
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നൽകിയിട്ടുള്ള ഉപദേശങ്ങളെ കുറിച്ച് നടനും സംവിധായകനുമായ ലാൽ. മമ്മൂക്ക തങ്ങളോട് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ പിൻകാലത്ത് അത് ശരിയായ രീതിയിൽ തന്നെ സംഭവിച്ചിട്ടുണ്ട് എന്ന് ലാൽ പറയുന്നു.
തന്റെയും സിദ്ധിക്കിന്റെയും തുടക്കകാലത്ത് മമ്മൂട്ടിയെ കാണാൻ ചെന്നപ്പോൾ ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും, അയാളെ കണ്ടപ്പോഴേ അവൻ ശരിയല്ല എന്നും ഇനി അവനുമായുള്ള കൂട്ടുകെട്ട് വേണ്ട എന്നും മമ്മൂക്ക ഉപദേശിക്കുകയും, അത് പിന്നീട് ശരിയാകുകയും ചെയ്തുവെന്ന് ലാൽ പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ലാൽ ഇക്കാര്യം പറയുന്നത്.
ലാലിൻ്റെ വാക്കുകൾ:
‘എന്റെയും സിദ്ദിഖിന്റെയും തുടക്കകാലത്ത് തിരക്കഥയുമായി ഞങ്ങൾ മമ്മൂട്ടിയുടെ അടുത്ത് ചെല്ലും. മമ്മൂക്ക അത് കേൾക്കും. ഈ കഥ വലിയ വിജയമായിരിക്കുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിർമാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ അന്നത് വർക്ക് ആയില്ല. പിൽക്കാലത്ത് ആ പടം വലിയ സൂപ്പർഹിറ്റായി, മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു.
പിന്നീട് ഞങ്ങൾ സിനിമയിലേയ്ക്ക് വന്ന ശേഷം ഞാനും സിദ്ദിഖും മമ്മൂക്കയെ കാണാൻ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പുതുതായി പരിചയപ്പെട്ട ഒരു കൂട്ടുകാരൻ. അന്ന് മമ്മൂക്ക ഒറ്റനോട്ടത്തിൽ പറഞ്ഞു, ‘ഡാ അവനുമായുള്ള കൂട്ടുകെട്ട് വേണ്ട, അവൻ ആള് ശരിയല്ല’. ഞങ്ങൾ അന്നത് കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിയുകയുണ്ടായി. അങ്ങനെ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉൾക്കൊള്ളാനും ചീത്തയായതിനെ തള്ളാനുമുള്ള അപാരമായ കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്. മമ്മൂക്കയുടെ ഏറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് മമ്മൂക്കയ്ക്ക് ഉള്ളടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയിൽ ഉണ്ടാകും’, ലാൽ പറഞ്ഞു.
Happy birthday dear Mammukka ❤️
Posted by Lal on Tuesday, September 7, 2021
Post Your Comments