GeneralLatest NewsMollywoodNEWS

‘സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേല്‍ നീതികേടാകും’ ആരോപണം തിരുത്തി ജോമോള്‍ ജോസഫ്

കേവലം നന്ദി വാക്കുകളാൽ സുരേഷ് ഗോപിയുടെ ഇടപെടലിനെ ചെറുതാക്കി കാണിക്കുന്നില്ല, അദ്ദേഹത്തെ ഞങ്ങൾ മനസ്സോട് ചേർക്കുന്നു..

മലയാളത്തിന്റെ പ്രിയനടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയ്ക്ക് നേരെ ഗുരുതര ആരോപണം ഉന്നയിച്ചു ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ ആരോപണം തിരുത്തി സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. സോഷ്യൽ മീഡിയ വഴിയാണ് അവർ അഭിപ്രായപ്രകടനം നടത്തിയത്.

സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകും എന്ന് തിടങ്ങുന്ന കുറിപ്പിലാണ് മുൻപ് പറഞ്ഞ ആരോപണം ജോമോൾ തിരുത്തിയിരിക്കുന്നത്.

കുറിപ്പ് പൂർണ്ണ രൂപം

സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകും

ജൂലൈ 31 ന് വൈകുന്നേരമാണ് ഞങ്ങളുടെ കൂടപ്പിറപ്പായ സുഹൃത്തിന് പഞ്ചാബിൽ വെച്ച് അപകടം ഉണ്ടാകുന്നത്. അന്ന് രാത്രിയിൽ തന്നെ പലരും ഞങ്ങൾക്ക് മെസ്സേജ് അയച്ചിരുന്നു എങ്കിലും മെസ്സഞ്ചർ സ്ഥിരമായി നോക്കാറില്ലാത്തതിനാൽ ആഗസ്റ്റ് ഒന്നാം തീയതി രാവിലെ മാത്രമാണ് ഞങ്ങൾ വിവരം അറിയുന്നത്.

read also: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു: താലിബാൻ പരാമർശങ്ങൾ നീക്കം ചെയ്തതായി കങ്കണ

ആദ്യം തന്നെ പഞ്ചാബിൽ airforce ഉദ്യോഗസ്ഥനായ ഞങ്ങളുടെ കോമൺ സുഹൃത്ത് Abhijith Sreekumar നെ വിളിക്കുകയും അദ്ദേഹം 100 കിലോമീറ്റർ മാത്രം ദൂരത്തുണ്ട് എന്നും, രാവിലെ 9 മണിക്ക് ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയാൽ നേരെ ഹോസ്പിറ്റലിലേക്ക് പോകും എന്നും അറിയിച്ചു.

Unknown patient ആയി അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തിയ സുഹൃത്തിന് മികച്ച ചികിത്സ ഉറപ്പുവരുത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിനായി ആരെ ഇടപെടീക്കും എന്നചിന്ത ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത് DYFI യുടെ അഖിലെന്ത്യാ നേതാവായ മുഹമ്മദ്‌ റിയാസിലേക്കും രാജ്യസഭാ MP ആയ സുരേഷ് ഗോപിയിലേക്കും ആണ്.

മുഹമ്മദ്‌ റിയാസിനെ വിളിച്ചു, കിട്ടാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള രഞ്ജിത്തിനെ ബന്ധപ്പെടുകയും, ഓഫീസിൽ നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകുകയും ചെയ്തു. ഇടയ്ക്കിടെ നമ്പർ മാറ്റുന്ന സുരേഷ് ഗോപിയുടെ നമ്പർ കണ്ടെത്തുകയായിരുന്നു ശ്രമകരം. അമ്മ ഭാരവാഹികൾക്ക് പോലും പുതിയ നമ്പർ അറിയില്ലായിരുന്നു. പലരെയും ബന്ധപ്പെട്ടു, അവസാനം ഒരു മാധ്യമ പ്രവർത്തകനിൽ നിന്നാണ് അദ്ദേഹത്തിന്റെ നമ്പർ ലഭിച്ചത്.

പലതവണ പല സമയങ്ങളിലായി വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ നമ്പറിലേക്ക് വാട്സാപ്പ് മെസ്സേജ് ആയി കാര്യങ്ങൾ അറിയിച്ചു. 10 മിനിറ്റിനുള്ളിൽ അദ്ദേഹം മെസ്സേജ് റീഡ് ചെയ്യുകയും ഉണ്ടായി. എന്നാൽ പിന്നീട് രണ്ടു ദിവസമായിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം യാതൊരു ഇടപെടലും നടത്തിയില്ല എന്ന് എനിക്ക് പോസ്റ്റിടേണ്ടി വന്നത്.

എന്നാൽ മൂന്നാം ദിവസം മുതൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും മുരളിചേട്ടൻ ഞങ്ങളെ ബന്ധപ്പെടാനും, ഹോസ്പിറ്റലിലെ കാര്യങ്ങൾ ഞങ്ങളെ അപ്ഡേറ്റ് ചെയ്യാനും തുടങ്ങി. ഞങ്ങളുടെ സുഹൃത്തിന്റെ ജീവന് യാതൊരു അപകടവും ഇല്ല, അപകട നില തരണം ചെയ്തു എന്ന് ഹോസ്പിറ്റലുകാർ ഔദ്യോഗികമായി MP ആയ സുരേഷ് ഗോപിക്ക് ഇമെയിൽ അയച്ച വിവരവും ഞങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ഓഫീസിലെ മുരളിചേട്ടൻ ഒരു വിളിപ്പുറത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇതിനു മുൻപും ദേശീയ നേതാക്കളിൽ നിന്നും ഞങ്ങൾ സഹായം തേടുകയും അവർ സഹായിക്കുകയും ചെയ്തിട്ടുമുണ്ട്.

2016/17 ഇൽ ആണ് ഞങ്ങളുടെ സുഹൃത്തിന്റെ പെങ്ങളുടെ മകൻ എറണാകുളത്തുനിന്നും ഹിമാലയത്തിലേക്ക് ബുള്ളറ്റ് റൈഡ് പോകുന്നത്. ദില്ലിയിൽ നിന്നും ഹിമാലയത്തിലേക്ക് പുറപ്പെട്ട് കശ്മീർ മഞ്ഞുമലകളിലൂടെ അയാൾ യാത്ര ചെയ്യുമ്പോൾ ആണ് കൊച്ചിയിലെ വീട്ടിൽ വെച്ച് അറ്റാക്ക് വന്ന് അയാളുടെ പിതാവ് മരണപ്പെടുന്നത്. അയാളെയോ കൂടെയുള്ളവരെയോ മൊബൈലിൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ അയാളുടെ ബന്ധുക്കൾ ഞങ്ങളെ വിവരം അറിയിച്ചു.

അയാൾ ഉള്ള സ്ഥലം കാശ്മീർ ആയതുകൊണ്ട് ആദ്യം മനസ്സിലേക്കെത്തിയ പേര് മേജർ രവിയുടെ ആയിരുന്നു. അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചു, അടുത്തതായി ഞങ്ങൾ ബന്ധപ്പെട്ടത് അന്നത്തെ ബിജെപി കേരള അധ്യക്ഷനായ കുമ്മനം രാജശേഖരനെ ആണ്. ഇവർ രണ്ടുപേരും ഇടപെടൽ നടത്തി, പക്ഷെ കൃത്യമായും ആ വ്യക്തിയെ കണ്ടെത്താൻ താമസം വന്നു. ആ സാഹചര്യത്തിലാണ് MP ആയ എംബി രാജേഷിനെ ഞങ്ങൾ ബന്ധപ്പെടുന്നത്.

രാജേഷുമായി സംസാരിച്ചപ്പോൾ കശ്മീരിലെ യുവജന സംഘടനാ നേതാവിന്റെ നമ്പർ തരികയും, അദ്ദേഹത്തെ രാജേഷ് നേരിട്ട് വിളിച്ചു പറയുകയും ഞങ്ങളോട് നേരിട്ട് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വാട്സാപ്പും സോഷ്യൽ മീഡിയയും ബാൻ ആയ കാശ്മീരിൽ ഇമെയിൽ മാത്രമാണ് ഡീറ്റെയിൽസ് എത്തിക്കാൻ പോംവഴി എന്ന് പറഞ്ഞ അദ്ദേഹം അന്ന് ഇമെയിൽ ഐഡിയിലേക്ക് ഡീറ്റെയിൽസ് അയച്ചുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ കണ്ടെത്തേണ്ട ആളുടെ പേരും, ഫോട്ടോയും ബാക്കി ഡീറ്റൈൽസും ഞങ്ങൾ ഇമെയിൽ ചെയ്തു.

അവർ ബൈക്ക് റൈഡ് പോയ അദ്ദേഹം റൂട്ട് കണ്ടത്തി, അയാളുടെ ഫോട്ടോ A4 ഷീറ്റിൽ പ്രിന്റ് ചെയ്തതുമായി ഓരോ പോസ്റ്റിലും യുവജന സംഘടനാ പ്രവർത്തകരെ നിർത്തുകയും, 2 മണിക്കൂറിനുള്ളിൽ പ്രവർത്തകർക്ക് ആളെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. രാത്രി പത്തുമണിയോടെ ആളെ നേതാവിന്റെ അടുത്തെത്തിക്കുകയും, അദ്ദേഹം തന്നെ സ്വന്തം പണമെടുത്ത് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്ത്, രാവിലത്തെ ഫ്ലൈറ്റിൽ അയാളെ കൊച്ചിക്ക് കയറ്റിവിടുകയും ചെയ്യുകയും, അയാൾക്ക്‌ അയാളുടെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുകയും ചെയ്തിരുന്നു.

ഇനിയും ആളുകൾക്ക് ആവശ്യം വന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന് നോക്കാതെ ആ വിഷയത്തിൽ ഇടപെടൽ നടത്താൻ കഴിയുന്ന ആളെന്ന് ഞങ്ങൾക്ക് ബോധ്യമുള്ളവരെ ഞങ്ങൾ ബന്ധപ്പെടും. ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കോ, വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടിയായിരിക്കില്ല ഇത്തരത്തിലുള്ള ഒരു ഫോൺ കാൾ പോലും.

രാഷ്ട്രീയം എന്നത് ജനങ്ങൾക്ക് വേണ്ടിയും നാടിനു വേണ്ടിയും ആണ് എന്ന ഉത്തമ ബോധ്യം ഉള്ളിടത്തോളം കാലം ഞങ്ങളുടെ ഈ നിലപാടിന് യാതൊരു മാറ്റവും ഉണ്ടാകില്ല.

Note : സുരേഷ് ഗോപിയുടെ ഇടപെടൽ മൂലം, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, ICU, Ventelator ചാർജ്ജുകളിൽ നല്ല ഇളവ് ലഭിക്കാനും സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്റെ ഇടപെടൽ മൂലം സാധിച്ചു എന്നറിയുമ്പോൾ വലിയ സന്തോഷം.

കേവലം നന്ദി വാക്കുകളാൽ സുരേഷ് ഗോപിയുടെ ഇടപെടലിനെ ചെറുതാക്കി കാണിക്കുന്നില്ല, അദ്ദേഹത്തെ ഞങ്ങൾ മനസ്സോട് ചേർക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button