ്രവാദത്തിനെതിരെ ഒരു പരിചയായി മാറുന്നു. ലായിഖിനെ ഇബ്രാഹിം കൊലപ്പെടുത്തി വിഷ്ണുവിനെ സംരക്ഷിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ തീവ്രവാദികളിൽ നിന്നും രക്ഷസാധ്യമോ എന്ന ചോദ്യത്തിൻമേലവസാനിക്കുന്ന കുരുതി പ്രതിലോമകരമായ അനവധി ചോദ്യങ്ങളെയാണ് ആൾക്കൂട്ടത്തിനു മുമ്പിൽ എറിഞ്ഞു മുതലെടുപ്പിനു ശ്രമിക്കുന്നത്.

read also: വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി: വൈറലായി പുതിയ സ്റ്റൈലിഷ് ലുക്ക്

സ്വതന്ത്രവും നിക്ഷ്പക്ഷവുമായി നിന്നുകൊണ്ട് ഒരു ഉൽപ്പന്നം നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു എന്നു പറയുന്ന മനു വാര്യരും സംഘവും ഒരേ സമയം ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദ നിലപാടുകളെ ചർച്ചയ്ക്കുവെച്ച് തന്ത്രപരമായി കമ്പോളത്തെ ഇണക്കി നിറുത്താനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ഹിന്ദു മുസ്ലിം സംഘർഷങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്ക മുണ്ടെങ്കിൽ തന്നെയും അവ ഇപ്പോഴും മതേതര ഇന്ത്യയിൽ സ്വാഭാവികമായി അവർത്തിച്ചു കൊണ്ടേയിരിക്കുന്നു.വർഗ്ഗീയ കലാപങ്ങൾ അധികാരത്തിലേക്കുള്ള കുറുക്കുവഴികളാണ് എന്ന രാഷ്ട്രീയ പാOത്തെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ പശ്ചാത്തലത്തിൽ കുരുതി ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളും ചോദ്യങ്ങളും ഒരു പക്ഷത്തെ സമ്പൂർണ്ണമായി തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമേതുമില്ല. മാലിക്കിൽ നിന്നും ലായിഖിലേക്കുള്ള ദൂരങ്ങളെയും അവരുയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെയും മറികടക്കുന്ന നിലപാട് എടുത്തു കൊണ്ടേ ജനാധിപത്യ വിശ്വാസികൾക്കു മുമ്പോട്ടു പോകുവാൻ പറ്റുകയുള്ളു.

കുരുതി സംഘ് പരിവാർ ആശയങ്ങളെ താലോലിക്കുന്ന ചിത്രമാണ് എന്ന ആരോപണങ്ങൾ ചലച്ചിത്രാസ്വാദകർ ഉയർത്തിയിട്ടുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്ത്രവാഹകരായി കുരുതിയിൽ പ്രത്യക്ഷപ്പെടുന്നവരൊക്കെ മുസ്‌ലിം കഥാപാത്രങ്ങളാണ്.ഇന്ത്യൻ സിനിമയുടെ സാമ്പ്രദായിക രീതി ശാസ്ത്രത്തിൻ്റെ മാതൃകയില്‍ ‘നല്ല മുസ്‌ലി’മും ‘ചീത്ത മുസ്‌ലി’മും സ്വാഭാവികമായി കടന്നു വരുന്നുണ്ട്. വളരെ ‘നിഷ്‌കളങ്ക’മായി ഈ സിനിമ, വര്‍ഗീയതയുടെ ഒരു പുറം മാത്രം കാണിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് എന്നത് വ്യക്തം “അയ്യോ, അവന്‍ പാവമല്ലെ? നിഷ്‌കളങ്കത കൊണ്ടല്ലെ അവന്‍ ഒരു മുസ്‌ലിമിനെ കൊന്നത്? അത് ശിക്ഷാര്‍ഹമായ ഒരു കൊടും പാതകമാണോ? അവന്‍, ആ കൊലപാതകിയെ വെറുതെ വിട്ടൂടെ… പാവല്ലെടാ… സനാതന ധര്‍മപാലനത്തിന് വേണ്ടിയല്ലെ അവന്‍ ചെയ്ത ഹിംസ? ഇതാണ് സിനിമയുടെ ഒരു ലൈന്‍. മറുഭാഗത്ത് ന്യൂനപക്ഷത്തിൻ്റെ ഹിംസാത്മകതയെയും ന്യായീകരിക്കുന്ന രീതിയും കാണാവുന്നതാണ്.

സംവിധായകൻ്റേയും തിരക്കഥാകൃത്തിൻ്റേയും നായകനടൻ്റേയും അതിജാഗ്രതയുള്ള കരുതലുകളാൽ സമ്പന്നമായ കുരുതി ഉൽപാദിപ്പിക്കുന്ന ആശയങ്ങൾ ഏതു നിലയിലും അത്യന്തം അപകടകാരികളാണ്. ചരിത്രത്തെ വികലമാക്കി പെയ്ഡ് ഹിസ്റ്ററികൾ സൃഷ്ടിക്കുന്ന രാഷ്ട്രിയ പ്രത്യയശാസ്ത്ര അജണ്ട നിർമ്മിതികൾക്കു മുന്നിൽ, ഒട്ടനവധി യാഥാർത്ഥ്യങ്ങളെ വെള്ളപൂശി സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ആയി നിലകൊള്ളുന്ന കുരുതി ,രാഷ്ട്രിയ ജാഗ്രതയുള്ള ജനസമൂഹത്തിൽ നിന്നും ഏറെക്കുറെ നിരാകരിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം

രശ്മി, അനിൽ

shortlink

Related Articles

Post Your Comments


Back to top button