CinemaGeneralLatest NewsMollywoodNEWS

നിർമ്മാതാവ് അംഗത്വം പുതുക്കിയില്ല: ‘ഈശോ’ എന്ന പേര് തള്ളി ഫിലിം ചേംബര്‍

സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേംബറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തളളിയിരിക്കുന്നത്

നാദിര്‍ഷ ചിത്രം ‘ഈശോ’ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ കേരള ഫിലിം ചേംബര്‍ ഓഫ് കമേഴ്‌സ്. സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ലെന്നും, സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേംബറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തളളിയിരിക്കുന്നത്.

എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പേരിന് അനുമതി നല്‍കേണ്ടെന്ന നിലപാട് ഫിലിം ചേംബര്‍ തലപ്പത്തുള്ള ഒരു വിഭാഗം സ്വീകരിച്ചതിനാലാണ് സിനിമയ്ക്ക് അനുമതി നൽകാത്തത് എന്നും ആരോപണമുണ്ട്.

അതേസമയം സിനിമകളുടെ തിയറ്റര്‍ റിലീസിന് ചേംബറിന്‍റെ അനുമതി വേണമെങ്കിലും ഒടിടി റിലീസിന് ചേംബര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല. ഒടിടി റിലീസില്‍ ‘ഈശോ’ എന്ന പേര് ഉപയോഗിക്കുന്നതിനും സാങ്കേതിക തടസ്സമില്ല.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്. ‘ഈശോ’, നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു.

സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.

അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button